Thursday 17 August 2023 11:36 AM IST

‘ആ തോന്നലാണ് എന്നെ അലോസരപ്പെടുത്തുന്നത്, സെറ്റിൽ ആകുക എന്ന വാക്കേ എന്റെ നിഘണ്ടുവിലില്ല’: ഷറഫുദ്ദീൻ

Shyama

Sub Editor

sharafudheen-

ജീവിക്കാന്‍ വേണ്ടി സിനിമാ കമ്പം മൊത്തം വിട്ട് സെയിൽസിലേക്കിറങ്ങിയ ഒരു ചെറുപ്പക്കാരൻ. പല പണികളും നോക്കി കറങ്ങി തിരിഞ്ഞ് ഒടുക്കം സിനിമയിലേക്കു തന്നെ തിരിച്ചു വരുന്നൊരു കഥ.

ഇതാണു ഷറഫുദ്ദീൻ അടുത്തതായി അഭിനയിക്കുന്ന സിനിമയുടെ കഥ എന്നു കരുതരുത്. ഇതാണ് ഷറഫുദ്ദീന്റെ ജീവിത കഥ.

ചിരിപ്പിച്ചു നമ്മുടെ മനസ്സിലേക്കു കയറിയ മ ഞ്ഞ ഷർട്ടും റോസാപ്പൂവും പിടിച്ച ഗിരിരാജൻ കോ ഴി. പിന്നാലെ ‘വരത്തനി’ലെ ജോസിയും ‘തോബാമ’യിലെ തോമ്മിയും ‘അഞ്ചാം പാതിരാ’യിലെ ഡോ. ബെഞ്ചമിനും ‘റോഷാക്കി’ലെ സതീശനും ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ലെ ജിമ്മിയും ഒക്കെ വരിവരിയായി വന്ന് സ്ഥാനമുറപ്പിക്കുന്നു.

നടനാകാനോ? ഞാനോ? ഹേയ്...

‘‘കുടുംബത്തിൽ ആരും അഭിനയത്തിലേക്കു വന്നിട്ടില്ല. വാപ്പിച്ചി പാട്ടു പാടും. പണ്ട് റേഡിയോയിൽ മാപ്പിളപ്പാട്ടൊക്കെ പാടിയിരുന്നു. വീട്ടിൽ ടിവിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, വാപ്പിച്ചി സിനിമയ്ക്കു കൊണ്ടു പോകും. ഞാൻ പഠിച്ച സ്കൂള്‍ ആലുവ സീനത്ത് തിയറ്ററിന്റെ തൊട്ടടുത്തായിരുന്നു. ക്ലാസ് കട്ട് ചെയ്യുന്നു, നേരെ തിയറ്ററിൽ പോകുന്നു. അതെന്നെ.

എന്നെ കാണാൻ ലുക് ഇല്ല എന്നാണു പണ്ട് ക രുതിയിരുന്നത്. അതുകൊണ്ടു നടനാകണം എന്ന് ആഗ്രഹിക്കാനും അതു സ്വയം പറയാൻ പോലും മെനക്കെട്ടില്ല. ഞാൻ തന്നെ എന്നെ കളിയാക്കിക്കൊണ്ടു നടന്ന കാലമായിരുന്നു അത്.

പിന്നെയും ആഗ്രഹമുണ്ടായിരുന്നത് സംവിധാനം ചെയ്യാനാണ്. ‘ഇന്നലെ’ എന്ന സിനിമ കണ്ടതോടെ ആ സിനിമ എന്റെ പിന്നാലെ കൂടി. മനുഷ്യനിൽ ഇത്രയും സ്വാധീനമുണ്ടാക്കാനും മാറ്റം വരുത്താനും സിനിമയ്ക്കു കഴിയുമെന്ന് അന്നാണ് മനസ്സിലാക്കുന്നത്. അതിനു വേണ്ടി സംവിധായകനോ എഴുത്തുകാരനോ എടുക്കുന്ന ശ്രമമാണ് വലുതെന്നു തോന്നി.

