മുംബൈ അന്ധേരിയിലെ ഒരു ഫ്ലാറ്റ്. അകത്തു മേക്കപ്പും പുറത്തു ലൈറ്റപ്പും തകൃതിയായി നടക്കുന്നു. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ഗുജറാത്തിയിലുമൊക്കെയുള്ള സംഭാഷണങ്ങൾ ഉയർന്നു കേൾക്കുന്നതു കൊണ്ട് ഇതൊരു ‘മൾട്ടി ലാംഗ്വേജ്’ സിനിമാ സെറ്റാണെന്നു കരുതല്ലേ.
സിനിമയെ ‘മാത്രം’ പ്രണയിച്ച നടൻ സുദേവ് നായരുടെ ഫ്ലാറ്റാണിത്. ഇപ്പോൾ സുദേവിന്റെ ജീവിതത്തിൽ പ്രണയം നിറയ്ക്കുന്നതു പഞ്ചാബി സുന്ദരിയായ അമർദീപ് കൗർ ആണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നു ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വനിത വെഡ്ഡിങ് സ്പെഷൽ ഫോട്ടോഷൂട്ടിനു ശേഷം സുദേവ് സംസാരിക്കാനിരുന്നപ്പോൾ കൈപിടിച്ച് അമർദീപും ഉണ്ടായിരുന്നു.
മുംബൈയിൽ ജനിച്ചുവളർന്ന സുദേവും ഗുജറാത്തുകാരി അമർദീപും എങ്ങനെ ഗുരുവായൂരമ്പല നടയിൽ വച്ചു വിവാഹിതരായി ?
പ്രണയത്തിലാണെന്നു പരസ്പരം തുറന്നു പ റഞ്ഞ കാലത്തു തന്നെ അമർദീപ് ഈ മോഹം പറഞ്ഞിരുന്നു, അമ്പലത്തിൽ വച്ചു കല്യാണം കഴിക്കണം. കേരളീയ വിവാഹത്തിന്റതായ എല്ലാം ട്രഡീഷനൽ ചടങ്ങുകളും വേണം. പഞ്ചാബിയാണെങ്കിലും ഗുജറാത്തിൽ ജനിച്ചു, മുംബൈയിൽ വളർന്ന അമർദീപിനു മലയാളിയായ എന്നെ വിവാഹം കഴിക്കുമ്പോൾ നാടിന്റെ തനിമയുള്ള ചടങ്ങുകൾ വേണമെന്ന ആഗ്രഹം സ്വാഭാവികം.
പക്ഷേ, മുംബൈയിൽ ജനിച്ചുവളർന്ന എനിക്കു ഗുരുവായൂരമ്പലത്തിലെ കല്യാണം കുറച്ച് അമ്പരപ്പുണ്ടാക്കി. അനിയൻ സുജയ്‌യുടെ വിവാഹം 2019ൽ നടന്നതാണെങ്കിലും അതു മുംബൈയിൽ വച്ചായിരുന്നു. നാട്ടിലെ കല്യാണവസ്ത്രം മുതൽ ചടങ്ങുകളെ കുറിച്ചു വരെ മുതിർന്നവരോടു ചോദിച്ചു മനസ്സിലാക്കേണ്ടി വന്നു ഞങ്ങൾ.
നിങ്ങളുടെ പ്രണയകഥ പറയൂ...
അമർദീപിനു 13 വയസ്സുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ടതാണ്. അമർദീപിനെയും ചേച്ചിയെയും അനിയനെയും ഒരു കുറവും അറിയിക്കാതെയാണ് അമ്മ വളർത്തിയത്. മോ ഡലിങ്ങിലാണ് അവൾ കരിയർ കണ്ടത്. 2017ലെ ഫെമിന മിസ് ഇന്ത്യ ജേതാവായിരുന്നു. അതേ വർഷം തന്നെ മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടിലുമെത്തി.
