Tuesday 09 July 2019 03:03 PM IST

നായകനെ എഴുതാന്‍ പഠിപ്പിക്കുന്ന നായിക; ‘വാനമ്പാടികളുടെ’ യുദ്ധം സ്ക്രീനിൽ മാത്രം; ഓഫ് സ്ക്രീനിലെ മോഹനും പത്മിനിയും

Unni Balachandran

Sub Editor

vanambadi
ഫോട്ടോ: ബേസിൽ പൗലോ

ഇവിടെ നടക്കുന്നത് സാക്ഷരതാ പഠന ക്ലാസ് ആണെന്ന് തെറ്റിദ്ധരിക്കരുതേ. നായിക നായകനെ മലയാളം എഴുതാൻ പഠിപ്പിക്കുന്ന സീനാണ് നടക്കുന്നത്. ‘വാനമ്പാടി’ സീരിയലിലെ നായകൻ മോഹനെ അവതരിപ്പിക്കുന്ന ഹൈദരാബാദുകാരൻ സായ് കിരൺ ആണ് വിദ്യാർഥി. ടീച്ചറോ സീരിയലിൽ മോഹന്റെ ഭാര്യ പത്മിനിയെ അവതരിപ്പിക്കുന്ന സുചിത്രയും.

നായകൻ മോഹനും ഭാര്യ പത്മിനിയും തമ്മിലുള്ള യുദ്ധം സ്ക്രീനിൽ മാത്രമാണ്. സീരിയൽ കഴിയും മുൻപ് മലയാളം എഴുതാൻ പഠിക്കുമെന്ന് സ്വപ്നം കാണുന്ന മോഹന്, കളിയാക്കലുമായി കൂടെയിരിക്കുന്ന കൂട്ടുകാരിയാണിവിടെ സുചിത്ര.

സായ് : ‘അ’ എഴുതാനാ പ്രശ്നം, ബാക്കി ഞാൻ തകർക്കും.

സുചിത്ര : പിന്നെ, തകർത്ത് തകർത്ത് രണ്ട് ബുക് തീർന്നു.

സായ് : സ്‌റ്റാർട്ടിങ് ട്രബിൾ ആർക്കാണ് ഉണ്ടാകാത്തത്. തനിയെ മേക്കപ്പിടാൻ സുചിക്ക് നേരത്തെ അറിയാമായിരുന്നോ?

സുചിത്ര : ശരിയാണ്. അന്നാദ്യമായി സ്വയം മേക്കപ് ചെയ്ത് വന്നപ്പോൾ എല്ലാവരും എന്നെ കളിയാക്കി. ഇതെന്തു കോലമെന്നു ചോദിച്ചു. പക്ഷേ, നിങ്ങൾ മാത്രം എന്റെ കൂടെ നിന്നു.

സായ് : നിന്നത് മാത്രമാണോ. അന്ന് ഞാനല്ലേ കിടിലനായി മേക്കപ് ചെയ്തു തന്നത്.

സുചിത്ര : നല്ല ഒാർമയാണല്ലോ. അത് ഞാൻ ആദ്യായി മേക്കപ് ചെയ്തതു കൊണ്ട് കുളമായിപ്പോയതല്ലേ?

സായ് : ഇതേ കാര്യമല്ലേ ഞാൻ നേരത്തേ പറഞ്ഞത്. മലയാളം ഞാൻ തുടങ്ങിയിട്ടല്ലേ ഉള്ളൂ. പതിയെ ശരിയാകും.

സുചിത്ര : അല്ലായിരുന്നെങ്കിൽ തകർത്തേനെ?

സായ് :ഒരുമാതിരി കാര്യങ്ങളൊക്കെ നമുക്ക് പരിശീലനത്തിലൂടെ പഠിക്കാൻ കഴിയും. ഉദാഹരണത്തിനു ഞാൻ പാമ്പുകളെ പിടിക്കാൻ തുടങ്ങിയ കഥ പറയാം.

