Monday 19 August 2019 12:15 PM IST

അന്ന് ബ്ലസ്സി സാർ പറഞ്ഞു, ‘ശ്രീനാഥിനെ വച്ച് ഞാനൊരു റിസ്ക് എടുക്കുകയാണ്...’

Lakshmi Premkumar

Sub Editor

bhasi
േഫാട്ടോ: ശ്യാം ബാബു

‘‘ജീവിതത്തിലെ പ്രണയത്തിൽ നിന്നു തുടങ്ങണോ? സിനിമയിലെ പ്രണയത്തിൽ നിന്നു തുടങ്ങണോ?’’ ഏതിൽ നിന്നു തുടങ്ങിയാലും ഒരു സീനുമില്ല… നമ്മൾക്ക് ഒളിച്ചു വെക്കാൻ രഹസ്യങ്ങളില്ല. ഉറക്കെ പറയാൻ പ്രഖ്യാപനങ്ങളുമില്ല. നല്ല സിനിമകളുടെയെല്ലാം ഭാഗമായി അങ്ങ് പൊളിച്ച് ജീവിക്കണം അത്ര തന്നെ... ഫോട്ടോയെടുക്കാൻ തയാറായി ഇരിക്കുന്ന റീത്തുവിനെ നോക്കി പതിവ് കള്ളച്ചിരിയിൽ ശ്രീനാഥ്. ഒരു സിനിമ കഴിഞ്ഞാൽ പിന്നെ ശ്രീനാഥ് അപ്രത്യക്ഷനാകുന്ന ഭാസി. കൊച്ചി ഭാഷ മലയാളികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയ ഭാസി. ചോദ്യങ്ങൾ ഏറെ ചോദിക്കാനുണ്ടെങ്കിലും പല ചോദ്യങ്ങൾക്കും കുസൃതി നിറഞ്ഞ ചിരിയിൽ മാത്രം മറുപടിയൊതുക്കും. പക്ഷേ എപ്പോഴും പറഞ്ഞു നിർത്തുന്നിടത്തു നിന്ന് ശ്രീനാഥ് തുടങ്ങും, ‘‘ നിങ്ങൾ സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ള ശ്രീനാഥല്ല. റിയൽ ലൈഫിലെ ശ്രീനാഥ്. ആവശ്യത്തിന് പ്രണയവും, റൊമാൻസും പാട്ടും സന്തോഷവും ദുഖവും എല്ലാം ചേർന്നുള്ള ‘ ദ റിയൽ ശ്രീനാഥ് ഭാസി, റീത്തുവിന്റെ സ്വന്തം ബാബ’ അതു വേറെയാണ്.

ഒരു സിനിമ കഴിഞ്ഞാൽ ശ്രീനാഥിനെ ആരും കാണില്ല. എങ്ങോട്ടാണ് ഈ അപ്രത്യക്ഷനാകുന്നത് ?

നമ്മൾ ഇവിടെ തന്നെയുണ്ട്. വേറെ എവിടെ പോകാൻ. പിന്നെ സോഷ്യൽ മീഡിയയിലൊന്നും അക്കൗണ്ടുമില്ല, സജീവവുമല്ല. ഇതിനോടൊന്നും താൽപര്യമില്ല. അങ്ങനെയൊക്കെ കാണിച്ചിട്ട് എന്തിനാണ് ? നമ്മളെ ആവശ്യമുള്ളവർ വിളിയ്ക്കും. അല്ലാത്തവർ വിളിക്കണ്ട. നമുക്ക് സമാധാനമാണ് ഏറ്റവും ആവശ്യം.

സംവിധായകൻ ബ്ലസിയാണ് ശ്രീനാഥിനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. ആ അനുഭവം എങ്ങനുണ്ടായിരുന്നു?

