Saturday 17 October 2020 12:17 PM IST : By സ്വന്തം ലേഖകൻ

‘ദിഷ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു, പിന്നിൽ ഉന്നതൻ’; വ്യാജ പ്രചാരണത്തിൽ അറസ്റ്റ്

disha ദിഷ സാലിയാൻ (ഇടത്ത്), വലത്ത് അറസ്റ്റിലായ വിഭോർ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റേയും മുൻ മാനേജർ ദിഷ സാലിയന്റേയും മരണുവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയയാൾ പൊലീസ് പിടിയിൽ കേസുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പരത്തിയതിനാണ് ഡൽഹി സ്വദേശിയായ വിഭോർ ആനന്ദിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജകഥകളും ആരോപണങ്ങളും പ്രചരിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

വിഭോർ അക്കൗണ്ടിലൂടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി ഗൂഢാലോചനക്കഥകൾ പ്രസിദ്ധീകരിച്ചിരുന്നായി പൊലീസ് വെളിപ്പെടുത്തി. ജൂൺ എട്ടിന് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിലാണ് ദിഷയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ട്വിറ്ററിലൂടെ വിഭോർ പ്രചാരണം നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ മുംബൈയിൽ എത്തിച്ചു.

ദിഷയുടെ ഫ്ളാറ്റിൽ നടന്ന പാർട്ടിയിൽ നടൻ സൂരജ് പഞ്ചോളി, അർബാസ് ഖാൻ, മന്ത്രി ആദിത്യ താക്കറെ, റിയ ചക്രവർത്തിയുടെ സഹോദരൻ തുടങ്ങിയ സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നുവെന്നും, പാർട്ടിക്കിടെ അവർ യുവതിയെ ബലാത്സംഗം ചെയ്യുകയും, പതിനാലാം നിലയിലെ ഫ്ളാറ്റിൽനിന്നു താഴേക്കു തള്ളിയിട്ട് ആത്മഹത്യയാക്കി മാറ്റുകയുമായിരുന്നെന്നായിരുന്നു വിഭോർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

വ്യാജ പ്രചാരണത്തിനെതിരെ അർബാസ് ഖാൻ ഉൾപ്പെടെയുള്ളവർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും, കഴുത്തിൽ ചങ്ങല കുരുക്കി സുശാന്തിനെ ശത്രുക്കൾ വകവരുത്തിയതാണെന്ന സന്ദേശവും ഇയാൾ പ്രചരിപ്പിച്ചിരുന്നു.

ആനന്ദിനു പുറമേ മീനാഷി മീനു എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയും സമാനമായ ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി എയിംസിലെ ഫൊറൻസിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സുശാന്തിന്റെ ദുരൂഹമരണത്തിന് പിന്നാലെ എൺപതിനായിരത്തിലധികം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടെന്നും ഇവയിലൂടെ ഗൂഢാലോചനാക്കഥകൾ പ്രചരിക്കുന്നതായും മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു.