Tuesday 21 January 2020 02:32 PM IST

‘ഞാൻ നടനായതിന്റെ പേരിൽ എന്റെ മകള്‍ക്ക് ബാല്യകാലം ഇല്ലാതെ പോകരുത്’; ടൊവീനോയെന്ന കുടുംബ നാഥൻ പറയുന്നു

Nithin Joseph

Sub Editor

tovi
ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ

ടൊവീനോ: സ്നേഹത്തോടെ എന്തു വിളിച്ചാലും എനിക്കു സന്തോഷമാണ്. സിനിമയിൽ എത്തുന്നതിനു മുൻപ് കസിൻസും സുഹൃത്തുക്കളുമെല്ലാം എന്നെ ‘ടൊവീനോ’, ‘ടോവി’, ‘ടോവിചേട്ടൻ’ എന്നൊക്കെയാണു വിളിച്ചിരുന്നത്. ആ വിളി എനിക്ക് പരിചിതമാണ്. പക്ഷേ, ‘ഇച്ചായൻ’ വിളി സിനിമയിൽ വന്നതിനു ശേഷമുണ്ടായതാണ്. എന്നോടുള്ള സ്നേഹംകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെങ്കിൽ സന്തോഷം. പക്ഷേ, ഹിന്ദുവായാൽ എട്ടൻ, മുസ്‌ലിം ആയാൽ ഇക്ക, ക്രിസ്ത്യാനിയായതുകൊണ്ട് ഇച്ചായൻ എന്നിങ്ങനെ വിളികളെ വര്‍ഗീയവൽകരിക്കുന്നതിേനാട് താൽപര്യമില്ല. ഞാൻ വളരെ സ്വതന്ത്രനായ വ്യക്തിയാണ്. ആരോടും പ്രത്യേകിച്ച് മമതയോ എതിർപ്പോ ഇല്ല. എല്ലാവരും എനിക്ക് ഒരുപോലെ. ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയപാർട്ടിയുടെയോ വക്താവായിട്ട് എന്നെ കാണുകയും അരുത്.

രേഷ്മ: സോഷ്യൽ മീഡിയ പലപ്പോഴും പണി തന്നിട്ടില്ലേ? ശരിക്കും സോഷ്യൽ മീഡിയയെ പേടിയുണ്ടോ?

ടൊവീനോ: ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വളരെ ആക്ടീവായ ആളാണ് ഞാൻ. സോഷ്യൽ മീഡിയയിൽ വാർത്തകൾ കാണുന്ന ഭൂരിപക്ഷവും തലക്കെട്ട് മാത്രം വായിച്ച് പ്രതികരിക്കുന്നവരാണ്. ഒരു ലിങ്ക് കണ്ടാൽ ആളുകൾ അതിൽ കയറി മുഴുവൻ വാർ‍ത്തയും വായിക്കണമെന്ന് നിർബന്ധമില്ല. പലപ്പോഴും നമ്മൾ പറയുന്ന വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടും. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ നമ്മുടെ മേൽ ആരോപിക്കപ്പെടാൻ നിമിഷങ്ങൾ മതി.

എക്സ്ക്ലൂസിവിറ്റിക്കു വേണ്ടി ചില ഓൺലൈൻ മാധ്യമങ്ങള്‍ നൽകുന്ന ഹെഡ്ഡിങ്ങുകൾ വളച്ചൊടിക്കപ്പെടുമ്പോൾ പലർക്കും നഷ്ടമാകുന്നത് ജീവിതവും കരിയറുമൊക്കെയാണ്. ഞാൻ ഇക്കാര്യം പറയുന്നത് എല്ലാവർക്കും വേണ്ടിയാണ്. എന്നെക്കുറിച്ച് മോശമായ വാർത്തകൾ വരുമ്പോൾ എന്റെ കുടുംബത്തിനും എന്നെ സ്നേഹിക്കുന്നവർക്കും ഉണ്ടാകുന്ന വിഷമത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല.

