Saturday 04 December 2021 02:49 PM IST

‘പ്രണയകാലത്തെ ചില കഥകളൊക്കെ എഡിറ്റ് ചെയ്യും, മക്കൾ അതുകേട്ട് ത്രില്ലടിച്ചു പ്രേമിക്കാൻ പോയാലോ?’

Roopa Thayabji

Sub Editor

shaju

വർഷങ്ങൾക്കു മുൻപാണ്. സ്റ്റേജുകൾ തോ റും മോഹൻലാലിനെ അനുകരിച്ച് കയ്യടി നേ ടി നടക്കുന്നതിനിടെ ഷാജുവിന് വീട്ടുകാർ അ ന്ത്യശാസനം നൽകി, ‘വല്ലപ്പോഴും മാത്രം വരുമാനം കിട്ടുന്ന മിമിക്രിയുടെ പിന്നാലെ നടന്ന് ഇനിയും ജീവിതം പാഴാക്കാൻ പറ്റില്ല. വല്ല കംപ്യൂട്ടർ കോഴ്സും പഠിച്ച് ഗൾഫിനു വിമാനം കയറിക്കോളണം.’ എല്ലാം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഷാജുവിനെ തേടി സിനിമയിൽ നിന്നു വിളി യെത്തി. അതു ദൈവത്തിന്റെ വിളിയായിരുന്നു, അങ്ങനെ ഷാജു ശ്രീധർ സിനിമാനടനായി. സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ സന്തോഷത്തിനൊപ്പം മറ്റൊരു ഹാപ്പി ന്യൂസ് കൂടി പാലക്കാട്ടെ ‘ശ്രീനന്ദനം’ വീടിനു പറയാനുണ്ട്. ഷാജുവിന്റെയും ചാന്ദ്നിയുടെയും മൂത്ത മകൾ നന്ദന സിനിമയിൽ നായികയാകുന്നു.

അച്ഛന്റെയും അമ്മയുടെയും വഴിയേ രണ്ടു മക്കളും സിനിമയിലെത്തിയതിന്റെ സന്തോഷം തെല്ലും മറയ്ക്കാതെയാണ് ഷാജു പറഞ്ഞു തുടങ്ങിയത്. ‘‘മിമിക്രി കളിച്ചു നടന്ന കാലത്ത് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണമെന്നായിരുന്നു ഏറ്റവും വലിയ മോഹം. ആ ഞാൻ സിനിമകളിലും സീരിയലുകളിലും നായകനായി 25 വർഷം പിന്നിട്ടു. സിനിമയിലെ നായികയെ ജീവിതത്തിലും നായി കയാക്കി. ഇപ്പോൾ രണ്ടു മക്കളും സിനിമയിൽ.

നഷ്ടങ്ങളെ കുറിച്ച് ഓർക്കാൻ ഇഷ്ടമില്ല. കിട്ടിയതെല്ലാം ബോണസാണ്. ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചനടക്കം അന്യഭാഷാ സൂപ്പർസ്റ്റാറുകൾക്കൊപ്പം പരസ്യത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം വരെയുണ്ടായി. ഈ വർഷം റിലീസാകാനുള്ള ‘തീർപ്പി’ലാണ് കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം.’’

ഭാര്യ ചാന്ദ്നിയും മക്കളായ നന്ദനയും നീലാഞ്ജനയും ഷാജു പറയുന്നതു കേട്ടിരുന്നു.

പ്രണയകാലത്തെ കുറിച്ച് മക്കളോടു പറഞ്ഞിട്ടുണ്ടോ ?

ഷാജു: അവർ കുട്ടിക്കാലം മുതലേ എല്ലാം കേട്ടാണ് വളരുന്നത്. അതൊന്നും മറച്ചുവച്ചിട്ട് കാര്യമില്ലല്ലോ. പക്ഷേ, ചില കഥകളൊക്കെ എഡിറ്റ് ചെയ്യും. അവരെങ്ങാനും അതുകേട്ട് ത്രില്ലടിച്ചു പ്രേമിക്കാൻ പോയാലോ...

