‘പുഷ്പ 2 : ദ് റൂള്‍’ ഷൂട്ടിങ്ങിനിടെ അല്ലു അര്‍ജുനും സംവിധായകൻ സുകുമാറും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളുണ്ടായെന്നും അതിനെത്തുടര്‍ന്ന് ഷൂട്ട് താൽക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ട്. കൃത്യമായ പദ്ധതി ഇല്ലാതെ ചിത്രീകരണം നീണ്ടുപോകുന്നത് അല്ലു അർജുനെ ചൊടിപ്പിച്ചെന്ന് തെലുങ്ക് മാധ്യമങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ ചിത്രം ഈ വർഷം റിലീസുണ്ടാകുമോയെന്നു സംശയമാണ്.
അപ്രതീക്ഷിത ഷെഡ്യൂള്‍ ബ്രേക്കുകളില്‍ അസ്വസ്ഥനായ താരം തന്റെ കഥാപാത്രത്തിന്റെ ലുക്കിൽ ഏറെ പ്രധാനപ്പെട്ട താടി ട്രിം ചെയ്ത് കുടുംബത്തോടൊപ്പം വിനോദയാത്ര പോയെന്നും വാർത്തകൾ വരുന്നുണ്ട്. യാത്ര കഴിഞ്ഞ് അല്ലു നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സംവിധായകന്‍ സുകുമാർ അമേരിക്കയിലേക്കു പോയത്രേ.
എന്നാൽ താടി ട്രിം ചെയ്തത് സിനിമയിലെ കഥാപാത്രത്തിനു വേണ്ടിയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ചിലർ അവകാശപ്പെടുന്നു.