Tuesday 12 February 2019 11:10 AM IST : By സ്വന്തം ലേഖകൻ

കമലിനെ വിട്ട് രാജമൗലിയോടൊപ്പം! ‘ആർ.ആർ.ആറി’ൽ അജയ് ദേവ്ഗണും

ajay-new

ബോളിവുഡില്‍, തന്റെതായ വഴി വെട്ടിയാണ് താരകോലാഹലങ്ങളിൽ പെടാതെയുള്ള അജയ് ദേവ്ഗണിന്റെ സഞ്ചാരം. അതുകൊണ്ടു തന്നെ തെന്നിന്ത്യൻ സിനിമയിലേക്ക് അജയ് വരുന്നു എന്നത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കമൽഹാസനൊപ്പം ഇന്ത്യൻ ടുവിലാണ് കോളിവുഡ് പ്രേക്ഷകർ താരത്തെ പ്രതീക്ഷിച്ചതെങ്കിലും അദ്ദേഹം ആ ഓഫർ നിരസിക്കുകയാണുണ്ടായത്. എന്നാൽ തമിഴിലേക്കില്ലങ്കിലും താരം തെലുങ്കിലേക്കുണ്ടാകുമെന്നതാണ് പുതിയ വിശേഷം.

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അജയ് അതിഥി വേഷത്തിലെത്തുക. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾക്കു ശേഷം രാജമൗലിയൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ആർ.ആർ.ആർ’. പേര് താൽക്കാലികമാണ്. ചിത്രത്തിൽ വളരെ രസകരമായൊരു കഥാപാത്രത്തെയാണ് അജയ് അവതരിപ്പിക്കുന്നതത്രേ.

ഇതു രണ്ടാമത്തെ തവണയാണ് രാജമൗലിയൊടൊപ്പം അജയ് ദേവ്ഗൺ സഹകരിക്കുന്നത്. മുൻപ് രാജമൗലിയുടെ തെലുങ്ക് ചിത്രം ‘ഈഗ’യുടെ ഹിന്ദി റീമേക്കിനു വേണ്ടി അദ്ദേഹം ശബ്ദം നൽകിയിരുന്നു.

ഇതര ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ വിമുഖത കാട്ടുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് അജയ് ദേവ്ഗൺ. ‘തനാജി: ദ അൺസങ്ങ് വാരിയർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ ഉടന്‍ അജയ് ‘ആർ.ആർ.ആറി’ൽ ജോയിൻ ചെയ്യും.

ജൂനിയർ എൻടിആറും റാം ചരണ്‍ തേജയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.