30 വർഷത്തെ അഭിനയ ജീവിതത്തിലെ സന്തോഷങ്ങളുമായി ശരത് ദാസ്
‘സീരിയലിലെ മമ്മൂക്ക’ ആയി തുടരുന്നതിലെ രഹസ്യം എന്താണ്? വിവാഹിതൻ ആണെന്നറിയാതെ ആരെങ്കിലും പ്രണയാഭ്യർഥനയുമായി വന്നിട്ടുണ്ടോ?
ശ്രീജ,അമ്പലപ്പുഴ, ആലപ്പുഴ
ദൈവമേ, കേൾക്കാൻ നല്ല സുഖമുണ്ടെങ്കിലും അങ്ങനെയൊന്നും പറയല്ലേ. മമ്മൂക്കയുടെ ഏഴയലത്ത് പോയിട്ടു പതിനാല് അയലത്തു പോലും എത്താനുള്ള കപാസിറ്റി എനിക്കില്ല. ആ മഹാനടനുമായി താരതമ്യം ചെയ്തത് എ ന്റെ ഭാഗ്യം. പണ്ട് ഒരുപാടു പ്രണയാഭ്യർഥനകൾ വന്നിട്ടുണ്ട്. ഒാർമകളായി ഒരുപാടു കത്തുകൾ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. അ ന്നത്തെ പാവം ലുക്കിനെകുറിച്ചു പലരും പറഞ്ഞിട്ടുണ്ട്. ആ ലുക് കൊണ്ടു ജീവിതത്തിലുണ്ടായ ഏക ഗുണം വിവാഹമാണെന്നു ഞാൻ കരുതുന്നു.
പാവം പയ്യനും സൽസ്വഭാവിയുമെന്നു കരുതി എന്റെ ജീവിതത്തിലേക്കു കയറിവന്ന പെൺകുട്ടിക്ക്, ശ്രീകൃഷ്ണന്റെ വേഷമിട്ടു വന്ന കംസനായിരുന്നു ഞാനെന്നു പിന്നീടാണു മനസ്സിലായത്. പക്ഷേ, വിവാഹത്തിനു ശേഷം പ്രണയാഭ്യർഥന ഒന്നും ഉണ്ടായിട്ടില്ല.
ട്രോൾ മീമുകൾ കാണുമ്പോൾ എന്താണു തോന്നുക?
അനുജ പ്രവീണ്‍,
ഡിജിറ്റൽ ഡിസൈനർ, കോട്ടയം
മറ്റുള്ളവരുടെ ട്രോൾ മീമുകള്‍ കാണുമ്പോൾ നന്നായി ചിരിക്കുകയും എന്റെ സ്വന്തം ട്രോളുകൾ കാണുമ്പോൾ കരച്ചിലു വരികയുമായിരുന്നു പതിവ്. പ ക്ഷേ, ഇപ്പോൾ എല്ലാം ഒരുപോലെ ആസ്വദിക്കുന്നുണ്ട്. നല്ല ക്രിയേറ്റിവിറ്റി ആണെങ്കിൽ ഞാൻ നല്ലതു പോലെ ആസ്വദിക്കും.
അച്ഛൻ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ എന്നു മോഹിച്ചുപോയ ഒരു സന്ദർഭം പറയാമോ?
അശ്വതി മരിയ ജോസഫ്,
ബംഗളൂരു
അച്ഛൻ അടുത്തുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ഒരുപാടു സന്ദർഭങ്ങളുണ്ട്. (കഥകളി സംഗീതജ്‍ഞൻ വെൺമണി ഹരിദാസ് ആണ് അച്ഛൻ. 2005 സെപ്തംബര്‍ 17 ന് അന്തരിച്ചു.) കഥകളിക്കു പാടാൻ പോകുമ്പോൾ അച്ഛൻ ബസിലാണ് പോകാറുണ്ടായിരുന്നത്. എന്റെ സ്വന്തം കാറിൽ കഥകളി നടക്കുന്ന സ്ഥലത്തേക്കും അമ്പലങ്ങളിലേക്കും ഒന്നും കൊണ്ടുപോകാനായില്ലല്ലോ എന്ന വിഷമം എപ്പോഴുമുണ്ട്. മക്കൾക്ക് നല്ലൊരു സുഹൃത്താകുമായിരുന്നു അച്ഛൻ. അവർക്ക് കഥകളിപ്പദം പാടിക്കൊടുത്തും പുതിയ രാഗങ്ങളെക്കുറിച്ചു പഠിപ്പിച്ചു കൊടുത്തുമൊക്കെ ഒപ്പമുണ്ടായേനെ....
