ADVERTISEMENT

തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘തില്ല് സ്ക്വയർ’ന്റെ വിജയാഘോഷത്തിനിടെ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനെ അപമാനിച്ച് തെലുങ്ക് സൂപ്പർതാരം ജൂനിയര്‍ എന്‍.ടി.ആറിന്റെ ആരാധകര്‍. ചടങ്ങിൽ ജൂനിയര്‍ എന്‍ടിആര്‍ മുഖ്യാതിഥിയായിരുന്നു.

ജൂനിയര്‍ എന്‍ടിആര്‍ ചടങ്ങിനെത്തിയപ്പോഴേ അദ്ദേഹത്തിന്റെ ആരാധകർ തങ്ങളുടെ പ്രിയതാരം സംസാരിക്കുന്നത് കേൾക്കാൻ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് അനുപമ പ്രസംഗിക്കാനായി വേദിയിലേക്കെത്തിയത്.

ADVERTISEMENT

ഇതോടെ ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകർ അനുപമയോട് സംസാരിക്കരുതെന്നാവശ്യപ്പെട്ടു ബഹളം വയ്ക്കാൻ തുടങ്ങി. ‘താന്‍ സംസാരിക്കണോ ? വേണ്ടയോ ?’ എന്ന് സദസ്സിനോട് ചോദിച്ച അനുപമയെ ഞെട്ടിച്ച്, ‘വേണ്ട’ എന്നായിരുന്നു പ്രേക്ഷകരുടെ മറുപടി. അതേ സമയം അവർ ജൂനിയര്‍ എന്‍ടിആറിനോട് പ്രസംഗിക്കാൻ ആവശ്യപ്പെടുന്നത് തുടരുകയും ചെയ്തു.

അതോടെ, അനുപമ താന്‍ സംസാരിക്കുന്നില്ലെന്നു പറഞ്ഞു. ഇതിനിടെ അവതാരക അനുപമയോട് വീണ്ടും സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴും ‘വേണ്ട’ എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. ജൂനിയർ എൻ.ടി.ആറിന്റെ വാക്കുകളാണ് തങ്ങൾക്ക് കേൾക്കേണ്ടതെന്നായിരുന്നു അവരുടെ ആവശ്യം. ഒടുവില്‍ പ്രേക്ഷകരുടെ ബഹളത്തിനിടയിലും അനുപമ സിനിമ വിജയിപ്പിച്ച പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞു.

ADVERTISEMENT

‘ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി. ഇവിടെ എത്തിച്ചേര്‍ന്നതിന് എൻടിആറോടും നന്ദി പറയുന്നു. നിങ്ങളുടെ സമയം ഞാൻ പാഴാക്കില്ല. നിങ്ങളുടെ വികാരങ്ങൾ എന്താണെന്ന് എനിക്ക് മനസ്സിലായി. അതിനാല്‍ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്, ആ നിമിഷത്തിനായി കാത്തിരിക്കുന്നു’.– അനുപമ പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിയാളുകൾ ആരാധകരുടെ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തി.

ADVERTISEMENT



ADVERTISEMENT