സുചിത്ര : ചുമ്മാ തള്ളല്ലേ, ഇത് വാവ സുരേഷ് ഒക്കെയുള്ള നാടാണ്.

സായ് : വാവ സുരേഷിന്റെ അത്രയൊന്നും ഇല്ല. പക്ഷേ, സത്യമായിട്ടും ഞാൻ ആയിരത്തില്‍ കൂടുതൽ പാമ്പുകളെ പിടിച്ചി ട്ടുണ്ട്, വിഡിയോ യുട്യൂബിലുണ്ട്.

സുചിത്ര : ശരി, വിശ്വസിച്ചു. കഥ പറയൂ.

സായ് : ഞാൻ പ്ലസ് ടു പഠിക്കുന്ന സമയം. സ്കൂളിൽ നിന്ന് തിരികെ വരുന്ന വഴി കുറേ ആളുകൾ റോഡിൽ പാമ്പിനെ തല്ലിക്കൊല്ലുന്നത് കണ്ടു. പാമ്പ് ഒറ്റയ്ക്ക്, അവരാണെങ്കിൽ എട്ട് പേരോളം ഉണ്ടായിരുന്നു. അതു കണ്ട് ഞാൻ ഓടിച്ചെന്നു പ റഞ്ഞു, അതിനെ കൊല്ലരുതെന്ന്. അപ്പോ എല്ലാവരും കൂടി എന്നെ കളിയാക്കി, പാമ്പിനെ ചെന്ന് രക്ഷിക്കാൻ പറഞ്ഞു. ഞാൻ അടുത്തു ചെന്നപ്പോൾ അതു ചീറ്റിക്കൊണ്ടു വന്നു. ഉടനെ നാട്ടുകാര്‍ എല്ലാവരും ചേർന്ന് തലയ്ക്കടിച്ചു, അതിന്റെ ചോര തെറിച്ചു. പാമ്പിനേക്കാൾ അപകടകാരികൾ മനുഷ്യരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ ഇനിയുള്ള ജീവിതം പാമ്പുകളുടെ സംരക്ഷണത്തിനു കൂടെ വേണ്ടിയെന്ന് തീരുമാനിച്ചു.

v1

ഞങ്ങൾ കുറച്ച് പേർ ചേർന്ന് ‘ഫ്രണ്ട്സ് ഒഫ് സ്നേക് സൊസൈറ്റി’ എന്ന പേരിൽ ഹൈദരാബാദിൽ ഒരു സംഘമുണ്ട്. വനംവകുപ്പുമായി ചേർന്നാണ് പ്രവർത്തനങ്ങൾ. പലയിടത്തു നിന്നായി രക്ഷപ്പെടുത്തുന്ന പാമ്പുകളെ കാട്ടിൽ തുറന്നു വിടും.

സുചിത്ര : ഗംഭീരം തന്നെ. ഇങ്ങനെയുള്ള ഒരൊറ്റ കഥ പോലും എന്നോട് ചോദിക്കരുതു കേട്ടോ. ചെറുപ്പം മുതലേ ഡാൻസ് ക്രേസുള്ളതുകൊണ്ട് അതിന്റെ പിറകേ ആയിരുന്നു. ഡാൻസ് വഴി സീരിയലിൽ അവസരം കിട്ടി. അല്ല, പാമ്പുകളോടുള്ള സ്നേഹത്തിനിടയിൽ സായ് എപ്പോഴാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്?

സായ് : എന്റെ മുത്തശ്ശിയാണ് ഗായിക പി. സുശീല. അച്ഛൻ വി. രാമകൃഷ്ണൻ തെലുങ്കിലെ പ്രശസ്തനായ പാട്ടുകാരൻ.സുചിത്ര : ഈശ്വരാ, ചോദിക്കേണ്ടായിരുന്നു.

സായ് : തുടങ്ങിയിട്ടേയുള്ളൂ...

സുചിത്ര : ഇനിയുമുണ്ടോ?

