‘ചുമ്മാ സീൻ മോനേ...’ എന്ന ആർഡിഎക്സ് സിനിമയിലെ റാപ് പാട്ടിന്റെ രണ്ടു വരികളിങ്ങനെ. നിലപാടുകൾ ഉറപ്പിച്ചു പറഞ്ഞതിന്റെ പേരിൽ ഷെയ്ൻ നിഗം ഒരുപാടു ഹേറ്റേഴ്സിനെ ഉണ്ടാക്കി. പക്ഷേ, ആർഡിഎക്സിന്റെ തകർപ്പൻ വിജയത്തിലൂടെ ഡാൻസും റൊമാൻസും അടിപൊളി ഫൈറ്റും ഒരുപോലെ വഴങ്ങുന്ന സ്റ്റൈലിഷ് നായകന്മാരുടെ നിരയിൽ ഷെയ്ൻ സ്ഥാനമുറപ്പിച്ചു.
ബാലതാരമായ സിനിമകൾക്കു ശേഷം നായകനാകാനുറച്ചു ഷെയ്ൻ സിനിമകൾ ചെയ്തു തുടങ്ങിയിട്ടു പത്തു വർഷമായി. ഈ പത്തു വർഷങ്ങൾ തന്നെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു എന്നു പറഞ്ഞു ചിരിച്ചാണു ഷെയ്ൻ ഉമ്മ സുനിലയ്ക്കൊപ്പം ‘വനിത’യുടെ ഫോട്ടോഷൂട്ടിനു വന്നത്.
അലസനായി ഒതുങ്ങിക്കൂടിയിരിക്കുന്ന, സംസാ രിക്കാൻ മടിയുള്ള എന്നാൽ പെട്ടെന്നു പൊട്ടിത്തെറിക്കുന്ന മുഖമല്ല ഷെയ്ന് ഇപ്പോൾ. വിലക്കിനെ കുറിച്ചും വിവാദങ്ങളെ പറ്റിയും പക്വതയോടെയുള്ള പ്രതികരണം. ഓരോ വാക്കിലും എനർജിയും ചിരിയും പ്രതീക്ഷയും.
ഈ വിജയം മധുരപ്രതികാരമായോ ?
മധുരപ്രതികാരം എന്നൊന്നും പറഞ്ഞു ചുമ്മാ പ്രശ്നമുണ്ടാക്കല്ലേ. റിയലിസ്റ്റിക് കഥാപാത്രങ്ങളിൽ നിന്നു വേറി ട്ടൊരു റോൾ മോഹിച്ചിരിക്കുമ്പോഴാണ് ആർഡിഎക്സ് വരുന്നത്. കുറച്ചുകൂടി സ്റ്റൈലിഷായി, ഹീറോ ഇമേജിൽ എന്നെ കാണണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു.
സിനിമ റിലീസായപ്പോൾ എല്ലാ മുഖത്തും ചിരി വിരിഞ്ഞു. അതാണ് ഏറ്റവും സന്തോഷം. മഞ്ജു വാരിയരും ജോജു ചേട്ടനുമൊക്കെ ‘ഗുഡ് ജോബ്, എക്സലന്റ്...’ എ ന്നു മെസേജ് ഇട്ടു. മുൻപും സിനിമയിൽ ഡാൻസ് ചെയ്തിട്ടുണ്ടെങ്കിലും ‘നീല നിലവേ...’ പോലെ ഓളമുണ്ടായിട്ടില്ല. ഇപ്പോഴും ആ പാട്ടിനു റീൽസ് ചെയ്ത് എന്നെ ടാഗ് ചെയ്യുന്നവരുണ്ട്. ഇപ്പോൾ വരുന്ന കഥകളിലും മാറ്റമായി.
തൊട്ടാൽ തിരിച്ചടിക്കുന്ന ആ നായകനിൽ എത്ര ശതമാ നമുണ്ടു ഷെയ്ൻ?
ആർഡിഎക്സിലെ റോബർട്ട് എന്ന കഥാപാത്രത്തിനു ര ണ്ടു കാലങ്ങളുണ്ട്. പെട്ടെന്നു പ്രകോപിതനാകുന്ന ചോരത്തിളപ്പുള്ള കാലമാണ് ആദ്യത്തേത്. രണ്ടാംപകുതിയിൽ തിരിച്ചു വരുന്ന നായകനു കുറച്ചുകൂടി പക്വതയുണ്ട്. ആ എവല്യൂഷൻ എനിക്കും ഉണ്ടെന്നതു സത്യമാണ്. പെട്ടെന്നു ദേഷ്യപ്പെടുന്ന ശീലം മാറി. പക്വത കൂടുന്നുണ്ടല്ലോ.
പത്തു വർഷം കൊണ്ടു സിനിമയിൽ നിന്നു പഠിച്ച പ്രധാന കാര്യം ഇതാണ്, ‘പല കാര്യങ്ങളും നമ്മുടെ പ്രതികരണം പോലും അർഹിക്കുന്നില്ല. അവയെ അതിന്റെ വഴിയേ അങ്ങു വിടുക.’ ഗുണമുള്ള കാര്യങ്ങൾക്കു വേണ്ടി എനർജി ചെലവാക്കാമെന്നു തീരുമാനിച്ചു. എനിക്കു മാത്രമല്ല, എല്ലാവർക്കും തിരിച്ചടികളുണ്ട് എന്നും തിരിച്ചറിയുന്നു.
ഇതിനിടെ സിനിമയിൽ നിന്നു വിലക്കിയല്ലോ?
ആർഡിഎക്സിന്റെ ഷൂട്ടിങ് കഴിഞ്ഞു പാക്കപ് ആയി വീട്ടിൽ വന്ന ദിവസം. ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ കാലിനു പരുക്കു പറ്റിയിരുന്നു. വേദനയും നീരും കൂടി ആശുപത്രിയിൽ പോയെങ്കിലും മാറുന്നില്ല.
വൈകിട്ട് ഉമ്മച്ചിയും അനിയത്തിമാരുമായി ചായ കുടിച്ചിരിക്കുമ്പോഴാണു ഫോൺ, ‘നിങ്ങളെ മലയാള സിനിമയിൽ നിന്നു വിലക്കിയല്ലോ, എന്താണു പ്രതികരണം?’ 2023 ഏപ്രിൽ 13 നു ഷൂട്ടിങ് പൂർത്തിയായ സിനിമയിൽ സഹകരിക്കുന്നില്ല എന്നു പറഞ്ഞ് ഏപ്രിൽ 25 നാണു വിലക്കു വ ന്നത്. എന്റെ ഭാഗം ന്യായീകരിക്കാൻ നിന്നാൽ സോഷ്യൽ മീഡിയയിലെ വാർത്ത ‘ഷെയ്ൻ ആഞ്ഞടിച്ചു ’ എന്നാകും.
2019 മുതൽ അമ്മയിൽ അംഗമാണ്. കഥയിൽ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച കത്തിനു പിന്നിലുള്ള കാര്യങ്ങൾ ഇടവേള ബാബു ചേട്ടന് അറിയാം. ചേട്ടൻ ഇടപെട്ടാണു വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചത്, ജൂൺ ആറിനു വിലക്കു നീക്കി. ഇപ്പോൾ എന്റെ കൈപിടിച്ചു ബാബു ചേട്ടനുണ്ട്. സിനിമാ ചർച്ചകളിലും ചേട്ടന്റെ സാന്നിധ്യമുണ്ടാകും.
അഭിനയമോഹികളുടെ ബിഗ് ഡ്രീമാണു പ്രിയദർശൻ സിനിമ. 2023ൽ ഷെയ്ന് ആ ഭാഗ്യവുമുണ്ടായി...
‘തേന്മാവിൻ കൊമ്പത്ത്’ റിലീസാകുമ്പോൾ ഞാൻ ജനിച്ചിട്ടു പോലുമില്ല. ആ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടിയതു ചില്ലറ കാര്യമല്ലല്ലോ. ആർഡിഎക്സിനു വേണ്ടി കരാട്ടെ പ്രാക്ടീസ് ചെയ്തു സെറ്റായി ഇരിക്കുന്നതിനിടെ ഒരു ഗ്യാപ് വന്നു. ആ സമയത്താണു കൊറോണ പേപ്പേഴ്സിൽ അഭിനയിച്ചത്.
അതുവരെയുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായ അ നുഭവമായിരുന്നു പ്രിയൻ സാറിനൊപ്പം വർക് ചെയ്തത്. സാധാരണ സിനിമ ഷൂട്ടു ചെയ്ത ശേഷമല്ലേ എഡിറ്റ് ചെയ്യുന്നത്. പ്രിയൻ സാർ മനസ്സിൽ എഡിറ്റു ചെയ്ത സിനിമ യാണു ഷൂട്ട് ചെയ്യുന്നത്. അഭിനയം ഇത്ര മതി എന്നു വ്യക്തമായി പറയും. ഓപ്ഷൻ ഷോട്ടോ ക്യൂ ഷോട്ടോ വേണ്ട.
അതിലെ പൊലീസുകാരനായ നായകനാകാൻ വേണ്ടി 74 കിലോഗ്രാമിൽ നിന്നു ഭാരം 83 കിലോയാക്കിയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ പിറകേ ആർഡിഎക്സിലേക്കു വിളി വ ന്നു. വീണ്ടും കരാട്ടെ പ്രാക്ടീസ് തുടങ്ങി. ഡാൻസ് ബാറിലെ ജോലിക്കാരനായി കാണിക്കുന്ന ഒറ്റ സീനിനു വേണ്ടി രണ്ടാഴ്ചയാണു ബാർടെൻഡിങ് പരിശീലിച്ചത്. സെക്കൻഡ് ഹാഫാണ് ആദ്യം ഷൂട്ടു ചെയ്തത്. അതു തീർന്നപ്പോഴേക്കും ഭാരം 71 കിലോയിലെത്തിച്ചു.
രണ്ടു പീസ് ചിക്കൻ, സാലഡ്, മീൻ ഒക്കെയായിരുന്നു മെനു. ചില ദിവസങ്ങളിൽ ഉമ്മച്ചിയെ വിളിക്കും, വിശക്കുന്നു എന്നു സെന്റിമെൻസടിക്കാൻ.
ഉമ്മയോടാണോ എല്ലാ സെന്റിമെൻസും പറയാറ് ?
ഷെയ്ൻ: എന്തു ചെയ്താലും പെർഫെക്ട് ആക്കണമെന്ന ചിന്ത പണ്ടേ ഉണ്ട്. കരാട്ടെ പഠിച്ചിട്ടില്ലെങ്കിലും ആർഡിഎക്സിലെ ഹിറ്റായ ഫ്ലിപ് ചെയ്തുള്ള ഫൈറ്റും ബോട്ടിൽ വച്ചുള്ള അടിയുമൊക്കെ നന്നായി പ്രാക്ടീസ് ചെയ്താണു പെർഫെക്ട് ആക്കിയത്. പാട്ടു സീനിലെ വൈറലായ ഫ്ലിപ് ഡാൻസ് ഒരു ദിവസം കൊണ്ടാണു പഠിച്ചെടുത്തത്. മൈസൂരുവിലെ ലൊക്കേഷനിൽ ചെന്നപ്പോഴാണു പാട്ടി ൽ ഒരു ചെറിയ ഐറ്റം കൂടി നോക്കണം എന്നു ഡാൻസ് മാസ്റ്റർ പറഞ്ഞത്. ആദ്യ ഫ്ലിപ്പിൽ തന്നെ കാൽമുട്ടും കൈമുട്ടുമൊക്കെ വേദനിച്ചു തുടങ്ങി. പക്ഷേ, വിട്ടുകൊടുത്തില്ല. അഞ്ചാമത്തെ ടേക്കിൽ എല്ലാം ഓക്കെ.
ഇത്രയൊക്കെ ജനുവിൻ ആയി നിന്നിട്ടും വീണ്ടും തെറ്റിധാരണകൾ പരക്കുമ്പോൾ വിഷമം വരും. അപ്പോൾ ഉമ്മച്ചിയോടു ചോദിക്കും, ‘പടച്ചോൻ ഇതു കാണുന്നില്ലേ...’ ഉമ്മച്ചി സമാധാനിപ്പിച്ചാലേ എനിക്കുറക്കം വരൂ.
സുനില: ‘ഇതിനേക്കാളും നല്ലത് ഒരുക്കി വച്ചിട്ടുണ്ടാകും, ആ നാളിനായി കാത്തിരിക്കണം’ എന്നു മോനെ സമാധാനിപ്പിക്കും. എന്നിട്ടു ദൈവത്തോടു പ്രാർഥിക്കും, ‘ഞാൻ മോനു വാക്കു കൊടുത്തു, ആ വാക്കു സാധിച്ചു തരണേ.’
എല്ലാ സത്യവും ദൈവത്തിനറിയാം, അതിനെക്കാൾ വ ലിയ നീതി എവിടെ നിന്നും കിട്ടില്ലല്ലോ. എന്തുകൊണ്ടു മോ നെ എല്ലാവരും കുറ്റപ്പെടുത്തുന്നു എന്നു പലരും ചോദി ക്കും. എന്തു മറുപടി പറയണമെന്നു പോലും അറിയില്ല. പ്രാർഥിക്കും, അത്ര തന്നെ. ഇതിനിടയിൽ ലഹരിയുടെ പേരിലൊക്കെ പലരും മോനെ കുടുക്കാൻ നോക്കി.
