Wednesday 13 January 2021 12:39 PM IST

കീറ്റോ 20 ദിനം പിന്നിട്ടപ്പോൾ മമ്മി കയ്യോടെ പിടികൂടി: ‘68 ടു 55’ ഇതാ മെലിഞ്ഞ് സുന്ദരിയായ ഷാലിൻ

Asha Thomas

Senior Sub Editor, Manorama Arogyam

shalin

ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാറാണി എന്ന വില്ലത്തിവേഷം ചെയ്തുകൊണ്ടാണ് ഷാലിൻ സോയ അഭിനയരംഗത്തേക്ക് എത്തുന്നത്. ബബ്ലി, ക്യൂട്ട് ലുക്കുള്ള ആ മിടുക്കിക്കുട്ടി എത്ര പെട്ടെന്നാണ് മലയാളികളുടെ മനസ്സ് കവർന്നതെന്നോ? എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിങ്ങ്, വിശുദ്ധൻ, റബേക്ക് ഉതുപ്പ് കിഴക്കേമല എന്നിങ്ങനെയുള്ള സിനിമികളിലൂടെ മലയാളസിനിമയിലെ അനിയത്തിക്കുട്ടിയായി ഷാലിൻ തിളങ്ങി. എന്നാൽ അടുത്തിടെ ഷാലിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകരെ ആകെ ഞെട്ടിച്ചുകളഞ്ഞു. എന്തൊരു മാറ്റം! ചബ്ബി ലുക്ക് ആകെ മാറി കൂടുതൽ മെലിഞ്ഞ്, അഴകളവുകൾ തെളിഞ്ഞൊരു നായികാരൂപം. 68 കിലോയുള്ള, ബബ്ലി, ക്യൂട്ട് ലുക്കിൽ നിന്നും 55 കിലോയിലെ ഫിറ്റ് & ഹെൽതി ലുക്കിലേക്കുള്ള യാത്രയെക്കുറിച്ച് ഷാലിൻ സോയ മനോരമ ആരോഗ്യത്തോട് സംസാരിക്കുന്നു.

‘‘ചെറുപ്പം മുതലേ ഞാൻ നല്ല ഫൂഡി ആണ്. നമ്മുടെ സ്വന്തം പൊറോട്ടയും ബീഫും തുടങ്ങി ജാപ്പനീസ് ഭക്ഷണമായ സുഷി വരെ ആസ്വദിച്ചു കഴിക്കും. ഐ ലവ് ഫൂഡ്. ‌ അങ്ങനെ കഴിച്ചു കഴിച്ചാണ് ഞാൻ 68 കിലോയിലെത്തിയത്. ആ ചബ്ബി ലുക്കിൽ ഞാൻ തികച്ചും കംഫർട്ടബിളും ആയിരുന്നു.

പക്ഷേ, പലരും എന്റെ തടിയെക്കുറിച്ച് നെഗറ്റീവ് കമന്റുകൾ പറഞ്ഞുതുടങ്ങി. ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല. പക്ഷേ, പതിയെ അതെന്നെ ബാധിച്ചുതുടങ്ങി. ഒരുവേള, ഈ തടി എന്റെ കരിയറിനെപ്പോലും ബാധിച്ചേക്കുമെന്നു ഞാൻ ഭയപ്പെട്ടു തുടങ്ങി.

