Saturday 30 September 2023 01:41 PM IST

‘നീ ആഗ്രഹിച്ചിട്ടു കാര്യമില്ല, വിവാഹം കഴിക്കുന്നയാൾക്ക് അത് സ്വീകാര്യമാകണം എന്നില്ലല്ലോ?’: മനസ് ആഗ്രഹിച്ച വിവാഹം, മാതൃകയായി ഇവർ

Rakhy Raz

Sub Editor

arya-marriage456

വിവാഹം വ്യത്യസ്തമാക്കാൻ യുവതീയുവാക്കൾ പല വഴികൾ ആലോചിക്കുന്ന കാലത്തു കോട്ടയം പാമ്പാടിയിൽ വിനയപൂർവം തലയെടുപ്പോടെ ഒരു വിവാഹം നടന്നു. ഹൃദയങ്ങളുടെ സ്പന്ദനം മേളമൊരുക്കി, നന്മയുടെ തോരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട്, വിദ്യാദാനം സദ്യ വിളമ്പിയ വിവാഹം. സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ആര്യ ആർ.നായരുടെയും ശിവം ത്യാഗിയുടെയും വിവാഹമായിരുന്നു അത്.

സിവിൽ സർവീസ് പരീക്ഷയിൽ 113ാം റാങ്കു നേടി ഇ ന്ത്യൻ റവന്യൂ സർവീസിൽ അസിസ്റ്റന്റ് കമ്മീഷനർ ഓഫ് ഇൻകം ടാക്സ് പദവിയിലാണ് ഇപ്പോൾ ആര്യ. ശിവം ത്യാഗി കമ്യൂണിക്കേഷൻസ് മിനിസ്ട്രി അഹമ്മദാബാദ് സിറ്റി ഡിവിഷനിൽ ജോലി ചെയ്യുന്നു.

ഒരേ തൂവൽ പക്ഷികൾ

‘‘ഞങ്ങൾ ഇരുവരും സിവിൽ സർവീസ് രംഗത്തു പ്രവർത്തിക്കുന്നവരായതിനാൽ പരസ്പരം അറിയാമായിരുന്നു.  കോവിഡ് പകർച്ചവ്യാധിയുടെ സമയത്തും കരുണ ഹങ്കർ ഹെൽപ് ലൈൻ വൊളന്റിയർമാരായും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കുടുംബങ്ങൾ ഇരുവർക്കും വിവാഹം ആലോചിച്ചു തുടങ്ങിയതിനാൽ പരിചയം വിവാഹാലോചനയിലേക്കു നീങ്ങുകയായിരുന്നു.’’ ശിവം ത്യാഗി പറയുന്നു.

 ‘‘കോളജ് കാലത്തു തന്നെ സിവിൽ മാര്യേജ് മതി എന്ന ആശയം ഞാൻ പറയുമായിരുന്നു. ഇന്ത്യയിൽ കടക്കെണിയിൽ പെടുന്നവരിൽ ഭൂരിഭാഗവും മക്കളുടെ വിവാഹത്തിനായി കടമെടുത്തവരാണ് എന്ന പത്രവാർത്ത ആണ് അത്തരമൊരു ചിന്ത എന്നിൽ ഉണർത്തിയത്. അന്നുമുതൽ ഞാനത് അച്ഛനമ്മമാരോടും സുഹൃത്തുക്കളോടും പറയുമായിരുന്നു.

വീട്ടിൽ മറ്റുള്ള വിവാഹങ്ങൾ നടക്കുമ്പോഴൊക്കെ ഞാ ൻ അതോർമിപ്പിക്കും. സിവിൽ സർവീസിനായി തയാറെടുക്കുന്നതിനു സോഷ്യോളജിയാണു വിഷയമായി സ്വീകരിച്ചിരുന്നത്. ആ സമയത്തു തന്നെ സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും ചെയ്തിരുന്നു. അതിലൂടെ സമൂഹത്തെ കൂടുതലായി മനസ്സിലാക്കി വന്നപ്പോൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ മാതാപിതാക്കൾ ആൺകുട്ടികൾ ജനിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്നു ചിന്തിച്ചു.

തീർച്ചയായും പെൺകുട്ടികളുടെ വിവാഹം ചെലവേറിയ ബാധ്യതയായി മാറും എന്നതു കൊണ്ടു തന്നെയാണത്. ഇതു പെൺഭ്രൂണഹത്യയിലേക്കു വരെ കൊണ്ടുചെന്നെത്തിക്കുകയാണ്. വിവാഹം നടക്കുന്നുവെങ്കിൽ അത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രാധാന്യമുള്ള കാര്യമായി കണ്ടും അവരുടെ വ്യക്തിപരമായ ആവശ്യമായി മനസ്സിലാക്കിയും നടക്കുകയാണെങ്കിൽ ഈ ഭീമമായ ചെലവ് നിർബന്ധമല്ല.