സായ് : കുടുംബത്തിലെ ഒരു കല്യാണം ക്ഷണിക്കാൻ ഞാൻ അച്ഛന്റെ കൂടെപ്പോയിരുന്നു, അന്ന് ഒൻപതാം ക്ലാസിൽ ആണ് പഠിക്കുന്നത്.

ജയപ്രദ, ജയസുധ അങ്ങനെ അന്നത്തെ താരങ്ങളുടെയും സിനിമാപ്രവർത്തകരുടെയും വീട്ടിലെല്ലാം വിവാഹ ക്ഷണവുമായി അച്ഛനൊപ്പം പോകുമായിരുന്നു. രജനീകാന്തിനെ ‘ഉഴൈപാളി’ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പോയാണ് കണ്ടത്. എന്നെ കണ്ടപ്പോൾ ചൈൽഡ് ആർടിസ്റ്റ് ആണോയെന്നു രജനി സാർ ചോദിച്ചു. എനിക്ക് വലിയ സന്തോഷമായി. അതൊരു ലക്ഷ്യമായി ഉള്ളിലങ്ങനെ കിടന്നു.

സുചിത്ര : രജനീകാന്ത് പറഞ്ഞു കഴിഞ്ഞാൽ പിന്നെയിനി എന്ത് വേണം?

സായ് : ഗ്രാജ്വേഷൻ വേണം. അത് കഴിഞ്ഞ് മതി അഭിനയമൊക്കെ. അതായിരുന്നു അച്ഛന്റെ നിബന്ധന. അങ്ങനെ ബിരുദം പൂർത്തിയാക്കുന്നതു വരെ അഭിനയമോഹം ഉള്ളിലൊതുക്കി നടന്നു. എന്റെ ആദ്യ സിനിമയ്ക്കുമുണ്ട് ഒരു മലയാളം കണക്‌ഷൻ. ഇവിടെ സൂപ്പർഹിറ്റായ ‘നിറം’ സിനിമയുടെ തെലുങ്ക് റീമേക്ക് ‘നുവ്വേ കാവാലി’ ആണ് ആദ്യ സിനിമ. ‘നിറ’ത്തിൽ ബോബൻ ആലുമൂടൻ ചെയ്ത വേഷമാണ് ഞാൻ തെലുങ്കിൽ ചെയ്തത്. സിനിമ വൻ ഹിറ്റായി. പിന്നെ, തമിഴിലും അവസരം കിട്ടി.

സുചിത്ര : ഒന്നും വിചാരിക്കരുത്. കഴിഞ്ഞ ദിവസം ഞാൻ 24,000 ലീറ്റർ വെള്ളത്തിൽ കുളിച്ചു.

v3
അച്ഛൻ വിക്രമൻ നായർക്കും ജ്യേഷ്ഠൻ സൂരജിനും അമ്മ പ്രസന്നയ്ക്കുമൊപ്പം സുചിത്ര

സായ് : 24,000 ലീറ്ററോ?

സുചിത്ര : അതെ, നമ്മുടെ സീരിയലിന്റെ ഷൂട്ടിങ്ങിൽ മഴ സീനായിരുന്നു. രണ്ടു വലിയ ടാങ്കറിൽ വെള്ളം നിറച്ച് ഒരുപാട് നേരം ഷൂട്ട് ചെയ്തു. രണ്ട് ടാങ്കറിലെ കൂടെ വെള്ളം 24,000 ലീറ്ററുണ്ടായിരുന്നുവെന്നാ ഡ്രൈവർ ചേട്ടൻ പറഞ്ഞത്. ഇത്ര മഴ നനഞ്ഞിട്ടും എനിക്കൊന്നും പറ്റിയതുമില്ല.

സായ് : അല്ല, ഇപ്പൊ ഇതെന്തിനാ പറയുന്നത് ?

സുചിത്ര : പിന്നെ, നിങ്ങള് മാത്രം വലിയ സംഭവമാണെന്നു പറയുന്നത് എത്ര നേരമാ കേട്ടോണ്ടിരിക്കുന്നത്. അത് കൊണ്ട് ഞാനിത്തിരി കൂട്ടിപ്പറഞ്ഞുവെന്നേയുള്ളൂ.