വളരെ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇത്തരം വാർത്തകൾ ഇടയ്ക്കെങ്കിലും എന്റെ സമാധാനം കളയാറുണ്ട്. ആരെങ്കിലുമൊക്കെ ഇടയ്ക്ക് പറയണ്ടേ?

നവമി– ഏറ്റവും നല്ല രീതിയിൽ വിമർശിക്കുന്നത് ചേട്ടന്‍ ടിങ്സ്റ്റണ്‍ ആണെന്നും ചേട്ടന്റെ വിമർശനങ്ങളെ വളരെയധികം ഇഷ്ടമാണെന്നും പറഞ്ഞിട്ടുണ്ട്. ചേട്ടനുമായുള്ള അടുപ്പം എങ്ങനെയാണ്?

ടൊവീനോ : അഭിനയമോഹം തലയ്ക്കു പിടിച്ചപ്പോൾ ഉണ്ടായിരുന്ന ജോലി രാജി വച്ചിറങ്ങിയ ആളാണ് ഞാൻ. ആ തീരു മാനത്തിന് അപ്പൻ പൂർണ സമ്മതം പറഞ്ഞിരുന്നില്ല. അന്ന് സോഫ്റ്റ്‍‌വെയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ചേട്ടനാണ് എന്നെ സപ്പോർട്ട് ചെയ്തത്. എനിക്ക് പത്തുപൈസ വരുമാനമില്ലാത്ത സമയമാണ്. ചേട്ടന്റെ കൂടെ, ചേട്ടന്റെ ചെലവിലാണ് ഞാൻ താമസിച്ചത്. പെട്രോളടിക്കാനുള്ള കാശു പോലും ചേട്ടന്റെ വക. അന്ന് പുള്ളിക്ക് വലിയ ശമ്പളമൊന്നും ഉണ്ടായിരുന്നില്ല.

കലാരംഗത്ത് അതുവരെ ഒന്നും തെളിയിച്ചിട്ടില്ലാത്ത എന്നി ൽ ചേട്ടൻ അർപ്പിച്ച വിശ്വാസം, ചെല്ലും ചെലവും തന്ന് നോക്കാനുള്ള മനസ്സ്, അത് വളരെ വലുതാണ്. എന്റെ പ്രണയം വീട്ടിൽ വെളിപ്പെടുത്തുന്ന സമയത്തും ഫുൾ സപ്പോർട്ട് തന്നത് ചേട്ടൻ തന്നെയാണ്.

‘‘ഇങ്ങനെ സപ്പോർട്ട് തരുന്നൊരു ചേട്ടൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ ഞാന്‍ ഇപ്പോൾ വേറെ ലെവലിൽ എത്തിയേനെ.’’ രേഷ്മയുെട ആത്മഗതം അല്‍പം ഉച്ചത്തിലായിരുന്നു. അമിത അപ്പോള്‍ തന്നെ ചുട്ട മറുപടിയും െകാടുത്തു. ‘‘അതിനു ചേട്ടൻ മാത്രം പോരാ, കുറച്ച് കഴിവും വേണം.’’

പവിത്ര: സിനിമയോടുള്ള അടങ്ങാത്ത മോഹം കൊണ്ടാണ് ജോലി പോലും ഉപേക്ഷിച്ചതെന്നു പറഞ്ഞല്ലോ. ആ സ്വപ്നം ഇപ്പോൾ ടോപ്ഗിയറിൽ അല്ലേ പോകുന്നത്?

ടൊവീനോ: ഒരു നടനെന്ന നിലയിൽ എല്ലാ നല്ല സിനിമകളുടെയും ഭാഗമാകണം എന്ന അത്യാഗ്രഹമുള്ള ആളാണ് ഞാൻ. മരിച്ചുപോയാലും ആളുകൾ എന്നെ ഓർമിക്കുന്നതും വിലയിരുത്തുന്നതും എന്റെ സിനിമകളിലൂടെയാകണം.

