Saturday 31 August 2024 04:45 PM IST

സിവിൽ സർവീസ് തോറ്റപ്പോൾ ഹാപ്പി, പിന്നാലെ വന്നത് ആ വലിയ സന്തോഷം: ഉപ്പും മുളകിലെ ഗൗരി പറയുന്നു

Anjaly Anilkumar

Content Editor, Vanitha

gouri-uppum-mulakum

‘സിനിമാമോഹം സഫലമായത് 19 വർഷത്തെ കാത്തിരിപ്പിനു ശേഷം. ചലച്ചിത്ര താരം എ.എസ്. ഗൗരിയുടെ വിശേഷങ്ങൾ‌

തരി ഉപ്പും മുളകും

എന്നെ മിക്കവരും തിരിച്ചറിയുന്നത് ‘ഉപ്പും മുളകി’ലെ ഗൗരിയായാണ്. തിരക്കഥാകൃത്ത് സുരേഷ് ബാബു ചേട്ടന്‍ വഴിയാണ് അവസരം കിട്ടിയത്. ഓഡിഷൻ ഉണ്ടായിരുന്നു. എന്നേക്കാള്‍ അൽപം മുതിർന്ന കഥാപാത്രമാണ്. സിലക്‌ഷൻ കിട്ടി എന്നറിഞ്ഞപ്പോൾ ഉറപ്പായും ചെയ്യണമെന്നാണ് വീട്ടുകാരും കൂട്ടുകാരുമൊക്കെ പറഞ്ഞത്. ആ തീരുമാനം ശരിയായിരുന്നു.

സുരാജ് വെഞ്ഞാറമ്മൂട് പ്രധാന വേഷത്തിലെത്തി, മുസ്തഫ സംവിധാനം ചെയ്യുന്ന മുറയാണ് റിലീസിനൊരുങ്ങുന്ന ചിത്രം.

ഇവർ എന്റെ സപ്പോർട് സിസ്റ്റം

തിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് അമ്പലത്തിൻകാല യിലാണ് എന്റെ വീട്. അച്ഛൻ അനിൽകുമാർ കടുത്ത സിനിമ പ്രേമിയാണ്. സിനിമ കാണുമ്പോൾ അച്ഛൻ പരിസരം മറക്കും. ഞാൻ അഭിനയ മോഹവുമായി നടന്നപ്പോൾ, അവസരം കിട്ടിയില്ലെങ്കിൽ എനിക്കു വിഷമമാകുമോ, ഭാവി എന്താകും എന്നൊക്കെയുള്ള ആശങ്കകൾ അച്ഛനും അമ്മ ഷീബയ്ക്കുമുണ്ടായിരുന്നു.

ഷൂട്ടിങ്ങിന് കൂട്ടുവരുന്നതൊക്കെ അപ്പൂപ്പൻ രവീന്ദ്രൻ നായരാണ്. ചേച്ചി ജയമോളും അനിയത്തി കാർത്തികയും എല്ലാത്തിനും കട്ട സപ്പോർട് നൽകി ഒപ്പമുണ്ട്.

സിവിൽ സർവീസ് തോറ്റപ്പോൾ ഹാപ്പി

ഫോറൻസിക് സയൻസിലായിരുന്നു ഡിഗ്രി. അതു കഴിഞ്ഞപ്പോൾ സിവില്‍ സര്‍വീസ് തയാറെടുപ്പുകളിലേക്കു തിരിഞ്ഞു. ഒ രു വര്‍ഷം നീണ്ട പരിശീലനം. ഫലം വന്നപ്പോൾ ചെറിയ മാർക്കിന് സംഗതി കയ്യിൽ നിന്നു പോയി. എന്തുകൊണ്ടെന്നറിയില്ല എനിക്കപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ നിമിഷം തിരിച്ചറിഞ്ഞു, അഭിനയമാണ് എന്റെ ജീവിതം എന്ന്.

ആയിടെയാണ് ‘ഗു’ സിനിമയുടെ അ ണിയറ പ്രവര്‍ത്തകയിൽ നിന്ന് മെസേജ് വരുന്നത്. ചെറിയ റോൾ ആയിരുന്നു. പക്ഷേ, ഒരു നിമിഷത്തേക്കാണെങ്കിലും എന്നെ സ്ക്രീനില്‍ കാണാമല്ലോ. ലൊക്കേഷനിലെത്തി അഞ്ചാം ദിവസമാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. 19 വർഷത്തെ കാത്തിരിപ്പ് സഫലമായ ദിനം. എന്റെ അഭിനയം ഇഷ്ടപ്പെട്ടതുകൊണ്ട് എന്റെ കഥാപാത്രത്തിനു കൂടുതല്‍ സീനുകളും ഒരു പാട്ടും കിട്ടി.

നാലാം വയസ്സിലേ അഭിനയമോഹം

കുട്ടിക്കാലത്തു തുടങ്ങിയ സിനിമാ മോഹമാണ്. പക്ഷേ, എങ്ങനെയാണ് അവിടേക്കെത്തിപ്പെടുക എന്നു പറഞ്ഞു തരാൻ ആരുമില്ലായിരുന്നു.

രണ്ടു വയസ്സുള്ളപ്പൊൾ ശ്രീകുമാരൻ തമ്പി സാറിന്റെ സീരിയലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് അച്ഛനും അമ്മയും പറഞ്ഞറിയാം. അതു ക ഴിഞ്ഞ് ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഭക്തിഗാന ആൽബത്തിൽ അഭിനയിച്ചു. അഭിനേതാക്കളെ എവിടെ ക ണ്ടാലും ‘എങ്ങനെയാണ് അഭിനയിക്കാന്‍ പറ്റുക’ എന്നു ചോദിച്ചു ഞാന്‍ പിന്നാലെ കൂടുമായിരുന്നു.

പ്ലസ് ടു ആയതോടെ അഭിനയമോഹം മടക്കി പോക്കറ്റില്‍ വച്ച്, പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

എല്ലാം മറന്ന് നൃത്തം ചെയ്യാം

നൃത്തം ചെയ്യുമ്പോഴാണ് മനസ്സ് കൂടുതൽ ആനന്ദിക്കുന്നത്. അ ഭിനയത്തിലും നൃത്തം സഹായിക്കുന്നുണ്ട്. മാർഷൽ ആർട്സും സ്പോർട്സുമാണ് മറ്റ് ഇഷ്ട മേഖലകൾ. കുങ്ഫുവും കിക്ക് ബോക്സിങ്ങും പഠിക്കുന്നുണ്ട്. ബുള്ളറ്റ് ഓടിക്കുന്നതാണ് മറ്റൊരു ഹോബി. അച്ഛന് ഒരു ബുള്ളറ്റുണ്ട്. ‘പഠിപ്പിക്കാമോ ’എന്നു ചോദിച്ചപ്പോൾ, ‘ബുള്ളറ്റ് ഇവിടുണ്ടല്ലോ, വേണമെങ്കിൽ ഒറ്റയ്ക്ക് പഠിക്കൂ’ എന്നാണ് അച്ഛൻ പറഞ്ഞത്. ആ വാശിപ്പുറത്തു സ്വയം പഠിച്ചെടുത്തതാണ്. സ്വപ്നം കണ്ടതെല്ലാം ചേർത്തുപിടിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ.

അഞ്ജലി അനിൽകുമാർ

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