സായ് : കൂട്ടിപ്പറഞ്ഞാലും കുറച്ചു പറഞ്ഞാലും പരസ്പര ബന്ധം വേണ്ടേ, പറയുന്ന കാര്യത്തിന്.

സുചിത്ര : ഇവിടെ, കേരളത്തിൽ ‘തള്ളുന്ന’ കാര്യത്തിൽ മാത്രം ഞങ്ങളൊരു ബന്ധവും നോക്കാറില്ല. പിന്നെയല്ലേ, പരസ്പര ബന്ധം.

സായ് : അതു ഞാനറിഞ്ഞില്ല. ഒരു ഭംഗിക്ക് പറഞ്ഞുവെന്നേയുള്ളൂ.

സുചിത്ര : എന്നാൽ ഭംഗിക്ക് ഒരു കാര്യം അങ്ങോട്ട് ചോദിക്കട്ടെ.

സായ് : എന്തിനാണ് മുഖവുര?

സുചിത്ര : ഇത്രയും പാമ്പിനെ പിടിക്കാൻ പോയിട്ട് അപകടമൊന്നും പറ്റിയിട്ടില്ലേ?

സായ് : ദുഷ്ടേ... ഭയങ്കരമായി പേടിച്ചുപോയ ഒരു സംഭവമുണ്ടായിട്ടുണ്ടെന്ന് അല്ലാതെ അപകടമൊന്നും ഭാഗ്യത്തിന് പ റ്റിയിട്ടില്ല.

സുചിത്ര : കാട്ടാനയുമായി മൽപിടിത്തം നടത്തിയതാണോ ?

സായ് : കാട്ടാനയെ കിട്ടിയില്ല. പക്ഷേ, കാട്ടിൽ വച്ചുള്ളൊരു സംഭവം തന്നെയാ.

സുചിത്ര : എനിക്കറിയാം അവസാനം ഇങ്ങനെ വല്ലതുമായിരിക്കുമെന്ന്. പറഞ്ഞോളൂ

സായ് : പിടിച്ച പാമ്പിനെ തിരിച്ച് കാട്ടിൽ കൊണ്ടുവിടുന്ന പ രിപാടിയുണ്ട്. ഞങ്ങൾ ‘ഫ്രണ്ട്സ് ഒഫ് സ്നേക് സൊസൈറ്റിയുടെ’ ഭാഗമായതുകൊണ്ട് കാട്ടിൽ ചെന്ന് പാമ്പിനെ വിടാൻ ഫോറസ്റ്റ്കാര് സമ്മതിക്കും. അവരുടെ റെയ്ഞ്ചർ കൂടെ വരുമെന്നേയുള്ളൂ. അങ്ങനെ ബാഗിൽ പാമ്പുമായി ഞങ്ങൾ കാട്ടിനുള്ളിലെ ‘പുലി ചെരുവ് ’ എന്ന സ്ഥലത്തേക്കു പോയി. അവിടെയാണ് പുലിയിറങ്ങുന്ന സ്ഥലം.

സുചിത്ര : ഇതെന്തോന്ന് ആനിമൽ പ്ലാനറ്റിൽ ‘സഞ്ചാരം’ അ വതരിപ്പിക്കുന്ന പോലെയാണല്ലോ?

സായ് : അവിടെ വച്ച്് സിഗരറ്റ് വലിക്കരുതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.

സുചിത്ര : അതെന്താ പുലിയുടെ ശ്വാസകോശം സ്പോഞ്ച് പോലെയാകുമോ?

സായ് : അതല്ലടോ, പുതിയ മണം കാട്ടിലുള്ള മൃഗങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാനാകും. അതിനിടയിൽ എന്റെ കൂട്ടുകാരനൊരു സാൻവിച്ച് കഴിക്കുക കൂടെ ചെയ്തു.

