Tuesday 14 August 2018 04:38 PM IST

’ഓരോ സ്ത്രീയുടെ ഉള്ളിലും ശോശന്നയുണ്ട്, ആവശ്യം വരുമ്പോൾ അവൾ പുറത്തു വരും...’

Lakshmi Premkumar

Sub Editor

swathi-reddy001 ഫോട്ടോ: ശ്യാം ബാബു

അങ്ങനെയങ്ങു മറക്കാൻ പറ്റുമോ ഈ ശോശന്നയെ? ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെയുള്ളിൽ കൂടുകൂട്ടിയ താരമാണ് സ്വാതി റെഡ്ഡി. ആ കോമ്പല്ലും ചിരിയും കുസൃതിയും കണ്ടപ്പോൾ, ദേ അയലത്തെ പെൺകുട്ടിയാണെന്ന് തോന്നി മലയാളികൾക്ക്. പ്രേമിക്കുകയാണെങ്കിൽ ശോശന്നെയെപോലെയൊരു പെണ്ണെന്ന് ചുള്ളൻമാരെല്ലാം മനസ്സിൽ കനവ് നെയ്തു. സ്വാതി റെഡ്ഡിയുടെ വിവാഹ വാർത്തകളും, പ്രണയ വാർത്തകളും ഗോസിപ് കോളങ്ങളിൽ നിറഞ്ഞപ്പോഴാണ് ആരാധകർക്ക് ആകെ കൺഫ്യൂഷനായത്. സ്വാതിയാകട്ടെ അധികം മറുപടികൾക്കൊന്നും നിൽക്കാതെ വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി സ്വാതിയിതാ ഇവിടെയുണ്ട്. സ്വാതിക്കേറ്റവും  പ്രിയപ്പെട്ട ഹൈദരാബാദിൽ. മൂന്ന് കൊല്ലങ്ങൾക്ക് മുൻപ് അപ്രത്യക്ഷയായ അതേ സ്വാതി, അതേ ചിരി.

എവിടെയായിരുന്നു കുറച്ച് കാലമായി ?

ഇവിടെ തന്നെയുണ്ട്.15 കൊല്ലമായി ഞാൻ സിനിമാ രംഗത്ത്. ഇതുവരെ  ബ്രേക് എടുത്തിട്ടില്ല.  ഇപ്പോൾ ചെറിയൊരിടവേളയെടുത്ത് ഞാൻ എന്നെ തന്നെ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഒരു അഭിനയത്രി എന്ന നിലയിലും വ്യക്തി എന്ന നിലയിലും. തിരക്കൊക്കെ മാറ്റിവച്ച് ചുറ്റുപാടുകളെ നിരീക്ഷിച്ചു നോക്കൂ, അദ്ഭുതങ്ങളാണ് എല്ലായിടത്തും.

സോഷ്യൽ മീഡിയ ഒന്ന് രണ്ട് തവണ സ്വാതിയെ വിവാഹം കഴിപ്പിച്ചു?

ഞാനും ഇതൊക്കെ വാർത്തകളിൽ കൂടി തന്നെയാണ് അറിയുന്നത്. സ്റ്റിൽ ഐ ആം സിംഗിൾ. ഒരിക്കൽ ഞാനും കുടുംബവും തിരുപ്പതി അമ്പലത്തിൽ പോയതായിരുന്നു. തൊഴുതു തിരികെ എത്തിയപ്പോഴേക്കും എല്ലായിടത്തും വാർത്ത പരന്നു. ഞാൻ വിവാഹം കഴിച്ച് തിരുപ്പതി അമ്പലത്തിൽ തൊഴാനെത്തിയെന്ന്. നമ്മൾ ജീവിതത്തിൽ പൊസിറ്റിവ് എനർജി ലഭിക്കാനാണ് അ മ്പലങ്ങളിൽ പോകുന്നത്. അതുപോലും ഇങ്ങനെ നെഗറ്റിവായി വളച്ചൊടിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.

അപ്പോൾ പ്രണയവും വിവാഹവുമൊന്നുമില്ലെന്നാണോ?

വിവാഹം എന്ന് പറയുന്നത് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കൂടിചേരലല്ലേ. അപ്പോൾ ആരെങ്കിലുമത് ഒളിപ്പിച്ചു വയ്ക്കുമോ? പക്ഷേ, ഞാൻ പോലുമറിയാതെ എന്റെ വിവാഹ വാർത്തകൾ പ്രചരിക്കുന്നതാണ് എനിക്കിഷ്ടമല്ലാത്തത്. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ എല്ലാവരെയും നേരത്തെ അറിയിച്ചു തന്നെയായിരിക്കും ചെയ്യുക. ജീവിതത്തിൽ ഒന്നും ഒളിക്കാനില്ലാത്തൊരാളാണ് ഞാൻ.

