Friday 13 November 2020 03:14 PM IST

‘ദൈവവിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യങ്ങളിലും ഞാനും അപ്പയും തമ്മിൽ ചേരില്ല’; മനസ്സ് തുറന്ന് വിജയ് യേശുദാസ്

Sujith P Nair

Sub Editor

vijattyy5677
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ,െലാക്കേഷന്‍: ചോപ് േഷാപ്, പനമ്പള്ളി നഗര്‍, െകാച്ചി.

മുടിയും താടിയും നീട്ടിവളർത്തി, കട്ടിക്കണ്ണട വച്ച് പക്കാ വെസ്‌റ്റേൺ ലുക്കിലാണ് വിജയ് യേശുദാസ്. ഒറ്റ നോട്ടത്തിൽ റഫ് ആൻ‍ഡ് ടഫ്. പക്ഷേ, കണ്ണട മാറ്റിയാൽ ആ കണ്ണുകളിലെ നിഷ്കളങ്കത തെളിയും. സംസാരിച്ചു തുടങ്ങുമ്പോൾ വാക്കുകളിൽ കുസൃതി നിറയും. സെൽഫി ചോദിച്ചു വരുന്നവരെ ചേർത്തു നിർത്തി ‘നിന്റെ പേരെന്താടാ’ എന്നു ചോദിച്ചു ചിരിച്ച് പോസ് ചെയ്യുമ്പോൾ വിജയ് തനി കൊച്ചിക്കാരൻ ആകും. 

അപ്പ മലയാളം സിനിമയിൽ പാടില്ല എന്ന തീരുമാനത്തെ പിന്തുണച്ചോ?

എന്റെ തീരുമാനങ്ങളെല്ലാം എന്റേതു മാത്രമാണ്. പാട്ടും അഭിനയവും ബിസിനസുമെല്ലാം ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതം ചോദിച്ച് തീരുമാനങ്ങളെടുക്കാൻ പറ്റുമോ. യേശുദാസ് ലെജൻഡ് ആണ്. വർഷങ്ങളായി അദ്ദേഹം ആർജിച്ച് എടുത്തതാണ് ആ സ്ഥാനം. ഞാൻ എന്തു ചെയ്താലും അതിന് ഒരു പോറൽ പോലും ഏൽക്കില്ല. എസ്പിബിയുടെ മകൻ ചരൺ, ഗായകൻ എന്നതിനേക്കാൾ സിനിമാനിർമാണം അടക്കം മറ്റു പല മേഖലകളിലുമാണ് തിളങ്ങുന്നത്. അതു മോശമാണെന്ന് ആരെങ്കിലും പറയുമോ. അപ്പയുടെ രീതിയിൽ ഞാനും ജീവിക്കണമെന്ന് ആരും നിർബന്ധം പറയാറില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഉൾക്കൊള്ളാറുണ്ട്. പക്ഷേ, എല്ലാത്തിനും അപ്പയുടെ അനുവാദം ചോദിക്കുന്ന മകനല്ല ഞാൻ. 

മുൻപ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അപ്പയുടെ അനുവാദം വാങ്ങിയോ എന്നു ചിലർ ചോദിച്ചു. അപ്പയെ അക്കാര്യം അറിയിച്ചിരുന്നു, അനുവാദം ചോദിക്കാനൊന്നും നിന്നില്ല. ഇത്രയും പ്രായം ആയിട്ടും അനുവാദം വാങ്ങാനൊക്കെ നിന്നാൽ പിന്നെ, ഞാൻ ഒരു അച്ഛനാണെന്ന് പറയുന്നതിൽ എന്തർഥം. ദൈവവിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യങ്ങളിലും ഞാനും അപ്പയും തമ്മിൽ ചേരില്ല. 

vijay55664dffg445

ദാസേട്ടന്റെ മകൻ ദൈവവിശ്വാസി അല്ലെന്നാണോ ?

അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉണര്‍ത്തുന്നതും  ഉറക്കുന്നതും അപ്പയാണ്. കച്ചേരിക്കു മുൻപ് പ്രത്യേക വ്രതചിട്ടയും ഉണ്ട്. എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണം എന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്. പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റെയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തിൽ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോൾ അഞ്ചു വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്.

പ്രാർഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവും ഇല്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നമ്മുടെ സ്വർണമാല കളഞ്ഞു പോയെന്ന് കരുതുക. അതു കിട്ടാൽ വഴിപാടും നേർച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോൾ അതു കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാടു കഴിക്കാൻ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോർത്തു നോക്കൂ. അത് മുൻപും അവിടെത്തന്നെ ഇരിപ്പില്ലേ. വഴിപാടും നേർച്ചയും നേരുമ്പോൾ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോ.  

കയ്യിൽ ധാരാളം പണം വരാൻ വേണ്ടി ദിവസവും പ്രാർഥിക്കണം എന്നൊക്കെ പറയുന്നത് എന്തു ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനർജി ഉണ്ടെന്നു വിശ്വസിക്കുന്നു, നമ്മളെ പോസിറ്റീവാക്കുന്ന എനർജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ വേണം പരിഹരിക്കാൻ. 

ഇത് അച്ചടിച്ചു വരുമ്പോൾ എനിക്ക് വീട്ടിൽ നിന്നു കണക്കിന് കിട്ടും. എന്റെ അടുത്ത സുഹൃത്താണ് വ്ലോഗർ കൂടിയായ ശരത് കൃഷ്ണൻ. വലിയ ഗുരുവായൂരപ്പൻ ഭക്തനാണ്. അവനെ കാണുമ്പോൾ അമ്മ ചോദിക്കും, ‘കൂട്ടുകാരനെ ഒന്ന് ഉപദേശിച്ചു കൂടേ’ എന്ന്. അവനറിയാം എന്നെ ഉപദേശിച്ചിട്ടൊന്നും കാര്യമില്ലെന്ന്. 

Tags:
  • Celebrity Interview
  • Movies