Monday 21 April 2025 11:27 AM IST : By സ്വന്തം ലേഖകൻ

54 വയസില്‍ 20 കിലോ ശരീരഭാരം കുറച്ച് ഖുശ്ബു, മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്ക് എന്നു പരിഹാസം

kushboo

തകർപ്പൻ മേക്കോവറുമായി തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബു സുന്ദർ. 20 കിലോഗ്രാം ശരീരഭാരമാണ് ഖുശ്ബു കുറച്ചത്. ഖുശ്ബുവിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്. 54 ആം വയസില്‍ താരത്തിന്റെ ഈ ഗെറ്റപ്പ് ചേഞ്ച് ആരാധകർ ആഘോഷമാക്കുന്നു. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും മേക്കോവര്‍ ചിത്രങ്ങള്‍ ഖുശ്ബു പങ്കുവെച്ചു. ‘Back to the future!!’ എന്നാണ് ഖുശ്ബു മേക്കോവര്‍ ചിത്രങ്ങളുടെ കൊളാഷ് വിഡിയോ പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തെത്തിയപ്പോൾ, ചിലര്‍ നെഗറ്റീവ് കമന്റുകളും ഇടുന്നുണ്ട്. ‘ഇത് മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്കാണ്. ഇക്കാര്യം നിങ്ങളുടെ ഫോളോവര്‍മാരും അറിയട്ടെ. അപ്പോള്‍ അവര്‍ക്കും ഇന്‍ജക്ഷന്‍ എടുക്കാമല്ലോ’ എന്നാണ് എക്‌സില്‍ ഒരാൾ പരിഹാസ കമന്റിട്ടത്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായുള്ള മരുന്നാണ് മൗന്‍ജാരോ.

ഈ കമന്റിന്, ‘നിങ്ങളെപോലുള്ളവര്‍ എന്തൊരു തലവേദനയാണ്. നിങ്ങള്‍ ഒരിക്കലും സ്വന്തം മുഖം കാണിക്കാറില്ല. കാരണം നിങ്ങള്‍ക്കുതന്നെ അറിയാം നിങ്ങള്‍ ഉള്ളില്‍ എത്ര വൃത്തികെട്ടവരാണെന്ന്. നിങ്ങളുടെ മാതാപിതാക്കളോട് എനിക്ക് സഹതാപം തോന്നുന്നു’ എന്നാണ് ഖുശ്ബു മറുപടി നല്‍കിയത്.