സുചിത്ര : അടിപൊളി, എന്നിട്ട്?

v2
അച്ഛൻ രാമകൃഷ്ണനും അമ്മ ജ്യോതിക്കും സഹോദരി ലേഖയ്ക്കുമൊപ്പം സായ്കിരൺ

സായ് : എല്ലാ പാമ്പിനെയും ഒരേ സ്ഥലത്ത് വിടാൻ പാടില്ല. അതുകൊണ്ട് കുറച്ചധികം ദൂരം നടന്നിട്ടാണ് ഞങ്ങൾ പാമ്പിനെ വിട്ടോണ്ടിരുന്നത്. ലാസ്റ്റ് രണ്ട് ബാഗ് കൂടെയെ ഉള്ളായിരുന്നു. അപ്പോഴാണ് റെയ്ഞ്ചർ കലപില സംസാരിച്ചു കൊണ്ടിരുന്ന എന്റെ കൂട്ടുകാരന്റെ വാ പെട്ടെന്ന് പൊത്തിയത്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കു മനസ്സിലായില്ല. റെയ്ഞ്ചർ ചുണ്ടി കാണിച്ചിടത്തോട്ട് നോക്കിയപ്പോഴാണ് അവിടെയൊരു കരടി നിൽക്കുന്നത് കണ്ടത്.

സുചിത്ര : നിങ്ങൾടെ ശബ്ദവും സിഗരറ്റിന്റെ മണവുമൊക്കെ മനസ്സിലാക്കി വന്നതാണോ?

സായ് : അതെ, ഞങ്ങളാകെ പേടിച്ചു, റെയ്ഞ്ചറും. പുള്ളി ആദ്യമേ ഓടി, ഞാൻ അപ്പോഴും അവസാനത്തെ രണ്ട് ബാഗ് കൂടെ തുറക്കാൻ നോക്കുവായിരുന്നു. അപ്പോഴേക്കും കരടി ഞങ്ങളെ കണ്ട സ്ഥലത്തേക്ക് ഓടാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് രണ്ടു ബാഗിലെയും പാമ്പിനെ തുറന്ന് വിട്ട് ഞാനും ഓടി ട്രാവലറിൽ കയറി. നോക്കുമ്പോൾ കരടി തൊട്ടു പിന്നിൽ. ആ പാമ്പിനെയെല്ലാം കൂടെ പെട്ടെന്ന് കണ്ടപ്പോ കരടിക്കുണ്ടായ ര ണ്ട് മിനിറ്റ് ‘ഡിലേ’. അതിലാണ് ഞങ്ങൾ രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കിൽ ഈ കഥ വെളിച്ചം കാണില്ലായിരുന്നു..

സുചിത്ര : കേട്ടിട്ടു തന്നെ പേടിയാകുന്നു. അല്ല, അച്ഛൻ പ റഞ്ഞിട്ട് ഏത് വിഷയത്തിലാ ഗ്രാജ്വേഷൻ എടുത്തത്?

സായ് : ഹോട്ടൽ മാനേജമെന്റ് ഗോൾഡ് മെഡലിസ്റ്റാണ് ഞാൻ.

സുചിത്ര : ദൈവമെ, അതും പോയി. നിങ്ങൾക്ക് എവിടെയെങ്കിലും ഒന്നുഴപ്പി കൂടെ.

സായ് : ഉഴപ്പിയിരുന്നെങ്കിൽ ഹൈദരാബാദി ബിരിയാണി കിട്ടുമായിരുന്നോ സുചീ?

സുചിത്ര: കറക്ട്. അതൊരു വല്യ സർപ്രൈസായിരുന്നു കേട്ടോ. ഹൈദരാബാദി ബിരിയാണി കഴിച്ചിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ച് ഇവിടുന്ന് സായ് നാട്ടിലേക്ക് പോയപ്പോൾ സത്യത്തിൽ ഞാനൊന്നും പ്രതീക്ഷിച്ചില്ല. പക്ഷേ, അന്ന് നാട്ടിൽ നിന്നു കൊണ്ടു വന്ന ബിരിയാണി ഉണ്ടല്ലോ. എന്തൊരു ടേസ്റ്റ് ആയിരുന്നു.