പക്കാ ഒഡീഷനിലൂടെയാണ് ഞാൻ പ്രണയം സിനിമയിലേക്ക് എത്തുന്നത്. എന്റെ രണ്ടാമത്തെ ഒഡീഷനായിരുന്നു. ത്രഡ് കേൾക്കുമ്പോൾ തന്നെ ആരെയും ആകർഷിക്കുന്ന സിനിമയായിരുന്നു പ്രണയം. മോഹൻലാലും, അനുപം ഖേറും ജയപ്രദയും മത്സരിച്ച് അഭിനയിച്ചു. ഇവർക്കിടയിലെക്ക് ചെല്ലുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. അനുപം ഖേറിന്റെ കൊച്ചു മകളുടെ കാമുകനായിട്ടായിരുന്നു എന്നെ സെലക്ട് ചെയ്തത്. അന്ന് ബ്ലസ്സി സാർ പറഞ്ഞു. ‘‘ശ്രീനാഥിനെ വെച്ച് ഞാനൊരു റിസ്ക് എടുക്കുകയാണ്.’’ ശരിയാണ് അന്ന് അത് റിസ്ക് തന്നയായിരുന്നു. നിരവധി തവണ ഷോട്ടുകൾ എടുക്കേണ്ടി വന്നു. അഭിനയത്തിലെ എന്റെ ആദ്യത്തെ ചുവടുവെപ്പാണ്. സിനിമ പുറത്തെറങ്ങിയപ്പോൾ നിരവധി പോസറ്റീവ് റസ്പോൺസ് ലഭിച്ചു.

മോഹൻലാലും അനുപം ഖേറും ജയപ്രദയും വൻ താര നിരക്കൊപ്പം തന്നെ ആദ്യ സിനിമ ഭാഗ്യമല്ലേ ?

ആയിരിക്കും. ലാലേട്ടനെ പക്ഷേ ആദ്യമായി കാണുന്നത് പ്രണയത്തിന്റെ സെറ്റിൽ വെച്ചല്ല. ഞാൻ‌ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് എറണാകുളം എംജി റോഡിലെ റിലയൻസ് ഓഫ് വേള്‍ഡ് കുട്ടികൾക്കായി നടത്തിയ ഒരു കംപ്യൂട്ടർ ഗെയിം മത്സരത്തിൽ ഞാനായിരുന്നു വിജയി. ഒരു കറി പൗഡർ കമ്പനിയാണ് അതിന്റെ സ്പോൺസേഴ്സ്, ആ മത്സരത്തിൽ ജയിച്ചവർക്കുള്ള സമ്മാനം മോഹൻലാലിനൊപ്പം ഒരു ഡിന്നറായിരുന്നു. അന്ന് ഭയങ്കര എക്സൈറ്റഡായിരുന്നു. ലാലേട്ടനൊപ്പം ഭക്ഷണം കഴിക്കാൻ പറ്റുകയെന്നൊക്കെ പറയുന്നത് ഭാഗ്യമല്ലേ. പിന്നീട് എട്ടു വർഷങ്ങൾക്ക് ശേഷം പ്രണയത്തിന്റെ സെറ്റിൽ വെച്ചാണ് ലാലേട്ടനെ കാണുന്നത്. അദ്ദേഹം ഇങ്ങോട്ട് വന്ന് ഞങ്ങൾ പുതിയ എല്ലാവർക്കും കൈ തന്നു. ഞങ്ങൾ ആകെ ഞെട്ടിപ്പോയി.

പാട്ടുകാരനാണ്, ആർ. ജെയാണ് വി. ജെയാണ് നടനുമാണ് , ഏതാണ് ഏറ്റവും ഇഷ്ടമുള്ള പ്രഫഷൻ ?

_C2R3395
േഫാട്ടോ: ശ്യാം ബാബു

ഇതെല്ലാം ഇഷ്ടമാണ്. പക്ഷേ ഞാനിതെല്ലാം ആയത് ഒരു നടനാവാൻ വേണ്ടിയാണ്. അതാണ് പൊളി. അഭിനയം എന്ന ആഗ്രഹം തലയ്ക്കു പിടിച്ച ശേഷം ആദ്യമായി പങ്കെടുത്ത ഒഡീഷൻ ഇലക്ട്ര സിനിമയുടേതായിരുന്നു. ശ്യാമപ്രസാദ് സാറിന്റെ മനോഹരമായ ഒഡീഷൻ കഴിഞ്ഞപ്പോള്‍ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. പക്ഷേ ആ റോളിന് ഞാൻ ചേരുമായിരുന്നില്ല. അങ്ങനെ ആദ്യത്തെ ശ്രമം തന്നെ പാളിയതോടെ ഞാൻ ഉറപ്പിച്ചു