ചാന്ദ്നി: സീരിയലിൽ നായികയും നായകനുമായ കാലത്താണ് ഞങ്ങൾ അടുപ്പത്തിലായത്. അന്നത്തെ ഒരു സീരിയലിൽ ഞങ്ങൾ വിവാഹിതരാകുന്നുണ്ട്. ആദ്യരാത്രി പാലുമായി വരുന്ന രംഗത്ത്, പാൽ ഗ്ലാസ് വാങ്ങിയ ശേഷം ഷാജു ചേട്ടൻ എന്റെ കയ്യിൽ ഉമ്മ വയ്ക്കും. കുറേ ടേക്ക് എടുത്തിട്ടും അതു ശരിയാകുന്നില്ല. ഓരോ ഉമ്മ കിട്ടുമ്പോഴും എനിക്കു മനസ്സിലാകുന്നുണ്ട് ടേക്ക് ഓക്കെ അല്ലാതാക്കുന്നത് ചേട്ടന്റെ നമ്പരാണെന്ന്. പക്ഷേ, സംവിധായകനടക്കം ആർക്കും അതൊന്നും മനസ്സിലായില്ല.

ഇതിനിടെ കോവിഡും വന്നു ?

ചാന്ദ്നി: കഴിഞ്ഞ നവംബറിലാണത്. ഷാജു ചേട്ടന് ഷൂട്ടിങ് കഴിഞ്ഞു വന്നപ്പോഴേ ചെറിയ ശരീരവേദന. ലോങ് ഡ്രൈവ് മൂലം ആണെന്നാണ് കരുതിയത്. എനിക്ക് സൈനസൈറ്റിസിന്റെ പ്രശ്നമുള്ളതു കൊണ്ട് ഇടയ്ക്കിടെ തലവേദന പതിവാണ്. അന്നു ‍ഡാൻസ് ക്ലാസ് എടുക്കുന്നതിനിടെ ഒട്ടും സ്റ്റെപ് വയ്ക്കാൻ പറ്റുന്നില്ല. ടെസ്റ്റ് ചെയ്തപ്പോൾ നാലുപേരും പോസിറ്റീവ്.

നമ്മൾ പോസിറ്റീവായപ്പോൾ ചുറ്റുമുള്ളവരുടെ നെഗറ്റീവ് സ്വഭാവം പുറത്തുവന്നു. വിളിക്കുന്നവരൊക്കെ രോഗത്തിന്റെ സങ്കീർണതകൾ പറഞ്ഞു പേടിപ്പിക്കും. അടുത്ത ശ്വാസമെടുക്കാൻ ജീവിച്ചിരിക്കുമോ എന്നു വരെ തോന്നിപ്പോകും. ഷാജു ചേട്ടന്റെ അച്ഛനും അമ്മയും പോസിറ്റീവായെങ്കിലും ആർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല.

സിനിമാക്കാർ കൊച്ചിയിലും സീരിയലുകാർ തിരുവനന്തപുരത്തും നിന്നിട്ടും ഷാജുവും കുടുംബവും പാലക്കാടു തന്നെ ?

പാലക്കാടിന് അടുത്തുള്ള ഒറ്റപ്പാലമാണ് അന്ന് സിനിമയുടെ ഹബ്. പക്ഷേ, ഒരു ഷൂട്ടിങ് പോലും കാണാൻ പോയിട്ടില്ല. പാലക്കാടും ഒറ്റപ്പാലവും ലൊക്കേഷനുള്ള സിനിമകളിൽ എനിക്ക് ചാൻസ് വരാറില്ല ഇപ്പോഴും. വിവാഹം കഴിച്ചു വന്നപ്പോൾ ചാന്ദ്നി ഇവിടെ അഡ്ജസ്റ്റ് ചെയ്യുമോ എന്നായിരുന്നു പേടി. കൊച്ചിയിൽ ലുലു യൂസഫലിയൊക്കെ അവളുടെ അയൽക്കാരാണ്. പക്ഷേ, നാടിന്റെ ലാളിത്യം അറിഞ്ഞു മക്കൾ വളരട്ടെ എന്നാണ് അവൾ പറഞ്ഞത്.

നന്ദന ബെംഗളൂരുവിൽ എംഎസ്‍സി ബയോടെക്നോളജി പഠിക്കുകയാണ്. നീലാഞ്ജന പാലക്കാട് ലയൺസ് സ്കൂളിൽ അഞ്ചാം ക്ലാസിലും. ഇപ്പോൾ കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്.

രൂപാ ദയാബ്ജി

ഫോട്ടോ: ബേസിൽ പൗലോ