Thursday 19 October 2023 04:17 PM IST

‘സോപ്പിനു പകരം കടലമാവും മഞ്ഞളും ചേർന്ന സൗന്ദര്യക്കൂട്ട്, ഇഷ്ടം കൈത്തറി സാരിയും വെള്ളി വളകളും’: ഉമ്മച്ചിയുടെ സൗന്ദര്യരഹസ്യം

Rakhy Raz

Sub Editor

viji-venkitesh

പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ ലൈല എന്ന കഥാപാത്രമായാണ് വിജി വെങ്കിടേശിനെ മലയാളികൾ ശ്രദ്ധിക്കുന്നത്. വിനീത് അവതരിപ്പിച്ച റിയാസ് എന്ന കഥാപാത്രത്തിന്റെ ഉമ്മച്ചിയായി വിജി തിളങ്ങി. ഒരു സിനിമാതാരത്തെക്കാൾ തിളക്കമുള്ള കരിയറാണ് വിജിക്ക് ഉളളതെന്നു തിരിച്ചറിയുന്നവർ ചുരുക്കമാണ്. മാക്സ് ഫൗണ്ടേഷൻ എന്ന ആഗോള ആരോഗ്യപ്രവർത്തക സംഘടനയുടെ ഏഷ്യൻ റീജ്യണൽ ഹെഡ് ആയ വിജി വെങ്കിടേശിന്റെ ജീവിതം അനുഭവങ്ങൾ കൊണ്ട് ആർക്കും പാഠപുസ്തകമാണ്.

ഇത്രയും തിളക്കമാർന്ന കരിയറിനുടമയാണ് എന്നതു പലർക്കും അറിയില്ല?

കാൻസർ രോഗികൾക്കു വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. ഫാക്ടറി ജോലിക്കാർ, മില്ലിൽ ജോലി ചെയ്യുന്നവർ ഇവർക്കിടയിലിറങ്ങി കാൻസറിനു കാരണമാകുന്ന ദുഃശീലങ്ങൾ ഒഴിവാക്കാൻ പ്രേരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. സ്ത്രീകളോട് സ്തനാർബുദത്തെക്കുറിച്ചും ഗർഭാശയ കാൻസർ എത്രയും നേരത്തേ കണ്ടുപിടിച്ചു ചികിത്സിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു.

ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ കാൻസർ പ്രതിരോധ വിഭാഗത്തിൽ 1987 ൽ ജോലി ലഭിക്കുന്നതോടെയാണ് എന്റെ കരിയർ സാമൂഹിക പ്രവർത്തനം ആണെന്ന് ഉറപ്പിക്കുന്നത്. കാൻസർ രംഗത്തെക്കുറിച്ച് സമഗ്രമായ അറിവ് അവിടെ നിന്നു ലഭിച്ചു. അനുഭവങ്ങളിലൂടെ കണ്ടും അറിഞ്ഞും പലതും പഠിച്ചു. പിന്നീട് മാക്സ് ഫൗണ്ടേഷനിലേക്കെത്തി.

അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ലെങ്കിലും മ ലയാള സിനിമകൾ ഞാൻ കാണാറുണ്ട്. വിനീതിന്റെയും ഫഹദിന്റെയുമെല്ലാം. എന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടാണ് പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിത സമീപിക്കുന്നത്. ആദ്യം ഒഴിയാനാണു ശ്രമിച്ചത്. സംവിധായകൻ അഖിൽ സത്യൻ നിർബന്ധിച്ചപ്പോൾ പരീക്ഷിക്കാമെന്നു കരുതി. അങ്ങനെ ലൈല എന്ന ഉമ്മച്ചിയായി. മലയാള സിനിമയുടെയും മലയാളി പ്രേക്ഷകരുടെയും ദീദി ആയി.

സാമൂഹ്യപ്രവർത്തനത്തിലേക്കെത്തുന്നത് എങ്ങനെയാണ് ?

ടി.ആർ. വിജയലക്ഷ്മി എന്നാണ് യഥാർഥ പേര്. അമ്മ ലളിതയുടെ നാട് തിരുവനന്തപുരവും അച്ഛൻ രാമകൃഷ്ണന്റെ നാട് തൃശൂരുമാണ്. അച്ഛന് ഡൽഹിയിലായിരുന്നു ജോലി. പഠിച്ചതും വളർന്നതും ഡൽഹിയിൽ. ലേഡി ശ്രീറാം കോളജിൽ ഇംഗ്ലിഷ് ലിറ്ററേച്ചർ ആയിരുന്നു പഠനവിഷയം. എനിക്കു ചേച്ചിയും ചേട്ടനും അനുജനും അനുജത്തിയുമുണ്ട്.