എന്തായാലും ഈ ഫീൽഡിൽ തന്നെ പിടിച്ചു കയറും. ആറുമാസമായിരുന്നു ഞാൻ അതിനു വേണ്ടി മാറ്റി വെച്ച കാലാവധി. ഈ സമയത്തു തന്നെയാണ് അച്ഛന് റിസഷന്റെ ഭാഗമായി ഗൾഫിലെ ജോലി നഷ്ടമാകുന്നത്. അങ്ങനെ അച്ഛൻ തിരികെ നാട്ടിലേക്ക് പോരേണ്ടി വന്നു. അതോടെ സാമ്പത്തിക ഭദ്രത കൂടി അത്യാവശ്യമായി വന്നു. കൊച്ചിയിലെ പ്രമുഖ ചാനലിലും റേഡിയോയിലും ആർജെ ആയിട്ടും വിജെ ആയിട്ടും ഞാൻ ഒരേ ദിവസമാണ് ജോലിക്ക് കയറുന്നത്. ഇടവേളയിൽ കോൾ സെന്ററിൽ കൂടി ജോലിക്ക് കയറി. പൈസയുണ്ടാക്കുക മാത്രമായിരുന്നു ലക്ഷ്യം, ഒരോ മണിക്കൂർ ഇടവിട്ടായിരുന്നു ഓരോ ജോലിയും ചെയ്തു കൊണ്ടിരുന്നത്. രാവിലെ ഓഫീസ്, ഉച്ചക്ക് ചാനൽ, വൈകുന്നേരം റേഡിയോ. സത്യം പറഞ്ഞാൽ ഈ ചാനലിലെ അവതാരകരെയൊക്കെ കാണുമ്പോൾ ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് ഇവർക്കൊന്നും വേറെ പണിയില്ലേ എന്ന്. പക്ഷേ എനിക്കും അതു തന്നെ ചെയ്യേണ്ടി വന്നു. അതാണ് ജീവിതം.

പാട്ടപ്പോൾ ചെറുപ്പം മുതലേ ഉണ്ടായിരുന്നോ?

പാട്ടിനോടുള്ള ഇഷ്ടം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. എക്സോഡസ് പള്ളിയാണ് ഞങ്ങളുടേയത്. അവിടെ പാട്ടിന് കൂടുതൽ പ്രാധാന്യമുണ്ട്. എന്റെ തുടക്കം പാട്ടുകാരനായിട്ടല്ല. അതു സംഭവിച്ചു പോയതാണ്. ബേസ് ഗിറ്റാർ പിന്നെ ബാക്കിങ് വോക്കൽസ് ഇതൊക്കെയായിരുന്നു എന്റെ തട്ടകം.

ഒരിക്കൽ പള്ളിയിൽ അമേരിക്കയിൽ നിന്നുമൊരു മിഷനറി ക്രൂ വന്നു. അവരുടെ കൂട്ടത്തിൽ ഒരാളുണ്ടായിരുന്നു. ഇമോറി. മൂപ്പര് എന്നെ പുറകിൽ നിന്നും പിടിച്ച് മുന്നിലേക്കൊക്കെ നിർത്തും. പോകാൻ നേരം അയാളുടെ ഡിസ്ക്മാനും ഹെഡ്ഫോണും സീഡിയുമൊക്കെ എനിക്ക് സമ്മാനമായി തന്നു. അതാണ് ശരിക്കും എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്. ഞാനന്ന് പ്ലസ് വൺ പഠിക്കുന്നേയുള്ളൂ. ആ കാലത്ത് മുഴുവൻ ‍ ഉപയോഗിച്ചത് അതാണ്. അതിൽ നിന്നുമാണ് പാട്ടിനോട് ആഴത്തിലുള്ള സ്നേഹം തുടങ്ങുന്നത്.