അപ്പോഴൊന്നും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നില്ല. പല പ്രൊജക്റ്റുകളുടെ തിരക്കിൽ മുങ്ങിനടക്കുമ്പോഴും തടിയുടെ പേരിലുള്ള വിമർശനങ്ങൾ മനസ്സിലങ്ങനെ മായാതെ കിടന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ലോക്‌ഡൗൺ തുടങ്ങിയത്. ഡയറ്റ് ചെയ്യാനും വ്യായാമത്തിനുമൊക്കെ ആവശ്യത്തിനു സമയം. നേരത്തേ എന്റെ സുഹൃത്തുക്കളുമൊക്കെയായി വണ്ണം കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യുമ്പോൾ പലരും കീറ്റോ ഡയറ്റിനെക്കുറിച്ച് മതിപ്പോടെ പറഞ്ഞുകേട്ടു. ഒരുപാട് നാളത്തേക്ക് ഈ ഡയറ്റ് എടുക്കുന്നത് റിസ്കാണെങ്കിലും കുറഞ്ഞ സമയം കൊണ്ടു തന്നെ നല്ല ഫലം കിട്ടുമെന്ന് പലരും അനുഭവങ്ങൾ പങ്കുവച്ചിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഞാൻ കീറ്റോ ഡയറ്റ് തന്നെയാണ് തീരുമാനിച്ചത്. വീട്ടിൽ പോലും ആദ്യമൊന്നും ഇക്കാര്യം പറഞ്ഞില്ല. ആരോടും തന്നെ ഷെയർ ചെയ്തില്ല എന്നു പറയാം. കീറ്റോയെക്കുറിച്ച് കൂടുതൽ പഠിക്കാനും പോയില്ല.

കീറ്റോ ഡയറ്റിന്റെ ഭാഗമായുള്ള മെനു നെറ്റിൽ ലഭ്യമാണ്. അതുനോക്കി പലതരം വിഭവങ്ങൾ ഉണ്ടാക്കുമായിരുന്നു. എന്താണ് കഴിക്കുന്നത് എന്നു ശ്രദ്ധിച്ചു തുടങ്ങി എന്നതാണ് സംഭവിച്ച വലിയ മാറ്റം. ഒാരോ വിഭവവും എത്ര കാലറി ഉണ്ട്, അത് ഹെൽതി ആണോ? എന്നൊക്കെ ചിന്തിച്ചുതുടങ്ങി. ചോറ്, ചപ്പാത്തി, അരിഭക്ഷണം പാടെ ഒഴിവാക്കി. പഞ്ചസാര കുറച്ചു, ഷുഗർ അംശം അധികമുള്ള പഴങ്ങളും ഒഴിവാക്കി.

രാവിലെ ബട്ടർ കോഫിയിലാണ് ദിവസം തുടങ്ങുക. കൂടെ മുട്ട കഴിക്കും. കീറ്റോയിൽ മുട്ടയുടെ മഞ്ഞയും കഴിക്കാം. ഉച്ചയ്ക്ക് ചിക്കൻ, ഫിഷ്, ഏതെങ്കിലും മറ്റു മാംസം കറി വച്ചോ ഗ്രിൽ ചെയ്തോ കഴിക്കും. ഏതെങ്കിലും ഒരു പച്ചക്കറിയും കഴിക്കും. ഡിന്നറും ഇതുപോലെ തന്നെ. പഴങ്ങൾ മിക്കവാറും ഒഴിവാക്കിയെങ്കിലും അവക്കാഡോയും സ്ട്രോബറിയും കഴിച്ചിരുന്നു. പഴച്ചാറായാണ് കഴിക്കുന്നതെങ്കിൽ പഞ്ചസാരയ്ക്കു പകരം തേൻ ചേർക്കും.

