‘സെറ്റിലെ ലൈറ്റുകളെല്ലാം ഓഫ് ആയി, ആരോ എന്റെ തോളിൽ കയറി പിടിച്ചു’: പുലിവാല് പിടിച്ച് രംഭയും, വിവാദത്തിലായി രജനികാന്തും
Mail This Article
തമാശ പറയാൻ ശ്രമിച്ച് പുലിവാല് പിടിച്ച് നടി രംഭയും, തമാശയിൽ കുടുങ്ങി വിവാദത്തിലായി നടൻ രജനികാന്തും. ‘അരുണാചലം’ സിനിമയുടെ സെറ്റിലെ രജനികാന്തിന്റെ ചില തമാശകൾ ഒരു അഭിമുഖത്തിൽ രംഭ പറഞ്ഞതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി, വിവാദത്തിലേക്കെത്തിയിരിക്കുന്നത്.
‘‘അരുണാചലത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ സൽമാൻ ഖാനൊപ്പം ‘ബന്ധൻ’ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. രജനികാന്തിനൊപ്പം ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നതിനാൽ ബന്ധൻ ടീമും ഹൈദരാബാദിൽ തന്നെ തുടർന്നു. രാവിലെ ഞാൻ രജനി സാറിനൊപ്പവും ഉച്ച മുതൽ സൽമാൻ ഖാനൊപ്പവും അഭിനയിക്കും. ഒരു ദിവസം സൽമാൻ ഖാനും ജാക്കി ഷ്റോഫും രജനി സാറിനൊപ്പം അരുണാചലം സെറ്റിൽ എത്തി.
അവരെ കണ്ടപ്പോൾ ഞാൻ ഓടിപോയി കെട്ടിപ്പിടിച്ചു. രജനി സാർ ഇത് ശ്രദ്ധിച്ചു. അവർ പോയതിനു ശേഷം രജനി സാറും സുന്ദറും തമ്മിൽ ഗൗരവതരമായ ചർച്ച നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. രജനി സാർ ദേഷ്യത്തിൽ കഴുത്തിൽ നിന്ന് തൂവാല താഴേക്ക് എറിയുന്നത് ഞാൻ കണ്ടു. സുന്ദർ സി. രജനി സാറിനോട് അപേക്ഷിച്ചുകൊണ്ടിരിക്കെ എന്നെയും നോക്കുന്നുണ്ടായിരുന്നു. ഞാൻ ആശയക്കുഴപ്പത്തിലായി. ക്യാമറമാൻ യു.കെ. സെന്തിൽ കുമാർ എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘ഇതെന്താ രംഭ, നീ എന്താണ് ചെയ്തുവച്ചിരിക്കുന്നത് ?’ ഞാൻ എന്ത് ചെയ്തു എന്ന് എനിക്ക് മനസ്സിലായില്ല.
എന്റെ കൂടെ അഭിനയിക്കില്ലെന്ന് രജനികാന്ത് പറഞ്ഞു എന്നാണ് സെറ്റിലുള്ളവർ എന്നോട് പറഞ്ഞത്. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി കരയാൻ തുടങ്ങി. അപ്പോൾ രജനികാന്ത് ഓടിവന്നു. നിങ്ങൾ എന്തിനാണ് ഈ കുട്ടിയെ കരയിപ്പിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരേയും ശാസിച്ചു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.
രജനി സാർ യൂണിറ്റിലെ എല്ലാവരെയും വിളിച്ച് അണിനിരത്തി. അദ്ദേഹം പറഞ്ഞു, ‘രാവിലെ സൽമാൻ ഖാനും എല്ലാവരും വന്നപ്പോൾ രംഭ പോയി അവരെ കെട്ടിപ്പിടിച്ചു ? പക്ഷേ സാധാരണ ഞങ്ങളുടെ സെറ്റിൽ വരുമ്പോൾ അവൾ ഗുഡ് മോർണിങ് പറഞ്ഞു പോകാറാണ് പതിവ്. വടക്കേ ഇന്ത്യയിൽ നിന്ന് വന്നവർ ആയതുകൊണ്ടാണോ അവരോടു അങ്ങനെ ചെയുന്നത്. ഞങ്ങൾ ദക്ഷിണേന്ത്യക്കാരായതിനാൽ എന്തെങ്കിലും കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഗുഡ് മോണിങ് സർ, ഗുഡ് മോണിങ് സർ എന്നു പറഞ്ഞ് നേരെ പോയി പുസ്തകം വായിക്കാൻ ഇരിക്കും. അദ്ദേഹം അവിടെ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അങ്ങനെയൊരു രജനി സാറിനെ ഞാൻ കണ്ടിട്ടേ ഇല്ല. നാളെ മുതൽ എല്ലാ ലൈറ്റ് ബോയ്‌സും നിൽക്കട്ടെ, രംഭ എല്ലാവർക്കും ഒരേ രീതിയിൽ ആലിംഗനം കൊടുക്കണം. അതിനുശേഷം മാത്രമേ ഷൂട്ടിങ് ഉണ്ടാകൂ. ഇല്ലെങ്കിൽ ഷൂട്ട് ഇല്ല എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ഭയന്നുപോയി. പക്ഷേ അദ്ദേഹം കളി പറഞ്ഞതാണെന്ന് പിന്നെയാണ് മനസ്സിലായത്.
മറ്റൊരു സംഭവം കൂടി നടന്നു. ഒരു ദിവസം ഉച്ച കഴിഞ്ഞൊരു സമയത്ത് സെറ്റിലെ ലൈറ്റുകളെല്ലാം ഓഫ് ആയി. പെട്ടന്ന് ആരോ എന്റെ തോളിൽ കയറി പിടിച്ചു. ഞാൻ പേടിച്ച് അലറിവിളിച്ചു. ലൈറ്റ് ഓണ്‍ ചെയ്തതിന് ശേഷം ആരാണ് എന്നെ തൊട്ടത് എന്ന ചര്‍ച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്’ – അഭിമുഖത്തിൽ രംഭ സംസാരിച്ചതിൽ ഈ ഭാഗങ്ങളാണ് കുഴപ്പമായത്.
തമാശകള്‍ എന്ന തരത്തിൽ രംഭ പറഞ്ഞ കാര്യങ്ങൾ, ഇപ്പോൾ രജനിയിൽ നിന്നു രംഭയ്ക്കു നേരിട്ട ദുരനുഭവം എന്ന തരത്തിലാണ് പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ രജനി ആരാധകർ രംഭയ്ക്കെതിരെയും രംഗത്തെത്തി. പറയുന്ന കാര്യങ്ങളിൽ കൃത്യത ഇല്ലെന്നും ഒരു വലിയ താരത്തെക്കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ രംഭ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്