മുംബൈയിൽ വച്ചാണു ഞങ്ങൾ ആദ്യം കണ്ടത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്. സിനിമയുടെ പിന്നാലെയുള്ള ഓട്ടത്തിനിടയിൽ വിവാഹത്തെ കുറിച്ചു ഞാൻ ചിന്തിച്ചിട്ടേ ഇല്ല. പക്ഷേ, ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എന്റെ ജീവിതത്തിൽ പുതിയ തിളക്കവും ഊർജവും നിറയ്ക്കാൻ അമർദീപിനു കഴിയുമെന്നു തോന്നി. അപ്പോൾ തന്നെ പ്രണയം തുറന്നു പറഞ്ഞു. ഇഷ്ടമായിരുന്നെങ്കിലും അവൾ അന്ന് അതു പറഞ്ഞില്ല. പെട്ടെന്നൊരു റിലേഷൻഷിപ്പിൽ എടുത്തുചാടേണ്ട എന്നു കരുതിയിട്ടാണത്രെ.
തൽക്കാലം സുഹൃത്തുക്കളായിരിക്കാം, സൗഹൃദത്തിനപ്പുറം അടുപ്പം തോന്നുന്നുണ്ടെങ്കിൽ മാത്രം പ്രണയിക്കാം എന്ന മറുപടി എനിക്ക് ഇഷ്ടപ്പെട്ടില്ല. ഉള്ളിൽ പ്രണയം നിറച്ചുവച്ചിട്ടു പുറമേ സുഹൃത്തായി നടിക്കാൻ ആകില്ല എന്നു പറഞ്ഞു ഞാൻ സ്ഥലം വിട്ടു. പിന്നെ, പരസ്പരം സംസാരിച്ചതേയില്ല. ഏതാണ്ട് ഒരു വർഷമായപ്പോഴേക്കും അമർദീപിന്റെ ഫോൺ, ഒരു ഡാൻസ് റീൽ ചെയ്താലോ? അവിടെ നിന്നാണ് എല്ലാം വീണ്ടും തുടങ്ങിയത്. ഒന്നിച്ചിരിക്കുമ്പോൾ രണ്ടുപേർക്കുമുള്ള ഇണക്കമാണ് അമർദീപിനെക്കൊണ്ടു ‘യെസ്’ പറയിച്ചത്.
അത്ര പെട്ടെന്നു ‘യെസ്’ പറഞ്ഞോ ?
ഡേറ്റിങ് തുടങ്ങിയ കാലം. എനിക്കു കടലിൽ സർഫിങ് ചെയ്യാൻ ഇഷ്ടമാണ്. വർക്കലയിൽ വന്നു സർഫിങ് പഠിച്ചിട്ടുമുണ്ട്. ആ ന്യൂ ഇയർ വർക്കല ബീച്ചിൽ ആഘോഷിക്കാൻ പ്ലാൻ ചെയ്തു. അമർദീപിനെയും ക്ഷണിച്ചു.
പുതുവർഷം പിറക്കുന്നതു കാത്തു ഞങ്ങൾ കടൽക്കരയിലിരിക്കുമ്പോൾ ആകാശത്തുകൂടി ഒരു വാൽനക്ഷത്രം എരിഞ്ഞു പോകുന്നതു കണ്ടു. ഒരു നിമിഷം ഞാൻ പ്രാർഥിച്ചു, ഈ കൂട്ട് എന്നും കൂടെയുണ്ടെങ്കിൽ... നോക്കുമ്പോൾ ഒന്നിനു പിറകേ പിന്നെയും വാൽനക്ഷത്രങ്ങൾ. ആ ദൈവീക നിമിഷം സമ്മാനിച്ചതാണ് അമർദീപിനെ. അമർദീപിന്റെ ആദ്യത്തെ കേരള സന്ദർശനമായിരുന്നു അത്. ഞങ്ങളൊന്നിച്ചു പുറത്തൊക്കെ പോകുമ്പോൾ ആളുകൾ സെൽഫിയെടുക്കാനും മറ്റും വരും. അപ്പോഴാണു ഞാനൊരു സെലിബ്രിറ്റിയാണെന്ന് അവൾക്കു മനസ്സിലായത്. മലയാളം സിനിമകളൊന്നും അവൾ മുൻപു കണ്ടിട്ടേയില്ല.
സുദേവിന്റെ റീലുകളിലെ പ്രധാന താരങ്ങൾ അച്ഛനും അമ്മയുമാണല്ലോ ?