ലോ കാർബിലേക്കുള്ള മാറ്റം

കീറ്റോ ചെയ്ത സമയത്ത് നല്ല റിസൽട്ടു കിട്ടി. എന്നാൽ, കീറ്റോ അധികം നീട്ടുന്നത് ആരോഗ്യകരമല്ലല്ലൊ. അതുകൊണ്ട് 45 ദിവസം കഴിഞ്ഞ് ലോ കാർബ് ഡയറ്റിലേക്കു മാറി. കാർബ്സ് ഇല്ലാത്ത കീറ്റോയിൽ നിന്നും ലോ കാർബ് ഡയറ്റിലേക്കുള്ള മാറ്റം വളരെ സൂക്ഷിച്ചാണ് ചെയ്തത്. ഒറ്റയടിക്ക് ചോറ് കഴിച്ചുതുടങ്ങുകയല്ല ചെയ്തത്. ഏതെങ്കിലും ഒരു നേരം ബ്രൗൺ ബ്രെഡ് അല്ലെങ്കിൽ ഏതെങ്കിലും കാർബ് കഴിച്ചുതുടങ്ങി. പതിയെ നമ്മുടെ ശരീരത്തിന് ഡയറ്റ് ട്രാൻസിഷൻ മനസ്സിലാകും. പിന്നെ അതനുസരിച്ച് ഭക്ഷണം ക്രമീകരിക്കാം.

പതിയെ മധുരവും കഴിച്ചുതുടങ്ങി. ചിലപ്പോൾ ഒരു പഴമായിരിക്കും. അല്ലെങ്കിൽ മധുരമിട്ട് ചായയോ കാപ്പിയോ. എത്ര ചെറുതായാലും നമ്മൾ അതിനെ ആസ്വദിച്ച് അറിഞ്ഞ് കഴിച്ചുതുടങ്ങും.

ഇപ്പോൾ ഒരു പേഴ്സണലൈസ്ഡ് ഡയറ്റ് പ്ലാനിലാണ് പോകുന്നത്. ചിലപ്പോൾ തോന്നും ഇന്നു ഡിന്നറിന് ഒരു ഒാംലറ്റ് മതി എന്ന്. അതു കഴിക്കും. ഇപ്പോൾ എന്റെ ഫേവറിറ്റ് ഫൂഡ് ഉപ്പുമാവ് ആണ്. ഏറെ പച്ചക്കറികളൊക്കെ ചേർത്ത് ഹെൽതി ആക്കിയ ഉപ്പുമാവ് ലഞ്ചിനു പോലും പ്രിയ വിഭവമാണ്. മമ്മി ഇടയ്ക്കിടെ കുപ്പിയിൽ വെള്ളം നിറച്ച് കൊണ്ടുത്തരുമായിരുന്നു. അതുകൊണ്ട് ദിവസം മൂന്നു ലീറ്ററെങ്കിലും വെള്ളം കുടിച്ചിരുന്നു.

കീറ്റോ എടുത്തിരുന്ന 45 ദിവസം വലിയ വർക്ഔട്ട് ഒന്നും ചെയ്തിരുന്നില്ല. ലഘു യോഗാസനങ്ങൾ മാത്രം ചെയ്തു. 10–15 തവണ സൂര്യനമസ്കാരം ചെയ്യുമായിരുന്നു. ലോ കാർബ് ഡയറ്റിന്റെ സമയത്താണ് വ്യായാമം ആരംഭിച്ചത്. കാർഡിയോ വ്യായാമങ്ങളാണ് ചെയ്തത് അധികവും. ട്രെഡ്മിൽ, സൈക്ലിങ് ഒക്കെ ചെയ്തു. വളരെ കർശനമായി ഇത്ര മണിക്കൂർ എന്നൊന്നും വിചാരിച്ചില്ല. അങ്ങനെ പട്ടാളച്ചിട്ടയിൽ ഞാനൊട്ടും കംഫർട്ടബിളും അല്ല.

അനുഭവപാഠങ്ങൾ

ഈ ഡയറ്റിങ് കാലത്ത് എന്റെ അനുഭവത്തിൽ നിന്നു പഠിച്ചെടുത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, ഭക്ഷണക്രമീകരണം നടത്തി കുറച്ചു കഴിയുമ്പോഴേക്കും ശരീരം അതുമായി ഒരു ധാരണയിലെത്തും. പിന്നെ എന്തു കഴിക്കണമെന്ന് നമുക്കു തന്നെ അറിയാൻ പറ്റും. ചിലപ്പോൾ ചില പ്രത്യേക ഭക്ഷണത്തോട് ക്രേവിങ് തോന്നാം. അതിനെ അടിച്ചമർത്തേണ്ട കാര്യമില്ല. കഴിക്കുക, അധികമെത്തിയ കാലറി വ്യായാമം ചെയ്ത് എരിച്ചുകളയുക. അല്ലെങ്കിൽ തൊട്ടടുത്ത നേരത്തെ ഭക്ഷണത്തിൽ ബാലൻസ് ചെയ്യുക.

