Saturday 16 September 2023 02:53 PM IST

‘അന്ന് ആ കുഞ്ഞിനെ എന്റെ കയ്യിലാണു കിട്ടിയത്, അമ്മ കൂടി വരുമെന്നാണ് കരുതിയത്, പക്ഷേ...’: സോണിയ: ജനമനസറിയും അഭിനേത്രി

V R Jyothish

Chief Sub Editor

sonia-giri

ഹലോ... സോണിയാഗാന്ധിയല്ലേ...?’

‘അതേ.’

‘ഞാൻ ഇന്നസെന്റാണ്.’

‘മനസ്സിലായി.’

‘പത്താം വാർഡിലെ കുടിവെള്ള പദ്ധതി എന്തായി?’

‘െടൻഡർ കഴിഞ്ഞല്ലോ സർ, നമുക്ക് ഉടനെ പണി തുടങ്ങാം.’

‘സന്തോഷം...’

ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സന്റെ ഫോണിലേക്ക് ഇടയ്ക്കിടെ ഇങ്ങനെ ഒരു വിളി വരുമായിരുന്നു. അങ്ങേത്തലയ്ക്കൽ സാക്ഷാൽ ഇന്നസെന്റാണ്. ജനപ്രതിനിധി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും അതു പതിവായിരുന്നു. രണ്ടു രാഷ്ട്രീയ വിശ്വാസങ്ങളിലായിരുന്നെങ്കിലും ഇന്നസെന്റിന് വാത്സല്യമുള്ള ആളായിരുന്നു സോണിയ. അതുകൊണ്ടാണ് ഇന്നസെന്റ് മത്സരിച്ച സമയങ്ങളിലെല്ലാം ൈമക്ക് അനൗൺസ്മെന്റിലെ ശബ്ദം സോണിയയുടേതായത്. ‘ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന ശ്രീമാൻ ഇന്നസെന്റിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി...’

മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ സജീവസാന്നിധ്യമായ നടിയാണ് സോണിയ ഗിരി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൻ, കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി, ഡ ബ്ബിങ് ആർട്ടിസ്റ്റ്, സാമൂഹികപ്രവർത്തക അങ്ങനെ ബഹുവിധ വ്യക്തിത്വത്തിന് ഉടമ. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ അമ്മ വേഷത്തോടെയാണ് സോണിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

സിനിമയും സാമൂഹികപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകുന്നതെങ്ങനെയാണ്?

എന്നെ സംബന്ധിച്ച് രണ്ടും അവിചാരിതമായി വന്നുപെട്ടതാണ്. രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരിക്കലും താൽപര്യമുള്ള ആളായിരുന്നില്ല ഞാൻ. അങ്ങനെ വേണ്ടി വന്നു. അതുപോലെയാണു സിനിമയും. പ്രതീക്ഷിക്കാതെയാണു സിനിമയിലെത്തിയത്.

ഇന്നസെന്റ് സാർ നല്ല പ്രോത്സാഹനം തന്നിരുന്നു. അദ്ദേഹത്തിന്റെ മരണം എനിക്കു വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ഒരു സീനിലാണു ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയിൽ എന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയതുതന്നെ ‘ഇതാണ് യഥാർഥ സോണിയ ഗാന്ധി. ഞങ്ങളുടെ മുനിസിപ്പൽ ചെയർേപഴ്സനാണ്’ എന്നു പറഞ്ഞിട്ടാണ്.

രാഷ്ട്രീയത്തിലേക്ക് എത്തിയതെങ്ങനെ ?

തൃശൂർ നടവരമ്പത്താണ് എന്റെ വീട്. അച്ഛൻ നേരത്തെ മരിച്ചു. നഗരവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായിരുന്നു അച്ഛൻ പി.കെ.വേലായുധൻ. അ ച്ഛന്റെ ജോലിയാണ് എന്നെ പൊതുപ്രവർത്തനരംഗത്ത് എത്തിച്ചതെന്നു പറയാം. അച്ഛനെ കാണാൻ ദിവസവും ആൾക്കാർ വരും. അവരുെട കാര്യങ്ങളിലൊക്കെ അച്ഛൻ ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യും. അങ്ങനെയാണ് ഞാനും പൊതുപ്രവർത്തനരംഗത്തേക്കു വരുന്നത്.