സ്വാതി ജീവിതത്തിൽ ശോശന്നയാണ് ?

ശോശന്നയായാൽ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്നയാ ളാണ് ഞാൻ. ഞാൻ മാത്രമല്ല, എല്ലാ സ്ത്രീകളുടെയും ഉ ള്ളിൽ ഒരു ശോശന്നയുണ്ട്. അവളെ കണ്ടുപഠിക്കേണ്ട പല പാഠങ്ങളുമുണ്ട്. അവളുടെ ജീവിതത്തിൽ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് അവൾ തന്നെയാണ്. പ്രണയത്തെ വീട്ടുകാർ എതിർക്കുമ്പോഴും ശക്തയായി പോരാടുന്നവളാണ്. ഒന്ന് ഓർത്തു നോക്കൂ, പ്രണയത്തിന്റെ കാര്യം വരുമ്പോൾ പേടിയെല്ലാം മാറ്റി വച്ച് ധൈര്യശാലികളാകുന്ന എത്രയോ പെൺകുട്ടികളില്ലെ. പാവം കാമുകനോ ഭർത്താവോ ആണെങ്കിൽ,  അവര്‍ക്ക് ആത്മധൈര്യം പകർന്നു നൽകുന്ന എത്രയോ സ്ത്രീകളില്ലെ. അതെ, ഓരോ സ്ത്രീയുടെ ഉള്ളിലും ശോശന്നയുണ്ട്. ആവശ്യം വരുമ്പോൾ അവൾ പുറത്തു വരും.  

മലയാളത്തിലേക്ക്  തിരിച്ചുവരവ് ഉടനുണ്ടാകുമോ ?
ഇല്ലെന്നു പറയാൻ പറ്റില്ല. പറഞ്ഞില്ലേ, ചുറ്റും അത്ഭുതങ്ങളാണു സംഭവിക്കുന്നത്. സിനിമയോട് പാഷനുള്ള ഒരു നല്ല ടീമും നല്ല റോളും കിട്ടിയാൽ തീർച്ചയായും ചെയ്യും. സ്ഥിരമായി ചെയ്യുന്ന വേഷങ്ങൾ വേണ്ടെന്ന തീരുമാനം മാത്രമേ ഇപ്പോൾ എടുത്തിട്ടുള്ളു.

കരിയറിൽ ഏതുതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം ?

എപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന കഥാപാത്രങ്ങളാവണം. ആളുകൾ പണം തന്ന് സി നിമ കാണാന്‍ കയറുമ്പോൾ അവരോട് നീതി പുലർത്തുന്നതാവണം. സിനിമക്കിടയിൽ പ്രേക്ഷകർ ഫോണിൽ നോക്കിയിരുന്നാൽ അതല്ലങ്കിൽ പുറത്തേക്കു പോയാൽ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമ്മുടെ തോൽവിയാണ്. നമ്മൾ പൂർണമായി കഥാപാത്രമായി പ്രേക്ഷകർക്കു മുന്നിലെത്തിയാൽ അവർ സ്വയമേ സിനിമയുടെ ഭാഗമായിക്കോളൂം.

പ്രണയം സ്വാതിയുടെ കണ്ണിൽ ?

പ്രണയം എന്ന് പറയുന്നത് നിർവചിക്കാൻ കഴിയില്ലല്ലോ. എന്റെ അഭിപ്രായത്തിൽ സ്വയം സ്നേഹിക്കാൻ കഴിയുന്നൊരാൾക്ക് മാത്രമേ മറ്റൊരാളെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയൂ. അത് തിരിച്ചറിഞ്ഞാൽ മാത്രമേ മറ്റൊരാളെക്കൂടി ന മ്മുടെ ജീവിതത്തിലേക്ക് പരിഗണിക്കാനാവൂ. അതല്ലെങ്കിൽ എല്ലാം വെറും പ്രകടനങ്ങൾ മാത്രമാകും. പിന്നെ സ്വന്തം ജീവിതത്തിൽ  മറ്റുള്ളവരെ അനുകരിക്കരുതെന്നും ഒരഭിപ്രായമുണ്ട്. ഓരോരുത്തരും ഓരോ വ്യക്തിത്വങ്ങളാണ്. നമുക്ക് ചെയ്യാൻ കഴിയുന്ന ബെസ്റ്റ് നമ്മുടെ ജീവിതത്തിൽ ചെയ്യുക.

പുതുതലമുറയിൽ യഥാർഥ പ്രണയമില്ലെന്നാണോ?

