Monday 05 November 2018 12:21 PM IST : By സ്വന്തം ലേഖകൻ

20 ലക്ഷത്തിന്റെ താലിമാല, 1 കോടിയുടെ ആഭരണങ്ങൾ; വിവാഹ ആഘോഷങ്ങൾക്കൊരുങ്ങി ദീപിക

deepika-new

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് രൺവീർ സിംങ്ങിന്റെയും ദീപിക പദുകോണിന്റെയും. ഇനി കഷ്ടി പത്തു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വിവാഹ മാമാങ്കത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും കുടുംബാംഗങ്ങളും.

വിവാഹവുമായി ബന്ധപ്പെട്ട അവസാനഘട്ട ഷോപ്പിംഗ് തിരക്കുകളിലാണ് ദീപിക. കഴിഞ്ഞ ദിവസം താലിമാല വാങ്ങാൻ മുംബൈയിലെ ഒരു ജ്വല്ലറിയിൽ ദീപികയെത്തിയത് വാർത്തയായിരുന്നു. ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതത്രേ. വരൻ രൺവീർ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വർണ്ണ മാലയും താരം വാങ്ങി. 20 ലക്ഷം രൂപയാണ് താലിമാലയുടെ വില.

കഴിഞ്ഞ ദിവസങ്ങളില്‍ ദീപികയുടെ ബാംഗ്ലൂരിലെ വീട്ടിൽ വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി നന്തി പൂജ നടന്നിരുന്നു. രൺവീറിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നവംബർ പതിന്നാലിനും പതിനഞ്ചിനുമാണ് വിവാഹം. സിന്ധി – കൊങ്കിണി ആചാര പ്രകാരമുള്ള വിവാഹം നവംബർ 14നാണ്. പരമ്പരാഗതമായ വിവാഹാഘോഷങ്ങൾ കഴിഞ്ഞാൽ അന്നു തന്നെ താരങ്ങൾ ഇറ്റലിയിലേക്കു പോകും. അവിടെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ നവംബർ 15 നാണ് ഔദ്യോഗിക വിവാഹ ചടങ്ങുകൾ. ബാംഗ്ലൂരിലും മുംബൈയിലുമായി രണ്ടു റിസപ്ഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.