അന്ന് അത്യാവശ്യം പുസ്തക വായനയുമുണ്ടായിരുന്നു. അങ്ങനെ സംവിധാനം, അതു മതിയെന്ന് ഉറപ്പിച്ചു. അന്നു നോക്കുമ്പോ ഈ സംവിധായകർക്കൊക്കെ എന്തേലും ഒരു സൈഡ് ശീലം കാണും.

അങ്ങനെ സംവിധായകനാകാൻ വേണ്ടി ഞാനും ‘മുറുക്ക്’ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഞാനല്ല തുപ്പിയത്. എന്റെ കൂട്ടുകാരാണ്. അതോടെ അതു നിന്നു.

കമൽ സർ ചോദിച്ച ചോദ്യം

പഠിക്കുന്ന സമയത്തു സെന്റ്. ആന്റണീസിൽ ട്യൂഷനു പോകുന്നുണ്ടായിരുന്നു. ഒരിക്കൽ വാർഷികാഘോഷത്തിനു സംവിധായകൻ കമൽ സർ എത്തി. അന്നു ഞാൻ പത്മരാജൻ ഫാനാണ്. എല്ലാ സിനിമയും തേടിപ്പിടിച്ചു കണ്ട് അതേക്കുറിച്ചു ഡയറിയിൽ എഴുതിയും വയ്ക്കും.

കമൽ സർ വന്നപ്പോ ഞാനീ ഡയറി സാറിനെ കാണിച്ച് ഓട്ടോഗ്രാഫ് ചോദിച്ചു. അത് വായിച്ചിട്ട് ‘ഇത് ആര് എഴുതിയതാഡോ?’ എന്നു സാറ് ചോദിച്ചു. ‘ഞാനെഴുതിയതാ’ എന്നു പറയുമ്പോഴേ ഞാനീ ഭൂമിയിലെങ്ങുമല്ല. സാറ് അങ്ങനെ ഒരു ചോദ്യം ചോദിച്ചതു തന്നെ വലിയ കാര്യമായിരുന്നു.

കിച്ചു (നടൻ കൃഷ്ണശങ്കർ) എന്റെ കൂടെയാണ് പഠിച്ചത്. ഞാൻ കംപ്യൂട്ടർ സയൻസും അവൻ കൊമേഴ്സും. അന്നൊക്കെ അവനോടും ഞാനീ സിനിമാ കമ്പം പറയുമായിരുന്നു.

അതൊക്കെ കഴിഞ്ഞു കുറേ നാള്‍ സെയിൽസ് മേഖലയിൽ ജോലി ചെയ്തു. വർഷങ്ങൾ കഴിഞ്ഞ് ഒരിക്കൽ അപ്രതീക്ഷിതമായി കിച്ചുവിനെ വീണ്ടും കണ്ടു. ക്യാമറയെ കുറിച്ച് പഠിക്കണമെന്നുണ്ട് എന്നൊക്കെയാണ് കിച്ചു അപ്പോഴും പറയുന്നത്. ഞാനന്ന് സിനിമ മൊത്തമായും ചില്ലറയായും വിട്ട് ജീവിക്കാൻ വേറെ വഴി നോക്കണം എന്ന ചിന്തയിലാണ്. അവൻ സിനിമാ മോഹം വിട്ടില്ല എന്നു കേട്ടപ്പോൾ എനിക്കും എവിടേയൊ ഒരു സ്പാർക്.

പിന്നെ, ആലുവയിൽ വച്ചു ഞങ്ങൾ വീണ്ടും കണ്ടു. അ ൽഫോൺസ് പുത്രനും ഒപ്പമുണ്ട്. അവർ അന്ന് ഷോർട്ഫിലിം എടുക്കുന്നു, ഞാൻ ജോലിക്ക് പോകുന്നു. ഊണിന്റെ ഇടവേളയിലൊക്കെ ഇവരെ കാണാൻ വരും.

