Saturday 14 April 2018 12:30 PM IST

വിഷുവിശേഷങ്ങളും ഓർമകളുമായി മിനിസ്ക്രീൻ സുന്ദരികൾ...

Unni Balachandran

Sub Editor

stars_vishu ഫോട്ടോ: ശ്യാംബാബു

ഞാനൊരു സംശയം ചോദിക്കട്ടെ.’’
‘‘തുടങ്ങുമ്പോഴെ  ഡൗട്ടാണല്ലോടേ? എന്നാലും നീ ചോദിക്ക്...’’
 ‘‘വിഷുവിന് ഒരുപാട് ഐതിഹ്യങ്ങളില്ലേ. ഏതാണ് കറക്ടായിട്ടുള്ളത്??’’
വിഷുവിന്റെ  വിരുന്നുകാരായി  എത്തിയ മിനിസ്ക്രീന്‍ സുന്ദരിമാരെല്ലാം  ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിൽ ‘തട്ടിയും മുട്ടിയും’ അൽപനേരം ഡൗട്ടടിച്ചു നിന്നു. ഫീലിങ് ഡൗട്ട്ഫുൾ ‘സ്മൈലി’ എല്ലാ കണ്ണുകളിലും ബ്ലിങ് ചെയ്യുന്നുണ്ടോയെന്നു തോന്നും. കഥ ‍എനിക്കറിയാമെന്ന് പറഞ്ഞ് ജുഹി ചാടിവീണപ്പോൾ കണ്ണുകളെല്ലാം ഒരുപോലെ വിടർന്നു. ഇപ്പോൾ സുന്ദരിമാരുടെ മുഖങ്ങളെല്ലാം  ഫീലിങ്  എക്സൈറ്റഡെന്ന് സ്റ്റാറ്റസ് അ പ്ഡേറ്റ് ചെയ്തിട്ടുണ്ട്.


കാതോർത്തിരിക്കുന്ന കൂട്ടുകാരികളുടെ നടുവിലേക്ക് പാകത്തിന് ‘ഉപ്പും മുളകും’ ചേ ർത്ത ഒരു കഥ ലൈവ് ആയി പോസ്റ്റ് ചെയ്തു ജുഹിക്കുട്ടി. ‘‘എന്റെ ‘ഗൂഗിൾ ദൈവം’ പറഞ്ഞതനുസരിച്ച്, രാവണന്റെ  പ്രതാപകാലത്ത് സൂര്യദേവനെ കിഴക്കുദിക്കിൽ ഉദിക്കാൻ അനുവദിച്ചിരുന്നില്ലത്രേ. രാവണനിഗ്രഹത്തിനുശേഷമാണ് സൂര്യൻ വീണ്ടും കിഴക്ക് ഉദിക്കാൻ എത്തുന്നത്. ആ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത്. ഒരു തരത്തിൽ  പറഞ്ഞാൽ രാവണൻ സൂര്യനെ എടുത്തു ട്രാഷിൽ  ഇട്ടെങ്കിലും  അതിനെയെല്ലാം അതിജീവിച്ച് സൂര്യഭഗവാന്‍ വീണ്ടും  ഉദിച്ച സൂര്യോത്സവമാണടേ നമ്മുടെ വിഷു.’’

ഇത്രയും കേട്ടപ്പോൾ ‘ആത്മസഖി’യായി വന്ന് ഹൃദയത്തിൽ തൊട്ട ചിലങ്കയ്ക്ക് കിലുങ്ങാതെ വയ്യ എന്നായി. ‘‘നരകാസുരനെ വിഷ്ണു വധിച്ചതിന്റെ പേരിലാണ് വിഷു ആ ഘോഷിക്കുന്നതെന്നാ ഞാൻ കേട്ടിട്ടുള്ള കഥ. പിന്നെ, ഈ കൈനീട്ടത്തിന്റെ കഥയെന്താണെന്നറിയാമോ? വിഷുദിവസം തമ്പുരാൻ നെല്ലും തേങ്ങയും എണ്ണയുമൊക്കെ സമ്മാനിക്കും. അതു സ്വീകരിച്ചാൽ തമ്പുരാന്റെ കീഴിൽ അടുത്ത മേടമാസം വരെ പണിചെയ്യാനവർ ബാധ്യസ്ഥരാണെന്നാണ് പറയുന്നത്.  ഈ സംഭവമാണ് ഇപ്പോഴത്തെ നമ്മുടെ കൈനീട്ടമായി മാറിയത്.’’


എന്നാൽ പിന്നെ, ഇതും കൂടെ എന്ന മട്ടിൽ അതുവരെ മിണ്ടാതിരുന്ന  െഎശ്വര്യ കമന്റിട്ടു. ‘‘വിഷുവെന്നു പറഞ്ഞാൽ തന്നെ കൈനീട്ടമാണല്ലൊ. പണിയെടുക്കാതെ കാശ്
കിട്ടും  എന്ന് പറയുന്നത് വിഷുവിന്റെ ഹൈലൈറ്റ് തന്നെ.’’

stars_vishu3 ഇടത്തു നിന്ന്: ജൂഹി, ചിലങ്ക, ഭാഗ്യലക്ഷ്മി, ഐശ്വര്യ


ചിലങ്ക :  പക്ഷേ, കുട്ടിയായിരിക്കുമ്പോ ചില്ലറ പൈസ മാത്രമേ എല്ലാരും തരൂ.
ഐശ്വര്യ : ശരിയാ, ഒരു പരിചയവുമില്ലാത്ത ബന്ധുക്കളുടെ വീട്ടിൽ പോകുമ്പോഴും  പ്രതീക്ഷയുണ്ട്. കൈ നിറയെ നോട്ട് കിട്ടും, നമ്മൾ പൊളിക്കും  എന്നൊക്കെ. അവസാനം വീട്ടിലെ മുതിർന്ന അങ്കിൾ ഷർട്ടിന്റെ പോക്കറ്റിൽ കൈയിടുമ്പോ ചില്ലറ കിലുങ്ങുന്നത് കേൾക്കുന്ന സമയത്തൊരു
ദേഷ്യവും അങ്ങ് വരും.
ജുഹി :  ചില വീടുകളിൽ പോയി തിരിച്ചിറങ്ങുമ്പോൾ ‘മോളെ ഇങ്ങ് വന്നേ’ എന്നൊരു വിളിയുണ്ട്. ഹോ, ആയിരം നക്ഷത്രങ്ങൾ ബിജിഎം ഇട്ടു വരും പോലിരിക്കും. പക്ഷേ, അവസാനം കൈയിലിരുന്നു കളിയാക്കി ചിരിക്കും ‘തടിയൻ ഒരു രൂപ തുട്ട്’.
ഭാഗ്യലക്ഷ്മി : എന്നിട്ടൊരു ഡയലോഗും കാണും, ‘അധികം ഒന്നും ചെലവാക്കരുത്’.
ഐശ്വര്യ : പക്ഷേ, അതൊക്കെ രസമല്ലേ. അച്ഛനും അമ്മയും പറയുന്നതുവച്ചു നോക്കുമ്പോ പഴയ വിഷുവിന്റെ പകുതി ആഘോഷം പോലുമില്ല ഇപ്പോ.


ആഘോഷക്കഥ


ജുഹി: അത് ശരിയാ, ഇപ്പോ വാലെന്റൈൻസ് ഡേയ്ക്ക് പോ ലും പഴയൊരു ഗുമ്മില്ല.
ചിലങ്ക : പഴയതുപോലല്ലെന്നു പറയാൻ നിനക്കെത്ര വയസ്സുണ്ട്?
ഭാഗ്യലക്ഷ്മി : വയസ്സില്‍ തൊട്ടു കളിച്ചാലിവിടെ അടി നടക്കും.
ഐശ്യര്യ : പോട്ടെ, കല്യാണ പ്രായമായി നിൽക്കുന്ന ചിലങ്ക ചേച്ചിക്കും പറയാൻ ആഗ്രഹമുണ്ടാകില്ലേ?
ചിലങ്ക : പിന്നെ, എനിക്ക് അതിനും മാത്രം കഥയൊന്നും പറയാനില്ല.
ഭാഗ്യലക്ഷ്മി : എന്നാ, സീരിയലിൽ എത്തിയ കഥ പറ.
ചിലങ്ക : ഞാനാദ്യം അഭിയിച്ചത് സിനിമയിലായിരുന്നു. വിനയൻ സാറിന്റെ ‘ലിറ്റിൽ സൂപ്പർമാൻ’. അത് അച്ഛൻ ദീദുവിന്റെ സുഹൃത്ത് വഴി കിട്ടിയ ചാൻസാണ്. പിന്നെയാണ് സീരിയലിലേക്ക് വന്നത്.
ജുഹി : പഠിച്ചിട്ടില്ലല്ലേ...?
ചിലങ്ക : പത്തനംതിട്ടയിലാണ് വീട്, പഠിച്ചതും അവിടെ തന്നെ. പിന്നെ, സിഎ ചെയ്തിട്ടുണ്ട് ഐഐടി പ്രഫഷനൽ ക്യാംപസിൽ നിന്ന്.
ഭാഗ്യലക്ഷ്മി : പഠിത്തക്കാരി... ഞാനൊരു ഓളത്തിന് സീരിയൽ കഥ പറയാന്നു പറഞ്ഞപ്പോ, ഫുൾ ഡീറ്റെയിൽ ഇറക്കിയല്ലേ... ഐശ്വര്യ ചേച്ചി, എങ്ങനെയാ സീരിയലിലേക്ക്  വന്നത്?
ഐശ്യര്യ : ഞാൻ ആദ്യം അഭിനയിക്കുന്നത്  ഒരു ഹെയർ ഓയിലിന്റെ പരസ്യത്തിലാ. എന്റച്ഛൻ രാജീവ്കുമാർ നേരത്തേ സിനിമയിലുണ്ട്. അങ്ങനെ  അഭിനയത്തിലേക്കിറങ്ങി. ഇപ്പോ എൻഎസ്എസ് കോളജിൽ ബികോമിനു പഠിക്കുന്നു. അമ്മ പ്രീതയാണ് സീരിയലിനും പ്രോഗ്രാമിനുമൊക്കെ കൂടെ വരുന്നത്.
ജുഹി : എന്റെ അച്ഛൻ രഘുവീർ ശരൺ രാജസ്ഥാനിയും അമ്മ  ഭാഗ്യലക്ഷ്മി മലയാളിയുമാണ്. ഫാഷൻ ഡിസൈനിങ്ങിലെ ഡിപ്ലോമ കഴിഞ്ഞിരിക്കുമ്പോൾ തീരെ പ്രതീക്ഷിക്കാതെയാണ് മിനിസ്ക്രീനിെലത്തിയത്. സുഹൃത്ത് അനന്തകൃഷ്ണന്റെ അച്ഛനാണ് ‘ഉപ്പും മുളകും’ സീരിയലിന്റെ സംവിധായകൻ. അനന്തുവിന്റെ വീട്ടിലെ ഒരു ഫങ്ഷനിൽ പോയപ്പോഴുള്ള എന്റെ അലമ്പും ബഹളവുമൊക്കെ സാർ നോട്ട് ചെയ്തു. ഒരു ദിവസം പെട്ടെന്ന് അനന്തു വിളിച്ചു പറഞ്ഞു, അച്ഛൻ പുതിയ സീരിയിലെടുക്കുന്നുണ്ട് നിന്നെ അതിൽ കാസ്റ്റ് ചെയ്തെന്ന്.
ഭാഗ്യലക്ഷ്മി : എന്റെ കഥയും  ഏകദേശം ഇതുപോലെ ത ന്നെയാണ്. ‘വെറുതേ ഒരു ഭാര്യ’ റിയാലിറ്റി ഷോയിലേക്ക് അച്ഛന്റെയും അമ്മയുടെയും  ഫോട്ടോ അയച്ചു കൊടുത്തത് ഞാനാണ്. പക്ഷേ, അശോകൻ – അനിലാ ടീം സെമിഫൈനലിന്റെ അടുത്തെത്തിയിട്ട് പുറത്തായപ്പോൾ എനിക്ക് ഭയങ്കര വിഷമമായിരുന്നു. അതൊക്കെ മറന്നിരിക്കുന്നസമയത്താണ്, ‘തട്ടിയും മുട്ടിയും’ സീരിയലിലേക്കുള്ള വിളിവരുന്നത്, അനിയനാണ് ആദ്യം പോയത്. അവനോട് ചോദിച്ചു, നീ അഭിനയിക്കുമോയെന്ന്, റെഡിയാണെന്നവൻ മറുപടി പറഞ്ഞു. ചേച്ചി അഭിനയിക്കുമോ എന്നവർ ചോദിച്ചപ്പൊ  അവനേക്കാള്‍ നന്നായി അഭിനയിക്കുമെന്നാ മറുപടി പറഞ്ഞത്. അങ്ങനെ ഞാന്‍  മിനിസ്ക്രീനിലെത്തി. ഇപ്പോ സുധീന്ദ്ര കോളജ് ഓഫ് നഴ്സിങ്ങിൽ ഫൈനൽ ഇയർ പഠിക്കുന്നു.

