Saturday 18 May 2024 02:34 PM IST

അമിതമായി മോഹിച്ചിട്ടില്ല, പക്ഷേ ആ കലാകാരിയോടുള്ള ഇഷ്ടം എന്നെ സാരി പ്രേമിയാക്കി... എന്റെ റോൾ മോ‍ഡൽ: സിതാര പറയുന്നു

Seena Tony Jose

Editorial Coordinator

sithara-k

സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി മാത്രമല്ല, ചുറ്റും പ്രസരിക്കുന്ന വായുവും വെളിച്ചവുമെല്ലാം സംഗീതമായി മാറുകയാണ്. പക്ഷേ, എന്റെ മനസ്സിൽ മൈക്കിനുമുന്നിൽ സാരിയുടുത്തു തലയുയർത്തി നിന്നു പാടുന്ന മറ്റൊരു രൂപംകൂടി മിഴിവോടെ തെളിഞ്ഞു വരും. അത് ഉഷാ ദീദിയാണ്. നമ്മുടെ സ്വന്തം ഉഷാ ഉതുപ്പ്.

പൊട്ടും വളയും മുല്ലപ്പൂവും പിന്നെ, വിരൽതുമ്പുകൊണ്ടു സാരിയുടെ അറ്റം പിടിച്ചുള്ള ആ നിൽപ്പും. സംഗീതത്തിൽ താൻ പ്രതിനിധാനം ചെയ്യുന്ന ജോണറിൽ ഉഷാ ദീദിക്കു സാരിയെ കൂട്ടുപിടിക്കേണ്ട കാര്യമേയില്ല. പക്ഷേ, സാരിയെ എത്ര ഭംഗിയായാണ് ഉഷാ ദീദി സംഗീതവുമായി ശ്രുതിചേർത്തത്. സാരിക്ക് യുണീക് ആയ, െഎകോണിക് ആയ ഒരു സ്പേസ് ഉണ്ടാക്കി കൊടുത്തത്. അതൊരു ബ്രില്യൻസ് തന്നെയാണ്.

സാരികളെ ഞാൻ അമിതമായി മോഹിച്ചിട്ടൊന്നുമില്ലെങ്കിലും ചെറുപ്പംമുതലേ ഉഷാ ദീദിയോടുള്ള ഇഷ്ടം മൂലമാകാം ഞാൻ സാരിയേയും പരിഗണിച്ചു തുടങ്ങിയത്. ‍ഒരിക്കൽ ഉഷാദീദിയിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ ഒരവസരം ലഭിച്ചു എന്നതൊഴിച്ചാൽ പറയത്തക്ക ബന്ധമൊന്നുമില്ല. എങ്കിലും എന്റെ റോൾ മോഡലുകളിൽ ഒരാൾ എല്ലാക്കാലത്തും ഉഷാ ദീദിയാണ്.

ഭൂരിപക്ഷം പെൺകുട്ടികളും ആദ്യം ഉടുക്കുക അമ്മയുടെ സാരി ആകും. അതുപോലെ തന്നെ ഞാനും. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല സാരി ഒരുപക്ഷേ, അമ്മയുടെ കല്യാണ സാരിആയിരിക്കും. െഎവറി നിറത്തിൽ ചുവന്ന ബോർഡറും അതിൽ വെള്ളിക്കസവുമുള്ള ബനാറസി സാരിയായിരുന്നു അത്. എൽകെജിയിൽ പഠിക്കുമ്പോൾ നൃത്തവേദിയിൽ കയറാൻ അതു മടക്കിത്തുന്നി നൃത്തവേഷംപോലെ ആക്കിത്തന്നു അമ്മ. ആ ചിത്രങ്ങൾ ഇപ്പോൾ കാണുമ്പോൾ ആദ്യമായി സ്റ്റേജിൽ കയറിയ പരിഭ്രമമെല്ലാം ഒാർമവരും. അതകറ്റാൻ ആകും അമ്മ ആ സാരികൊണ്ട് അന്നെന്നെ ചുറ്റിപ്പിടിച്ചത്.

അൽപംകൂടി മുതിർന്നപ്പോൾ എട്ടാംക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ സാരി ഉടുത്തു നിൽക്കുന്ന ഒരു ചിത്രവുമുണ്ട് ആൽബത്തിൽ. അത് ഒരു കേര ള കസവുസാരിയാണ്. ഗ്രൂപ് സോങ്ങിൽ ഒരുപാടു ശബ്ദങ്ങൾക്കൊപ്പം ലയിച്ചൊഴുകുന്നു എന്റെ ശബ്ദവും.