കിച്ചുവിന്റെ വീടാണ് പ്രധാന താവളം. അവന്റെ അ ച്ഛൻ ഗൾഫിലായിരുന്നു. അമ്മ ബാങ്കിൽ ജോലി ചെയ്യുന്നു. ഇന്‍ ഹരിഹർ നഗർ സെറ്റപ്പ്. പെൺകുട്ടിക്കു പകരം സിനിമയാണു ചർച്ച.

ആദ്യത്തെ ട്വിസ്റ്റ്

‘പ്രേമ’ത്തിലെ ഗിരിരാജൻ കോഴി ഹിറ്റായത് ത്രില്ലടിപ്പിച്ചിരുന്നു. അന്ന് വൈറൽ ആകുന്ന പരിപാടി തന്നെ വല്ലപ്പോഴും മാത്രമേ ഉണ്ടാകൂ. അതു ഞാൻ ആസ്വദിച്ചു.

പിന്നീട് റോൾമോഡൽസ് എന്ന സിനിമയിലാണ് ഫഹദിനെയും വിനായകനെയും ഒക്കെ കാണുന്നത്. അവരൊക്കെ അഭിനയത്തോടു കാണിക്കുന്ന പാഷൻ എന്നെ അ ദ്‌ഭുതപ്പെടുത്തി. അപ്പോഴും എനിക്കു മറ്റു വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റുമോ എന്ന സംശയവും മനസ്സിൽ പിണഞ്ഞു കിടക്കുന്നുണ്ട്.

‘വരത്തനി’ലേക്കുള്ള ക്ഷണം വന്നപ്പോൾ, എന്നെ വച്ച് തൊബാമ എന്നൊരു പടം മൊഹസിൻ ചെയ്യുമ്പോൾ, ജീത്തു സാറിന്റെ ആദി എന്ന പടം... ഇതൊക്കെ വന്നപ്പോഴാണ് എന്റെ കോമഡി മാത്രമല്ല വർക്ക് ആകുന്നത് എന്നു മനസ്സിലായി തുടങ്ങുന്നത്.

‘വരത്തൻ’ വിജയിച്ചതോടെ പുതിയതു പലതും ശ്രമിച്ചു നോക്കാനുള്ള ധൈര്യം വന്നു. പൊതുവെ എനിക്ക് എന്നിലുള്ള വിശ്വാസം വളരെ കുറവാണ്.

തിരക്കഥ വായിക്കുമ്പോൾ എനിക്കു മനസ്സിലാകുന്ന കഥാപാത്രങ്ങളാണ് തിരഞ്ഞെടുക്കാറ്. എന്റെ കഴിവു കാണിക്കുന്നതിലുപരി ആ സിനിമ ആളുകളെ ഇംപ്രസ് ചെയ്യുമോ എന്നാണു നോക്കുക. എനിക്ക് എന്നിൽ തന്നെ മെച്ചപ്പെടുത്താനുള്ള കാര്യം സാമൂഹികമായി ഇടപഴകാനുള്ള കഴിവാണ്. പൊതുവേ സ്വകാര്യവിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പറയുന്നതിനോടു വലിയ യോജിപ്പില്ല. സിനിമ വേണം, സിനിമ വിജയിക്കണം എന്നൊക്കെ നിർബന്ധവുമുണ്ട്. അതിനപ്പുറമൊന്നും ആഗ്രഹിക്കുന്നില്ല. എനിക്കുള്ളത് എന്നിലേക്കു വരും എന്ന ശുഭാപ്തി വിശ്വാസം എപ്പോഴും ഒപ്പമുണ്ട്.

‘അഞ്ചാം പാതിര’ ചെയ്ത സമയത്ത് തിരക്കഥയിലെഴുതി വച്ചിരിക്കുന്ന ഡയലോഗുകൾ ഞാൻ പറഞ്ഞാൽ ഏ ൽക്കുമോ എന്നൊക്കെ തോന്നിയിരുന്നു.

മുൻപ് അത്തരം പഞ്ച് ഡയലോഗ് മലയാള സിനിമയിലെ മുതിർന്ന നടന്മാർ മാത്രം പറഞ്ഞാണ് ഞാനടക്കമുള്ളവർ കേട്ടിട്ടുള്ളത്. സിനിമ വന്നപ്പോൾ അതു പ്രേക്ഷകർ ഏറ്റടുത്തു. നടനെന്ന നിലയിൽ അതൊക്കെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

sharafu

എന്റെ ഫുൾ ഫിഗർ

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ വേറിട്ട ലുക് ആയിരുന്നു. ഒരു പ്രണയ കഥയായതു കൊണ്ട് എങ്ങനെ എന്നെ ‘വൃത്തിയാക്കിയെടുക്കും?’ എന്നൊരു ചിന്തയിൽ നിന്നാണ് ആ മാറ്റം.

പൊതുവെ വസ്ത്രങ്ങളോടും സ്റ്റൈലിങ്ങിനോടും താ ൽപര്യമുള്ള ആളാണ്. എന്റേതായ ടേസ്റ്റുണ്ട്. ആ സിനിമയിലും സ്വന്തം വസ്ത്രങ്ങളും ചെരിപ്പും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷം.

നിലവിൽ ഡിസ്നി ഹോട്സ്റ്റാറിനു വേണ്ടിയൊരു സീരീസാണ് ചെയ്യുന്നത്. ഒപ്പം നിത്യ മേനോനും രൺജി പണിക്കരും അശോകനും ശാന്തി കൃഷ്ണയും മാല പാർവതിയും ഒക്കെയാണ് അഭിനയിക്കുന്നത്. അടുത്ത പ്രോജക്റ്റ് ‘ഹാപ്പി വെഡ്ഡിങ്ങി’ന്റെ തിരക്കഥാകൃത്ത് പ്രനീഷ് വിജയനും ‘മധുരമനോഹരമോഹ’ത്തിന്റെ എഴുത്തുകാരൻ ജയ് വിഷ്ണുവും ഒന്നിക്കുന്ന മാസ്സ് കോമഡി ചിത്രമാണ്.

ഞാൻ ഒട്ടും കാം അല്ല. ശാന്തമായി എന്ന തോന്നലാണ് എന്നെ അലോസരപ്പെടുത്തുന്നത് എന്നു തോന്നുന്നു. സെറ്റിൽ ആകുക എന്ന വാക്കേ എന്റെ നിഘണ്ടുവിലില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കാൻ എനിക്ക് പറ്റില്ല, ടെൻഷനാകും. അതുകൊണ്ട് ശാന്തമാകുക എന്നത് ഉറങ്ങുമ്പോൾ മാത്രം സംഭവിക്കുന്ന കാര്യമാണ്.

ആലുവ നെടുവന്നൂരാണു സ്വദേശം. കാക്കനാടാണ് താമസം. വീട്ടുകാർക്കൊപ്പവും കൂട്ടുകാർക്കൊപ്പവുമാണ് ക്വാളിറ്റി ടൈം ചെലവഴിക്കാറ്. സിനിമയിലെത്തിയതോടെ പ ണ്ടത്തെ പോലെ പുറത്ത് എല്ലായിടത്തും ഇഷ്ടം പോലെ ഇറങ്ങി നടക്കാൻ പറ്റാറില്ല.

കുട്ടികൾക്കാണ് അതിൽ പ്രശ്നം. അവർക്ക് എനിക്കൊപ്പം എല്ലാ ദിവസവും പുറത്തു പോകണം, ഭക്ഷണം കഴിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. അക്കാര്യത്തിലാണു പെട്ടു പോകുക. വീട്ടുകാർക്കൊപ്പം വെക്കേഷൻ വേണമെന്നതാണ് ഇപ്പോൾ മനസ്സിലുള്ള മോഹം. ഒരു ദീർഘയാത്ര അവർക്കൊപ്പം പോകണം. ഭാര്യ ഭീമയാണ് ഞങ്ങളെയൊക്കെ അതിമനോഹരമായി കൈകാര്യം ചെയ്യുന്നയാൾ. മക്കൾ ആയത്ത്, ദുആ.

ശ്യാമ

ഫോട്ടോ: സന്തോഷ് പട്ടാമ്പി