ADVERTISEMENT

സ്ത്രീ സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങൾ പകർന്ന് രാം ഗോപാൽ വർമ്മയുടെ പുതിയ ഹ്രസ്വ ചിത്രം. ‘എന്റെ മകൾ സണ്ണി ലിയോൺ ആകാൻ ആഗ്രഹിക്കുന്നു’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഇതിനോടകം വലിയ ചർച്ചയായിക്കഴിഞ്ഞു. ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ചിത്രത്തിന്റെ പ്രമേയം. ആമേൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ മകരന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് മുഖ്യ വേഷത്തിൽ എത്തുന്നത്.

നീലച്ചിത്ര നായികയാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടി മാതാപിതാക്കളിൽനിന്നു നേരിടുന്ന എതിർപ്പുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള ഒരു പെൺകുട്ടിയുടെ അഭിവാഞ്ജയും അതേസമയം രക്ഷിതാക്കളിൽനിന്ന് നേരിടേണ്ടിവരുന്ന എതിർപ്പുകളും ചിത്രം ചർച്ചയാക്കുന്നു. സ്ത്രീകൾ പുരുഷനും ഭർത്താവിനും വേണ്ടിയുള്ള ഉപകരണം അല്ലെന്നും പോൺ ഫിലിം ഇൻഡസ്ട്രി മറ്റേതു പ്രൊഫഷൻ പോലെയുള്ള ഒരു ജോലി ആണെന്നുമുള്ള സന്ദേശമാണ് ചിത്രം നൽകുന്നത്.

ADVERTISEMENT

അച്ഛന് അസിസ്റ്റൻഡ് മാനേജർ ആകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് പോൺ സ്റ്റാർ ആയിക്കൂടെന്നു മകൾ ചോദിക്കുന്നതടക്കമഉള്ള രംഗങ്ങൾ ഹ്രസ്വചിത്രത്തിലുണ്ട്. നിനക്ക് വേശ്യകളെപ്പോലെ ശരീരം വിറ്റു ജീവിക്കണോ എന്ന ചോദ്യത്തെ പുച്ഛിച്ചു തള്ളുന്ന പെൺകുട്ടി താന്‍ വിവാഹിതയാകാൻ അല്ല ജീവിക്കുന്നതെന്നും വിവാഹം ചെയ്യണമെങ്കിൽ തന്നെ മനസിലാക്കുന്ന ഒരാളെ ആകും എന്നും പെൺകുട്ടി പറയുന്നു. സണ്ണി ലിയോണിന്റെ ഭർത്താവാണ് തന്റെ മാതൃകയാണെന്നും പെൺകുട്ടി പറഞ്ഞു വയ്ക്കുന്നു.

തന്റെ ലൈംഗികത എന്റെ സ്വന്തമാണെന്നും അതു തീരുമാനിക്കാൻ മറ്റൊരാൾക്ക് അവകാശമില്ലെന്നും മകൾ അച്ഛനോടു പറയുന്ന പെൺകുട്ടി പരമ്പരാഗത ഇന്ത്യൻ സംസ്കാരത്തെയാണ് വെല്ലുവിളിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം ഇതിനോടകം ചില കോണുകളിൽ നിന്നും എതിർപ്പ് വിളിച്ചു വരുത്തിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT