Thursday 19 November 2020 11:23 AM IST : By സ്വന്തം ലേഖകൻ

‘അവന്‍ ചിരുവിനെ പോലെയാകണം, പേരിടല്‍ ചടങ്ങ് വിപുലമായി നടത്തും’! മനസ്സ് തുറന്ന് മേഘ്ന

megna

മകന്റെ പേരിടലിനെ കുറിച്ചും അമ്മയായതിനു ശേഷമുള്ള അനുഭവങ്ങളെ കുറിച്ചും മനസ്സ് തുറന്ന് മേഘ്ന രാജ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘‘മകനെ കണ്ട എല്ലാവരും അവന്‍ ചിരുവിന്റെ ഫോട്ടോ കോപ്പിയാണെന്നാണ് പറയുന്നത്. ജീവിതത്തിലെ ആഘോഷങ്ങളെ കുറിച്ചായിരുന്നു ചിരു എപ്പോഴും ചിന്തിച്ചിരുന്നത്. എന്റെ മകനും അങ്ങനെയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ ചിരുവിനെ പോലെയാകണം. അദ്ദേഹത്തിന്റെ ഗുണങ്ങള്‍ അവനിലും ഉള്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും.

അവന്റെ മുഖത്ത് നോക്കുമ്പോള്‍ എനിക്ക് സന്തോഷം വരും. മികച്ചൊരു രക്ഷിതാവ് ആകാനുള്ള പ്രചോദനം അവന്‍ തരുന്നു. മികച്ചൊരു അമ്മയാകാന്‍ എനിക്ക് സാധിക്കും.

പ്രിയപ്പെട്ട പല വാക്കുകളും ഞാനിപ്പോള്‍ അവനെ വിളിക്കുന്നുണ്ട്. അവനെ കാണുമ്പോഴെല്ലാം എന്റെ മനസില്‍ ഏറ്റവും കൂടുതല്‍ വരുന്നത് ‘ബേബിമാ’ എന്നാണ്. തുടക്കത്തില്‍ എന്റെ പിതാവ് അവന് ചിന്റു എന്ന് പേരിട്ടു. വീട്ടിലെ ഒട്ടുമിക്ക ആളുകളും അവനെ ചിന്റു എന്ന് വിളിക്കാന്‍ തുടങ്ങി. വൈകാതെ തന്നെ പേരിടല്‍ ചടങ്ങ് വിപുലമായി തന്നെ നടത്തും’’.– മേഘ്ന പറയുന്നു.

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേർപാട് വലിയ ഞെട്ടലാണ് സിനിമാ–പ്രേക്ഷക ലോകത്ത് സൃഷ്ടിച്ചത്. ചിരു മരിക്കുമ്പോൾ ഭാര്യയും നടിയുമായ മേഘ്‌ന രാജ് 4 മാസം ഗര്‍ഭിണിയായിരുന്നു.