Tuesday 25 February 2020 09:13 AM IST : By സ്വന്തം ലേഖകൻ

ഇതാണ് മേക്കോവർ! ‘തലൈവി’യായി കങ്കണയുടെ രൂപമാറ്റം: കൂട്ടിയത് 10 കിലോ ശരീരഭാരം

kangana-new

ഇന്ത്യൻ സിനിമയും പ്രേക്ഷകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കണ റണാവത്ത് നായികയായി, മുൻ തമിഴ്നാട് മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും മറ്റും ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ, തലൈവി ലുക്കിലുള്ള കങ്കണയുടെ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

‘തലൈവി’യ്ക്കായി പത്തു കിലോ ശരീരഭാരമാണ് താരം കൂട്ടിയത്. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പുതിയ ലുക്കിൽ ഇരുവരുടെയും ഭാവങ്ങള്‍ തമ്മില്‍ അതീവ സാദൃശ്യമുണ്ടെന്നാണ് അഭിപ്രായങ്ങള്‍. ജയലളിതയുടെ ജൻമദിനത്തിലാണ് പുതിയ ലുക്ക് എത്തിയത്. നേരത്തേ ജയലളിതയുടെ ലുക്കിലുള്ള കങ്കണയുടെ സ്കെച്ച് വലിയ ട്രോൾ ആക്രമണം നേരിട്ടിരുന്നു.

‘തലൈവി’ തമിഴിലും ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക. ചിത്രത്തിൽ എം.ജി.ആർ. ആയി അരവിന്ദ് സാമി എത്തുന്നു. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്.

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.