അച്ഛൻ വിജയകുമാറിന്റെ തറവാടു പാലക്കാട് ആണെങ്കിലും ജനിച്ചതും വളർന്നതും മുംബൈയിലാണ്. അമ്മ ശുഭദയുടെ തറവാട് ആലുവയ്ക്കടുത്തു കോട്ടുവള്ളിയിലാണ്. അമ്മ പഠിത്തമൊക്കെ കഴിഞ്ഞു ജോലിക്കായി മുംബൈയിൽ വന്നതാണ്. ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു, അച്ഛൻ മുകുന്ദ് സ്റ്റീൽസിലെ ഉദ്യോഗസ്ഥനും.
ഞാൻ സ്കൂളിൽ ബാസ്കറ്റ് ബോൾ കളിക്കുമായിരുന്നു. ഹൈജംപിൽ ദേശീയ മെഡൽ കിട്ടിയിട്ടുണ്ട്. അന്നു തൊട്ടു കൂടെയുള്ളതാണു കാലിലെ പരുക്കുകൾ. 2022ൽ ജിംനാസ്റ്റിക്സ് ചെയ്യുന്നതിനിടെയും പരുക്കുപറ്റി. സർജറിയുടെ സമയത്താണ് അച്ഛനും അമ്മയും കൂടെ വന്നു നിന്നത്. ഞാൻ റീൽസ് ചെയ്യുന്നതു കണ്ടപ്പോൾ അച്ഛന് ഒരു മോഹം, ഒരുകൈ നോക്കിയാലോ? പിന്നീട് അമ്മയും റീലുകളിൽ വന്നു.
പരുക്കു പറ്റിയെങ്കിലും സർജറിക്കു മുൻപു തീർക്കേണ്ട ചില വർക്കുകൾക്കായി ഞാൻ പോയപ്പോൾ അച്ഛനും അമ്മയും തനിച്ചായി. അവര്‍ക്കു കമ്പനിക്ക് അമർദീപ് വന്നു. ഞാനും അമ്മയും അച്ഛനുമുള്ള റീലുകളെല്ലാം ഷൂട്ടു ചെയ്തത് അമർദീപാണ്. ആശുപത്രിയിൽ കൊണ്ടുപോകാൻ വണ്ടിയെടുത്തോടിവരുന്നതൊക്കെ കാണണ്ടപ്പോഴേ അച്ഛനും അമ്മയും മനസ്സിലാക്കി ഇത് കല്യാണത്തിൽ എത്തുമെന്ന്. അമർദീപിന്റെ കുടുംബത്തിനും കല്യാണത്തിനു നൂറുവട്ടം സമ്മതമായിരുന്നു.
സിനിമയോട് ഇത്രമാത്രം പ്രണയം തോന്നിയത് എങ്ങനെ ?
എനിക്കു മൂന്നോ നാലോ വയസ്സുള്ള സമയം. എല്ലാ ശനിയാഴ്ചയും അച്ഛൻ വീട്ടിലേക്കു വിഡിയോ കസറ്റ് കൊണ്ടുവരും. ചാർലി ചാപ്ലിൻ ഒക്കെ അങ്ങനെ കണ്ടതാണ്. അമർ അക്ബർ ആന്റണി കണ്ട ശേഷം അമിതാഭ് ബച്ചനെ അനുകരിച്ചു നടക്കലായി വിനോദം. ആറോ ഏഴോ വയസ്സേ ഉള്ളൂ. ആ കാലത്തു തന്നെ തീരുമാനിച്ചു, നടനാകണം.
എൻജീനിയറിങ്ങിനു പഠിക്കുമ്പോൾ ബോഡി ബിൽ ഡിങ്ങിലും ശ്രദ്ധിച്ചു. പഠനം പൂർത്തിയാക്കി തിരിച്ചു മുംബൈയിലെത്തിയാൽ മോഡലിങ്ങും അഭിനയവും തുടങ്ങണമെന്നും തീരുമാനിച്ചു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ ഠനം കൂടി കഴിഞ്ഞു നേരേ കേരളത്തിലെത്തി.