വാപ്പച്ചി ഉണ്ടെങ്കിൽ എന്നു തോന്നുന്നുണ്ടോ ?
ഷെയ്ൻ: ഞങ്ങളുടെ നിസ്സഹായത പലരും മുതലെടുക്കുന്ന സാഹചര്യമുണ്ട്. വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ അതൊന്നും വരില്ലായിരുന്നു. ഒരു ഭീഷണി, തുടർന്നുണ്ടായ പ്രശ്നങ്ങൾ. ഓരോ ദിവസവും വരുന്ന വാർത്തകൾ. അന്നാണ് ആദ്യമായി പ്രിയൻ സാറിനോടു സംസാരിക്കുന്നത്, ‘സോഷ്യൽ മീഡിയ പറയുന്നത് അവഗണിച്ചേക്ക്. അതൊന്നും നോക്കി വിഷമിക്കരുത്.’ ആ വാക്കിന്റെ ശക്തി വലുതായിരുന്നു.
സുനില: അബീക്കയും ഇതുപോലെ പല പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. മാറ്റിനിർത്തലുകൾ അദ്ദേഹവും നേരിട്ടു. കുർബാനി, വെയിൽ സിനിമകളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്കിടെ ചില യുട്യൂബ് ചാനലുകാർ അബീക്കയെ അധിക്ഷേപിക്കുന്ന വിഡിയോ ഇറക്കി. അതു കണ്ടിട്ടു സംവിധായകൻ സിദ്ദിഖ് വിളിച്ചു. ‘നടന്‍ അഭിനയിക്കുന്നതു മുഖം കൊണ്ടാണ്. ഭാവങ്ങൾ വരണമെങ്കിൽ മനസ്സു ശാന്തമായിരിക്കണം. അതിന് ഉള്ള സാഹചര്യം ഒരുക്കേണ്ടതു സംവിധായകന്റെ കടമയാണ്. ഒന്നും ആലോചിച്ചു മനസ്സു മടുപ്പിക്കരുത്.’
സംവിധായകൻ രാജീവ് രവിയാണു പിന്തുണച്ച മറ്റൊരാൾ. സ്റ്റീവ് ലോപ്പസിലെ നായകനാകാൻ ആദ്യം വിളിച്ചതു ഷെയ്നെ ആണ്. പക്ഷേ, മോന് അത്ര കോൺഫിഡൻസ് തോന്നിയില്ല. അന്നു രാജീവ് രവി അബീക്കയോടു പറഞ്ഞു, ‘വേണമെങ്കിൽ എന്നെ പ്രീതിപ്പെടുത്താനായി അഭിനയിക്കാമായിരുന്നു. പക്ഷേ, ആ ചങ്കൂറ്റം കണ്ടില്ലേ.’ പിന്നീടു കിസ്മത്തിലേക്ക് മോനെ നിർദേശിച്ചതും രാജീവ് രവിയാണ്. ഈ പ്രശ്നം നടക്കുമ്പോഴും രാജീവ് രവി പറഞ്ഞു, ‘ആരു പടമെടുത്തില്ലെങ്കിലും വേണ്ട, ഞാൻ െഷയ്നെ വച്ചു സിനിമയെടുക്കും.’
തിരിഞ്ഞു നോക്കുമ്പോൾ ‘അതു വേണ്ടിയിരുന്നില്ല...’ എന്നു തോന്നുന്ന കാര്യങ്ങളുണ്ടോ ?
ചില കാര്യങ്ങൾ നമ്മൾ അറിയുമ്പോഴാണു വളർച്ചയുണ്ടാകുന്നത്. അങ്ങനെ കടന്നുപോയ സാഹചര്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണു ചുറ്റുമുള്ളവരെ കൂടുതൽ തിരിച്ചറിയാനായത്. അതുകൊണ്ട് ഒന്നും വേണ്ടിയിരുന്നില്ല എന്നു തോന്നുന്നില്ല. സാമാന്യനീതി വേണം എ ന്നു ചിന്തിക്കുന്നതു തെറ്റല്ലല്ലോ. കള്ളത്തരവും തെറ്റും ക ണ്ടാൽ ചോദ്യം ചെയ്യും, സിനിമയിൽ പ്രത്യേകിച്ചും.