ഏറ്റവും ലളിതമായും വിവാഹം നടത്താം എന്നതിന് ഒരു മാതൃക കാണിച്ചുകൊണ്ടാകണം എന്റെ വിവാഹം എ ന്ന ആഗ്രഹമുണ്ടായിരുന്നു. അച്ഛനമ്മമാരോട് ഇതിനെക്കുറിച്ചു സംസാരിച്ച ശേഷമാണു ഞാൻ ശിവത്തോട് ഈ ആശയം പറയുന്നത്. അദ്ദേഹത്തിന് ആശയത്തോടു വളരെയധികം യോജിപ്പായിരുന്നെങ്കിലും ഇത് എത്രത്തോളം നടത്തിയെടുക്കാനാകും എന്നു സംശയമായിരുന്നു. എന്റെ മാതാപിതാക്കൾക്ക്, ഞാനിത് പല വട്ടം പറഞ്ഞതാണെങ്കിൽ പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ,എന്റെ തീരുമാനത്തിൽ എനിക്കുറപ്പുണ്ടായിരുന്നു.’’ ആര്യയുടെ വാക്കുകളിൽ അഭിമാനവും സന്തോഷവും.

‘‘ഉത്തരേന്ത്യൻ വിവാഹം മൂന്നും നാലും ദിവസം നീളുന്ന ആഘോഷമാണ്. സംഗീത്, മെഹന്ദി പോലുള്ള പല ആഘോഷങ്ങളും ചടങ്ങുകളുമുണ്ട്. എന്റെ വിവാഹം എല്ലാവരെയും ക്ഷണിച്ചു ഗംഭീരമായി നടത്തും എന്നാണു ബന്ധുക്കളിൽ പലരുടെയും വിശ്വാസം. അതുകൊണ്ടു ത ന്നെ ഇതു പറഞ്ഞാൽ വീട്ടുകാർക്ക് ഉൾക്കൊള്ളാനാകുമോ എന്ന സംശയമുണ്ടായിരുന്നു. പക്ഷേ അവരെ പറഞ്ഞു മനസ്സിലാക്കുന്നതിൽ വിജയിച്ചു.’’ എന്ന് ശിവം ത്യാഗി.

‘‘ശിവം എനിക്കു വാക്കു തന്നിരുന്നു. ഇതു സാധ്യമാക്കാൻ പരമാവധി ശ്രമിക്കാം എന്ന്.

IMG-20230725-WA0010

പണ്ട് ഞാനിതു പറയുമ്പോൾ അമ്മ പറയുമായിരുന്നു, ‘നീ ആഗ്രഹിച്ചിട്ടു കാര്യമില്ല, വിവാഹം കഴിക്കാൻ എത്തുന്നയാൾക്കു സ്വീകാര്യമാകണം എന്നില്ലല്ലോ’ എന്ന്. ഞങ്ങൾ രണ്ടുപേരും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരും ഒരേ വീക്ഷണമുള്ളവരുമായത് ഇതു നടപ്പാക്കാൻ സഹായകമായി.

വിദ്യാധനത്തെക്കാൾ വിലയുള്ളതെന്ത്?

ഞാൻ ലളിതവിവാഹമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഉറുമ്പ് മഴക്കാലത്തേക്കു ധാന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്നതു പോലെ അച്ഛനും അമ്മയും എന്റെ വിവാഹത്തിനായി ധനം സ്വരുക്കൂട്ടി വച്ചിരുന്നു. മിക്ക മാതാപിതാക്കളും ചെയ്യുന്ന കാര്യമാണിത്.

 ആ കാര്യത്തിലും ചെറിയൊരു മാറ്റം ഞാനും ശിവവും ചേർന്നു വരുത്തി. ഞങ്ങൾ ജോലിയുള്ളവരാണ്. ഞങ്ങളുടെ വിവാഹച്ചെലവ് അച്ഛനമ്മമാർ വഹിക്കേണ്ടതില്ല എന്നു തോന്നി. വിവാഹച്ചെലവിനുള്ള പണം ഞങ്ങൾ ഇരുവരും ചേർന്നു പങ്കിട്ടെടുത്തു.