കൊച്ചിയിലെ വാടകവീട്ടിൽ നിന്നു രാവിലെ ഫയലൊക്കെ എടുത്ത് ഓരോ സംവിധായകരെ കാണാൻ പോകും. പോർട്ട്ഫോളിയോ കണ്ടിട്ട് ഒരാൾ സ്നേഹത്തോടെ ചോദിച്ചു, ‘ബോളിവുഡിൽ അവസരം നോക്കുന്നതല്ലേ നല്ലത്’ എന്ന്. എന്റെ ലുക്കും പൂച്ചക്കണ്ണുമൊക്കെ കണ്ടിട്ടു പലരും ഇതു ചോദിച്ചു തുടങ്ങിയതോടെ അൽപം നിരാശ തോന്നി.
സംവിധായകൻ സിദ്ദിഖിന്റെ ഓഫിസിൽ പോയപ്പോൾ അദ്ദേഹം ഒരു ഉപദേശം നൽകി, ‘ഈ ലുക്ക് വച്ച് ഇവിടെ നിൽക്കുന്നതു തെറ്റായ തീരുമാനമാകും, ബോളിവുഡ് ആ കും നിനക്കു ചേരുക.’ കേട്ടപാടേ തിരിച്ചു മുംബൈയിലേക്കു വണ്ടി കയറി. പരസ്യങ്ങളിലാണു തുടക്കം. പിന്നെ ഹിന്ദി സിനിമ ഗുലാബ് ഗ്യാങ്ങിലൂടെ സ്വപ്നത്തിനു തുടക്കമിട്ടു. എഴുത്തും സംവിധാനവുമൊക്കെ ഇഷ്ടമാണ്. ടിബിഎഫിനു വേണ്ടി സംവിധാനം ചെയ്ത ‘നോട്ട് ഫിറ്റ്’ എന്ന വെബ് സീരീസ് ഒരുപാട് അവാർഡുകൾ നേടി.
മലയാളത്തിലെ ആദ്യ സിനിമയ്ക്കു തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡു ലഭിച്ചു ?
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതു കൊണ്ടു ക്യാമറ ഫെയ്സ് ചെയ്യാൻ വലിയ പ്രയാസമൊന്നും ഇല്ലായിരുന്നു. ഗുലാബ് ഗ്യാങ്ങിനു ശേഷമാണു പദ്മകുമാർ സാറിന്റെ വിളി, മൈ ലൈഫ് പാർട്ണറിൽ നായകനാകാൻ. അപ്പോൾ ടെൻഷനടിച്ചത് ഹിന്ദി ചുവയുള്ള എന്റെ മലയാളത്തെ കുറിച്ചോർത്താണ്. ആ സിനിമയ്ക്കു മികച്ച നടനുള്ള അവാർഡ് ലഭിച്ചതോടെ ആ ടെൻഷൻ മാറി.
അതിനു പിന്നാലെയാണ് അനാർക്കലി. ആദ്യ ഷോട്ടിനു വേണ്ടി നിൽക്കുമ്പോൾ നടൻ പൃഥ്വിരാജ് മോണിറ്ററിൽ നോക്കി ഇരിപ്പുണ്ടായിരുന്നു. എന്റെ ടേക്ക് കഴിഞ്ഞപ്പോൾ പൃഥ്വി പറഞ്ഞത്രേ, ‘ഈ പയ്യനു ജോലി അറിയാം ’എന്ന്. അവാർഡിനേക്കാൾ വലിയ പ്രോത്സാഹനമായി അത്.
ഈ ലുക്ക് അനുഗ്രഹമായ അവസരങ്ങളുണ്ടോ ?
ലുക്ക് മലയാളിയുടേതല്ല, സംസാരരീതിക്കും ഹിന്ദി ചുവയുണ്ട്. എന്നിട്ടും മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടി. മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ അബ്രഹാമിന്റെ സന്തതികളാണ്. മമ്മൂക്കയെ കുറിച്ചുള്ള കുറേ കേട്ടറിവുകൾ ഉണ്ട്. പക്ഷേ, സ്വീറ്റായി സംസാരിക്കുന്ന, എല്ലാവരോടും നന്നായി ഇടപഴകുന്ന മമ്മൂക്കയെയാണ് സെറ്റിൽ കണ്ടത്.
