Friday 06 November 2020 03:43 PM IST

‘സിനിമ ഇല്ലാതെ പഴയ ആ ഒറ്റമുറി അപ്പാർട്മെന്റിൽ താമസിക്കേണ്ടി വന്നാലും ഓകെ...’; മൂന്നു വർഷത്തെ അജ്ഞാതവാസത്തെ കുറിച്ച് മാധവൻ

Sujith P Nair

Sub Editor

Maddy-new-look_0001

20 വർഷം മുൻപ് ‘അലൈപായുതേ’ റിലീസായതിനൊപ്പം രണ്ടു കാര്യങ്ങൾ കൂടി സംഭവിച്ചു. ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും ക്യൂട്ട് കണ്ണുകളുള്ള നായകൻ ജനിച്ചു. ഭാവിവരന് ‘മാഡി’യെ പോലെ നുണക്കുഴിച്ചിരി വേണമെന്നു ഇന്നാട്ടിലെ പെണ്ണുങ്ങൾ കൊതിച്ചു. തമിഴും സൗത്തും കടന്ന് അങ്ങു ബോളിവുഡിൽ വരെ നായകസ്ഥാനമുറപ്പിച്ച മാധവന് ഇന്നും ഒരു മാറ്റവുമില്ല. കണ്ണുകളിലെ നിഷ്കളങ്കതയും നുണക്കുഴി വിരിയുന്ന നാണച്ചിരിയും അങ്ങനെ തന്നെ. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ഒരു മലയാളിയുടെ കഥയുമായി മാധവൻ സംവിധായക കുപ്പായം അണിയുന്നത് യാദൃച്ഛികം മാത്രം.

‘‘മാധവൻ എന്ന പേരു കേട്ട് മലയാളിയാണെന്ന് ധരിച്ചു വച്ചിരുന്ന സുഹൃത്തുക്കൾ എനിക്ക് ഉണ്ടായിരുന്നു. തമിഴ് ബ്രാഹ്മണനാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം അന്നത്തെ ബിഹാറിലെ ജംഷെഡ്പൂരിലായിരുന്നു. ‘അലൈപായുതേ’യിലെ ആദ്യ ഷോട്ട് കണ്ണൂരിലായിരുന്നു. പിന്നീടും കേരളവുമായും മലയാളികളുമായും ജന്മാന്തര ബന്ധം ഉണ്ടെന്നു തോന്നുന്ന എത്രയോ അനുഭവങ്ങൾ. ആദ്യമായി സംവിധാനം ചെയ്യുന്നതോ, മലയാളിയായ നമ്പി നാരായണന്റെ ജീവിതകഥ. ‘റോക്കട്രി’യുടെ നിർമാതാക്കളിലൊരാൾ മലയാളിയാണ്...’’ ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിനിടെ മാഡിയുടെ ഓർമകളും ഫ്ലാഷ്ബാക്കിലേക്കു പോയി.

മൂന്നുവർഷം അജ്ഞാതവാസമായിരുന്നു?

‘ജോഡി ബ്രേക്കേഴ്സ്’ എന്ന ബോളിവുഡ് ചിത്രം വലിയ ഫ്ലോപ്പായിരുന്നു. അതിനു മുൻപ് ചെയ്തതും നന്നായില്ല. അതോടെ സിനിമ ബോറടിച്ചു. 2012 ൽ ‘വേട്ട’യുടെ ഷൂട്ടിങ് സമയത്ത് കാൽമുട്ടിന് പരുക്കേറ്റിരുന്നു. വേദന കലശലായതോടെ വിശ്രമം മാത്രമായി പോംവഴി. അതാണ് പറ്റിയ സമയം എന്നു തോന്നി. സരിതയോടു പറഞ്ഞപ്പോൾ, ‘നിന്റെ മനസ്സ് പറയുന്നത് ചെയ്യൂ...’ എന്നായിരുന്നു മറുപടി. ‘സിനിമ ഇല്ലാതെ പഴയ ആ ഒറ്റമുറി അപ്പാർട്മെന്റിൽ താമസിക്കേണ്ടി വന്നാലും ഓകെ...’ എന്ന് അവൾ പറഞ്ഞതോടെ തീരുമാനം എളുപ്പമായി. അങ്ങനെ ചിക്കാഗോയിലേക്ക് താമസം മാറ്റി.

പുതിയ തലമുറയിലെ സിനിമാ പ്രേക്ഷകരെ പഠിക്കാനാണ് ആ സമയം വിനിയോഗിച്ചത്. വർക്ക് ഔട്ടിനും പ്രാധാന്യം കൊടുത്തു. ശരീരം മാത്രമല്ല മനസ്സുകൊണ്ടും കുറേ മാറ്റം സംഭവിച്ചു. ഒരു സമയം ഒരു സിനിമ എന്ന തീരുമാനവും അന്നെടുത്തു. ഇടയ്ക്ക് ഹോളിവുഡ് അനിമേഷൻ സിനിമയിൽ ശബ്ദ സാന്നിധ്യമായി. മടങ്ങിവരവിൽ ചെയ്ത ‘തനു വെഡ്സ് മനു റിട്ടേൺസ്’ വിജയമായി. പിന്നാലെ ഞാൻ തന്നെ നിർമിച്ച ‘ഇരുദി സുട്രു’ കരിയറിലെ മികച്ച പ്രോജക്ടുമായി. മുൻപാണെങ്കിൽ ചിലപ്പോൾ അത്രയ്ക്ക് നായികാ കേന്ദ്രീകൃത കഥയിൽ അഭിനയിക്കില്ലായിരുന്നു. ‘ഇരുദി സുട്രു’വിന്റെ ഹിന്ദിയിലെ തിരക്കഥാ രചനയിലും പങ്കാളിയായി. പിന്നീട് ‘വിക്രം വേദ’ കൂടി ഹിറ്റായപ്പോൾ ബോണസായി.

Tags:
  • Celebrity Interview
  • Movies