സിനിമയിൽ വന്ന കാലം മുതൽക്കെ എനിക്കൊരു സ്പാർക് ഫീൽ ചെയ്തിട്ടുള്ള, എന്നിലൊരു സ്പാർക് ഫീൽ ചെയ്തിട്ടുള്ള ആളുകളുമായിട്ട് സിനിമ ചെയ്യണമെന്ന് മുൻപേ തീരുമാനിച്ചതാണ്. അങ്ങനെ തീരുമാനിച്ച പ്രോജക്ടുകൾ എല്ലാം ഒരേസമയത്ത് ഒന്നിച്ചു വന്നുവെന്നു മാത്രം.

tovino-1

ഫർഷ: എല്ലാ തിരക്കുകളിൽനിന്നും ബ്രേക്കെടുത്ത് എങ്ങോട്ടെങ്കിലും മുങ്ങാൻ തോന്നാറുണ്ടോ?

ടൊവീനോ: എനിക്കും പത്തുമണി വരെ കിടന്നുറങ്ങാൻ ഇ ഷ്ടമാണ്, വെക്കേഷൻ എടുക്കാൻ ഇഷ്ടമാണ്, യാത്ര ചെയ്യാ ൻ ഇഷ്ടമാണ്, കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. പക്ഷേ, ഞാൻ അങ്ങനെ എന്‍റെ കരിയറില്‍ ശ്രദ്ധിക്കാെത കറങ്ങി നടന്നാല്‍ അതുമൂലം മറ്റ് ഒരുപാടു പേര്‍ ബുദ്ധിമുട്ടും. എന്നില്‍ വിശ്വസിച്ച് പണം മുടക്കിയവരുണ്ട്, സിനിമയുെട മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നവരുണ്ട്... എന്‍റെ മുങ്ങല്‍ മൂലം അവര്‍ ബുദ്ധിമുട്ടുന്നതു ശരിയല്ലല്ലോ.

ഒപ്പമുള്ളവരോട് നമുക്കൊരു ഉത്തരവാദിത്തം േവണം. ഏ തു കരിയറായാലും അതു വേണം. അതുകൊണ്ട് ഞാൻ തുടരെ സിനിമകൾ ചെയ്തുകൊണ്ടേയിരിക്കും. പിന്നെ, നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന സിനിമകളൊന്നും ഞാൻ ഇതുവരെ ചെയ്തിട്ടില്ല എന്നാണ് വിശ്വാസം. കണ്ടിരിക്കാൻ പറ്റുന്ന സിനിമകളല്ലേ എല്ലാം?

മഞ്ജു: പ്രണയനാളുകളൊക്കെ ഇടയ്ക്ക് ഇരുവരും േചര്‍ന്ന് ഒാര്‍ത്തെടുക്കുമോ?

ടൊവീനോ: ഒാര്‍ത്തെടുക്കാന്‍ അതൊന്നും മറന്നിട്ടില്ലല്ലോ. പത്തു പതിനൊന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ലിഡിയയുെട കുടുംബവുമായി ഞങ്ങൾക്ക് അടുപ്പമുണ്ട്. േനരിട്ടു പരിചയപ്പെടുന്നത് പ്ലസ് വണ്ണിന് പഠിക്കാന്‍ ഒരേ സ്കൂളില്‍ എത്തിയപ്പോഴാണ്. പിന്നീട് ഞങ്ങള്‍ എൻജിനീയറിങ്ങിന് േകായമ്പത്തൂരെത്തി. രണ്ടു േകാളജുകളിലാണെങ്കിലും ഇടയ്ക്കെല്ലാം കാണും, ഒന്നിച്ചു സിനിമകള്‍ക്കു പോകും. കയ്യില്‍ തുട്ടില്ലാത്തതു െകാണ്ട് പത്തു രൂപയുെട തറടിക്കറ്റിലിരുന്നാണ് അന്നു ഞാന്‍ സിനിമ കാണുന്നത്. ലിഡിയ കൂടി ഉള്ളപ്പോള്‍ കൂടിയ ക്ലാസിന്‍റെ ടിക്കറ്റ് എടുക്കണം. അതു െകാണ്ട് എപ്പോഴും കൂട്ടാന്‍ പറ്റില്ല.

