Thursday 18 February 2021 02:34 PM IST

‘ചേച്ചിയെ അവർ സഹതാപത്തോടെയാണ് നോക്കിയിരുന്നത്, ആ പാവം ഉൾവലിയാനുള്ള കാരണവും അതുതന്നെ’

Lakshmi Premkumar

Sub Editor

kunjappan-chechi

അച്ഛന്റെ പഴ്സീന്ന് കുറേ കാശ് എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി തീർന്നിട്ടുണ്ട്. കുപ്പികൾ കൊണ്ട് ‍ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാൻ നാലിഞ്ചിൽ നിന്നും ചേച്ചി മൂന്നിഞ്ചിൽ നിന്നും ഒരു സെന്റിമീറ്റര്‍ പോലും വളർന്നില്ല. പക്ഷേ, വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ. മനസ്സു കൊണ്ട് ഞാനും ചേച്ചിയും അങ്ങ് ഉയരത്തിലാ... വളരെ വളരെ ഉയരത്തിൽ.’’ പറയുന്നത് മറ്റാരുമല്ല, സൂരജ് തേലക്കാട് എന്ന കുഞ്ഞു വലിയ പ്രതിഭ. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബട് ആയി വിസ്മയിപ്പിച്ച കലാകാരൻ.

മലപ്പുറത്ത് പെരിന്തൽമണ്ണയിലെ തേലക്കാട് ആലിക്കൽ വീട്ടിൽ സൂരജിനൊപ്പമുണ്ട് ചേച്ചി സ്വാതി. ഞങ്ങളിപ്പോഴും കുട്ടികളാണ് എന്ന മട്ടാണ് രണ്ടുപേർക്കും.

അച്ഛൻ പറഞ്ഞു, ഇനി നിങ്ങൾ വളരില്ല

കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്ന പ്രായം ആയപ്പോൾ ഒരു ദിവസം അച്ഛൻ ഞങ്ങളെ രണ്ടുപേരെയും വിളിച്ചിട്ട് പറഞ്ഞു, ‘നിങ്ങൾ ഇനി അധികം പൊക്കം വയ്ക്കില്ല. ഇപ്പോഴുള്ളതിൽ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നുമില്ല. ചികിത്സയൊക്കെ ഭയങ്കര ചെലവാണ്. നമ്മളെ കൊണ്ട് താങ്ങില്ല. മാത്രമല്ല ചാൻസ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളൂ. പാർശ്വഫലങ്ങൾ ഉണ്ടാകുകയും ചെയ്യും.’ ഇത്രയൊക്കെ കേൾക്കുന്നതിന് മുൻപ് തന്നെ ‍ഞങ്ങളുടെ മനസ്സ് ആ സത്യവുമായി പൊരുത്തപ്പെട്ടിരുന്നു.

സ്കൂളിൽ ബാക്കി കുട്ടികൾക്കെല്ലാം പൊക്കമുണ്ട്. അത് ശ്രദ്ധിച്ചിരുന്നുവെങ്കിലും പതുക്കെ ശരിയാകും എന്നായിരുന്നു കരുതിയിരുന്നത്. അതിനൊപ്പം തന്നെ അച്ഛൻ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു,‘കലയാണ് ഇനി നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ട മേഖല. കലയിലൂടെ നിങ്ങൾ വളരണം. എല്ലാവരേക്കാളും ഉയരത്തിൽ എത്തണം.’ അച്ഛന്റെ ആ വാക്കുകളാണ് ഇതുവരെയൊക്കെ എത്തിച്ചത്.

സൂരജ് : എന്റെ പഴയ ചിത്രം കണ്ടാൽ നിങ്ങൾ ഞെട്ടിപോകും. ഒരു പൊടി പയ്യൻ. ഇപ്പോൾ സത്യം പറഞ്ഞാൽ നല്ല മാറ്റം വന്നിട്ടുണ്ട്.

സ്വാതി : സ്വഭാവത്തിൽ വലിയ മാറ്റമൊന്നും ഇല്ല. ഇപ്പോഴും ചെറിയ കുട്ടിയാണ്. ദേ, ഇന്നും കൂടി ‍ഞാനുമായി തല്ലും കൂട്ടോം കഴിഞ്ഞിട്ടേയുള്ളൂ.

