Monday 18 June 2018 04:15 PM IST : By സ്വന്തം ലേഖകൻ

‘തമിഴകത്തിന്റെ തല സിമ്പിളാണ്’; രൺവീറിനായി മുറി ഒഴിഞ്ഞു കൊടുത്ത അജിത്തിന്റെ വലിയ മനസ്

ajith-

തമിഴകത്തിന്റെ സ്വന്തം `തല` അജിത്തിനെ വ്യത്യസ്തനാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. സിനിമയിലെ താരപരിവേഷങ്ങൾ അഴിച്ചുവച്ച് സാധാരണക്കാരിൽ സാധാരണക്കാരനെ പോലെ പെരുമാറുന്ന താരത്തിന്റെ സ്വഭാവമാണ് ഏറ്റവും ഹൃദ്യം.

ഇപ്പോഴിതാ അജിത്തിന്റെ ലാളിത്യം വിളിച്ചോതുന്ന ഒരു സംഭവമാണ് തമിഴകത്തെ പുതിയ ചർച്ചാ വിഷയം. പുതിയ സിനിമയുടെ ചിത്രീകരണത്തിന് ഇടയിലുണ്ടായ രസകരമായ സംഭവം ഒരു തമിഴ് മാഗസിൻ പങ്കുവയ്ക്കുന്നു.  

‘വിശ്വാസം’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് അദ്ദേഹം ഇപ്പോള്‍ ഹൈദരാബാദിലാണ്. രാജമുട്രിയിലും റാമോജി ഫിലിം സിറ്റിയിലുമായി സിനിമയുടെ ചിത്രീകരണം തീരുമാനിച്ചത്. പക്ഷേ രാജമുട്രിയില്‍ സിനിമയുടെ ചിത്രീകരണത്തിന് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഇതോടെ ചിത്രീകരണം പൂര്‍ണമായും റാമോജി ഫിലിം സിറ്റിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രീകരണം നീട്ടുന്നതിന് ഫിലിം സിറ്റിയില്‍ നിന്നും അനുവാദം ലഭിച്ചെങ്കിലും താമസസൗകര്യം ലഭിച്ചില്ല. അജിത്ത് താമസിച്ചിരുന്ന മുറിയുടെ കാലാവധി നീട്ടികിട്ടിയില്ല എന്നത് നിര്‍മാതാക്കളെ ആശങ്കയിലാഴ്ത്തി. കാരണം ബോളിവുഡ് താരം രണ്‍വീര്‍ സിങിന് ഇൗ മുറി നേരത്തെ ബുക്ക് ചെയ്തിരുന്നു.

രണ്‍വീര്‍ നായകനാകുന്ന ‘സിമ്പ’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് അദ്ദേഹം റാമോജിയില്‍ എത്തുന്നത്.അജിത്ത് താമസിച്ചിരുന്ന അതേ മുറി അദ്ദേഹത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതാണ്. ഇക്കാര്യം അജിത്തിനോട് എങ്ങനെ അവതരിപ്പിക്കും എന്ന ആശങ്കയിലായി ബന്ധപ്പെട്ടവര്‍. ഒടുവില്‍ കാര്യം അവതരിപ്പിച്ചു. എവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അജിത്തിന്റെ മറുപടി. ‘അതിനെന്താ? ഞാന്‍ മാറിക്കൊടുക്കാം ഒരു കട്ടിലും ഫാനും ഉള്ള ഒരു ചെറിയ മുറി മതി എനിക്ക്. ഇൗ മുറി രണ്‍വീറിന് കൊടുക്കൂ.’

സംവിധായകന്‍ സിരുതൈ ശിവയ്ക്കൊപ്പം അജിത്ത് ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. കഥയോ കഥാപാത്രമോ ചോദിക്കാതെയാണ് നയന്‍സ് അജിത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്ന് മുന്‍പ് വാര്‍ത്തകളുണ്ടായിരുന്നു. ദീപാവലിക്ക് ചിത്രം തിയറ്ററുകളിലെത്തും.

ഇതിന് മുന്‍പ് അജിത്തിനെകുറിച്ച് വിജയ് ആരാധകന്‍ പങ്കുവച്ച കുറിപ്പ് ഏറെ വൈറലായിരുന്നു. കോളജില്‍ ഒരു ക്ലാസില്‍ പങ്കെടുക്കാനെത്തിയ അജിത്തിനെ കാത്ത് മണിക്കൂറുകളോളം വിദ്യാര്‍ഥികള്‍ കാത്ത് നിന്നു. ഒടുവില്‍ ക്ലാസ് കഴിഞ്ഞ് മടങ്ങാന്‍ നേരം എല്ലാവര്‍ക്കൊപ്പം നിന്ന് ഫോട്ടായും എടുത്താണ് അദ്ദേഹം മടങ്ങിയത്. പോകാന്‍ നേരം വിജയ് ആരാധകന്‍ അജിത്തിനോട് ചോദിച്ചു.

‘സാർ ഞങ്ങൾ 12 മണിക്കൂറായി കാത്തിരിക്കുകയായിരുന്നു നിങ്ങളെ കാണാന്‍. ഇതിന് അജിത്ത് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘സോറി പാ, താങ്കളെ കാണാന്‍ ഞാന്‍ 26 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു...’. അജിത്ത് തമിഴ് സിനിമയില്‍ എത്തിയിട്ട് 26 വര്‍ഷം കഴിഞ്ഞു.