എന്‍റെ സിനിമാ മോഹങ്ങളൊക്കെ അന്നേ അവള്‍ക്കറിയാം. നല്ല പ്രോത്സാഹനമാണു തന്നത്. ആദ്യസിനിമയായ ‘പ്രഭുവിന്‍റെ മക്കളില്‍’ െചറിയ േറാളാണ്. പിന്നീട് സിനിമയില്ലാതെ കുേറ നാളുകള്‍. അവള്‍ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ എന്‍റെ മനസ്സു മടുത്തു പോയേെന. ഭാഗ്യം, അതുണ്ടായില്ല.

ഫർഷ: മോള്‍ ഇസയുടെ ഫോട്ടോകൾ ഇപ്പോൾ അധികം കാണാറില്ലല്ലോ.

ടൊവീനോ: കുട്ടിക്കാലം ഒരുപാട് എൻജോയ് ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാൻ സാധിക്കണം. അവൾക്ക് അവളുടേതായ പ്രൈവസി കൊടുക്കണം. നടനായതു കൊണ്ട് എന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. പക്ഷേ, അതിന്‍റെ പേരിൽ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്കൂളിൽ പോകുമ്പോഴോ മറ്റു കുട്ടികൾക്ക് കിട്ടാത്ത പരിഗണനകളൊന്നും അവൾക്കു കിട്ടരുത്. അവൾ ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുെടയും ആഗ്രഹം.

സഫിയ: പല നടൻമാരും പറയാറുണ്ട്, അഭിനയിച്ച കഥാപാത്രങ്ങളുടെ അവശേഷിപ്പുകൾ ഉള്ളിൽ നിന്നു പോകാൻ കുറച്ച് സമയമെടുക്കും എന്ന്. ഇത്രയധികം സിനിമകൾ ഇടവേളയില്ലാതെ ചെയ്യുമ്പോൾ അങ്ങനെയൊരു പ്രശ്നമില്ലേ?

ടൊവീനോ: കഴിഞ്ഞ നവംബറിൽ ഷൂട്ടിങ് തീർന്ന സിനിമയാണ് ‘ആൻഡ് ദി ഓസ്കർ ഗോസ് ടു.’ മാർച്ച്– ഏപ്രിൽ മാസങ്ങളില്‍ ‘ലൂക്ക’യിൽ അഭിനയിച്ചു. അതുകൊണ്ട് ഒരു കഥാപാത്രത്തിൽ നിന്ന് അടുത്തതിലേക്കു മാറാൻ ആവശ്യമായ സമയം കിട്ടുന്നുണ്ട്. പക്ഷേ, രണ്ടു സിനിമയും റിലീസായത് ഒരാഴ്ചയുടെ വ്യത്യാസത്തിലാണ്.

ഇതുവരെ ചെയ്ത 32 കഥാപാത്രങ്ങളും ഉള്ളില്‍ തന്നെയുണ്ട്. ഇപ്പോഴും മായാനദി കാണുമ്പോൾ ഞാൻ മാത്തനാകും. ഗപ്പി കാണുമ്പോൾ തേജസ് വർക്കിയാകും. തീവണ്ടി കാണു മ്പോൾ ബിനീഷാകും. ഈ കഥാപാത്രങ്ങളിലെല്ലാം ഞാനുണ്ട്. എനിക്ക് അന്യമായ കഥാപാത്രങ്ങളൊന്നും ഇതുവരെ ചെയ്തിട്ടില്ല.

മഞ്ജു: കളക്‌ഷൻ റെക്കോഡുകളെക്കുറിച്ച് ചിന്തിച്ച് ബേജാറാകാറുണ്ടോ?

ടൊവീനോ: ഒരു സിനിമ ചെയ്യുമ്പോൾ ഞാൻ ആലോചിക്കുന്നത് മൂന്നു കാര്യങ്ങളാണ്. സിനിമയ്ക്കൊരു മിനിമം കലാമൂല്യം ഉണ്ടാകണം. എന്നെപ്പോലെ തന്നെ പ്രേക്ഷകർക്കും അതിൽ എന്റർടെയ്ൻമെന്റ് വാല്യൂ കണ്ടെത്താൻ കഴിയണം. പണം മുടക്കുന്നവര്‍ക്ക് മുടക്കുമുതൽ എങ്കിലും തിരിച്ചുകിട്ടണം. അതിനപ്പുറത്തേക്ക് കളക്‌ഷൻ റെക്കോർഡുകളോ കോടി ക്ലബുകളോ ഒരിക്കലും എന്റെ വിഷയമല്ല.