ഡബ്ബിങ് താരമെന്ന രീതിയില്‍ അധികമാരും അറിഞ്ഞിരിക്കില്ല. ആ അനുഭവങ്ങൾ പറയാമോ?
പങ്കുവയ്ക്കാമോ?
സിമി രാജേഷ്
ബിപി അങ്ങാടി, തിരൂർ
അവിചാരിതമായാണു കമൽ സാർ പറഞ്ഞതനുസരിച്ചു നമ്മൾ സിനിമയിൽ സിദ്ധാർഥ് ഭരതനു വേണ്ടി ഡബ് ചെയ്തത്. കമൽസാർ പറഞ്ഞപ്പോൾ സന്തോഷത്തോടെ ചെയ്തു. അതു പിന്നെ തുടരും എന്ന് അപ്പോൾ ഒാർത്തില്ല. അച്ചുവിന്റെ അമ്മയിൽ നരേനു വേണ്ടിയും ഇടവപ്പാതിയിൽ സിദ്ധാർഥ് ലാമയ്ക്കു വേണ്ടിയും ശബ്ദം നൽകിയപ്പോഴാണു സ്റ്റേറ്റ് അവാർഡു കിട്ടിയത്. മൊഴിമാറ്റം ചെയ്തെത്തുന്ന അന്യഭാഷാ സിനിമകള്‍ ധാരാളം റിലീസ് ചെയ്തിരുന്നു. അതിൽ പുനീത് രാജ്കുമാറിനും നാഗചൈതന്യയ്ക്കും വരുൺ സന്ദേശിനും സിദ്ധാർഥിനും ഒ ക്കെ ശബ്ദം നൽകിയിട്ടുണ്ട്.
ഞാൻ ജനിച്ച വെൺമണിത്തറവാട്ടിൽ വലിയച്ഛനും മുത്തശ്ശിയും അച്ഛന്റെ അനുജന്മാരും അനുജത്തിമാരും എല്ലാം ഭാഗവത പാരായണം നടത്താറുണ്ടായിരുന്നു. അതൊക്കെ കേട്ടാണ് വളർന്നത്. മലയാളം നന്നായി ഉച്ചരിക്കാൻ അതൊക്കെ സഹായിച്ചിട്ടുണ്ട്.
സിനിമ എപ്പോഴെങ്കിലും ശരത്തിനെ അവഗണിച്ചു എന്നു തോന്നിയിട്ടുണ്ടോ?
അശ്വതി അനീഷ്,
ഇഞ്ചക്കാട്, കൊട്ടാരക്ക
പണ്ട് സിനിമ അവഗണിച്ചിരുന്നു എ ന്നാണു ഞാൻ പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ കുറച്ചു കൂടി ചിന്തി ക്കുമ്പോൾ ഞാനാണു സിനിമയെ തഴഞ്ഞതെന്നു തോന്നി പോവുന്നു. ജീവിത പ്രാരബ്ധങ്ങളുടെ സമയത്ത് എനിക്കു കിട്ടിയ പിടിവള്ളിയായിരുന്നു സീരിയൽ ലോകവും അതിലെ പ്രധാന വേഷവും. അത് ഒരുപാടു ഗുണം ചെയ്തിരുന്നു. എ ന്റെ കരിയറിന്റെ തുടക്കകാലത്തു സിനിമയിലേക്കു കടക്കുക എന്നതു വലിയ ബുദ്ധിമുട്ടായിരുന്നു. ഒറ്റ സിനിമയില്‍ അഭിനയിച്ചാൽ ഇന്നു താരമാണ്. അന്ന് ഇത്ര ചാനലുകളും സോഷ്യൽമീഡിയയും ഒന്നും ഇല്ലല്ലോ.
ഇന്ന് സിനിമ, സീരിയിൽ, വെബ് സീരീസ്... എല്ലാത്തിന്റെയും ദൂരം കുറഞ്ഞുവരികയാണ്. ഇനിയും നല്ല പ്രതീക്ഷയ്ക്കു വകയുണ്ട്.
വിജീഷ് ഗോപിനാഥ്