കലാപ്രവർത്തനങ്ങളോ സാംസ്കാരിക പ്രവർത്തനങ്ങളോ ഒന്നുമില്ലാത്ത സാധാരണ നാട്ടിൻപുറം കുട്ടിക്കാലമായിരുന്നു എന്റേത്. ഇരിങ്ങാലക്കുട നടവരമ്പ് എൽപി സ്കൂളിലാണു വിദ്യാഭ്യാസം തുടങ്ങിയത്. അതിനുശേഷം ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ പത്താംക്ലാസു വരെ. സെന്റ് ജോസഫ്സ് കോളജിലായിരുന്നു ഉപരിപഠനം.

ഇരിങ്ങാലക്കുടയിലെ ലോക്കൽ ചാനലിൽ ഞാൻ വാ ർത്ത വായിക്കുന്ന സമയത്താണ് 2010–ലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അൻപതു ശതമാനം സ്ത്രീ സംവരണം. അന്നു ഞങ്ങളുടെ കുടുംബസുഹൃത്തും കൗൺസിലറുമായിരുന്ന വേണുമാഷാണു മ ത്സരിക്കാൻ പറയുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു കൗൺസിലറായി. മുനിസിപ്പൽ ചെയർപേഴ്സനുമായി. ഇപ്പോഴും കൗൺസിലറാണ്.

വളരെ ചെറുപ്പത്തിലേ മുനിസിപ്പൽ ചെയർപേഴ്സനായി. എ ങ്ങനെയായിരുന്നു മുനിസിപ്പാലിറ്റി ഭരണം?

സിനിമയിൽ അഭിനയിക്കുന്നതുപോലെയല്ല ജനപ്രതിനിധിയാവുക എന്നു പറയുന്നത്. ഉപാധികളില്ലാതെ മനുഷ്യനെ സ്നേഹിക്കാനുള്ള മനസ്സാണു ജനപ്രതിനിധിയാകാ ൻ വേണ്ട പ്രധാന ഗുണം. ഒരു അനുഭവം പറയാം. ഒരിക്കൽ സുഹൃത്ത് എന്നോടു പറഞ്ഞു. എന്നെ ഒരു മുത്തശ്ശി അന്വേഷിക്കുന്നുണ്ട്. എന്നെ കണ്ടിട്ട് കുറച്ചുനാളായി എന്നു സുഹൃത്തിനോടു മുത്തശ്ശി പറഞ്ഞു. ‘എന്നെ കാണാത്തതുകൊണ്ട് വെള്ളം ദാഹിക്കുന്നതുപോലെ തോന്നുന്നു’ എന്നാണു പറഞ്ഞത്. ഈ സ്നേഹമാണ് ജനപ്രതിനിധികളുടെ ശക്തി. അവരുെട ദൗർബല്യവും.

പരിമിതമായ ജീവിതസാഹചര്യങ്ങളിൽ നിന്നാണു ഞാ ൻ വന്നത്. എങ്കിൽ പോലും ഈ സ്ഥാനത്തിരുന്നുകൊണ്ട് പലരെയും സഹായിക്കാൻ പറ്റുന്നുണ്ട്. ഒരാൾ വിളിച്ച് ഒരു ഇല്ലായ്മ പറയുന്നു. നമ്മൾ മറ്റൊരാളെ വിളിച്ച് ഇങ്ങനെയൊരു പ്രശ്നമുണ്ട്, സഹായിക്കാമോ എന്നു ചോദിക്കു ന്നു. ഒരാൾ പറ്റില്ലെന്നു പറഞ്ഞാലും മറ്റൊരാൾ സഹായിക്കാൻ വരും.

സിനിമയിൽ എത്തുന്നതിനു മുൻപേ ഉണ്ടായിരുന്നോ കലാപ്രവർത്തനം?