അച്ഛനും അമ്മയും കരുതി വച്ച പണം മറ്റെന്ത് ആവശ്യത്തിനു ചെലവാക്കും എന്നു ചിന്തിച്ചപ്പോൾ അമ്മ പറഞ്ഞ ആശയം പാവപ്പെട്ട കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാം എന്നായിരുന്നു. അതെനിക്കു സ്വീകാര്യമായില്ല. കാരണം ഞാൻ എന്താശയം മറ്റുള്ളവരിലേക്കു പകരാൻ ആഗ്രഹിക്കുന്നുവോ അതിനു വിരുദ്ധമായിരിക്കും ആ തീരുമാനം. ഇത്തരമൊരു തീരുമാനം എനിക്കും ശിവത്തിനും എടുക്കാൻ കഴിഞ്ഞതു ഞങ്ങൾക്കു കിട്ടിയ വിദ്യാഭ്യാസവും അതിലൂടെ ലഭിച്ച ജോലിയുമാണ്. അതു മറ്റു കുറച്ചു പേർക്കു കൂടി പകർന്നു കൊടുക്കാനാകുന്നത് സന്തോഷമല്ലേ? അങ്ങനെയാണു വിദ്യാഭ്യാസം ചെയ്യാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്കു നൽകാം എന്നു തീരുമാനിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഈ ചിന്തയുടെ വേരോട്ടം മാതാപിതാക്കളിൽ നിന്നു തന്നെയാണ്. എന്റെ അച്ഛൻ രാധാകൃഷ്ണൻ നായർ പാമ്പാടി കൂരോപ്പട സ്വദേശിയാണ്. അമ്മ സുജാത പാലാ സ്വദേശിയും. ഇരുവരും വിവാഹശേഷം കൂരോപ്പടയിൽ താമസമാക്കി. എനിക്ക് ഒരനുജൻ കൂടിയുണ്ട്. അരവിന്ദ് ആർ. നായർ. അരവിന്ദ് കാനറ ബാങ്കിൽസ്പെഷൽ ഓഫിസർ ആയി ജോലി ചെയ്യുന്നു.

അച്ഛൻ ജോയിന്റ് ലേബർ കമ്മിഷനർ ആയി റിട്ടയർ ചെയ്തയാളാണ്. അമ്മ അധ്യാപികയായിരുന്നു. എന്റെയോ അനുജന്റെയോ പിറന്നാളുകള്‍ക്കൊന്നും ആഘോഷവിരുന്ന് നടത്തിയ ഓർമയില്ല. എല്ലാ പിറന്നാളിനും അടുത്തുള്ള പുണ്യം ബാലഭവനിലെത്തി അവിടുത്തെ കുട്ടികളോടൊപ്പം ചെലവഴിക്കും. അവരുടെ അന്നത്തെ ചെലവ് ഞങ്ങളുടെ വകയായിരിക്കും. അച്ഛനമ്മമാരുടെ വിവാഹ വാർഷികവും ഇങ്ങനെയാണ് ആഘോഷിക്കുക.

അച്ഛൻ തൊഴിലാളികൾക്കായി ചെയ്യുന്ന കാര്യങ്ങൾ കണ്ടാണു വളർന്നത്. എനിക്കു വളരെ കുറച്ചു പേരെയേ സഹായിക്കാനുകുന്നുള്ളൂ, സിവിൽ സർവീസ് എഴുതിയാൽ വളരെയധികം പേരെ സഹായിക്കാനും ജനങ്ങൾക്കു ഹിതകരമായ രീതിയിൽ നയങ്ങളെ വരെ സ്വാധീനിക്കാനും കഴിയും എന്നു പറഞ്ഞത് അച്ഛനാണ്. അങ്ങനെയാണു സിവിൽ സർവീസ് എടുക്കാൻ തീരുമാനിക്കുന്നത്.

ഇന്റലിജന്റ്സ് ബ്യൂറോയിൽ ജോലി ചെയ്തിരുന്നു ഞാൻ. അതു വിട്ടാണ് സിവിൽ സർവീസ് ലക്ഷ്യമിടുന്നത്. ആദ്യം 301ാം റാങ്കാണ് ലഭിച്ചത്.  വീണ്ടും പരീക്ഷയെഴുതി റാങ്ക് മെച്ചപ്പെടുത്തി. ഐആർഎസ് (ഇന്ത്യൻ റവന്യൂ സർവീസ്) ഞാൻ തിരഞ്ഞെടുത്തതാണ്. ഐആർഎസ് പരിശീലന സമയത്ത് ഇൻകം ടാക്സിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും എടുത്തിരുന്നു.

ശിവം ഡൽഹി സ്വദേശിയാണ്. അമ്മ മനേഷ് ത്യാഗി മൂന്നു വർഷം മുൻപ് മരിച്ചു. അച്ഛൻ സർവേഷ് ത്യാഗി കരസേനയിൽ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ നിപുൺ ത്യാഗി എംബിഎ കഴിഞ്ഞ് ജോലി ചെയ്യുന്നു. അദ്ദേഹം വിവാഹിതനാണ്.’’