ബാന്റ് എപ്പോഴും വളരെ ചിലവ് കൂടിയ പരിപാടിയാണ്. എന്നിട്ടും എന്റെ ബാന്റ് നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പല മത്സരങ്ങളിലും ഞങ്ങൾ വിജയിച്ചിട്ടുണ്ട്. അങ്ങനെ കിട്ടുന്ന പൈസ കൊണ്ടു തന്നെ ഇൻസ്ട്രുമെന്റ്സ് വാങ്ങും. പിന്നേം പരിപാടിക്ക് പോകും. വിജയിച്ച് പൈസ കിട്ടുമ്പോഴേക്കും വേറെ എന്തെങ്കിലും ഇൻസ്ട്രുമെന്റ് വാങ്ങാനുണ്ടാകും. , സീ, അതൊരു ഒഴുക്കാണ്. അതിൽ നമുക്കൊന്നും വരമാനമായി പ്രതീക്ഷിക്കാൻ പറ്റില്ല. നല്ലൊരു ഗിറ്റാറിന് ഇപ്പോൾ മൂന്ന് ലക്ഷത്തോളം വില വരും. ഞാൻ പടത്തിലൊക്കെ വന്ന ശേഷമാണ് അനിയൻ ഉണ്ണിക്കുട്ടന് നല്ലൊരു ഗിറ്റാർ വാങ്ങി കൊടുക്കാൻ കഴിയുന്നത്.

1W5B9249

അനിയനും ശ്രീനാഥിനെ പോലെ തന്നെ പാട്ടുകാരനാണോ ? വീട്ടിലെ വിശേഷങ്ങൾ എന്തൊക്കെയാണ് ?

അനിയൻ ശ്രീകാന്ത് ഭാസി. അവനും സ്വന്തമായി ഒരു ബാന്റ് നടത്തുകയാണ്. എന്നെ പോലെയല്ല. അവർക്ക് ഫുൾ പുറത്തൊക്കെയാണ് ഷോകൾ. ഞങ്ങളുടെ വീട് വൈപ്പിനിലാണ്. അച്ഛനാണ് ശരിക്കും ഭാസി. ഇപ്പോൾ നാട്ടിൽ തന്നെയുണ്ട്. അമ്മ ശശികല പോസ്റ്റ് ഓഫീസ് ജീവനക്കാരിയാണ്. , പിന്നെ എന്റെ ഭാര്യ റീത്തു.

റീത്തു ജീവിതത്തിലേക്ക് വന്ന ശേഷം എന്തൊക്കെയാണ് മാറ്റങ്ങൾ?

പത്തു കൊല്ലത്തോളമായി സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ഞാൻ വിജെ ആയിരിക്കുന്ന കാലത്ത് റീത്തു എന്റെ പല പ്രോഗ്രാമുകളുടേയും പ്രൊഡ്യൂസർ ആയിരുന്നു. പിന്നെ ഒരു സമയമായപ്പോൾ ഞങ്ങള്‍ക്കു തോന്നി എങ്കിൽ പിന്നെ ഒന്നിച്ചു ജീവിക്കാം. ഉടൻ തന്നെ വീട്ടികാരെ അറിയിച്ചു. റീത്തുവിന്റെ നാട് തിരുവനന്തപുരമാണ്. രണ്ടു വീട്ടിലും എതിർപ്പൊന്നുമില്ല. അങ്ങനെ 2016 ൽ ഞങ്ങൾ വിവാഹിതരായി.

റിയൽ ലൈഫിൽ ശ്രീനാഥിന്റെ ഏറ്റവും െനഗറ്റീവ് ക്യാരക്ടർ എന്താണ് ?

അതിന്റെ മറുപടി എങ്ങനെയാ ഞാൻ പറയുന്നത്. അതു റീത്തുവിനോട് ചോദിച്ചു നോക്കൂ... ബാബാ... പറയൂ...

റീത്തു – റിയൽ ലൈഫിൽ ശ്രീനാഥ് പാവം ആളാണ്. ആകെയുള്ള പ്രശ്നം ആരു വിളിച്ചാലും ഫോണെടുക്കില്ല. പിന്നെ ബീഫ് (റെഡ് മീറ്റ്) കിട്ടിയാൽ എത്ര വേണേലും കഴിക്കും. ഇതു രണ്ടുമേ എനിക്കൊരു പ്രശ്നമായിട്ട് തോന്നിയിട്ടുള്ളൂ .

ആഷിക്ക് അബുവിനൊപ്പമുള്ള സൗഹൃദമാണ് ശ്രീനാഥിലെ അഭിനേതാവിനെ ഉണർത്തിയത് എന്ന് തോന്നിയിട്ടുണ്ടോ?

