Tuesday 09 May 2023 03:24 PM IST

‘അമ്മയായിരുന്നു ഏറ്റവും വലിയ പിന്തുണ; അമ്മയ്ക്കു സുഖമില്ലാതായപ്പോൾ രണ്ടു വർഷം ഞാൻ സിനിമ ചെയ്യാതെ ഒപ്പം നിന്നു’ വിജയകൃഷ്ണൻ

Shyama

Sub Editor

vijayakrishnan-mother-malayalam-movie-actor-cover വിജയകൃഷ്ണനും അമ്മയും (ആൽബം), വിജയകൃഷ്ണൻ ; ഫോട്ടോ : റോബർട്ട് വിനോദ്

എന്റെ അച്ഛന്റെ പേര് ബാലകൃഷ്ണൻ, അമ്മ വിജയലക്ഷ്മി. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മയായിരുന്നു ഏറ്റവും വലിയ പിന്തുണ. ഒരു പാവം വീട്ടമ്മയായിരുന്നു. പക്ഷേ, മരിക്കുന്നതിന് മുൻപു ചില മാനസിക ബുദ്ധിമുട്ടുകൾ വന്നു. പെട്ടെന്ന് ദേഷ്യപ്പെടുക, ആളുകളുമായി വഴക്കുണ്ടാക്കുക അങ്ങനെ. ആ സമയത്തു പലരും ‘അമ്മയ്ക്കു മാനസികപ്രശ്നമുണ്ടല്ലേ’ എന്നൊക്കെ പറഞ്ഞു കളിയാക്കിയിരുന്നു. അന്നതു വലിയൊരു ട്രോമയായിരുന്നു. ഇന്നാണെങ്കിൽ ഞാൻ അത്തരക്കാരെ നേരിടുക കുറച്ചൂ കൂടി പക്വമായിട്ടാകും.

അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ രണ്ടു വർഷം ഞാൻ സിനിമ ചെയ്യാതെ ഒപ്പം നിന്നു. അന്ന് അമ്മയോടു ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. അസുഖം വന്നതോടെ മുൻപു കിട്ടാത്ത പരിഗണന വരെ പറഞ്ഞു കരയും. കുഞ്ഞാവ എന്നാണ് അന്ന് അമ്മയെ വിളിച്ചിരുന്നത്. ഞാൻ അച്ഛനായും അമ്മ മകളായും മാറിയൊരു കാലം. അമ്മയെ കുളിപ്പിക്കുക, ഉടുപ്പിടീപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി പലതും ചെയ്തു. പക്ഷേ, ദേഷ്യപ്പെട്ടതോർക്കുമ്പോൾ ഇന്നും കരച്ചിൽ വരും. 2019ല്‍ അമ്മ മരിച്ചു.

vijayakrishnan-mother-malayalam-movie-actor-vanitha വിജയകൃഷ്ണൻ ; ഫോട്ടോ : റോബർട്ട് വിനോദ്

അമ്മയുടെ മരണശേഷമാണു ഹൃദയം എന്ന സിനിമ വരുന്നത്. അച്ഛനും അമ്മയും അദൃശ്യശക്തികളായി ഒപ്പം നടക്കുന്നു എന്ന വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു. മലപ്പുറം പൂക്കോട്ടുംപാറയാണു സ്വദേശം. ചുറ്റും ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. നാട്ടുകാരും സിനിമാ സുഹൃത്തുക്കളുമൊക്കെയാണ് എന്റെ കരുത്ത്.

സിനിമയോടുള്ള ഇഷ്ടം കൊണ്ടു സിനിമയിലേക്ക് എത്തിയ ആളാണു ഞാൻ. ചെറുപ്പം തൊട്ടേ കലാരംഗത്തു സജീവമായിരുന്നു. എട്ടാം ക്ലാസ്സിൽ മലപ്പുറം ജില്ലാ കലോത്സവത്തിൽ മിമിക്രിക്കു രണ്ടാം സ്ഥാനം കിട്ടി. അന്നതു വാർത്തയായിരുന്നു. പത്തിൽ പഠിക്കുമ്പോഴാണു സിനിമയിലേക്കുള്ള അവസരം വരുന്നത്. അത്ഭുതദ്വീപ് എന്ന സിനിമ വഴി.’’ ഹൃദയം, മാളികപ്പുറം, വേദ തുടങ്ങിയ സിനിമകളിലൂടെ ഇന്നു മലയാളിക്കു പരിചിതനായ വിജയകൃഷ്ണൻ ഫറയുന്നു. വിജയകൃഷ്ണന്റെ സിനിമയിലേക്കുള്ള വഴിയെ കുറിച്ചും അഭിനയത്തോടുള്ള അടങ്ങാത്ത താൽപര്യത്തെ കുറിച്ചും വിശദമായ അഭിമുഖം മേയ് ഒന്നാം ലക്കം വനിതയിൽ.

vijayakrishnan-actor-poster