ഗ്യാപ്പില്ലാതെ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും മറ്റേതൊരു നടനും അയാളുടെ സിനിമയ്ക്കു കൊടുക്കുന്ന സമയവും തയാറെടുപ്പുകളും ഞാനും കൊടുക്കാറുണ്ട്. ലുക്കിലും ബോഡിയിലുമെല്ലാം ആവശ്യമായ മേക്കോവറുകൾ വരുത്തും. ഗപ്പിയില്‍ കണ്ട ടൊവീനോയെ ആണോ നിങ്ങൾ ഗോദയിൽ കണ്ടത്? ലൂക്കയിലെ ലുക്കിലാണോ ഞാൻ കൽക്കിയിൽ വന്നത്?

നവമി: സിനിമയുടെ കണ്ടന്റിനെക്കാൾ സിനിമ മുന്നോട്ട് വ യ്ക്കുന്ന രാഷ്ട്രീയം ചർച്ചയാകുന്ന കാലമാണ്. രാഷ്ട്രീയമായ ശരികള്‍ നോക്കിയാണോ സിനിമ ചെയ്യാറ്?

ടൊവീനോ: ചെയ്യുന്ന സിനിമകളെല്ലാം പൊളിറ്റിക്കലി കറക്ട് ആയിരിക്കണം എന്നത് നടക്കാത്ത കാര്യമാണ്. എന്റെ ശരികൾ ആയിരിക്കണം നിങ്ങളുടെ ശരി എന്ന് നിർബന്ധവുമില്ല. അതുകൊണ്ടു പൂർണമായും പൊളിറ്റിക്കലി കറക്ടായൊരു സിനിമ ചെയ്യാൻ സാധിക്കില്ല.

സ്ത്രീവിരുദ്ധനായ ഒരു െകാടും വില്ലന്റെ കഥാപാത്രം അഭിനയിക്കുമ്പോള്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്ന സീനിൽ ഞാൻ അഭിനയിക്കില്ല എന്നു വാശി പിടിക്കാന്‍ സാധിക്കുമോ? പക്ഷേ, ഇതൊന്നും ഗ്ലോറിഫൈ ചെയ്യാൻ ശ്രമിക്കില്ല.

എന്റെ സിനിമകളിലൂടെ ഞാൻ പറയുന്നതാകണമെന്നില്ല, എന്റെ രാഷ്ട്രീയം. മെക്സിക്കൻ അപാരതയിൽ ഇടതുപക്ഷമായി അഭിനയിച്ച ഞാൻ തന്നെയാണ് എബിസിഡിയിലും ലൂസിഫറിലും വലതുപക്ഷമായത്. എനിക്ക് അങ്ങനെ ഒരു പക്ഷമില്ല. സംവിധായകന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുക, അതാണ് എന്റെ ജോലി.

രേഷ്മ: ഷൂട്ടിങ്ങിനിടയിൽ അപകടം പറ്റുന്ന വിഡിയോ വൈറലായിരുന്നു. സംഘട്ടന രംഗങ്ങളില്‍ ഇത്രയധികം റിസ്ക് എടുക്കുന്നത് എന്തിനാണ്?

ടൊവീനോ : ‘ജാങ്കോ അൺചെയ്ൻഡ്’ എന്ന ഹോളിവുഡ് സിനിമയിൽ ലിയനാർഡോ ഡികാപ്രിയോ എന്ന നടൻ ഒരു മേശയിൽ കൈകൊണ്ട് അടിക്കുന്ന രംഗമുണ്ട്. അടിയുടെ ശക്തിയിൽ മേശയിലിരുന്ന പ്ലേറ്റ് പൊട്ടി അദ്ദേഹത്തിന്റെ കയ്യിൽ കുത്തിക്കയറി. കയ്യില്‍ നിന്നു നിർത്താതെ ചോരയൊഴുകിയിട്ടു പോലും അദ്ദേഹം ആ സീൻ അഭിനയിച്ചു മുഴുമിപ്പിച്ചു. അതാണ് സിനിമയോടുള്ള ആത്മാർഥത.

