വിവാഹശേഷം ഇതാദ്യമായി ക്യാമറയ്ക്കു മുന്നിൽ; ഭാവനയുടെ വിഡിയോ ഏറ്റെടുത്ത് ആരാധകർ–വിഡിയോ

Mail This Article
വിവാഹത്തോടെ സിനിമയോട് താത്കാലികമായി ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ് നടി ഭാവന. ഇപ്പോഴിതാ വിവാഹശേഷം ഇതാദ്യമായി ക്യാമറക്കു മുന്നിലെത്തിയിരിക്കുകയാണ് പ്രിയതാരം. സുഹൃത്ത് നവ്യ നായർക്കു വേണ്ടിയാണ് ഭാവന ആരാധകരോട് സംവദിച്ചത്. നവ്യ നായരുടെ പുതിയ നൃത്തശിൽപമായ ആയ 'ചിന്നം ചിരു കിളിയേ' എന്ന ഭരതനാട്യം വിഡിയോക്ക് ആശംസകളറിയിച്ചായിരുന്നു ഭാവനയുടെ ഇൻസ്റ്റാഗ്രാം രംഗപ്രവേശം. നവ്യ നായർ തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.
''നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായർ ഒരു നല്ല അഭിനേത്രിയും, നർത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാൻസ് വീഡിയോ നിങ്ങൾക്കായി സമർപ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്, ആ കവിത നൃത്ത രൂപത്തിൽ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം," ഭാവന വിഡിയോയിൽ പറയുന്നു.
‘ചിന്നം ചിരു കിളിയേ’ എന്ന ഈ 9 മിനിറ്റ് ഭരതനാട്യ – അഭിനയ ശിൽപ്പം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ ഉപാധികളില്ലാത്ത സ്നേഹമാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. കുട്ടികളെ സംരക്ഷിക്കണ്ടതിനെക്കുറിച്ച് സമൂഹത്തിനു നൽകുന്ന ഉത്ബോധനമാണ് വിഡിയോയുടെ ലക്ഷ്യം.
അവതരണത്തിനൊപ്പം സംവിധാനവും നവ്യ തന്നെ. തമിഴിലെ നവോത്ഥാന നായകനും മഹാകവിയുമായ ഭാരതിയാരുടെ ‘ചിന്നം ചിരു കിളിയേ’ എന്ന കവിതയിൽ നിന്നാണ് ആവിഷ്ക്കാരത്തിനുള്ള ആശയം കണ്ടെത്തിയത്. മനു മാസ്റ്ററാണ് നൃത്ത സംവിധാനം. നിർമ്മാണം ജിമ്മി റെയ്നോൾഡ്സ്.
വിഡിയോയുടെ ട്രെയിലറിന് ഇതിനോടകം വലിയ സ്വീകരണം ലഭിച്ചു കഴിഞ്ഞു.