Friday 15 March 2019 12:51 PM IST : By സ്വന്തം ലേഖകൻ

‘എന്നോട് ഇതേക്കുറിച്ചൊന്നും പറഞ്ഞില്ല, ഇനി കാണുമ്പോള്‍ ചോദിക്കാം’! കങ്കണയുടെ പരാതിയിൽ ആമിറിന്റെ മറുപടി

aamir-new

തന്റെ പുതിയ ചിത്രം ‘മണികർണിക’യുടെ റിലീസുമായി ബന്ധപ്പെട്ട്, താരനായിക കങ്കണ റണാവത്ത് ബോളിവുഡിനെ ഒന്നടങ്കം വിമർശനത്തിനിരയാക്കിയിരുന്നു. തന്നെയും തന്റെ സിനിമയെയും ആരും പിന്തുണച്ചില്ലെന്നും നല്ല വാക്കുകൾ പറഞ്ഞില്ലെന്നുമായിരുന്നു കങ്കണയുടെ പ്രധാന പരാതി. ആമിർ ഖാൻ ഉൾപ്പടയുള്ള വൻ താരങ്ങളെ പേരെടുത്ത് പറഞ്ഞ് തന്റെ നിരാശ പ്രകടിപ്പിക്കാനും കങ്കണ തയാറായി.

കങ്കണ സംവിധാനം ചെയ്ത് നായികയായി അഭിനയിച്ച ‘മണികർണിക’ വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ സംവിധായകനായുണ്ടായിരുന്ന ക്രിഷും സഹതാരങ്ങളുമൊക്കെ കങ്കണയ്ക്കെതിരെ പലതരം ആക്ഷേപങ്ങളുന്നയിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതയെ തെല്ലും ബാധിച്ചില്ല.

ഇപ്പോഴിതാ, തന്നെ ബോളിവുഡില്‍ നിന്നും ആരും പിന്തുണക്കുന്നില്ലെന്നും എല്ലാവരും തനിക്കെതിരെ ഒന്നിച്ച് തിരിയുകയാണെന്നുമുള്ള കങ്കണയുടെ പരാതിക്ക് ആമിർ ഖാൻ മറുപടി പറഞ്ഞിരിക്കുന്നു.

ഇതേപറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്,
‘ഞാന്‍ മൂലവും കങ്കണയ്ക്ക് അസ്വസ്ഥതകളുണ്ടോ? എന്നോട് ഇതേക്കുറിച്ചൊന്നും അവർ പറഞ്ഞില്ല. ആവരെ കാണുമ്പോള്‍ ഇതേപറ്റി ചോദിക്കാം’ എന്നായിരുന്നു ആമിറിന്റെ പ്രതികരണം.

എന്തായാലും ആമിറിന്റെ പ്രതികരണത്തിന് കങ്കണ എന്തു മറുപടിയാകും നൽകുക എന്ന ആകാംക്ഷയിലാണ് ആരാധകർ.