stars_vishu2


വിഷുക്കഥ


ഐശ്വര്യ : ജീവിതക്കഥ തീർന്നെങ്കിൽ ഒരു വിഷുപടക്കം പൊട്ടിത്തെറിച്ച കഥയെനിക്ക് പറയാനുണ്ട്.
ജുഹി : പടക്കം പിന്നെ, പൊട്ടിത്തെറിക്കുകയല്ലാതെ പൊട്ടിച്ചിരിക്കുകയൊന്നുമല്ലല്ലോ ചെയ്യുന്നത് മണ്ടീ.
ഐശ്വര്യ :  കഥ മുഴുവൻ ഒന്നു പറഞ്ഞോട്ടെ ഞാൻ.  വിഷു ദിവസം ഞങ്ങൾ വീട്ടിൽ പടക്കം പൊട്ടിക്കുകയായിരുന്നു. അപ്പോ ആ വഴി പോയൊരു ചേട്ടൻ  ഞങ്ങളെയും  നോക്കി നിന്നു. അതിനിടയ്ക്കാണ് ഞങ്ങൾ ഗുണ്ട് എടുത്ത് പൊട്ടിക്കാൻ തുടങ്ങിയത്. അതുകണ്ടതും ചേട്ടൻ വളരെ സൗമ്യനായി ഞങ്ങൾക്കിടയിലേക്ക് നടന്നു വന്നു. എന്നിട്ട് ഗുണ്ട് കൈയിലെടുത്തിട്ട് ക്ലാസ് തുടങ്ങി. ഒരു ചട്ടിയെടുത്ത് അതിനകത്ത് ഗുണ്ടു വച്ച് പൊട്ടിച്ചാൽ കുറേക്കൂടി ശബ്ദമുണ്ടാകും എന്നൊക്കെ പറഞ്ഞ് ഗുണ്ടിന് തിരി കൊളുത്തി.
ജുഹി : കൈയിലിരുന്ന് പൊട്ടിക്കാണും.
ചിലങ്ക : വെടിവയ്ക്കാതെടേ, അവൾ പറയട്ടേ.
ഐശ്വര്യ : ഗുണ്ട്  ചട്ടിയുടെ അടിയിലേക്ക് വച്ചിട്ട് എല്ലാരോടും മാറി നിന്നോളാൻ പറഞ്ഞു. ഞങ്ങൾ ദൂരേക്ക് ഓടി ചെവി പൊത്തി നിൽപ്പായി. പൊട്ടേണ്ട  സമയം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാഞ്ഞപ്പൊ പണി പാളിയതിന്റെ നാണക്കേട് ചേട്ടന്റെ മുഖത്ത്. ഞങ്ങള് ചിരിക്കാൻ തുടങ്ങി. ചേട്ടൻ ചട്ടി മാറ്റി ഗുണ്ട് കൈയിലെടുത്തു. തിരികെട്ടു പോയതാണെന്നുപറഞ്ഞ് അതിലേക്ക് മുഖം അടുപ്പിച്ച് ഊതിയതും ഗുണ്ട് പൊട്ടിയതും ഒരേസമയത്തായിരുന്നു.
ഭാഗ്യലക്ഷ്മി : എന്ത് ദുരന്തം കഥയാണ്  ഈ പറയുന്നേ, പാവം ചേട്ടൻ.
ഐശ്വര്യ : വിഷുവെന്ന്  കേൾക്കുമ്പോ എനിക്കിതാ ആദ്യം ഓർമ വരുന്നത്. അത് പറഞ്ഞന്നേ ഉള്ളൂ.
ജുഹി : ദുരന്തകഥയ്ക്ക് പ്രിയം കുടുതലുണ്ടെങ്കിൽ ഞാനും ഒരെണ്ണം പറഞ്ഞോട്ടെ.
ചിലങ്ക : ആ, പറ. ഇതോടെ ഈ ദുരന്തം എപ്പിസോഡ് തീർത്തോണം.
ജുഹി : പണ്ട് എന്റെ ഫ്രണ്ടിന് ചെറുപ്പത്തിലുണ്ടൊയൊരു  അ നുഭവം. ഉത്സവത്തിന് കളിപ്പാട്ടം വാങ്ങാനായി വിഷുകൈനീട്ടമെല്ലാം കൂടി 500 രൂപയിലെത്തിക്കണം എന്നൊരു ആഗ്രഹം അവനുണ്ടായിരുന്നു. ബന്ധുക്കളൊക്കെ കാശ് തന്നിട്ടും 50 രൂ പ കുറവ് വന്നു. ആകെ വിഷമിച്ചിരിക്കുമ്പോഴാണ് എല്ലാ വിഷുവിനും അവന് കാശ് കൊടുക്കുന്ന നീലാണ്ടൻ വരുന്നതു കണ്ടത്.
ഭാഗ്യലക്ഷ്മി : സ്വാഭാവികമായും  പ്രതീക്ഷകൂടും.
ജുഹി : കറക്ട്. പക്ഷേ, നീലാണ്ടൻ ചോറും കഴിച്ച്, ഒന്നും മിണ്ടാതെ പോയി. അവനാ വിഷമത്തിൽ കിടന്ന് കരഞ്ഞ് ഉറങ്ങി. ഉറക്കമെഴുന്നേറ്റപ്പോഴാണ് അവന്റെ അമ്മ പറയുന്നത്, നീലാണ്ടൻ  മരിച്ചെന്ന്. അവനാദ്യം  സന്തോഷമാ തോന്നിയത്.
ഐശ്വര്യ : കുട്ടിയല്ലേ, വീണ്ടും സ്വാഭാവികം.
ജുഹി :  പക്ഷേ, മരിക്കുന്നതിന് മുൻപ് അവന് കൊടുക്കാനായി ഒരു പൊതി നീലാണ്ടൻ അവന്റെ അച്ഛന്റെ കൈയിൽ കൊടുത്തിട്ടുണ്ടായിരുന്നു.
ചിലങ്ക : അമ്പത് രൂപയല്ലെ ?
ജുഹി : അതെ. സംഭവം സ്ഥിരം കഥയാണെങ്കിലും വിഷുവെന്ന് ഓർക്കുമ്പോഴൊക്കെ എനിക്കീ കഥ മനസ്സിൽ വരും.