വിവാഹം കഴിഞ്ഞതു മുതൽ ഞാൻ മുംബൈയിലാണ്. ഭർത്താവ് കൃഷ്ണസ്വാമി വെങ്കിടേശ് തൃപ്പൂണിത്തുറക്കാരൻ. മുംബൈയിൽ ഓയിൽ റിഫൈനറിയിൽ ജോലിയുണ്ടായിരുന്ന അദ്ദേഹം പിന്നീടു ബിസിനസിലേക്ക് മാറി. വെനസ്വേലയിലും യുഎസിലും കുറച്ചു നാൾ ഞങ്ങൾ ജീവിച്ചു. വെനസ്വേല ഓയിൽ റിഫൈനറിയിൽ ജോലി ചെയ്യുന്ന കാലത്ത് അവിടെ സാമ്പത്തിക മാന്ദ്യം ബാധിച്ചു. ഞങ്ങൾ യുഎസിലേക്ക് ചേക്കേറി.

അവിടെ വച്ച് അദ്ദേഹം എംബിഎ പഠിക്കാൻ നിശ്ചയിച്ചു. ഞാൻ ജോലിക്ക് ശ്രമിച്ചെങ്കിലും നല്ല ജോലിയൊന്നും കിട്ടിയില്ല. സാമ്പത്തിക ബുദ്ധിമുട്ട് പിടിമുറുക്കി. ചെലവ് കുറയ്ക്കുന്നതിനായി അദ്ദേഹം സിഗററ്റ് വലി നിർത്തി. മേക്കപ്പ് ചെയ്യുന്നത് ഇഷ്ടമായിരുന്ന ഞാൻ ആ പതിവു നിർത്തി. ബേബി സിറ്റിങ്, പ്രമുഖ കമ്പനിയുടെ പ്രോഡക്റ്റ് എടുത്തു വീടുവീടാന്തരം നടന്നു വിൽക്കുക തുടങ്ങിയവ ചെയ്തു. അദ്ദേഹം എംബിഎ പൂർത്തിയാക്കിയ സമയം ഞങ്ങൾ നാട്ടിലേക്ക് തിരികെ വന്നു. കാർബൺ ബ്ലാക്ക് കമ്പനിയിൽ അദ്ദേഹത്തിനു നല്ല ജോലി ലഭിച്ചു. സാമൂഹ്യ പ്രവർത്തനം ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നതിനാൽ കാൻസർ രോഗികൾക്കിടയിൽ പ്രവർത്തിക്കാ ൻ ഞാൻ തീരുമാനിച്ചു.

മൂത്ത മകൻ വിവേക് കാനഡയിൽ യൂണിവേഴ്സിറ്റി പ്രഫസറാണ്. ഇളയയാൾ വിനയ് അഡ്വർടൈസിങ് ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നു. ഇരുവരും വിവാഹിതരാണ്.

അയ്യർ പെൺകുട്ടിക്കു നീണ്ട മുടി മുറിച്ച് ഇന്നത്തെ സ്റ്റൈ ലിഷ് ലുക്കിലേക്ക് എത്തുക എളുപ്പമായിരുന്നോ ?

നമ്മുടെ രാജ്യത്തെ സ്ത്രീകളുെട ജീവിതത്തെ നിർവചിച്ചിരിക്കുന്നത് വളരെ ഇടുങ്ങിയ രീതിയിലാണ്. പെൺകുട്ടി, ഭാര്യ, സഹോദരി, അമ്മ എന്നീ അവസ്ഥകളിൽ തങ്ങളുടേതല്ലാത്ത താൽപര്യങ്ങളിലൂടെ, ആഗ്രഹിക്കാത്ത വ്യക്തി ജീവിതത്തിലൂടെയൊക്കെ അവർ കടന്നുപോകേണ്ടി വരാറുണ്ട്. സ്വാഭാവിക വ്യക്തിത്വം അനുസരിച്ച് ജീവിക്കാനാകാത്തവിധം വീട്ടിൽ തന്നെ ഒരസ്വാതന്ത്ര്യം അനുഭവപ്പെട്ടെന്ന് വരും.