രണ്ടാമത്തെ പ്രധാനകാര്യം, കഴിവതും വൈകിട്ട് ആറു മണിക്കുശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ്. വിശപ്പു തോന്നിയാൽ വെള്ളം കുടിക്കാം, അല്ലെങ്കിൽ ഒരു ആപ്പിൾ കഴിക്കാം. ശരീരഭാരം കുറയ്ക്കണമെങ്കിൽ രാത്രി വൈകി ഭക്ഷണം കഴിക്കൽ അവസാനിപ്പിച്ചേ തീരൂ.

എന്റെ മുറിയുടെ തൊട്ടടുത്തായാണ് വെയിങ് മെഷീൻ വച്ചിരിക്കുന്നത്. ദിവസം ആരംഭിക്കുന്നത് തന്നെ ഉണർന്ന് ഭാരം നോക്കിക്കൊണ്ടാണ്. എന്നുകരുതി ഒരു ഒബ്സഷനൊന്നുമല്ല. സെൽഫ് റിയലൈസേഷന് വേണ്ടിയാണ് കേട്ടോ. ഇന്ന് ഇത്തിരി ഭാരം കൂടിയിട്ടുണ്ട്, ഫൂഡിൽ ഒരു കൺട്രോൾ വേണം എന്ന തിരിച്ചറിവിന്.

55 കിലോ എന്നത് ഫുൾ സ്േറ്റാപ് അല്ല. ഇനിയും കുറയ്ക്കണമെന്നുണ്ട്. ശരീരഭാരം കുറഞ്ഞുകഴിഞ്ഞ് ഇൻസ്റ്റയിൽ ഞാൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഒരുപാട് പേർ അഭിനന്ദിച്ച് കമന്റ് ചെയ്തു. ശരിക്കും ഭാരം കുറയ്ക്കുന്നത് നമുക്ക് ഒരു മോട്ടിവേഷൻ കൂടെയാണ് കേട്ടോ. മെലിഞ്ഞ് ഫിറ്റ് ആയിരിക്കുന്നത് ഞാനിപ്പോൾ എൻജോയ് ചെയ്യുകയാണ്.

shalin-1

കീറ്റോ ഏറെനാൾ വേണ്ട

കീറ്റോ ഡയറ്റ് തുടങ്ങി 20 ദിവസം ആയപ്പോഴേക്കും മമ്മി കയ്യൊടെ പിടികൂടി. കഴിക്കുന്ന വിഭവങ്ങളൊക്കെ വച്ച് ഇത് കീറ്റോ അല്ലേയെന്നു ചോദിച്ചു. പിന്നെ, ഗൂഗിൾ ചെയ്ത് അതിനെക്കുറിച്ച് വായിച്ച് സൈഡ് എഫക്റ്റ്സിനെക്കുറിച്ചുള്ള നീണ്ട ലിസ്റ്റുമായി വന്നു. മുടി പോകും, ക്ഷീണമാകും എന്നിങ്ങനെ..എന്നാൽ കീറ്റോ എടുത്തിട്ടും എനിക്ക് അത്തരം പ്രശ്നങ്ങളൊന്നും വന്നില്ല. ഞാൻ ധാരാളം വെള്ളം കുടിച്ചിരുന്നു, ഒാവറായി റെഡ് മീറ്റൊന്നും കഴിച്ചിരുന്നില്ല. 45 ദിവസമേ കീറ്റോ എടുത്തുള്ളു. അതൊക്കെയാകാം കാരണം.