Wednesday 13 March 2024 09:50 AM IST : By സ്വന്തം ലേഖകൻ

‘21 ദിവസം ചിത്രീകരിച്ച വിഷ്വല്‍സ് കാണാതെ പോയി, രജനിയുടെ റോളും പ്രശ്നമായി’: ‘ലാൽ സലാം’ പരാജയകാരണം പറഞ്ഞ് ഐശ്വര്യ

lal-salam

കഴിഞ്ഞ വർഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു രജനീകാന്തിനെ അതിഥി വേഷത്തിലെത്തിച്ച്, മകൾ ഐശ്വര്യ സംവിധാനം ചെയ്ത ‘ലാൽ സലാം’. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വൻ പ്രതീക്ഷയോടെയെത്തി ബോക്സ് ഓഫീസിൽ ദുരന്തമായി. മുടക്കു മുതല്‍ പോലും തിരിച്ചു പിടിക്കാന്‍ ചിത്രത്തിനായില്ല.

ഇപ്പോഴിതാ, ചിത്രത്തിന്റെ പരാജയകാരണങ്ങളെക്കുറിച്ച് ഐശ്വര്യ രജനീകാന്ത് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ് ചർച്ചയാകുന്നത്. സിനിമയുടെ ഫുട്ടേജ് നഷ്ടമായെന്നും പിന്നീട് റീഷൂട്ട് ചെയ്യുകയായിരുന്നുവെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളെ ഐശ്വര്യ ശരി വയ്ക്കുന്നു.

‘ഏകദേശം 21 ദിവസം ചിത്രീകരിച്ച വിഷ്വല്‍സ് കാണാതെ പോയി. ഷൂട്ടിങ് കണ്ടവര്‍ക്കറിയാം, ഓരോ ദിവസവും ചുരുങ്ങിയത് 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകും. യൂണിറ്റിൽ 1000 മുതല്‍ 2000 വരെ ആളുകള്‍ ഉണ്ടാവും. ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനായി ഒരുക്കിയത്. ആ 10 ക്യാമറകളുടെ ഫുട്ടേജും നഷ്ടപ്പെട്ടു.

എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ഷൂട്ടിങ് അവസാനിച്ചതിനാൽ വിഷ്ണു വിശാല്‍, അച്ഛന്‍, സെന്തില്‍ അയ്യ എല്ലാവരും ഗെറ്റപ്പ് മാറ്റിയിരുന്നു. ഫുട്ടേജ് കണ്ടെത്താന്‍ കഴിഞ്ഞില്ല. റീ ഷൂട്ട് ഒട്ടുമേ സാധ്യമായിരുന്നില്ല. എന്ത് ഫുട്ടേജ് ആണോ കൈയിലുള്ളത് അത് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. ചില പാച്ച് ഷോട്ടുകള്‍ മാത്രം വീണ്ടും എടുത്തു’– ഐശ്വര്യ പറയുന്നു.

ആദ്യം രജനികാന്തിന്റെ മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തിന് പത്ത് മിനിറ്റ് സ്‌ക്രീൻ ടൈം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ രജനികാന്ത് കഥയിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തെ പരിമിതപ്പെടുത്താൻ കഴിഞ്ഞില്ലെന്നും കാരണം 10 മിനിറ്റ് കഥാപാത്രം അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കുമെന്നു തോന്നിയെന്നും ഐശ്വര്യ പറഞ്ഞു.

‘അങ്ങനെ മൊയ്തീൻ ഭായിയെ ചുറ്റിപ്പറ്റിയുള്ള സിനിമയായി അതു മാറി. യഥാർഥ തിരക്കഥയിൽ, അദ്ദേഹം ഇടവേളയിൽ മാത്രമാണ് വരുന്നത്. എന്നാൽ വാണിജ്യപരമായ കാരണങ്ങളാൽ, ഞങ്ങൾ ആ കഥാപാത്രത്തെ സിനിമയുടെ തുടക്കത്തിൽ തന്നെ കൊണ്ടുവന്നു. അല്ലെങ്കിൽ പ്രേക്ഷകർ അസ്വസ്ഥരാകും. സിനിമയിൽ ഉടനീളം അദ്ദേഹം ഉള്ള രീതിയിൽ ഞങ്ങൾക്ക് എല്ലാം എഡിറ്റ് ചെയ്യേണ്ടിവന്നു.എല്ലാം അദ്ദേഹത്തെ കുറിച്ചായി മാറി. ഒരു സിനിമയിൽ രജനികാന്ത് ഉണ്ടെങ്കിൽ, അത് അദ്ദേഹത്തെക്കുറിച്ചായിരിക്കണം, കാരണം പ്രേക്ഷകർ അതിനുശേഷം മറ്റൊന്നും കാണാൻ ആഗ്രഹിക്കുന്നില്ല. അതാണ് രജനികാന്തിന്റെ വ്യക്തിത്വം. അദ്ദേഹം മറ്റെല്ലാം മറയ്ക്കും. അത് ഞാൻ പഠിച്ച പാഠമാണ്’. – ഐശ്വര്യ പറഞ്ഞു.