ഞാൻ എന്താകണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ പതിനാറാം വയസ്സിൽ തന്നെ എനിക്കുണ്ടായിരുന്നു. അതേ സമയം നല്ല അയ്യർ പെൺകുട്ടിയായിരിക്കാനും ഇഷ്ടമായിരുന്നു. നമ്മുടെ വ്യവസ്ഥ പറയുന്നതു പോലെ വിവാഹം കഴിച്ചു, ഭാര്യയായി, മരുമകളായി. എന്റെ മാതാപിതാക്കൾ വളരെ നല്ലതായിരുന്നു. ഏറ്റവും മികച്ച വിദ്യാഭ്യാസവും സ്വാതന്ത്ര്യവും തന്നു. എന്റെ ഭർത്താവും ഭർത്താവിന്റെ അച്ഛനമ്മമാരും വിശാലഹൃദയർ ആയിരുന്നു. അതെന്റെ ഭാഗ്യമാണ്.

ബോംബെ ലോക്കൽ ട്രെയിനിലാണ് അന്നു ജോലിക്ക് പോയിരുന്നത്. നീളൻ മുടി ബുദ്ധിമുട്ടായിരുന്നു. നിത്യവും എണ്ണ തേച്ചു കുളിയും രാവിലെ ഉണങ്ങാത്ത മുടിയും കെട്ടിവച്ചുള്ള യാത്രയുമൊക്കെ ദക്ഷിണേന്ത്യൻ സ്ത്രീകൾക്ക് പതിവാണല്ലോ.

കുട്ടികൾ സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ കൂടുതൽ സ്വതന്ത്രയായതായി എനിക്ക് തോന്നി. നാൽപത്തിമൂന്നു വയസ്സൊക്കെ ആയപ്പോൾ സ്വയം ഒന്നു ‘ലൈറ്റ്’ ആകാൻ ഞാൻ മുടി മുറിച്ചു.

തലമുടി നരയ്ക്കാൻ തുടങ്ങിയപ്പോൾ സ്വർണാഭരണങ്ങൾ അണിയുന്നത് നിർത്തി വെള്ളി ആഭരണങ്ങൾ ധരിക്കാൻ തുടങ്ങി. സ്വർണാഭരണങ്ങൾ മക്കളുടെ ഭാര്യമാർക്കു നൽകി.

എഴുപത്തിയൊന്നിലും ഇത്ര സുന്ദരിയായി ഊർജസ്വലതയോടെയിരിക്കാൻ കഴിയുന്നതെങ്ങനെ ?

ശരീരത്തിന് പ്രായമേറും, നമ്മുടെ ജീവിത നിലകളിൽ മാറ്റം വരും. എന്നുവച്ച് പ്രവർത്തിക്കാതിരിക്കേണ്ട കാര്യമില്ല. പുതിയ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടേയിരിക്കണം. പഠിക്കുന്ന സ്വഭാവം നിർത്തുമ്പോഴാണു മാനസികമായി പ്രായമാകുന്നത്. പഠിക്കുന്നിടത്തോളം നമ്മൾ വളർന്നുകൊണ്ടിരിക്കും. പഠിത്തം നിലച്ചാൽ വളർച്ചയും നിലയ്ക്കും.

എന്റെ ചുറ്റുമുള്ള രോഗബാധിതരാണ് എനിക്കു ജീവിതത്തിന്റെ വില പഠിപ്പിച്ചു തന്നത്. ഈ നിമിഷം ഇവിടെ ജീവിച്ചിരിക്കുന്നതിൽ സന്തോഷിക്കുക, അതു നിങ്ങളെ സൗന്ദര്യമുള്ളവരാക്കും.

നിങ്ങളുടെ മുഖത്തു തെളിയുന്ന ജീവസ്സ് ആണ് യഥാർഥ സൗന്ദര്യം. അതു എല്ലാവർക്കുമുണ്ട്. അതിനെ കൂട്ടിയെടുക്കാൻ മനസ്സും ശരീരവും നന്നായിരിക്കണം. ഞാൻ എനിക്ക് സന്തോഷകരമല്ലാത്തതൊന്നും ചെയ്യില്ല. എന്നും രാവിലെ പ്രഭാത നടത്തത്തിന് പോകും. ആറേഴ് കപ്പ് ഗ്രീൻ ടീ കുടിക്കും. മധുരം ഉപയോഗിക്കില്ല. പഴങ്ങൾ ധാരാളം കഴിക്കും.

മുടിയിൽ വെളിച്ചെണ്ണ തേച്ചു കുളിക്കും. സോപ്പ് ഉപയോഗിക്കില്ല, കടലമാവും മഞ്ഞളും ചേർന്ന മിശ്രിതമാണ് ഉപയോഗിക്കുക.