ഞങ്ങൾ സുഹൃത്തുക്കളെല്ലാം കൂടി ചേർന്ന് അഭിനയിച്ച അമച്വർ നാടകത്തിൽ നിന്നാണു സിനിമയിലേക്കുള്ള വഴി തുറന്നത്. അന്നുവരെ അഭിനയം നമുക്കു പറ്റില്ല എന്ന വിശ്വാസത്തിലായിരുന്നു ഞാൻ. സിനിമയിൽ വരുന്നതിനു മുൻപു ചില ടെലിഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അവിചാരിതമായാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന സിനിമയിൽ എത്തിപ്പെട്ടത്. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിങ്.

അനുവാദത്തിനുവേണ്ടിയാണ് അണിയറ പ്രവർത്തക ർ മുനിസിപ്പാലിറ്റിയിൽ വന്നത്. അവരെ ലൊക്കേഷൻ കാണിക്കാനൊക്കെ കൊണ്ടുപോയി. വേണ്ട പേപ്പറുകൾ ശരിയാക്കിക്കൊടുത്തു. റിഹേഴ്സൽ ക്യാംപിൽ ഞാനും പങ്കെടുത്തു. അപ്പോഴൊന്നും ആ സിനിമയിൽ അഭിനയിക്കാനോ സിനിമയുടെ ഭാഗമാകാനോ കഴിയും എന്നൊന്നും കരുതിയില്ല.

തിരികെപ്പോകാൻ നേരമാണ് സംവിധായകൻ മിഥുൻ മാനുവൽ പറയുന്നത്, ‘നാട്ടുമ്പുറത്തുള്ള ഒരു അമ്മയുടെ വേഷമുണ്ട്. ചേച്ചി അതു ചെയ്യണം’ എന്ന്. അങ്ങനെയാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ കാലത്തു പുറത്തിറങ്ങിയ ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലെ അമ്മവേഷം ശ്രദ്ധിക്കപ്പെട്ടു. കാളിദാസ് ജയറാമിന്റെ അമ്മയുെട റോളായിരുന്നു എനിക്ക്.

sonia-giri-3

അമ്മ വേഷങ്ങളോട് പ്രത്യേക താൽപര്യമുണ്ടോ?

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവിഭാഗം പുറത്തിറക്കിയ ഹ്രസ്വചിത്രത്തിലാണ് ആദ്യം അമ്മയായി അഭിനയിച്ചത്. പിന്നീടാണ് അർജന്റീന ഫാൻസിൽ വരുന്നത്. പാച്ചുവും അത്ഭുതവിളക്കിലും അഹാന കൃഷ്ണകുമാറിന്റെ അമ്മയായിരുന്നു. പിന്നെ, സിദ്ധാർഥ് ശിവയുടെ വർത്തമാനം എന്ന സിനിമയിൽ അഭിനയിച്ചു. ‘ഓ മേരി ൈലല’, ‘ഭഗവാൻ ദാസന്റെ രാമരാജ്യം’, പിന്നെ തമിഴിൽ ‘കെയർ ഓഫ് കാതൽ’. ഈ തമിഴ് സിനിമയിൽ മുഴുനീള വേഷമായിരുന്നു. കിട്ടിയ വേഷങ്ങളിൽ കൂടുതലും അമ്മ വേഷങ്ങളാണ്. അതും സന്തോഷം.

തമിഴ് സിനിമയുടെ വിശേഷങ്ങൾ പറയൂ ?

മണിരത്നത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന ഹേമാംബരൻ ആണ് കെയർ ഒാഫ് കാതൽ സിനിമ സംവിധാനം ചെയ്തത്. ഒരു മുഴുനീള കഥാപാത്രം. തമിഴിൽ നിന്നു പിന്നെയും വിളികൾ വന്നിരുന്നു. പക്ഷേ, തമിഴ്നാട്ടിൽ പോകണം. മാത്രമല്ല ഒത്തിരി ദിവസം മാറ്റിവയ്ക്കണം. അതുകൊണ്ടു പ ല ഓഫറുകളും വേണ്ടെന്നുവച്ചു.

കുടുംബം ?