stars_vishu5


വിഷുരാത്രി


ഭാഗ്യലക്ഷ്മി : വിഷു  ദിവസത്തെ വിഗ്രഹം ഒരുക്കലിനെ പറ്റി ആർക്കാ നന്നായിട്ട് അറിയാവുന്നത്.  
ചിലങ്ക : കണിക്കൊന്നയാണ്  ആ കഥയിലെ നായകനും വില്ലനും. വിഷുവെത്തുമ്പോൾ കണിക്കൊന്ന മരങ്ങളിൽ പൂവ് തീരെയുണ്ടാകില്ല, മരത്തിന്റെ കൊമ്പത്തെങ്ങാനും ഉണ്ടെങ്കിലായി. ചെറുപ്പത്തിൽ ഞാനും അനിയനും കൂടി പൂവ് പറിക്കാനായി കൊന്നമരം തപ്പി പോയി. ഒരുപാട് അന്വേഷിച്ചിട്ട് അവസാനം കണ്ടുപിടിച്ച മരത്തിലാണെങ്കിൽ മുഴുവനും പുളിയുറുമ്പായിരുന്നു.
ഭാഗ്യലക്ഷ്മി : ഇത് മീശമാധവനിലെ ഡയലോഗല്ലേ?  മാവിലേക്ക് വലിഞ്ഞു കയറുമ്പൊളല്ലേ നിറയെ പുളിയുറുമ്പുള്ളത്?
ജുഹി : അത് മാവ്, ഇത് കണിക്കൊന്ന. രണ്ടും രണ്ടാണ്. ചേച്ചി ബാക്കി പറ...
ചിലങ്ക : അവനാ മരത്തിൽ വലിഞ്ഞു കയറി, മുകളിലത്തെ ക മ്പിൽ നിന്ന് കൊന്നപൂവ് പറിച്ചു താഴേക്കിട്ടു. ഞാനവൻ ഇടുന്ന ഓരോ കണിക്കൊന്ന തണ്ടും എന്റെ കൈയിലുള്ള ചെറിയ പ്ലാസ്റ്റിക് കവറിലേക്ക് ധൃതിയിൽ ഇടും. ആരെങ്കിലും കണ്ടു ചോദിച്ചാൽ പിന്നെ, അവർക്കു കൂടി കൊടുക്കേണ്ടി വരില്ലേ. ആറേഴ് കുല പൂവ് കിട്ടിയപ്പോഴേക്കും ഞങ്ങൾ വീട്ടിലേക്കോടി. വാടാതിരിക്കാനായി ഫ്രിഡ്ജിലും വച്ചു.
ഐശ്വര്യ : എന്നിട്ട്?
ചിലങ്ക : കണിയൊരുക്കാനായി വൈകിട്ട് പൂവ് എടുത്തപ്പോഴാണ് ആ സത്യം ഞാൻ മനസ്സിലാക്കിയത്.
ജുഹി : എന്ത്... ?
ചിലങ്ക : ധൃതിയിൽ പൂവെല്ലാം കൂടെ പ്ലാസിറ്റിക്ക് കവറിലേക്ക് തളളിക്കയറ്റിയപ്പോൾ തണ്ട് ഒടിഞ്ഞും പോയി, പൂവൊക്കെ കൊഴിഞ്ഞു കവറിലേക്ക് വീഴുകയും ചെയ്തു.
ഐശ്വര്യ : ആഹാ!!! അനിയൻ ഇടിച്ചു കാണുമല്ലോ?
ചിലങ്ക : അവൻ പാവമായതുകൊണ്ട് ഒന്നും ചെയ്തില്ല.
പക്ഷേ, എല്ലാരും കൂടെ നോക്കിയ നോട്ടം... പിന്നെ, വിഷുചന്തയിൽ പോയി പുതിയ പൂവ് വാങ്ങേണ്ടി വന്നു.
