Thursday 14 June 2018 03:32 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ സംവിധായകനാകുന്നതിൽ വൈദികനായ അച്ഛന്റെ ഇടവകക്കാർക്കായിരുന്നു പ്രശ്നം’

basil

സിനിമാ പാരമ്പര്യം ലവലശം തൊട്ടു തീണ്ടിയിട്ടില്ലാത്ത വൈദികനായ അച്ഛന്റെ മകൻ സിനിമാ പിടിക്കാനിറങ്ങുന്നുവെന്ന് പറഞ്ഞപ്പോൾ കുടുംബത്തിൽ പലർക്കും ഉൾക്കൊള്ളാൻ ആദ്യം പ്രയാസമായിരുന്നു. എന്നാൽ ആ മകൻ ഇന്ന് മലയാളത്തിലെ ഹിറ്റ് മേക്കർമാരുടെ ഇടയിൽ നെഞ്ച് വിരിച്ച് നിൽക്കുമ്പോൾ ആ പ്രശ്നങ്ങളെല്ലാം സന്തോഷങ്ങൾക്ക് വഴിമാറി.

മലയാളത്തിന്റെ യുവസംവിധായകരിലെ പ്രതീക്ഷയായ ബേസിൽ ജോസഫിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മതപരമായ ചുറ്റുപാടിൽ വളർന്നു വന്ന ബേസിലിന്റെ സിനിമാ ജീവിതം സിനിമ പോലെ രസകരമാണ്. ഒരു വൈദികന്റെ മകനായ തനിക്ക് ചെറുപ്പത്തില്‍ സിനിമ കാണുന്നതിന് പോലും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബേസിൽ പറയുന്നു.

‘സിനിമ കാണുന്നത് ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് പറയാന്‍ സാധിക്കില്ല. ദൂരദര്‍ശനില്‍ വരുന്ന സിനിമകള്‍ കാണും. മലയാള സിനിമ കാസറ്റ് എടുത്തു കാണും. അല്ലാതെ പുറത്തുള്ള സിനിമകള്‍ കാണാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ മതപരമായ കുടുംബമാണ് ഞങ്ങളുടേത്. അച്ഛന്‍ ഒരു വൈദികനാണ്. എന്റെ അച്ഛന്റെ അച്ഛന്‍ ആകെ ജീവിതത്തില്‍ കണ്ടിരിക്കുന്ന സിനിമ ജീവിതനൗകയാണ്. അതുകൊണ്ട് തന്നെ സിനിമാപരമായ യാതൊരു പാരമ്ബര്യവും ഇല്ല’. ബേസിൽ പറയുന്നു.

basil-2

‘ഞാന്‍ ഷോര്‍ട് ഫിലിം ചെയ്ത സമയത്ത് അച്ഛന്റെ പ്രധാന പ്രശ്‌നം എന്തായിരുന്നു എന്ന് വച്ചാല്‍ വീട്ടിലൊക്കെ ആരെങ്കിലും വരുന്ന സമയത്ത് മകന്‍ ഒരു ഷോര്‍ട് ഫിലിം എടുക്കുത്തിട്ടുണ്ട് അത് ‘ഒരു തുണ്ടുപട’മാണെന്നൊന്നും പറയാന്‍ പറ്റില്ല എന്നുള്ളതായിരുന്നു. അതുകൊണ്ട് അതിനെപ്പറ്റി മിണ്ടില്ലായിരുന്നു.

പ്രിയംവദ കാതരയാണോ എന്ന ഷോര്‍ട്ട് ഫിലിമിനെപ്പറ്റി പറയാറുണ്ട്. ഇതിനെപ്പറ്റി ചോദിച്ചാല്‍ മിണ്ടാതിരിക്കും’– തന്റെ ആദ്യ ഷോർട്ട് ഫിലിം വീട്ടിലുണ്ടാക്കിയ ‘പൊല്ലാപ്പ്’ ബേസിൽ ഓർക്കുന്നു.

‘അച്ഛന് ഞാന്‍ സിനിമയില്‍ വന്നതില്‍ എതിര്‍പ്പൊന്നുമില്ല. ആള്‍ക്ക് ഞാന്‍ എങ്ങനെയായാലും രക്ഷപ്പെട്ടാല്‍ മതിയെന്നേയുള്ളൂ. പിന്നെ പള്ളീലച്ഛന്റെ മകന്‍ ആയതുകൊണ്ട് നാട്ടുകാര്‍ക്കും ഇടവകക്കാര്‍ക്കുമൊക്കെ അല്പം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി’.–ബേസിലിന്റെ വാക്കുകൾ

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകനാണ് ബേസില്‍ ജോസഫ്.

basil1