അമ്മയുടെ പേരു രുക്മിണി. ഭർത്താവ് ഗിരി ദുബായിലാണ്. മകൻ അനന്തകൃഷ്ണൻ സഹകരണ ബാങ്കിലും മകൾ ദേവപ്രിയ ആമസോണിലും ജോലി ചെയ്യുന്നു. പിന്നെ, സൗഹൃദങ്ങളാണ് എന്റെ ശക്തി. ഇരിങ്ങാലക്കുടയിൽ ഒ രു സൗഹൃദകൂട്ടായ്മ ഉണ്ട്. ആറു മുതൽ എഴുപതു വരെ പ്രായമുള്ളവർ. എന്റെ ചങ്ക്സ്. അവരാണു എന്റെ ശക്തി. പിന്നെ, എല്ലാം ഗുരുവായൂരപ്പന്റെ കൃപയാണ് എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

രാഷ്ട്രീയമാണോ സിനിമയാണോ കൂടുതൽ ഇഷ്ടം?

രാഷ്ട്രീയം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണല്ലോ? സിനിമ വിരുന്നു വന്ന സൗഭാഗ്യമാണ്. അതു വരും പോകും. പക്ഷേ, നമ്മുടെ അസ്തിത്വം രാഷ്ട്രീയത്തിൽ തന്നെ നിലനിൽക്കും. പൊതുപ്രവർത്തനത്തിൽ കുട്ടികളുടെ കാര്യത്തിനു ഞാൻ കൂടുതൽ പരിഗണന കൊടുക്കുന്നു. പ്രത്യേകിച്ചും അവരുടെ പഠനത്തിനും ആഹാരത്തിനും മറ്റും.

അങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങൾ വേണ്ട ധാരാളം കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. പൊതുപ്രവർത്തനരംഗത്ത് എനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവമുണ്ട്. അതു പ്രളയകാലത്തു നടന്നതാണ്.

എന്റെ വാർഡിലുള്ള സ്കൂളിലായിരുന്നു ദുരിതാശ്വാസ ക്യാംപ്. വലിയ ലോറിയിൽ ആൾക്കാരിങ്ങനെ വന്നിറങ്ങുന്നു. പലരും വെറും കയ്യോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. അക്കൂട്ടത്തിൽ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. ആ കുഞ്ഞിനെ എന്റെ കയ്യിലാണു കിട്ടിയത്. അമ്മയോ മറ്റു ബന്ധുക്കളോ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അടുത്ത ട്രിപ് വണ്ടി വരുമ്പോൾ കുഞ്ഞിന്റെ അമ്മ കൂടി വരും എന്നാണു കരുതിയത്. പക്ഷേ, വൈകുന്നേരമാണ് ആ അമ്മയ്ക്കു വരാനായത്. അതുവരെ ആ കുഞ്ഞ് എന്റെ കയ്യിലായിരുന്നു.

അതുപോലെ മറ്റൊരു സംഭവം ഇന്നസെന്റ് സാറിന്റെ അന്ത്യയാത്രയാണ്. ഞാൻ ചെയർപേഴ്സൻ സ്ഥാനം ഒഴിയുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു അത്. എ ന്നോടു വലിയ സ്നേഹം കാണിച്ച അദ്ദേഹത്തിന്റെ അവസാനയാത്രയ്ക്ക് ഔദ്യോഗികമായി നേതൃത്വം വഹിക്കേണ്ടി വരുമെന്നു കരുതിയില്ല. അതൊക്കെ ജീവിതത്തിൽ ഒ രിക്കലും മറക്കാൻ കഴിയാത്ത ആകസ്മികതകളാണ്.

ഇന്നസെന്റ് ഇല്ലാത്ത ഒരു പാർലമെന്റ് തിരഞ്ഞെടുപ്പ് വരുന്നു

അതൊരു ദുഃഖമാണ്. ‘ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നു മത്സരിക്കു ന്ന ശ്രീമാൻ ഇന്നസെന്റിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി..........’ ഈ വാക്കുകൾ ഇനി ഒരിക്കലും പറയാനാകില്ലല്ലോ.

വി.ആർ. ജ്യോതിഷ്

ഫോട്ടോ : വിഷ്ണു രാധാകൃഷ്ണൻ