അഭിനയം എന്ന ക്രാഫ്റ്റ് പഠിപ്പിച്ചത് ആ ഗ്യാങ്ങാണ്. സിനിമയുടെ മറ്റൊരു ലോകമാണ് അത്. ട്രാഫിക്കിന്റെ നൂറു ദിനാഘോഷത്തിൽ വെച്ചാണ് ആദ്യമായി ആഷിക് അബുവിനെ കാണുന്നത്. ഞാൻ അതുവരെ കണ്ട സിനിമാക്കാരനായിരുന്നില്ല ആഷിക്, എന്റെ സിനിമാ ലോകത്തെ കുറിച്ചുള്ള കൺസപ്റ്റേ മായിച്ചു കളഞ്ഞു. പിന്നെ ആ ഫ്രണ്ട്സ് ഗ്രൂപ്പിലെ ഓരോഴുത്തരെ പരിചയപ്പെട്ടപ്പോഴും മനസിലായി . ദിസ് ഈസ് മൈ വേ. ഇതാണ് എന്റെ സിനിമാ ലോകം, എല്ലാവരും സാധാരണയാളുകൾ. നോ ഹൈറാർക്കി. നോ ഈഗോ. 22 ഫീമെയിൽ കോട്ടയമാണ് ആഷിക് ഏട്ടനൊപ്പം ചെയ്ത ആദ്യ സിനിമ. എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതും അതോടെയാണ്.

ശ്രീനാഥിന്റെ വളർച്ചയ്ക്ക് പിന്നിൽ ഒരു ഗ്രൂപ്പ് ഓഫ് ആളുകളുണ്ടോ?

എന്റെ അനുഭവത്തിൽ ആദ്യമാദ്യം അഭിനയിച്ച സെറ്റുകളിൽ നിന്നെല്ലാം ലഭിച്ചത് വിഷമം നിറഞ്ഞ കാര്യങ്ങളായിരുന്നു. ഒരുപക്ഷേ നമ്മൾ നന്നാവാൻ വേണ്ടിയായിരിക്കാം. അതല്ലങ്കിൽ നമ്മളിൽ ഒരു സ്പാർക്ക് ഉണ്ടാക്കാൻ വേണ്ടിയാകാം. എന്തായാലും എന്നെ സംബന്ധിച്ച് അത്തരം അനുഭവങ്ങളെല്ലാം എന്നെ കൂടുതൽ തളർത്തുകയാണ് ചെയ്തിട്ടുള്ളത്. ആളുകൾ തമ്മിൽ അങ്ങോട്ടു ഇങ്ങോട്ടുമുള്ള അസൂയ, മറ്റൊരാളെ താഴ്ത്താനുള്ള പ്രവണത, വേർതിരിവുകൾ. ഞാൻ കണ്ട സിനിമാ ലോകം അങ്ങനെയായിരുന്നു. അങ്ങനെ ഡെസ്പടിച്ചിരിക്കുമ്പോഴാണ് ഞാൻ ഈ ഗ്യാങ്ങിനെ പരിചയപ്പെടുന്നത്. ആഷിക്ക് ഏട്ടന്റെ സെറ്റിൽ, അമൽ നീരദിന്റെ, അൻവർ റഷീദിന്റെ സെറ്റിൽ ഞാൻ കണ്ട സിനിമാ ലോകമല്ല. അവിടെയെല്ലാം സന്തോഷം മാത്രമേയുള്ളൂ. മറ്റൊരാളെ വളർത്തരുത് എന്ന ചിന്തയോടെ പെരുമാറുന്നവരല്ല അവരാരും. വലിയവൻ ചെറിയവൻ എന്ന വേർതിരിവുകൾ ഇല്ലവിടെ. ആ ഗ്യങ്ങിൽ വന്ന സിനിമകളിലെല്ലാം ഞാനുമുണ്ടായി. കുറേ നല്ല സിനിമകളുടെ ഭാഗമായി. നമുക്ക് സന്തോഷത്തോടെ അഭിനയിക്കാമെന്നായി.

നമ്മൾക്ക് എപ്പോഴും അറിയാവുന്ന ഒരു പയ്യൻ ഇങ്ങനത്തെ കാരക്ടർ മാത്രമേ ശ്രീനാഥ് ചെയ്യാറുള്ളൂ. അതെന്തു കൊണ്ടാണ് ?

