Friday 02 November 2018 06:51 PM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ബര്‍ത്ത് ഡേ ചാക്കോച്ചാ’; ആശംസകളുമായി മഞ്ജുവും നിവിനും: വിഡിയോ കാണാം

chakkochan-1

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ചോക്ലേറ്റ് ഹീറോ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: ‘കുഞ്ചാക്കോ ബോബൻ’. ‘അനിയത്തി പ്രാവ്’ എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി യുവത്വത്തിന്റെ ഹരമാകുകയായിരുന്നു ആരാധകരുടെ സ്വന്തം ചാക്കോച്ചന്‍. 

പിറന്നാൾ മധുരനിറവിലായിരുന്നു ഇന്ന് കുഞ്ചാക്കോ ബോബൻ. താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകൾ ചാക്കോച്ചന് പിറന്നാളാശംസകൾ നേർന്നു. ഹാപ്പി ബര്‍ത്ത് ഡേ ചാക്കോച്ചാ എന്ന് നിവിന്‍ പോളി ഫെയ്സ്ബുക്കില്‍ കുറിച്ചപ്പോൾ രണ്ടു കാലങ്ങളില്‍ കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചാണ് മഞ്ജു വാര്യർ പ്രിയപ്പെട്ട ചാക്കോച്ചന് പിറന്നാള്‍ ആശംസിച്ചത്. ഒപ്പം ആശംസകള്‍ നേരുന്ന ഒരു വിഡിയോയും മഞ്ജുവിന്റേതായുണ്ട്.

“ഏറെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും അതിലേറെ പ്രിയപ്പെട്ട സുഹൃത്തുമായ കുഞ്ചാക്കോ ബോബന്, ചാക്കോച്ചന്, ജന്മദിനാശംസകള്‍. ആയുരാരോഗ്യ സൗഖ്യവും സമാധാനവും ആരോഗ്യവും ഒക്കെയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഹാപ്പി ബര്‍ത്ത്ഡേ ചാക്കോച്ചാ”.– വിഡിയോയില്‍ മഞ്ജു പറയുന്നതിങ്ങനെ.

കുട്ടനാട്ടിലെ പുളിങ്കുന്നില്‍ നിന്ന് ആലപ്പുഴയിലേക്ക് കുടിയേറി ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച്, ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാളിയംപുരക്കല്‍ കുഞ്ചാക്കോയുടെ ചെറുമകനായ കുഞ്ചാക്കോ ബോബന്‍, നടനും സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയില്‍ സജീവ സാന്നിധ്യമറിയിച്ച ബോബന്‍ കുഞ്ചാക്കോയുടെ മകനാണ്. 2005 ഏപ്രില്‍ 2-ന് പ്രിയ ആന്‍ സാമുവേല്‍ ചാക്കോച്ചന്റെ ജീവിതസഖിയായി.

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത ‘ജോണി ജോണി യെസ് അപ്പാ’ യാണ് ചാക്കോച്ചന്റെ തിയേറ്ററിലുള്ള പുതിയ ചിത്രം. ലാൽ ജോസ് സംവിധാനം ചെയ്യുന്ന തട്ടുംപുറത്ത് അച്യുതന്റെ ചിത്രീകരണം പുരോഗമിക്കുന്നു.