സൂരജ് : നമ്മളെപ്പോഴും മസിലൊക്കെ പിടിച്ച് സീരിയസായി ജീവിക്കുന്നതിൽ വല്ല അര്‍ഥോം ഉണ്ടോ? എപ്പോഴും കുട്ടിയായിരിക്കുക, ആവശ്യമുള്ള സമയത്ത് മാത്രം സീരിയസാവുക അതാണ് എന്റെ പോളിസി. ചേച്ചി ഭയങ്കര സീരിയസാ. അവളുടെ സീരിയസ്നെസ് കുറയ്ക്കാൻ ഞാനിങ്ങനെ വെറുതേ പോയി ഇറിറ്റേറ്റ് ചെയ്യും. അതൊരു അടിയിൽ അവസാനിക്കും. അതാണ് സ്ഥിരമായി ഇവിടെ സംഭവിക്കുന്നത്.

പൊക്കമില്ലായ്മയാണ് പൊക്കം

സ്വാതി : ഞങ്ങളുടെ അച്ഛന്‍ മോഹനൻ, അമ്മ ജ്യോതി ലക്ഷ്മി. ഇരുവരും ബന്ധുക്കളുമാണ്. എന്തോ വളർച്ചാ ഹോർമോണിന്റെ കുറവാണ് ഞങ്ങളുടെ പ്രശ്നം എന്നാണ് ഡോക്ടർ പറഞ്ഞത്.

സൂരജ് : ആദ്യ കാലത്തൊക്കെ ലേഹ്യവും, അരിഷ്ടവും തുടങ്ങി പലതും കിലോ ക ണക്കിന് കഴിച്ചിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ഞങ്ങളുടെ കാര്യത്തിൽ ഒരു കാര്യവും ഇല്ലെന്ന് പിന്നെയാ മനസ്സിലായെ. ഒരു ഡോക്ടർ സ്ഥിരമായി ബ്രൗൺ നിറമുള്ള ചവർപ്പുള്ള ഒരു മരുന്ന് തരുമായിരുന്നു. പൊക്കം വരാനല്ലേ രുചിയൊന്നും നോക്കാതെ ഞാനും ചേച്ചിയും കണ്ണടച്ച് കഴിക്കും. ഓരോ തവണയും ചെല്ലുമ്പോൾ ഡോക്ടർ ഒരു ചുമരിൽ ‌ചാ രി നിർത്തും. പൊക്കം അളക്കും. ഒടുവിൽ ഡോക്ടർ പറഞ്ഞു ‘ഇത് നടക്കുംന്ന് തോന്നുന്നില്ല കേട്ടോ’.

സങ്കടങ്ങളില്ല, സന്തോഷങ്ങൾ മാത്രം

സ്വാതി : അച്ഛനും അമ്മയും ഞങ്ങളേക്കാൾ വിഷമം അനു ഭവിച്ചിട്ടുണ്ടാകും. കാരണം, സ്വാഭാവികമായും നാട്ടുകാരൊക്കെ സഹതാപത്തോടെയല്ലേ നോക്കുകയുള്ളൂ. സൂരജ് കലാരംഗത്ത് സജീവമായതോടെ എല്ലാവരും ചിരിച്ചു തുടങ്ങി. എ ങ്കിലും എനിക്ക് ഇടയ്ക്കൊക്കെ ചെറിയ വിഷമം വരാറുണ്ട്.

സൂരജ് : ചെറുതൊന്നുമല്ല നല്ല വിഷമമുണ്ട് ചേച്ചിക്ക്. ‌അച്ഛ ൻ ‍ഞങ്ങളെ രണ്ടുപേരെയും ഒരു പോലെയാണ് കലോത്സവങ്ങളിൽ പങ്കെടുപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും. എന്നേക്കാൾ കലാരംഗത്ത് ശോഭിക്കേണ്ടയാളാണ് ചേച്ചി. പക്ഷേ, ഇപ്പോൾ ഭയങ്കര മടിയായി. ചുറ്റുപാടുകൾ നോക്കി നമുക്ക് ജീവിക്കാൻ പറ്റുമോ? പലരും പലതും പറയും. അതിലൊന്നും ടെൻഷനടിക്കരുത് എന്നാണ് എന്റെ നയം.

നൂറാളെ കാണുന്നുണ്ടെങ്കിൽ അതിൽ എൺപത് പേരും എന്നോട് പറയുന്നത് ‘നീ ഇങ്ങനെ ഇരിക്കുന്നത് നന്നായി’ എന്നാണ്. അത് നമ്മൾക്ക് പോസിറ്റീവ് എനർജിയാണ് തരുന്നത്. പക്ഷേ, എന്റെ ചേച്ചിയെ ചുറ്റുവട്ടത്തുള്ളവർ സഹതാപക്കണ്ണുകളോടെയായിരിക്കും നോക്കുന്നത്. അതാണ് അവൾ ഉൾവലിയാനുള്ള കാരണവും. പതുക്കെ ഞങ്ങൾ എല്ലാം ശ രിയാക്കും അല്ലേ?

ചേച്ചിയുടെ പാട്ട്, അനിയന്റെ മിമിക്രി

സൂരജ് : തേലക്കാട് ജിഎൽപിസ് സ്കൂളിലാണ് ഞങ്ങൾ ഒന്നു മുതൽ നാലു വരെ പഠിച്ചത്. അന്ന് തൊട്ടേ എല്ലാ കലാരംഗത്തും പയറ്റി നോക്കും. ഏതിലാണ് ക്ലച്ച് പിടിക്കുക എന്ന് അറിയില്ലല്ലോ. ചിത്രരചനയും പെയിന്റിങ്ങുമായിരുന്നു ആ സമയത്തെ എന്റെ ഹൈലൈറ്റ്.

സ്വാതി : സൂരജിന്റെ പെയിന്റിങ് എന്ന് പറയുമ്പോൾ തന്നെ എനിക്കൊരു കരടിയെ ഓർമ വരും. ഒരിക്കല്‍ കോംപറ്റീഷന്റെ വിഷയം കരടിയെ വരച്ച് നിറം കൊടുക്കാനായിരുന്നു. സൂരജ് കരടിക്ക് മുഴുവൻ കറുപ്പ് അടിച്ചു വച്ചു. അന്ന് ഫസ്റ്റ് കിട്ടിയത് ചുവപ്പും നീലയുമൊക്കെ മനോഹരമായി കളർ കോംബിനേഷൻ ചെയ്തു വരച്ച കരടിക്കായിരുന്നു. പക്ഷേ, സൂരജ് സമ്മതിക്കില്ല. കരടിയുടെ നിറം കറുപ്പാണ്, അവനാണ് പ്രൈസ് കിട്ടണ്ടത് എന്നൊക്കെ പറഞ്ഞ് ബഹളം.

sooraj-and-sister

സൂരജ് : പിന്നെ സത്യം അല്ലേ ‌? ‌പത്താം ക്ലാസു വരെയൊക്കെ ലളിത ഗാനത്തിൽ പ്രൈസ് മേടിച്ചു കൊണ്ടിരുന്നയാളാണ് ചേച്ചി. പക്ഷേ, പത്തൊക്കെ കഴിഞ്ഞതോടെ ആള് പതുക്കെ മാറാൻ തുടങ്ങി. പ്ലസ് വൺ പഠിക്കുന്ന സമയത്താണ് ഞാൻ സംസ്ഥാന കലോത്സവത്തിൽ മിമിക്രിക്ക് പോയത്. എ ഗ്രേഡും അഞ്ചാം സ്ഥാനവുമായിരുന്നു ലഭിച്ചത്. അന്ന് മാധ്യമങ്ങളുടെ വലിയ സപ്പോർട് എനിക്ക് കിട്ടി. എന്നെ കണ്ടപ്പോഴുള്ള കൗതുകം കൊണ്ടാകണം എല്ലാ ചാനലിലും കവറേജ് ലഭിച്ചു. അടുത്ത കൊല്ലവും മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിക്ക് രണ്ടാം സ്ഥാനം കിട്ടി. അതോടെ നാട്ടിലുള്ള ചെറിയ ട്രൂപ്പിനൊപ്പം പ്രോഗ്രാമുകൾക്ക് പോകാൻ തുടങ്ങി. ഒരു പ്രോഗ്രാമിൽ അതിഥി ആയി വന്നത് സജീവ് കുന്നിക്കോട് എന്ന ആർട്ടിസ്റ്റാണ്. അദ്ദേഹം വഴിയാണ് ചാനലിലേക്കുള്ള വഴി തുറക്കുന്നത്.

കോമഡി ഫെസ്റ്റിവലിലെ താരം

സൂരജ് : മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിലാണ് ആദ്യമായി മുഖം കാണിച്ചത്. പക്രു ചേട്ടൻ, സുരാജേട്ടൻ ഉർവശി ചേച്ചി, ലാൽ സാർ, സിദ്ധിക് സാർ ഇവരൊക്കെയായിരുന്നു ജഡ്ജിങ് പാനലിൽ. എന്റെ ആദ്യത്തെ സ്കിറ്റ് ഒരു പ്രണയകഥയായിരുന്നു. അത് വലിയൊരു തോൽവിയായിരുന്നു. നെഗറ്റീവ് കമന്റ്സാണ് അതിന് കിട്ടിയത്. പക്ഷേ, പിന്നീട് കളി മാറി. ലിറ്റിൽ സ്റ്റാർസ് എന്ന ടീമിൽ ഇടം കിട്ടി. അതോടെ ഒരുപാട് പേര് തിരിച്ചറിയാൻ തുടങ്ങി.