അങ്ങനത്തെ കാരക്ടറുകളാണ് ലഭിക്കുന്നത്. പൊതുവേ ജനങ്ങൾക്ക് ഒരു ധാരണയുണ്ട്, പറവയിലെ ക്യാരക്ടർ പോലെ അലസനായി കള്ളു കുടിച്ച് സിരഗറ്റ് വലിച്ച് നടക്കുന്ന ഒരാളാണ് ഞാൻ റിയൽ ലൈഫിലും എന്ന്. എന്തിനാണ് ആളുകൾ അങ്ങനെ ചിന്തിക്കുന്നതെന്ന് ഒരു പിടിയുമില്ല. ഇപ്പോൾ വൈറസിലെ കാരക്ടർ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായ വേഷമാണ്. അതെനിക്ക് നൂറുശതമാനം നീതി പുലർത്തി ചെയ്യാൻ കഴിഞ്ഞു എന്നു തന്നെയാണ് വിശ്വാസം. പക്ഷേ എന്നെ കൂടുതലും തേടി വരുന്നത് ടിപ്പിക്കൽ കാരക്ടറുകളാണ്. പക്ഷേ ഡോ. ആബിതിനെ പോലത്തെ കാരക്ടറുകൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം.

ഭാവി പരിപാടികൾ എന്തൊക്കെയാണ് ?

ഒന്നും പ്ലാൻ ചെയ്ത് ആസൂത്രണം ചെയ്യുന്ന പരിപാടിയില്ല. ഡിസംബറിൽ ഒരു സിനിമ ചെയ്യുന്നുണ്ട്. അതിലെ നായകനായിട്ടാണ്. പിന്നെ നല്ല സിനിമകളുടെ ഭാഗമാകുക. അതുമാത്രമാണ് ഇപ്പോൾ നോക്കുന്നത്.

ശ്രീനാഥ് യുവ തലമുറയുടെ റോൾ മോഡലാണ് – പക്ഷേ ഫാൻസ് അസോസിയേഷനില്ല. എന്തുകൊണ്ടാണത്?

ഈ ഫാന്‍സ് , ആരാധന, ഇതൊന്നും നമ്മൾക്കു പറ്റുന്ന പരിപാടിയല്ല. ചേട്ടാ ,ചേട്ടനെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു വിളിക്കുന്നവരോട് ഞാൻ ആദ്യം വയസാണ് ചോദിക്കാറ്. ഇരുപത് വയസിന് മുകളിലാണെങ്കിൽ ഞാൻ പറയും, ഇഷ്ടപ്പെടുന്ന കൊണ്ടൊന്നും കുഴപ്പമില്ല. പക്ഷേ ഫാൻസ്, അസോസിയേഷൻ, പ്രമോഷൻ എന്നൊക്കെ പറഞ്ഞ് ഒരു ജോലിക്കും പോകാതെയിരുന്നാൽ എന്റെ കൈയ്യീന്നു നല്ല ഇടി മേടിക്കും. അത്രേയുള്ളൂ.

ഒരിക്കൽ ഞാനും റീത്തുവും ഒരു സിനിമ കാണാൻ കൊച്ചിയിലെ മാളിൽ പോയി. ഒരു പയ്യൻ ഓടിവന്നിട്ട് പറയുകയാണ്. ‘‘ചേട്ടാ എനിക്ക് ചേട്ടന്റെ കാരക്ടറുകളെല്ലാം ഭയങ്കര ഇഷ്ടാണ്. എന്നെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ട്. ഞാനിപ്പോൾ ഡെയ്‌ലി രണ്ടു പാക്കറ്റ് സിഗരറ്റൊക്കെ വലിക്കും.’’ ഞാനും റീത്തുവും മുഖത്തോടു മുഖം നോക്കി. ഇങ്ങനെയും മണ്ടൻമാരോ. ‘‘ഞാനത് എന്റെ സിനിമയിലെ കാരക്ടറിന്റെ ഭാഗമായി ചെയ്യുന്നതാണ്, എന്റെ ജോലിയാണത്, ജോലി ചെയ്താലെ എനിക്ക് പൈസ കിട്ടൂ എന്നാലെ എനിക്ക് ജീവിക്കാൻ പറ്റൂ... ഇതു തന്നെയാ എനിക്ക് എല്ലാരോടും പറയാനുള്ളത്. നിങ്ങൾ സിനിമയിൽ കാണുന്നത് ഞാനെന്റെ ജോലി ചെയ്യുന്നതാണ്!

Tags:
  • Celebrity Interview
  • Movies