സ്റ്റൈലിഷ് ആയിരിക്കാൻ പ്രായം ഒരു തടസ്സമല്ല. നിങ്ങളുടെയുള്ളിൽ ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ ഏതു പ്രായത്തിലും സ്റ്റൈലിഷ് ആയിരിക്കാനാകും.

വിവാഹം കഴിഞ്ഞ നാളുകളിൽ ഒന്നു രണ്ടു വർഷം ഞാൻ സാരി മാത്രമേ ഉപയോഗിച്ചുള്ളു. വിദേശ രാജ്യങ്ങളിൽ പോയതോടെയാണ് എല്ലാത്തരം വസ്ത്രങ്ങളും ധരിച്ചു തുടങ്ങിയത്. കൈത്തറി സാരികളും വെള്ളി വളകൾ കൈനിറയെ അണിയുന്നതും വലിയ വെള്ളി കമ്മലുകൾ ധരിക്കുന്നതും ഏറെയിഷ്ടമാണ്. വളകൾ ഞാൻ അഴിച്ചു വയ്ക്കാറേയില്ല. ഒരുങ്ങാൻ കൺ‌മഷിയും ലിപ്സ്റ്റിക്കും മാത്രം.

‘പാച്ചുവും അത്ഭുതവിളക്കും’ ചെയ്യാനെത്തിയപ്പോൾ മേക്കപ്പ് മാൻ പാണ്ഡ്യൻ വളകളും കമ്മലും മാറ്റാനും കൺ‌മഷി നന്നായി കഴുകിക്കളയാനും പറഞ്ഞു. പ്രായമായ ഒരു ഉമ്മയെ ആണ് അവതരിപ്പിക്കുന്നത് എന്നതിനാലാകാം അങ്ങനെയൊരു തീരുമാനം. ഞാൻ പ്രായമായ ഒരാളാണ്. പ്രായമായാൽ കണ്ണെഴുതാൻ പാടില്ല, വളകളിടാൻ പാടില്ല എന്നൊന്നുമില്ല.

viji-venky

അഭിനയിക്കുന്നതിന് തയാറെടുപ്പ് വേണ്ടി വന്നോ ?

ചാലഞ്ച് എന്ന നിലയിലാണ് ഇതു ചെയ്യാമെന്നു തീരുമാനിക്കുന്നത്. അഖിൽ കഥ പറഞ്ഞപ്പോൾ വളരെ ഇഷ്ടമായി. ഫഹദും വിനീതും എന്റെ ഇഷ്ട അഭിനേതാക്കൾ ആ ണ്. മലയാളം നന്നായി സംസാരിക്കാൻ അറിയില്ല എന്നതായിരുന്നു എന്റെ ടെൻഷൻ. രണ്ടു മാസം ട്യൂട്ടറെ വച്ച് മലയാളം പഠിച്ചു. ഇംഗ്ലിഷിൽ ടൈപ്പ് ചെയ്ത സ്ക്രിപ്റ്റ് ഞാൻ ഉറക്കെ വായിക്കുമ്പോൾ തെറ്റിപ്പോകുന്നതു രാജം എന്ന ട്യൂട്ടർ ലേഡി കറക്റ്റ് ചെയ്യും. അങ്ങനെ ഭാഷ ശരിയാക്കി.

ഉമ്മച്ചിയുടേതു പോലെ കുസൃതിയുള്ള വിജി ജീവിതത്തിൽ ചെയ്യുന്നത് ഏറ്റവും സഹാനുഭൂതി വേണ്ട ജോലിയാണ്. ഇതു രണ്ടും എങ്ങനെ ചേർന്നു പോകും ?

രോഗികളോടു സംസാരിക്കുമ്പോൾ സഹതാപം, ദുഃഖം, പതിഞ്ഞ താളം ഇതൊന്നും വേണ്ട. അവർക്കു വേണ്ടത് സന്തോഷവും കൗതുകവും തേജസ്സുമാണ്. ഞാനൊരിക്കലും അവരെ രോഗികളെന്ന് ഓർമിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവരെ സന്തോഷിപ്പിക്കുക മാത്രമാണ് ലക്ഷ്യം. അതിന് അൽപം കുസൃതി നല്ലതാണ്.

പ്രായം കൂടുന്നതോടെ നമ്മുടെ യഥാർഥ സ്വഭാവം ഉറച്ചു വരും. അതിൽ കുസൃതിത്തരം പോലുമുണ്ടാകും. അ പ്പോൾ നമ്മൾ മറ്റാരെയും പോലെ ആയിരിക്കില്ല. നമ്മളെപ്പോലെ മാത്രം.

രാഖി റാസ്