ADVERTISEMENT

ഭോജ്പുരി നടി അകാൻഷ ദുബെയെ (25) ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊട്ടിക്കരഞ്ഞുകൊണ്ട് ലൈവ് വിഡിയോ ചെയ്തതിനു പിന്നാലെയാണ് മരണം. ശനിയാഴ്ച രാത്രി അകാൻഷ ദുബെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഞായറാഴ്ചയാണ് ഉത്തർപ്രദേശിലെ സാരാനാഥിലുള്ള ഹോട്ടൽമുറിയിലെ ഫാനിൽ നടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

താരത്തിന്റെ മരണശേഷം ലൈവ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിഡിയോയിൽ അകാൻഷ യാതൊന്നും സംസാരിക്കുന്നില്ലെങ്കിലും ഏറെനേരം നിരാശയോടെ ഇരിക്കുന്നതും പിന്നാലെ വാപൊത്തി പൊട്ടിക്കരയുന്നതും കാണാം. അകാൻഷയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. 

ADVERTISEMENT

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്നു വാരാണസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പറഞ്ഞു. യുപിയിലെ ഭദോഹി ജില്ലയിലെ പാർസിപുരിൽനിന്നുള്ള അകാൻഷ മ്യൂസിക് വിഡിയോകളിലൂടെയാണു പ്രശസ്തി നേടിയത്. കസം പൈദ കർണേ വാലേ കി 2, മുജ്സേ ഷാദി കരോഗി, വീറോൻ കി വീർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അകാൻഷയുടെ അവസാന മ്യൂസിക് വിഡിയോ ഗാനമായ ‘യേ ആരാ കഭി ഹാരാ നഹി’ ഇന്നലെ യുട്യൂബിൽ റിലീസ് ചെയ്തിരുന്നു.

ADVERTISEMENT
ADVERTISEMENT