സ്വാതി : ആ സമയത്തൊക്കെ അച്ഛനാണ് സൂരജിനൊപ്പം പോകുന്നത്. എപ്പോഴും കൂടെയൊരാൾ ഇല്ലാതെ യാത്ര ബുദ്ധിമുട്ടായിരുന്നു. അച്ഛൻ വാർഡ് മെമ്പറും ബാങ്കിലെ കലക്‌ഷൻ ഏജന്റുമെല്ലാമാണ്. എന്നാലും എത്ര കഷ്ടപ്പെട്ടും സൂരജിന്റെ പരിപാടികൾക്ക് മുടങ്ങാതെ ഒപ്പം പോകും. ഇപ്പോൾ രണ്ട് വർഷമായിട്ടേയുള്ളൂ ഒറ്റയ്ക്ക് പോകാൻ തുടങ്ങിയിട്ട്.

ചാർലിയിലെ എൻട്രി

സൂരജ് : കോമഡി ഫെസ്റ്റിവൽ സീസൺ 1, സീസൺ 2 ഇവ ക ഴിഞ്ഞ ശേഷം ‘സിനിമ ചിരിമ’ എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു. അതിൽ കലാഭവൻ മണിച്ചേട്ടനൊപ്പം ചെയ്ത ഒരു ഭാഗമുണ്ട്. അത് വൈറലായി. ‌ അതു കണ്ടിട്ടാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാർലി’ സിനിമയിലേക്കുള്ള വിളി വന്നത്.

പിന്നെ, ഓരോ വർഷവും ഓരോ സിനിമകൾ‌. ‘ഉദാഹരണം സുജാത,’ സൗബിന്‍ ഇക്കയ്ക്കൊപ്പം ‘അമ്പിളി... ’

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലേക്ക് സംവിധായകൻ രതീഷേട്ടൻ നേരിട്ടാണ് വിളിച്ചത്. ആദ്യം തന്നെ വിളിച്ച് ‌ അളവാണ് ചോദിച്ചത്. എന്തിനാണ് എന്ന് ചോദിക്കാൻ പോലും സമയം കിട്ടിയില്ല. പിന്നീട് വിളിച്ചപ്പോള്‍ സൗബിനും സുരാജുമൊക്കെയുള്ള സിനിമ പ്ലാൻ ചെയ്യുന്നുണ്ട് എന്നു പറഞ്ഞു. അതിൽ റോബട് ആയാണ് എന്റെ കഥാപാത്രം എന്നും പറഞ്ഞു.

സ്വാതി : മുഖം കാണില്ലേ എന്നായിരുന്നു സൂരജ് ആദ്യം ചോദിച്ചത്. സംവിധായകൻ രതീഷ് പൊതുവാൾ പറഞ്ഞു, സിനിമയിൽ കാണില്ല. പക്ഷേ, സിനിമയ്ക്ക് ശേഷം ആളെ കാണിക്കും എന്ന്. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ആ ചിത്രം തന്നത്. നാട്ടിലൊക്കെ ഇപ്പോള്‍ സൂരജ് താരമാണ്. ഞങ്ങൾക്കും അത് അഭിമാനമാണ്. അച്ഛൻ കാണിച്ചു കൊടുത്ത വ ഴിയില്‍ കഠിന പ്രയത്നം ചെയ്തു. അതാണ് വിജയ രഹസ്യം.

വീടെന്ന വലിയ സ്വപ്നം

സൂരജ് : ആദ്യം കാറ് വാങ്ങിച്ചു. അടുത്തതായി വീടായിരുന്നു ലക്ഷ്യം. 2018 ൽ അത് പൂർണമായി. നല്ല സൗകര്യമുള്ള വീടാണ്. എന്റെയും ചേച്ചിയുടെയും പൊക്കത്തിന് അനുസരിച്ച് തന്നെയാണ് സ്വിച്ച് ബോർഡും റൂമിലെ ഇന്റീരിയറുമെല്ലാം. ഇനിയുള്ളൊരു ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്. അവളെ സ്വീകരിക്കാൻ കഴിയുന്ന വലിയ മനസ്സുള്ള ഒരാൾ വേണം. ഈ സുന്ദരികുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം. നടക്കും, നടക്കാതെ എവിടെ പോകാൻ.

ഫോട്ടോ: ബാദുഷ