sithara-3

നാലുവയസ്സു മുതൽ പാട്ടും നൃത്തവും ഒരുപോലെ ഇഷ്ടപ്പെട്ടാണു പഠിച്ചുവന്നത്. ഞങ്ങളന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലാണു താമസം. അച്ഛൻ കെ.എം. കൃഷ്ണകുമാർ അ വിടെ അധ്യാപകനായിരുന്നു. അമ്മ സാലി കൃഷ്ണകുമാർ. അന്നൊക്കെ നൃത്തവേദിയിൽ ഉടുക്കാനുള്ള സാരി തേടിയാണു ഞാനും അമ്മയും കൂടുതലും ഷോപ്പിങ്ങിന് ഇറങ്ങിയിട്ടുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് മലപ്പുറം ജില്ലയിലാണ്. പാട്ടും നൃത്തവും പഠിക്കാനും നൃത്ത സാമഗ്രികൾ വാങ്ങാനുമൊക്കെ പോകുന്നത് കോഴിക്കോടു നഗരത്തിലേക്കും. കുട്ടിക്കാലത്തെ ആ യാത്രകളായിരുന്നു ഇന്നു ചെയ്യുന്ന ഏതു യാത്രയേക്കാളും മനോഹരം.

ധർമാവരം സാരി എന്ന എളുപ്പം കീറിപ്പോകാത്ത മനോഹരമായ കോൺട്രാസ്റ്റ് ഭംഗിയുള്ള സാരികളാണ് നൃത്തവേദിയിൽ ഉടുക്കുക. മഞ്ഞയിൽ കറുപ്പു ബോർഡർ, വാടാമല്ലിയിൽ ബോട്ടിൽ ഗ്രീൻ ബോർഡർ, നീലയിൽ ഒാറഞ്ച് ബോർഡർ ഇതൊക്കെയായിരുന്നു അന്നത്തെ ഫേവറിറ്റ് കോംബിനേഷൻ. സാരി വാങ്ങി ഡാൻസ് കോസ്റ്റ്യൂം തുന്നിച്ചെടുക്കുകയാണു ചെയ്തിരുന്നത്. ഈയടുത്ത് മോൾക്കുവേണ്ടി ഡാൻസ് കോസ്റ്റ്യൂം തിരഞ്ഞു പോയപ്പോഴും ആ സാരികളായിരുന്നു മനസ്സിൽ. ആ പഴയ കോംബിനേഷൻസ് കിട്ടുന്നില്ലല്ലോയെന്നായിരുന്നു അമ്മയുടെയും പരാതി.

ഞാനെന്റെ കുട്ടിക്കാലം വിട്ട് കൗമാരത്തിലേക്കു കടക്കുമ്പോഴാണു നമ്മുടെ നാട്ടിലെങ്ങും സംഗീത റിയാലിറ്റി ഷോ വ്യാപകമാകുന്നത്. അത്തരം മത്സരങ്ങൾ പാട്ടിൽ കൂടുതൽ അവസരങ്ങൾ തന്നു. അതേസമയം ശാസ്ത്രീയ നൃത്തത്തിനു പുതിയ വേദികൾ നമ്മൾ തന്നെ കണ്ടെത്തേണ്ട അവസ്ഥയും. സ്വാഭാവികമായും സംഗീതത്തിലേക്കു വഴിതിരിഞ്ഞു.

സിനിമയിൽ പാടുക എന്നതു വിദൂരസ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു തീരുമാനമോ മനഃപൂർവമായ ശ്രമമോ ഉണ്ടായിട്ടില്ല. ഭാഗ്യവശാൽ അവസരങ്ങൾ വന്നു. ലഭിച്ച അവാർഡുകൾക്കും അംഗീകാരങ്ങൾക്കുമെല്ലാം മാതാപിതാക്കളോടും ഗുരുക്കൻമാരോടും ഒരുപാടു കടപ്പാടുണ്ട്. കൊൽക്കത്തയിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക് പഠിക്കുന്ന കാലത്താണു കൊൽക്കത്ത ഹാൻഡ് വോവൺ കോട്ടൻ സാരികളെക്കുറിച്ചു കൂട്ടുകാരി പറയുന്നത്. കേട്ടുകേട്ട് ഒരിഷ്ടം കയറി. ഹാൻഡ് വോവൺ എന്നു കേൾക്കുമ്പോൾ ഒരു കൗതുകമുണ്ടല്ലോ. ഇടുങ്ങിയ ഗലികളിലൂടെ കുഞ്ഞു കടകളിൽ കയറിയിറങ്ങി നടന്നു. അവസാനം സാരി കുടീർ എന്ന സാരിക്കൂടാരത്തിലെത്തി. നിലത്തു വിരിച്ച പായയിൽ ഇരുന്നു മടിയിൽ വിരിച്ചിട്ട സാരികളിൽ വിരലോടിച്ച് സന്തോഷത്തോടെ വാങ്ങിയ അന്നത്തെ ആ സാരികളെല്ലാം ഇന്നും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

sithara-1

സാരിയുടെ ഭംഗിയാണ് എന്നെ എന്നും ആകർഷിച്ചിട്ടുള്ളത്. എപ്പോഴും ഉടുത്തു നടക്കാൻ ഇഷ്ടമല്ല. പ്രത്യേകിച്ച് ഷോയിലും മറ്റും ഒരുപാട് ആളുകളുടെ മുന്നിലെത്തുമ്പോൾ സാരി അത്ര കംഫർട്ടബിൾ ആയി തോന്നിയിട്ടില്ല.