സായ് : വെറുതെയാണോ ഗോൾഡ് മെഡലിസ്റ്റ് ആയത്.

സുചിത്ര : ഏതായിരുന്നു അവിടുത്തെ സ്പെഷൽ ഡിഷ്?

സായ് : അങ്ങനെ സ്പെഷൽ ഐറ്റമൊന്നുമില്ല. ഓവറോൾ പെർഫോമൻസിനായിരുന്നു മാർക്ക്. പിന്നെ, സ്പെഷലായി എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ, എന്റെ അ മ്മയുടെ പഴയ ട്രിക് കോപ്പിയടിച്ച കഥ പറയേണ്ടി വരും.

സുചിത്ര : ഹോ, ഒരെണ്ണം എങ്കിലും കോപ്പിയാണല്ലോ...

സായ് : പണ്ട് അമ്മ ഇഡ്ഡലിയുണ്ടാക്കിയിട്ട് ബാക്കി വന്നാൽ അത് ഫ്രിജിൽ വയ്ക്കും. എന്നിട്ടു വൈകിട്ട് ചെറിയ പീസാ യി കട്ട് ചെയ്ത്, ഫ്രൈ ആക്കി ഞങ്ങൾക്കു കഴിക്കാൻ തരും, അടിപൊളി ടേസ്റ്റാണ്.

അന്ന് ആ ഡിഷിന് അമ്മ പേരൊന്നും ഇട്ടില്ല. ഞാൻ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്ന സമയത്ത്് പുറത്ത് ഇങ്ങനയൊരു ഭക്ഷണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനിത് കോളജിൽ പ്രസന്റ് ചെയ്ത് കയ്യടി വാങ്ങിച്ചു. പക്ഷേ, ഇപ്പോൾ ‘ഫ്രൈഡ് ഇഡ്ഡലി’ പോപ്പുലർ ഐറ്റമാണ്. കേരളത്തിൽ തന്നെ പലയിടത്തും മെനുകാർഡിൽ ‘ഫ്രൈഡ് ഇഡ്ഡലി’ കണ്ടിട്ടുണ്ട്. പക്ഷേ, അമ്മ ഉണ്ടാക്കുന്ന ആ ടേസ്റ്റ് വേറെ എങ്ങു നിന്നും കിട്ടിയിട്ടില്ല.

സുചിത്ര : മലയാളം സായിക്ക് എഴുതാൻ അറിയില്ല, സമ്മതിച്ചു. പക്ഷേ, ഇത്രയും നന്നായി സംസാരിക്കാൻ എങ്ങനെയാണ് പഠിച്ചത്. അതും ഈ കുറഞ്ഞ കാലയളവ് കൊണ്ട്.

സായ് : അതൊരു സീക്രട്ടാ?

സുചിത്ര : മലയാളം പാട്ടുകൾ കേട്ട് പഠിച്ചതാണോ?

സായ് : ഏയ്, അല്ല... ചെറിയ ടൈമിലല്ലായിരുന്നു പഠിത്തം.

സുചിത്ര : അതെന്താ അങ്ങനെ?

സായ് : എന്റെ ഫസ്റ്റ് ലവർ ഒരു മലയാളിയായിരുന്നു...

സുചിത്ര : അപ്പോ, പിന്നെ കൂടുതലൊന്നും പറയാനില്ല. പിന്നെ, എഴുതാൻ പഠിക്കാഞ്ഞതെന്താ?

സായ് : അതിന് മുൻപ് പ്രേമം പൊളിഞ്ഞു.

സുചിത്ര : ആഹാ, ഒന്നുമില്ലെങ്കിലും ഒരു ഭാഷ പഠിപ്പിച്ചിട്ടാണല്ലോ ആ പെൺകൊച്ച് പോയതെന്നോർത്ത് സന്തോഷിക്കാം.