ജുഹി : വിഷുവിന് ക്ഷേത്രങ്ങളിൽ പോകുന്നതാണ് വലിയൊരു രസം. വീടിനടുത്തുള്ള ക്ഷേത്രത്തിലൊക്കെ പോകുന്നത് വിഷു സമയത്താണ്.
ചിലങ്ക : ശരിയാ, വെക്കേഷൻ സമയത്തെ ഏറ്റവും  ഇഷ്ടപ്പെട്ട യാത്രകളാണ്  വിഷുക്കാലത്തെ ക്ഷേത്ര ദർശനങ്ങൾ.
ഭാഗ്യലക്ഷ്മി : ഒരിക്കൽ വിഷു ദിവസം ഞങ്ങൾ ഗുരുവായൂരിൽ തൊഴാൻ പോയി.
ഐശ്വര്യ : എന്നിട്ടും  ഇപ്പോൾ  ബാക്കിയുണ്ടല്ലൊ... അദ്ഭുതം.
ഭാഗ്യലക്ഷ്മി : ക്യൂ എന്നു പറഞ്ഞാൽ അമ്പലം മുതൽ ഏകദേശം ചാവക്കാട് വരെ ആളുകൾ ക്യൂ നിൽക്കുകയാണ്. കയറാൻ പറ്റുമെന്ന് തീരെ പ്രതീക്ഷയില്ലാതെയാണ് ഞങ്ങളവിടെ നിന്നത്. എന്റെ അനിയൻ സിദ്ധാർഥിന്റെ കാലൊടിഞ്ഞ് പ്ലാസ്റ്റർ ഇട്ടിരിക്കുകയായിരുന്നു, അവന്റെ വേഷമാണെങ്കിൽ വലിയൊരു ജുബ്ബയും. ഒറ്റനോട്ടത്തിൽ ഒരു ‘അവശകലാകാരൻ’. അവന്റെ ലുക് കണ്ട് പൊലീസുകാര് പറഞ്ഞു, പയ്യന് വയ്യാത്തതല്ലേ നിങ്ങൾ അകത്ത് കയറി തൊഴുതോളാൻ.
അങ്ങനെ വിഷു ദിവസം ഉണ്ണിക്കണ്ണെനെ തൊഴാൻ കഴിഞ്ഞു. അമ്മയെപ്പോഴും പറയും, ആ വിഷുവിന് ശേഷമാണ് വീട്ടിൽ ഐശ്വര്യമുണ്ടായതെന്ന്.
ഐശ്യര്യ : അതൊക്കെ ശരി. നമ്മളെങ്ങെനെയാ വിഷു ആശംസിക്കുക?
ജുഹി : ട്രോൾ ഇറക്കിയാലോ... ?
ചിലങ്ക : ഇപ്പോ എല്ലാ ആഘോഷവും  ട്രോളാണല്ലൊ.
ഭാഗ്യലക്ഷ്മി : അതൊന്നും വേണ്ട. എല്ലാവരും ഫോണെടുത്തേ. എന്നിട്ട് ഞാൻ പറയുന്നതുപോലെ മന്ത്രം ഏറ്റു
ചൊല്ലിയാൽ മാത്രം മതി.
ഭാഗ്യലക്ഷ്മി പറയുന്നതിനൊപ്പം മൂന്നാളും ഫോണെടുത്ത് കൈയിൽ പിടിച്ചു, എന്നിട്ട്  മന്ത്രം തുടങ്ങി.
‘സീരിയലിൽ നിന്നൊക്കെ ചാടിയിട്ട്
സിനിമയിലേക്കൊക്കെ കേറിയിട്ട്
എന്നെയും സൂപ്പർ സ്‌റ്റാറാക്കണേ...’
കള്ളച്ചിരി എല്ലാ മുഖത്തും  പരക്കുന്ന സമയം, വിഷുക്കണ്ണനെയോർത്ത് നാലാളും മന്ത്രജപത്തിൽ മുഴുകുന്ന നേരം,  അടുത്തെവിടെയോ നിന്ന് കള്ളകൃഷ്ണൻ അവരെ നോക്കി തുരുതുരെ സ്മൈലികൾ അയയ്ക്കും പോലെ.