സ്വന്തമല്ലാത്ത ആ സാരികൾ

എങ്കിലും സാരിയോട് അടങ്ങാത്ത മോഹമുള്ള ആളാണെന്ന് ആളുകൾ വിചാരിക്കുന്നുണ്ട്. അതിനു കാരണം സോഷ്യൽ മീഡിയയിലും ചാനൽ പരിപാടികളിലും സാരിയുടുത്തു കൂടുതൽ കാണുന്നതാണ്. അവയൊന്നും ഇഷ്ടപ്പെട്ടു വാങ്ങിയതോ അലമാരയിൽ ഗാംഭീര്യത്തോടെ ഇരിക്കുന്നതോ ഒന്നുമല്ല. കൊളാബറേഷൻ വഴി ബ്രാൻഡുകളുടെ പ്രമോഷനുവേണ്ടി അണിയുന്നതാകും. അൽപനേരം നമ്മളോടു ചേർന്നു നിന്നു മനസ്സിൽ അൽപം സന്തോഷമൊക്കെ വിതറി തിരിച്ചുപോകുന്നവ. ചിത്രങ്ങളിലും വിഡിയോയിലുമല്ലാതെ അവയെ പിന്നെ കാണാറുപോലുമില്ല.

നമ്മളേക്കാൾ ടാലന്റ് ഉള്ള ഒരുപാടുപേർ കൊതിക്കുന്ന ഇടത്തിലാണ് വന്നെത്തപ്പെട്ടത്. കിട്ടിയ സൗഭാഗ്യങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം. സംഗീതത്തിൽ കൂടുതൽ അറിവു നേടണം. അതൊക്കെയാണ് മോഹം. കാലം മാറുമ്പോൾ നമ്മൾ മാറും. നമ്മുടെ പാട്ടു മാറും. ഒാഡിയൻസും മാറും. കേൾവിക്കാർ ഇപ്പോൾ ഏതു തരം പാട്ടാണ് ഇഷ്ടപ്പെടുന്നത് എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ട്. അതതു കാലത്തോടു സത്യസന്ധമായിരിക്കുക എന്നതാണ് ആഗ്രഹം.

മകൾ സാവൻ ഋതു അഞ്ചാംക്ലാസ്സിലാണ്. അവളുടെ വളർച്ച കണ്ട് ആസ്വദിക്കാൻ ഏറെ ഇഷ്മാണ്. ഒരുപാടു നേരം ‍ഞങ്ങൾ മിണ്ടിക്കൊണ്ടിരിക്കാറുണ്ട്. യാത്രകൾ പോകുമ്പോൾ അവൾ ചില കവറുകൾ ഏൽപ്പിക്കും, അവിടെച്ചെന്നേ തുറക്കാവൂ എന്നു പറഞ്ഞ്. കത്തുകളോ അവളുടെ ചെറിയ ചിത്രപ്പണികളോ ഒക്കെയാകും.

പങ്കാളി ‍ഡോ. സജീഷ് ആസ്റ്റർ മെഡി സിറ്റിയിൽ കാ ർഡിയോളജി വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. പയ്യന്നൂർ സ്വദേശിയായ സജീഷാണ് ഭഗവതി എന്ന ഏറ്റവും പുതിയ പ്രോജക്ടിന്റെ ആശയം തന്നത്.

മുച്ചിലോട്ടു ഭഗവതിയെക്കുറിച്ചുള്ള പാട്ടിനു വരികളെഴുതിയതും സജീഷാണ്. സംഗീതത്തിൽ ഒാരോ രാഗത്തിനും ഒാരോ ഷേഡ് ഉണ്ട് . അതുപോലെയാണ് ജീവിതവും എന്നു തോന്നാ‌റുണ്ട്. ഒാരോ സമയത്തും ഒാരോ നിറഭേദങ്ങൾ. എങ്കിലും എനിക്കേറ്റവും ഇഷ്ടം യമൻ എന്ന രാഗമാണ്. തെളിച്ചമാണ് അതിന്റെ സ്വഭാവം. അതുപോലെ തെളിച്ചമുള്ള സന്തോഷമുള്ള ഒരു ഒഴുക്കാകണം എന്നും.

സീന ടോണി ജോസ്