അങ്ങനെ ഞാൻ പറഞ്ഞില്ല. ഇപ്പോൾ പ്രണയ നിരക്ക് കൂടുതലാണ്. ശരിക്കും പ്രണയം എന്ന കൺസപ്റ്റിന് ഒരു കാലത്തും മാറ്റം ഉണ്ടായിട്ടില്ല. മാറിയത് കാലഘട്ടമാണ്. ഇന്നിപ്പോൾ ടെക്നോളജിയും മറ്റും  പ്രണയത്തിന്റെ ഒഴുക്കിനെ ശക്തമാക്കുന്നുണ്ട്. ഒന്ന് ആലോചിച്ച് നോക്കൂ, ശോശന്നയ്ക്ക് ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു?   
ജീവിതത്തിൽ ഏറ്റവും ഇഷ്ടമെന്താണ് ?

സത്യം പറയട്ടെ ജീവിതത്തിൽ ഏറ്റവും അഡിക്ടായിട്ടുള്ളത് ഭക്ഷണത്തോടാണ്. ഐ ആം എ ഫുഡ് ലൗവർ. അതിൽ ഏറ്റവും ഫേവറിറ്റ്, സൗത്ത് ഇന്ത്യൻ കോഫി.

swathi-reddy002

സൗന്ദര്യ രഹസ്യമെന്താണ് ?

അത്രയ്ക്കും സൗന്ദര്യമുണ്ടോ? ഒരു ബ്യൂട്ടി ട്രീറ്റ്മെന്റുകളുമില്ല. കൃത്യമായ ജീവിത ചിട്ടകളും പൊസിറ്റിവ് ചിന്താഗതിയും. എനിക്ക് തോന്നുന്നു, മനസ്സ് സുന്ദരമാണെങ്കിൽ ജീവിതം മനോഹരമായിരിക്കും. അതല്ലേ മുഖത്ത് പ്രതിഫലിക്കുന്നത്. അല്ലാതെയുള്ള ശാരീരിക സൗന്ദര്യത്തിൽ വിശ്വാസമില്ല.

നടിയായില്ലെങ്കിൽ ആരാകുമായിരുന്നു?

ബയോ ടെക്നോളജിയാണ് എന്റെ വിഷയം. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും ഒരു മെഡിക്കൽ ലാബിൽ വെള്ള കോട്ടൊക്കെയിട്ട് മൈക്രോസ്കോപ്പിലൂടെ പുത്തൻ കണ്ടുപിടിത്തങ്ങളൊക്കെ നടത്തി ഞാനുണ്ടാകുമായിരുന്നു.

ഒരു നെഗറ്റിവ് സ്വഭാവം പറയാമോ ?

ഞാൻ അൽപം  ഇൻട്രോവേർട്ടാണ്. തുറന്നു പെരുമാറാനറിയില്ല. ഈ ഫീൽഡ‍ിൽ അതൽപം പ്രശ്നമാണ്. പലപ്പോഴും  ആളുകൾക്കിടയിൽ നമ്മൾ തെറ്റിധരിക്കപ്പെടും. മറ്റൊന്ന് ആളുകളെ മനസ്സിലാക്കുന്നതിൽ അൽപം വീക്കാണ്. കുറച്ച് സമയമെടുത്തേ പാഠം പഠിക്കൂ.

സോഷ്യൽ മീഡിയയിലെ ചർച്ചകളിലൊന്നും സ്വാതിയെ കാണാറില്ലല്ലോ?

സോഷ്യൽ മീഡിയിൽ നടക്കുന്നതെല്ലാം അറിയാറുണ്ട്. പ ക്ഷേ, അതിലൊന്നും ഇടപെടണമെന്ന് തോന്നിയിട്ടില്ല. ശ്രദ്ധിച്ചാൽ മനസ്സിലാകും എല്ലാവരും അവരുടെ നല്ല വശങ്ങൾ തുറന്നു കാണിക്കാനുള്ള ഒരു ഇടമായിട്ടാണ് സോഷ്യൽ മീഡിയയെ കാണുന്നത്. അതിലെ അഭിപ്രയങ്ങൾ  സീരിയസായി എടുക്കേണ്ട ആവശ്യമുണ്ടോ? ഏത് കാര്യമായാലും ഒന്നോ രണ്ടോ മാസം നിലനിൽക്കും അത് കഴിയുമ്പോൾ ആളുകൾ മറക്കും. പുതിയതിന് പിന്നാലെ പോകും. സോഷ്യൽ മീഡിയയിൽ കാണുന്നതിനെ മുഴുവൻ വിശ്വസിക്കരുത്.

ഭാവി വരനെ കുറിച്ചുള്ള സങ്കൽപങ്ങൾ?

ഒരു സങ്കൽപ്പവുമില്ല, എനിക്ക് ചേരുന്ന സോളമനെ കണ്ടുകിട്ടിയാൽ ഞാൻ വിവാഹം കഴിക്കും. അത് എല്ലാവരെയും അറിയിക്കും. ഇനിയും എന്നെ കെട്ടിക്കല്ലേ, പ്ലീസ്...

കോസ്റ്റ്യൂം കടപ്പാട്: വെരോമോഡ, ഹൈദരാബാദ്

swathi-reddy003