മമ്മൂക്കയോടൊപ്പം അഞ്ചാമത്തെ സിനിമയാണു ഭീഷ്മപർവം. ആദ്യ ദിവസം രാജൻ നായരുടെ ഫുൾ കോസ്റ്റ്യൂമിൽ ഞാൻ സെറ്റിലേക്കു ചെല്ലുന്നു. കണ്ട പാടേ ഒരു നിമിഷം സൂക്ഷിച്ചു നോക്കിയിട്ടു മമ്മൂക്ക പറഞ്ഞു, ‘നല്ല സ്റ്റൈൽ ഉണ്ടല്ലോ, ഭയങ്കര ഗെറ്റപ്പ്...’ ആ ഡയലോഗിന്റെ ഇംപാക്ടിലാണു മമ്മൂക്കയുടെ വില്ലനായി തകർത്തത്.
വില്ലത്തരമൊക്കെ നിർത്തി നന്നാകാൻ ഈയിടെ ദൈ വം ഒരു അവസരം തന്നു, തങ്കമണിയിലൂടെ. അതിൽ നാട്ടുമ്പുറത്തുകാരനായ നല്ലവനായ കഥാപാത്രമാണ്. ദിലീപേട്ടനൊപ്പം എന്റെ ആദ്യത്തെ സിനിമ. സ്റ്റൈലിഷ് ലുക്കു മറ്റു ഭാഷകളിൽ അനുഗ്രഹമായിട്ടുണ്ടു കേട്ടോ.
തെലുങ്കിൽ ടൈഗർ നാഗശ്വര റാവുവും എക്സ്ട്രാ ഓർഡിനറി മാനും റിലീസായി. ദേവ്‌ര എന്ന ജൂനിയർ എൻടിആർ – സെയ്ഫ് അലിഖാൻ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പവൻ കല്യാണിന്റെ സിനിമയുമുണ്ട്.
എല്ലാത്തിനും സാക്ഷിയായ റുപ്പീ
വർക്കലയിലെ ഒരു ന്യൂ ഇയർ ആഘോഷത്തിനിടയിൽ വച്ചാണ് അമർദീപിന്റെ മനസ്സ് എനിക്കു സ്വന്തമായത് എന്നു പറഞ്ഞില്ലേ. ആ സായാഹ്നത്തിൽ എടുത്ത ചിത്രമാണിത്. ഈ ചിത്രത്തിൽ ഞങ്ങളോടൊപ്പം ഇരിക്കുള്ള മിടുക്കിയെ കണ്ടില്ലേ, റുപ്പീ എന്നാണ് അവളുടെ പേര്. വർക്കലയിൽ ഞാനാദ്യമായി വന്നതു സർഫിങ് പഠിക്കാനാണ്, സോൾ ആൻഡ് സർഫിൽ. അവരുടെ നായ്ക്കുട്ടിയാണവൾ.
എന്നെ നല്ല പരിചയമുണ്ട് റുപ്പീക്ക്. ന്യൂ ഇയർ ആ ഘോഷിക്കാൻ എന്നോടൊപ്പം വന്ന അമർദീപിനോടും അവൾ പെട്ടെന്ന് ഇണങ്ങി. ഞങ്ങൾ പരസ്പരം പ്രണയം തുറന്നുപറഞ്ഞ നിമിഷത്തിനു സാക്ഷിയായി റൂപ്പീ കടൽക്കരയിലുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ആ നിമിഷത്തിനു സാക്ഷിയായ റുപ്പീയെ വിവാഹത്തിൽ നിന്ന് ഒഴിവാക്കുന്നതെങ്ങനെ. അവളുടെ സ്നേഹത്തിനു പകരമായി വിവാഹത്തിനു വേണ്ടി അമർദീപ് മെഹന്ദി അണിഞ്ഞപ്പോൾ ഈ ചിത്രവും ഡിസൈനായി കയ്യിൽ വരപ്പിച്ചു, താങ്ക്യൂ റൂപ്പീ...
രൂപാ ദയാബ്ജി
ഫോട്ടോ: സജീവ് ജനാർദനൻ