ആ പറ്റിക്കലിന് ഷാരൂഖിന് ലഭിച്ചത് രണ്ടു കോടി രൂപ! അവതാരകനെ തല്ലുന്ന വിഡിയോയുടെ യാഥാർഥ്യം
Mail This Article
ഈജിപ്ത് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ നിയന്ത്രണം വിട്ട ഷാരൂഖ് ഖാനും സഹമത്സരാര്‍ത്ഥിയായ യുവതിയും അവതാരകനെ കൈകാര്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റിയാലിറ്റി ഷോയുടെ ഷൂട്ടിങിന് വരും വഴി ഷാരൂഖിന്റെ വാഹനം പെട്ടെന്ന് ചതുപ്പിൽ താഴ്ന്നു പോവുന്നതും പിന്നീട് അവതാരകനോട് തട്ടിക്കയറുന്നതുമായിരുന്നു വിഡിയോ. സൂപ്പർതാരവും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചതുപ്പിൽ കൂടുതൽ ആണ്ടു പോവുകയും ഇതിനിടെ ഒരു ഭീകര ജീവിയുടെ രൂപത്തിൽ അവതാരകൻ റമീസ് ഗലാൽ എത്തുകയും ചെയ്യുന്നതായിരുന്നു പ്രചരിച്ചിരുന്ന ദൃശ്യങ്ങൾ.
ഷാരൂഖിന്റെ നിയന്ത്രണം നഷ്ടമാകുന്നതിനിടെ അവതാരകനായ റമീസ് ഗലാല്‍ നല്‍കിയ കയറില്‍ പിടിച്ച് പുറത്തെത്തിയ താരം റമീസിനെ ആക്രമിക്കുന്നതായിരുന്നു വൈറലായ വിഡിയോ. റമീസിനെ വലിച്ച് നിലത്തിട്ട താരം തല്ലാന്‍ ശ്രമിക്കുകയും കാലില്‍ പിടിച്ച് വലിക്കുകയും ചെയ്തു. തമാശ രൂപേണ ചെയ്തതാണെന്നും ക്ഷമ ചോദിക്കുന്നതായും അവതാരകന്‍ പറഞ്ഞെങ്കിലും ഷാരൂഖിന്റെ ‘കലിപ്പ്’ അടങ്ങിയിരുന്നില്ല. ഇതിനിടയില്‍ അവതാരകന്‍ താരത്തിന്റെ കാലു പിടിക്കുകയും ഷാരൂഖ് ചിത്രത്തിലെ ഗാനം വരെ ആലപിക്കുന്നുമുണ്ട്.
എന്നാൽ ഇതെല്ലാം ഷോയുടെ ഭാഗമായി ഒരുക്കിയ സ്ക്രിപ്ട് ആണെന്നാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു വരുന്നത്. യഥാർഥത്തിൽ ഷാരൂഖ് അവതാരകനെയാണ് കബളിപ്പിക്കുന്നത്. ഒരു ദേശീയ പത്രത്തോട് സൂപ്പർതാരത്തിന്റെ മാനേജർ പൂജ ദഡ്ലാനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗലാലിനോട് ക്ഷോഭിക്കുന്നതായി താരം അഭിനയിക്കുകയാണെന്ന് ഇവർ വ്യക്തമാക്കി. രണ്ടു കോടി രൂപ വാങ്ങിയാണ് ഷാരൂഖ് ഖാൻ പരിപാടിയിൽ പങ്കെടുത്തതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഷാരൂഖുമൊത്തുള്ള സെൽഫിയും പിന്നീട് റെമീസ് ഗലാൽ പോസ്റ്റ് ചെയ്തിരുന്നു.