ചെറിയൊരു അപകടം മാത്രമാണ് എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ഷൂട്ടിനിടയിൽ സംഭവിച്ചത്. എല്ലാ മുൻകരുതലോടുംകൂടിയാണ് ആ സീൻ ഷൂട്ട് ചെയ്തത്. തീയണയ്ക്കാനുള്ള സജ്ജീകരണങ്ങളെല്ലാം തയാറാക്കിയിരുന്നു. ‍ഞാൻ തീയുടെ ഇടയിലൂടെ ഓടിവരുന്നൊരു ഫൈറ്റ് സീക്വൻസാണ്. മുഖം കാണേണ്ട ഷോട്ടായതു കൊണ്ട് ഡ്യൂപ്പിനെ ഉപയോഗിക്കാനും പറ്റില്ല. ഷൂട്ട് ചെയ്യുന്നതിനിടയിൽ പെട്ടെന്നൊരു കാറ്റടിച്ചു. അങ്ങനെ തീയാളിപ്പടർന്ന് എന്റെ മുഖത്ത് ചെറുതായിട്ടൊന്ന് ഉമ്മ വച്ചു. വേറെ കുഴപ്പമൊന്നുമുണ്ടായില്ല.

ഇതിന്‍റെ പേരിൽ ഇനി ഇത്തരം സീനുകള്‍ ഉപേക്ഷിക്കാന്‍ എനിക്കാകില്ല. പിന്നെ, ഈ ലോകത്ത് എന്നെ ഏറ്റവും സ്നേഹിക്കുന്നതു ഞാൻ തന്നെയാണ്. എന്റെ ജീവൻ എനിക്ക് അത്ര വിലപ്പെട്ടതാണ്. അതുകൊണ്ട് ജീവന്‍ പണയം വച്ചുള്ള റിസ്കുകളൊന്നും ചെയ്യില്ല.

tovino-2

അമിത: എന്തിനാണ് എല്ലാ സിനിമകളിലും ലിപ്‌ലോക് ?

ടൊവീനോ: ഞാൻ എത്ര സിനിമകളിൽ ഇതുവരെ ലിപ്‌ലോക് ചെയ്തിട്ടുണ്ട്?

അമിത: മായാനദി, ലൂക്ക, തീവണ്ടി, അഭിയുടെ കഥ, അനുവിന്റെയും.

ടൊവീനോ: ഈശ്വരാ, കൃത്യമായ കണക്കൊക്കെ സൂക്ഷിച്ചിട്ടുണ്ടല്ലോ. ഞാൻ കുറച്ച് ചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കാം.

അമിത: ഓകെ, ചോദിച്ചോളൂ.

ടൊവീനോ: ഞാൻ ഇതുവരെ എത്ര സിനിമകളിൽ കരഞ്ഞിട്ടുണ്ട്? എത്ര സിനിമകളിൽ വില്ലന്‍റെ മുഖത്ത് ഇടിച്ചിട്ടുണ്ട്? എത്ര സിനിമകളിൽ കോമഡി ചെയ്തിട്ടുണ്ട്?

അമിത: ഇത് പറ്റില്ല, ഇത് കള്ളക്കളിയാണ്. ഈ കളിക്ക് ഞങ്ങളില്ല.

ടൊവീനോ: ‘കൽക്കി’ സിനിമയിലെ ആക്‌ഷൻ സീനുകളില്‍ ഞാൻ ആളുകളെ ഇടിക്കുന്നത് എന്തിനാണെന്ന് ഇതുവരെ ആരും ചോദിച്ചിട്ടില്ല. പക്ഷേ, റൊമാന്റിക് സീനിൽ നായികയെ ഉമ്മ വച്ചാൽ അത് ചർച്ചയാകും.

