സൂര്യ നായകനായ ‘അയൻ’ എന്ന ബ്ലോക് ബസ്റ്ററിലൂടെ തെന്നിന്ത്യയിൽ വൻ ജനപ്രീതി നേടിയ സംവിധായകൻ കെ.വി ആനന്ദിന്റെ വലിയ മോഹമായിരുന്നു വിജയ് നായകനാകുന്ന ഒരു സിനിമ ഒരുക്കണമെന്നത്. ജീവ നായകനായ ‘കോ’, സൂര്യ നായകനായ ‘മാട്രാൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം അദ്ദേഹം അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വിജയ്യുടെ സ്ഥിരം ട്രാക്ക് ഒഴിവാക്കി പുതുമയുള്ള ഒരു കഥയായിരുന്നു ആനന്ദിന്റെ മനസ്സിൽ. അങ്ങനെയൊരു ആശയം വൈകാതെ ഉരുത്തിരിഞ്ഞു. ഒരു കാമുകന്റെയും കാമുകിയുടെയും മൂന്നു വ്യത്യസ്ത ജൻമങ്ങളിലൂടെയുള്ള യാത്രയായിരുന്നു കഥ. ആക്ഷനും ഫാന്റസിയും കോമഡിയുമൊക്കെയുള്ള തിരക്കഥ. വിദേശ രാജ്യങ്ങളിലുൾപ്പടെ ചിത്രീകരിക്കേണ്ടത്ര, വൻ മുതൽ മുടക്ക് ആവശ്യമുള്ളത്ര വലിയ കാൻവാസിലാണ് ആനന്ദ് ആ സിനിമ സങ്കൽപ്പിച്ചത്.
കഥ വിജയ്ക്ക് ഇഷ്ടപ്പെട്ടെങ്കിലും മൂന്ന് ഗെറ്റപ്പുകളിൽ വരേണ്ട കാര്യരക്ടറുകൾ തനിക്കു യോജിക്കുമോ എന്നതിൽ അദ്ദേഹത്തിന് സംശയമുണ്ടായി. മാത്രമല്ല, ‘തുപ്പാക്കി’, ‘ജില്ല’, ‘കത്തി’ തുടങ്ങി വിജയങ്ങളുടെ പ്രഭാവത്തിൽ നിൽക്കുന്ന തന്നെ ഇങ്ങനെയൊരു പരീക്ഷണ സിനിമയിൽ ആരാധകർ അംഗീകരിക്കുമോ എന്ന ഭയവും താരത്തിനുണ്ടായിരുന്നുവത്രേ. ഒപ്പം പരീക്ഷണ സ്വഭാവമുള്ള ‘പുലി’ എന്നൊരു സിനിമയും അദ്ദേഹം അപ്പോഴേക്കും ഏറ്റെടുത്തിരുന്നു. ഒക്കെക്കൂടി ചേർന്നപ്പോഴുള്ള തന്റെ നിസ്സഹായാവസ്ഥ ഏറെ വിഷമത്തോടെയാണ് വിജയ് ആനന്ദിനെ അറിയച്ചത്. ആനന്ദ് നിരാശനായെന്ന് മനസ്സിലാക്കിയ വിജയ് മറ്റൊരു സാധ്യത തുറന്നു വച്ചു, ‘ഈ കഥയിലെ ഗെറ്റപ്പ് ചേഞ്ചുകൾ ഏറെ യോജിക്കുക ധനുഷിനാണ്. ഞാൻ സംസാരിക്കാം’. അപ്പോഴാണ് അങ്ങനെയൊരു ചിന്ത ആനന്ദിനുമുണ്ടായത്. വിജയ് ധനുഷിനോട് ഫോണിൽ സംസാരിച്ചു. തനിക്കേറെ ഇഷ്ടപ്പെട്ട കഥയാണെന്നും ഒന്നു കേട്ടു നോക്കൂ എന്നും അഭ്യർത്ഥിച്ചു. വിജയ് പറഞ്ഞതിനാൽ കൂടുതലൊന്നും ചിന്തിക്കാതെ ധനുഷ് ആനന്ദിന്റെ കഥ കേട്ടു. അദ്ദേത്തിനതു നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ ധനുഷ് നായകനായി 2015 ഫെബ്രുവരി 13 നു ‘അനേഗൻ’ സ്ക്രീനിലെത്തി. അൻപത് കോടിയിലധികം കലക്ഷന് നേടി ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു ചിത്രത്തിന്റേത്. ഛായാഗ്രാഹകൻ കൂടിയായ ആനന്ദിന്റെ മനോഹരമായ ഫ്രെയിമുകളും ഹാരിസ് ജയരാജ് ഒരുക്കിയ സുന്ദര ഗാനങ്ങളുമൊക്കെ സിനിമയുടെ മാറ്റു കൂട്ടി. മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളില് ധനുഷിന്റെ പ്രകടനവും എടുത്തു പറയണം.
എന്നാൽ അതേ വർഷം തിയറ്ററുകളിലെത്തിയ വിജയ്യുടെ ‘പുലി’യാകട്ടേ തകർന്നു തരിപ്പണവുമായി. അനേഗനു ശേഷം ‘കവൻ’, ‘കാപ്പാൻ’ എന്നീ സിനിമകൾ കൂടി ഒരുക്കിയ ശേഷം ആനന്ദ് അകാലത്തിൽ മരണപ്പെട്ടു. അതുകൊണ്ടു തന്നെ ഒരു വിജയ് സിനിമ അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിലുണ്ടായില്ല.
ഇപ്പോഴും ധനുഷ് ആരാധകരുടെ പ്രിയ സിനിമകളിലൊന്നാണ് ‘അനേഗൻ’. തനിക്ക് പറ്റില്ലെന്നു തോന്നിയപ്പോൾ ആ കഥ ധനുഷിന് യോജിക്കുമെന്ന വിജയ്യുടെ നിരീക്ഷണം തെറ്റിയില്ലെന്ന് കാലം തെളിയിച്ചു, കോളിവുഡിന് ഒരു മികച്ച സിനിമയും കിട്ടി.