Tuesday 19 November 2019 03:04 PM IST : By സ്വന്തം ലേഖകൻ

‘96 ൽ ജാനു ആകേണ്ടിയിരുന്നത് ഞാൻ’! തുറന്നു പറഞ്ഞ് മഞ്ജു: അവസരം നഷ്ടപ്പെട്ടത് ഇങ്ങനെ

manju-new

തെന്നിന്ത്യയാകെ തരംഗമായ തമിഴ് ചിത്രമാണ് 96. സി.പ്രേംകുമാർ സംവിധാനം ചെയ്ത്, വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച, 96ൽ റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സിനിമാനുഭവമാണ് സമ്മാനിച്ചത്. എന്നാൽ ഈ ചിത്രത്തിൽ ജാനുവായി അഭിനയിക്കേണ്ടിയിരുന്നത് തൃഷയല്ല, മറിച്ച് മഞ്ജു വാരിയരായിരുന്നു എന്നതാണ് സത്യം. മഞ്ജു തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്.

അടുത്തിടെ ദുബായിൽ ഒരു അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും മഞ്ജു വ്യക്തമാക്കുന്നു.

“പരിപാടി കഴിഞ്ഞു ഞാൻ പോകുമ്പോൾ വിജയ് സേതുപതി പുറകെ ഓടി വന്നു. 96ന്റെ സംവിധായകൻ പ്രേം കാണണം എന്നു പറഞ്ഞതായി അറിയിച്ചു. ‘ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. 96ലേക്ക് നിങ്ങളെ കൊണ്ടു വരാൻ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ എങ്ങനെ കോൺടാക്ട് ചെയ്യും എന്ന് അറിയില്ലായിരുന്നു’ എന്ന് പ്രേം പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഷോക്ക് ആയി. ഞാനിത് അറിഞ്ഞിട്ടേ ഇല്ല, ഒരു തവണ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഓടിവരില്ലായിരുന്നോ എന്നു പറഞ്ഞു. എന്നാൽ അദ്ദേഹം എന്നോട് സംസാരിക്കാനായി ആരെയോ ബന്ധപ്പെട്ടു. പക്ഷെ, വിജയ് സേതുപതിയുടെ ഡേറ്റുമായി കൺഫ്യൂഷൻ വന്നപ്പോൾ ആ കൺഫ്യൂഷനില്‍ എന്നെക്കൂടി കൊണ്ടുവരാൻ അദ്ദേഹത്തിന് വയ്യായിരുന്നു എന്നു പറഞ്ഞു.”

എന്നാൽ എല്ലാ സിനിമയ്ക്കും ഒരു നിയോഗം ഉണ്ടെന്നും ജാനു എന്ന കഥാപാത്രം തൃഷയെക്കാൾ നന്നായി മറ്റാരും ചെയ്യില്ല എന്ന് താൻ വിശ്വസിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.