സിനിമയിൽ വയലൻസ് കാണിക്കുന്ന സീനുകൾ കയ്യടിയോടെ കണ്ടിരിക്കുന്ന ആളുകള്‍ റൊമാൻസോ ചുംബനമോ കാണുമ്പോൾ അസ്വസ്ഥരാകും.

പത്തുനൂറ് ആളുകളുടെ മുന്നിൽവച്ച്, മറ്റേതൊരു സീനും പോലെ തന്നെ, അഭിനയമാണെന്ന പൂർണബോധ്യത്തോടെ ചെയ്യുന്നതാണ് ലിപ്‌ലോക് രംഗങ്ങളും. കഥയുടെയും കഥാപാത്രത്തിന്റെയും പൂർണതയ്ക്ക് അത്തരം രംഗങ്ങൾ വേണമെന്നു തോന്നുമ്പോൾ നടനെന്ന നിലയ്ക്ക് അതു ചെയ്തല്ലേ പറ്റൂ.

പവിത്ര: കൃഷിപ്പണിയോട് ഭയങ്കര ഇഷ്ടമാണോ? എപ്പോഴും പറയാറുണ്ടല്ലോ?

ടൊവീനോ: എന്റെ അപ്പൻ ഒരു വക്കീലാണ്. ഞങ്ങൾക്ക് നാട്ടിൽ കുറച്ച് കൃഷിയുണ്ട്. ഇപ്പോഴും കോടതിയിൽ നിന്നു വന്നാലുടനെ അപ്പൻ നേരെ പറമ്പിലേക്ക് ഇറങ്ങും. വൈകുന്നേരം വരെ അവിടെ പണിയെടുക്കും. 30 വയസ്സുള്ള എന്റെ ഇരട്ടി ആരോഗ്യമുണ്ട്, 60 കഴിഞ്ഞ അപ്പന്. പേസ്മേക്കര്‍ വച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും അപ്പനെ ബാധിക്കില്ല.

tovi

ആ അപ്പനെ കണ്ടാണ് ഞാൻ വളർന്നത്. ജനിച്ചപ്പോൾ മുതൽ കാണുന്നത് കൃഷിയാണ്. അതുകൊണ്ട് തന്നെ കൃഷിപ്പണി അത്ര ഇഷ്ടമാണ്. എന്നും ആശ്രയിക്കാവുന്ന, ഒരിക്കലും അന്യംനിന്നു പോകാത്തൊരു മേഖലയല്ലേ കൃഷി.

മഞ്ജു: പെൺകുട്ടികൾക്ക് ടൊവീനോയെ ഇത്ര ഇഷ്ടമാകാൻ എന്താകും കാരണം?

ടൊവീനോ: അതിനു മറുപടി ഞാനല്ലല്ലോ, നിങ്ങളല്ലേ പറയേണ്ടത്. നിങ്ങൾ തന്നെ പറയൂ, എന്താവും കാരണം?

നവമി: ആരെയും മോട്ടിവേറ്റ് ചെയ്യുന്ന ഈ സംസാരം

അമിത: ഈ ചിരി മാത്രം മതിയല്ലോ

ഫർഷ: ഒട്ടും സിനിമാപാരമ്പര്യം ഇല്ലാതിരുന്നിട്ടും സ്വന്തം അധ്വാനം കൊണ്ട് മുന്നിലെത്തി, സിനിമാമോഹികൾക്കു പ്രചോദനമായത്.

രേഷ്മ: ഭയങ്കര സിംപിളാണ്, ഹാൻസം ടൂ

മഞ്ജു: സ്റ്റാർഡം തീരെയില്ലാത്ത സംസാരം

പവിത്ര: ഈ പെരുമാറ്റം, എല്ലാവരോടുമുള്ള സ്േനഹം.

സഫിയ: ഇങ്ങനെ വളരെ കൂളായി സംസാരിക്കുന്നത്.

ടൊവീനോ: ഇതൊക്കെത്തന്നെ ആകും, അല്ലേ?

w2
Tags:
  • Celebrity Interview