‘‘ജോലി ഉപേക്ഷിച്ച് സിനിമ എന്ന സ്വപ്നത്തിനു പിന്നാലേ പൊയ്ക്കോളാൻ റിന്ന പറഞ്ഞ ആ ‘യെസ്’ തന്നെയാണ് ഇന്നത്തെ ഞാൻ. എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ വേണ്ടെന്നു വച്ച ആളാണ്. അതുകൊണ്ടു തന്നെ അനാവശ്യമായി ഞാൻ സമയം കളയുന്നതിന് റിന്ന എതിരാണ്. മാറി നിന്നു ചിന്തിക്കുന്ന ക്രിറ്റിക്. വളരെ സിംപിളായി ജീവിക്കുന്ന ആൾ.
എല്ലാ കാര്യത്തിനും റിന്ന യെസ് പറയാറില്ല. ഒരുദാഹരണം പറയാം. ഷൂ എനിക്ക് ക്രേസാണ്. ഇത്തിരി വില കൂടിയത് വാങ്ങിച്ചാല്‍ ‘സാദാ ഷൂ ഇട്ടാൽ പോരെ. വില കൂടിയതൊക്കെ വാങ്ങിക്കൂട്ടി പൈസ കളയണോ’ എന്നു ചോദിക്കാറുണ്ട്. പിന്നീടാലോചിക്കുമ്പോൾ ശരിയായി തോന്നും
എന്റെ പിന്നിലൊരു കെട്ടിട്ടു പിടിച്ചിട്ടുണ്ട് റിന്ന. അതൊരു രസവുമാണ്. കുറച്ചു ദിവസം കൂട്ടുകാരുമൊക്കെയായി ഞാൻ കറങ്ങാൻ പോവുമ്പോൾ വിളി വരും ‘‘ ഇത്രയും മതി, തിരിച്ചു പോരൂ.’’ വീട്ടിലേക്കുള്ള ആ തിരിച്ചു വിളിക്കൽ വലിയ സന്തോഷമല്ലേ...’’നിവിൻ ചെറുചിരിയോടെ പറഞ്ഞു.
മക്കളും പണത്തിന്റെ മൂല്യം അറിഞ്ഞു വളരണം
‘‘കൈ നിറയെ പൈസയുമായി വളർന്ന കുട്ടിക്കാലമായിരുന്നില്ല എന്റെത്. വിദേശത്തു ജോലിയുള്ളവരുടെ മക്കൾ ബ്രാൻഡഡ് ഉടുപ്പുകളിട്ട്, വലിയ കാറുകൾ വന്നിറങ്ങുമ്പോൾ പപ്പയും മമ്മിയും എനിക്കെന്താണ് പൈസ തരാത്തതെന്ന് തോന്നിയിരുന്നു. ഉത്തരം പിന്നീടാണ് കിട്ടിയത്, അങ്ങനെ വളർത്തിയതുകൊണ്ടാണ് മുന്നോട്ടു പോവണമെന്നും സ്വന്തമായി സമ്പാദിക്കണമെന്നും കുട്ടിക്കാലത്തേ തോന്നിയത്.
പഠിക്കുമ്പോള്‍ തന്നെ ചെറിയ കാര്യങ്ങൾക്കുള്ള പണത്തിനായി ജോലികൾ ചെയ്തു. നാട്ടിലെ കംപ്യൂട്ടർ സെന്ററുകളുടെ നൂറുകണക്കിന് ബോർഡുകൾ പോസ്റ്റിലും മരത്തിലും വലിഞ്ഞു കയറി കെട്ടിയിട്ടുണ്ട്. ഒപ്പം കൂട്ടുകാരായ സിജുവും(നടൻ സിജു വിൽസൺ) നെവിനും. ടെസ്റ്റു ബുക്കുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലത്തുപോയി മൊത്തത്തിൽ എടുത്ത് സ്കൂളുകളിൽ വിതരണം ചെയ്യും. ചെറിയ ലാഭം കിട്ടും. ഇതൊന്നും ലാവിഷായി ജീവിക്കാനായിരുന്നില്ല.
ജോലികിട്ടി ആദ്യ ശമ്പളം അച്ഛനും അമ്മയ്ക്കും കൊടുത്തു. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നാണ് എനിക്ക് ആഗ്രഹമുള്ള സാധനങ്ങൾ വാങ്ങിയത്. അതൊരു കാത്തിരിപ്പായിരുന്നു.
എന്റെ മക്കളും പണത്തിന്റെ മൂല്യം അറിഞ്ഞു വളരണം എന്നാണ് വിശ്വസിക്കുന്നത്. ഞാൻ വളർന്ന അതേ രീതിയിലാണ് ദാദയേയും റീസയെയും വളർത്തുന്നത്. ആഗ്രഹിക്കുമ്പോഴേ എല്ലാം കിട്ടിയാൽ മുന്നോട്ടു പോവാനുള്ള ‘ഫയർ’ ഉണ്ടാവില്ല. വിലയുള്ള ടോയ്സ് ഒക്കെ വാങ്ങാൻ പറയുമ്പോൾ എന്റെ അച്ഛനെ പോലെ അവരോടു പറയും,‘‘ഇത്ര വിലകൂടിയ കളിപ്പാട്ടം കൊണ്ട് ഈ പ്രായത്തിൽ കളിക്കരുത്. കുറച്ചു കൂടി വലുതായിട്ട് വാങ്ങാം’’.
നിവിനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വനിത നവംബർ 13–26 ലക്കത്തിൽ