ശിവം ത്യാഗിയുടെ മൃദുവായ ചിരിയോടെ ആര്യയ്ക്കൊ പ്പം ചേർന്നു പറഞ്ഞു. ‘‘ഞങ്ങൾ രണ്ടുപേരും എൻജിനീയർമാരാണ്. ഞാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു സിവിൽ എൻജിനീയറിങ്ങിലാണു ബിരുദമെടുത്തത്. ആര്യ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നു ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലും. സിവിൽ സർവീസ് ജോലിയേക്കാൾ മൂന്നോ നാലോ ഇരട്ടി ഉയർന്ന ശമ്പളമാണ് സ്വകാര്യ മേഖലയിൽ എൻജിനീയർ ആയി ജോലി ചെയ്താൽ ലഭിക്കുക. അതു വേണ്ടെന്നു വച്ച് ഈ മേഖല തിരഞ്ഞെടുത്തതു തന്നെ സമൂഹനന്മയും ക്ഷേമപ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ്.’’

‘‘വിവാഹദിനത്തിൽ പരസ്പരം പരിചയപ്പെടുന്നതിനായി എന്റെയും ശിവത്തിന്റെയും അടുത്ത ബന്ധുക്കൾ മാത്രമടങ്ങുന്ന ഒത്തുചേരൽ സംഘടിപ്പിച്ചിരുന്നു. വിവാഹത്തിനായി മാറ്റിവച്ച തുക അന്നു തന്നെ പുണ്യം ബാലഭവനിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവിലേക്കായി ചെക്ക് ആയി നൽകി.

നിലയറി‍ഞ്ഞു വിവാഹം കഴിക്കാം

ഞങ്ങൾക്ക് ശരി എന്നു തോന്നിയ തീരുമാനം ജീവിതത്തി ൽ എടുക്കാനായി എന്ന സന്തോഷമുണ്ട്. സാമ്പത്തിക ഭ ദ്രതയുള്ളവർ നല്ല രീതിയിൽ ആഘോഷമായി വിവാഹം നടത്തുന്നതിനോട് എതിർപ്പില്ല. കാരണം അതുവഴി കേറ്ററിങ്, അലങ്കാരപ്പണി ചെയ്യുന്നവർ തുടങ്ങി അനേകം മനുഷ്യരുടെ ജീവിതത്തെ പിന്തുണയ്ക്കാൻ കഴിയും. എന്നാൽ കടമെടുത്ത് വലിയ വിവാഹം നടത്തി പിന്നെയുള്ള വർഷങ്ങളിൽ കടത്തിൽ നീറി ജീവിക്കേണ്ടതില്ല. കയ്യിൽ പണമില്ലെങ്കിലും നമ്മുടെ നാട്ടിൽ വിവാഹം ഒട്ടും കുറയ്ക്കാതെതന്നെ നടത്തണം എന്നു നിർബന്ധമുള്ളതുപോലെയാണ് കാര്യങ്ങൾ. അതിന് മാറ്റം വരണം.

ഞങ്ങളുടെ രീതിയോടു പരാതിയും പരിഭവവുമുള്ള ധാരാളം ആളുകളുണ്ട്. പലപ്പോഴും കാണുമ്പോൾ അവരതു പറയുന്നുമുണ്ട്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോൾ അതു സ്വാഭാവികമാണ്. ഇതിനെ തുറന്ന മനസ്സോടെയാണ് ഞങ്ങൾ സമീപിക്കുന്നത്.

വിവാഹത്തിനു ശേഷം ധാരാളം ചെറുപ്പക്കാർ സന്ദേശമയയ്ക്കുകയും ഫോൺ വിളിക്കുകയും ചെയ്തു. അവരും ഇതാണ് ആഗ്രഹിക്കുന്നത് എന്നു പറ‍ഞ്ഞു. ചിലർ ആഗ്രഹിച്ചെങ്കിലും വീട്ടുകാരുടെ സമ്മർദത്തിനു വഴങ്ങേണ്ടി വന്നു എന്നു വിഷമം പറഞ്ഞു.

വിവാഹം കഴിയുന്നതു വരെ അതു ഞങ്ങളുടെ ഇഷ്ടം മാത്രമായിരുന്നു. ഇപ്പോൾ ആ ഇഷ്ടത്തോട് ചേർന്ന നിൽക്കാൻ ഒരുപാടു പേർ ഉണ്ടെന്നറിയുമ്പോഴാണ് ഹൃദയം സന്തോഷം കൊണ്ട് നിറയുന്നത്.