മുൻപു നെഗറ്റീവ് ആയിരുന്നവയെല്ലാം പിന്നീടു പോസിറ്റീവായി മാറുന്നതായാണു കാലം കാണിച്ചുതരുന്നത്. ദൈവം എല്ലാം എന്നിലേക്ക് എത്തിക്കുന്നു എന്നു കരുതാനാണിഷ്ടം. ഇന്നു സന്തോഷിക്കാനുള്ള മുഹൂർത്തങ്ങൾ കിട്ടുമ്പോൾ ഇന്നലെ ദുഃഖിച്ചതിനെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. സംഭവിച്ച കാര്യങ്ങളിലൊന്നും ആരെയും കുറ്റപ്പെടുത്താനോ പഴിക്കാനോ ഇല്ല. വിലക്കിന്റെ പിന്നിലെ കാരണങ്ങളെ കുറിച്ചു കൂടുതൽ അറിയാമെങ്കിലും പറയുന്നില്ല. അതുകൊണ്ട് എനിക്കോ മറ്റൊരാൾക്കോ നേട്ടമില്ല എന്നു മാത്രമല്ല, എന്റെ പ്രതികരണം ഇങ്ങനെയുമല്ല.
സുനില: ഒരു പ്രശ്നത്തിനും പോകേണ്ട എന്നാണു മോനോടു പറഞ്ഞത്. ദൈവം വഴി കാണിക്കും. സത്യം എല്ലാവർക്കും മനസ്സിലാകുന്ന ദിവസം വരും. ആ നാളിൽ പ്രതീക്ഷ അർപ്പിച്ചാൽ മാത്രം മതി.
വിലക്കിയ സമയത്തും കഥ പറയാൻ വിളിക്കുന്നവർക്കു കുറവില്ലായിരുന്നു. ഞാൻ ചോദിച്ചു, നിങ്ങൾക്കു പേടിയില്ലേ. ‘കഴിവുള്ളവരെ തളയ്ക്കാൻ പറ്റില്ല ഉമ്മച്ചീ’ എന്നാണ് ഒരാൾ തന്ന മറുപടി. അന്നു മുതൽ കഥ കേൾക്കാൻ തുടങ്ങി. ചില ദിവസങ്ങളിൽ മൂന്നു കഥകൾ വരെ കേട്ടു.
ഇടയ്ക്കു നിർമാതാവിന്റെ റോളിലും വന്നല്ലോ ?
കോവിഡ് ഇളവുകൾ വന്നപ്പോൾ കേട്ട ഒരു ഹൊറർ കഥയെ കുറിച്ച് ആവേശത്തോടെ സംവിധായകനും നിർമാതാവുമായ അൻവർ റഷീദിനോട് പറഞ്ഞിരുന്നു. അത്ര രസമുള്ള കഥയാണെങ്കിൽ ഞാനും കേൾക്കാമെന്ന് അൻവറിക്ക പറഞ്ഞു. അങ്ങനെയാണു ഞാനും അൻവറിക്കയും കൂടി ‘ഭൂതകാലം’ നിർമിച്ചത്. ഇനി പ്രൊഡ്യൂസ് ചെയ്യാനുള്ള പ്ലാനില്ല കേട്ടോ, അത്ര കണക്കുകൂട്ടലൊന്നും എനിക്കു പറ്റില്ല.
ആരാധികമാരെ കുറിച്ചു പറയൂ...
ഇൻസ്റ്റഗ്രാം മെസേജുകളിൽ കൂടുതലും ആരാധികമാരുടേതാണ്. ഒന്നും കമ്മിറ്റ് ചെയ്യാറായിട്ടില്ല. പ്രണയത്തിനും തൽക്കാലമില്ല. അനിയത്തിമാരൊക്കെ മുതിർന്ന കുട്ടികളായി. അഹാന എൽഎൽബി ഫൈനൽ ഇയർ പഠിക്കുന്നു. അലീന ബിഎസ്‌സി സൈക്കോളജി അവസാന വർഷം.
വേലയും ബർമുഡയും കുർബാനിയുമാണു റിലീസാകാനുള്ള സിനിമകൾ. സാന്ദ്ര തോമസ് നിർമിക്കുന്ന ലിറ്റി ൽ ഹാർട്ട്സിൽ ആണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചില കഥകൾ കേട്ടു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും എനി ക്കുള്ളതല്ല എന്ന്. ഇന്റിമസി കൂടുതലുള്ള രംഗങ്ങളൊക്കെ അഭിനയിക്കാൻ മടിയാണ്. മറ്റു ഭാഷകളിലും കഥകൾ കേ ൾക്കുന്നുണ്ട്, വരട്ടെ, നോക്കാം.
രൂപാ ദയാബ്ജി
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനം