ADVERTISEMENT

‘പണി’ സിനിമയെ വിമർച്ചുകൊണ്ടുള്ള റിവ്യൂ പങ്കുവച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി. താൻ വിമർശനങ്ങൾക്ക് അതീതനായിരിക്കും എന്ന് പറയാൻ ജോജു ഈദി അമീനോ കേരളം ഉഗാണ്ടയോ അല്ലെന്ന് അബിൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അതല്ല എന്നുണ്ടെങ്കിൽ നിത്യാനന്ദയെ പോലെ ജോജു സ്വന്തമായി കൈലാസ രാജ്യം ഉണ്ടാക്കി സ്വന്തം നിയമങ്ങൾ ഉണ്ടാക്കി ഏകാധിപതിയായി ജീവിക്കാം. ഈ രാജ്യത്ത് മറ്റൊന്നും നടക്കില്ലെന്നും ജോജുവിന്റെ കീച്ചിപാപ്പൻ വന്നാലും ആദർശ് എന്ന ചെറുപ്പക്കാരന്‍റെ രോമത്തിൽ തൊടാൻ സാധിക്കില്ലെന്നും അബിന്‍ വര്‍ക്കി പറയുന്നു

അബിന്റെ കുറിപ്പ്

ADVERTISEMENT

പണി എന്ന സിനിമ കണ്ടിട്ടില്ല. ആദർശ് എഴുതിയ നിരൂപണം പോലും വിവാദമായതിനുശേഷമാണ് വായിക്കുന്നത്. പക്ഷെ ഇത് രണ്ടും ആണെങ്കിലും ഒരു കാര്യം വളരെ വ്യക്തമായി പറയാം. ജോജു അല്ല  ജോജുവിന്റെ കീച്ചിപാപ്പൻ  വന്നാലും ആദർശ് എന്ന ചെറുപ്പക്കാരന്റെ രോമത്തിൽ തൊടാൻ സാധിക്കില്ല. അനുവദിക്കുകയും ഇല്ല. ആദർശിനെ കാലങ്ങളായി അറിയാം. അക്കാഡമിക്കലി വളരെ മികച്ച ട്രാക്ക് റെക്കോഡുള്ള പ്രിയപ്പെട്ട സുഹൃത്ത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുള്ള ചെറുപ്പക്കാരൻ. നിലപാടുകൾ പറയുക മാത്രമല്ല  എന്തുകൊണ്ട് താൻ ആ നിലപാടെടുത്തുവെന്ന് കൃത്യമായി വിശദീകരിക്കുകയും ചെയ്യും.  അതിപ്പോ നമ്മെ അനുകൂലിക്കുകയാണെങ്കിലും പ്രതികൂലിക്കുകയാണെങ്കിലും. ചരിത്രബോധമുള്ള, നിയമ ബോധമുള്ള  ജേണലിസ്റ്റ്. ഇങ്ങനെ പല വിശേഷണങ്ങൾക്കും ഉടമയായ സൗമ്യനായ ആദർശിനെ, താൻ ഇട്ട ഒരു പോസ്റ്റിന്റെ പേരിൽ ജോജുവിനെ പോലെ  ഒരു സിനിമാ നടൻ നേരിട്ട് വിളിച്ച്  അധിക്ഷേപിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ്, ജോജു തന്നെ കൊട്ടിഘോഷിക്കുന്ന ഈ ചിത്രത്തിന്റെ മികവിൽ അദ്ദേഹത്തിന് തന്നെ  ഉറപ്പില്ല എന്നത്. 

താൻ വിമർശനങ്ങൾക്ക് അതീതനായിരിക്കും എന്ന് പറയാൻ ജോജു ഈദി അമീനോ കേരളം ഉഗാണ്ടയോ അല്ല. ജോജു എന്നല്ല  ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരികളെ വരെ മുഖത്ത് വിരൽ ചൂണ്ടി വിമർശിക്കാൻ അനുവദിക്കുന്ന ഭരണഘടനയും നിയമവുമുള്ള ഇന്ത്യ രാജ്യത്ത് ജോജുവിനെ പോലുള്ള അൽപ്പന്മാർ എത്ര ഓലിയിട്ടാലും മുഖത്ത് നോക്കി കൈവിരൽ ചൂണ്ടി വിമർശിക്കുക തന്നെ ചെയ്യും. അതിഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സഹിച്ചേ പറ്റൂ. അതല്ല എന്നുണ്ടെങ്കിൽ നിത്യാനന്ദയെ പോലെ ജോജു സ്വന്തമായി കൈലാസ രാജ്യം ഉണ്ടാക്കി സ്വന്തം നിയമങ്ങൾ ഉണ്ടാക്കി ഏകാധിപതിയായി ജീവിക്കാം. ഈ രാജ്യത്ത് മറ്റൊന്നും നടക്കില്ല.. നടത്തുകയും ഇല്ല. അത് കൊണ്ട് ഷോ നിർത്തി മടങ്ങി ജീവിതത്തിലേക്ക് വരൂ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT