കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സിനിമ ലോകം ഏറ്റവുമധികം ചർച്ച ചെയ്ത വാർത്തയാണ് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആർ. റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹ മോചിതരാകുന്നുവെന്നത്. റഹ്മാന്റെ വിവാഹമോചന വാർത്ത പുറത്തുവന്നതിനു തൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡ് അംഗം മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു പ്രഖ്യാപിച്ചിരുന്നു. ഇതോടെ രണ്ടു വിവാഹ മോചനങ്ങളെയും തമ്മിൽ ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായി.
ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപ പരാമർശങ്ങളോടു പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹിനി.
എനിക്കും എ.ആർ. റഹ്മാനുമെതിരേ പുറത്തു വരുന്ന അടിസ്ഥാനരഹിതമായ വാർത്തകളുടെ എണ്ണം അവിശ്വസനീയമാണ്. ഇരു സംഭവങ്ങളേയും മാധ്യമങ്ങൾ അശ്ലീലവത്കരിച്ചു. കുറ്റകൃത്യമാണത്. റഹ്മാനൊപ്പം ജോലി ചെയ്ത എട്ടര വർഷക്കാലം ആദരവോടെയാണ് ഓർക്കുന്നത്. ഇത്തരം വൈകാരിക വിഷയങ്ങളിൽ ആളുകൾക്ക് ബഹുമാനമോ സഹതാപമോ ഇല്ല എന്നത് നിരാശാജനകമാണ്. ഇവരുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. റഹ്മാൻ ഇതിഹാസമാണ്. അദ്ദേഹം തന്റെ പിതാവിനെപ്പോലെയാണ്. ആളുകളോട് വിശദീകരണം പറയാൻ താൻ ബാധ്യസ്ഥയല്ലെന്നും മോഹിനി വ്യക്തമാക്കുന്നു.