Tuesday 19 March 2019 12:38 PM IST : By സ്വന്തം ലേഖകൻ

എജ്ജാതി എനർജിയാണിത്! ‘റൗഡി ബേബിയായി’ നിറഞ്ഞാടി നവ്യ നായർ; വിഡിയോ വൈറൽ

navya-dance

ധനുഷും സായ് പല്ലവിയും തൊടുത്തുവിട്ട റൗഡി ബേബി തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എവിടെത്തിരിഞ്ഞൊന്നും നോക്കിയാലും അവിടെല്ലാം പൂത്തുനിൽക്കുന്നത് റൗഡിബേബി എന്ന പാട്ടും അതിനു ചുവടു വയ്ക്കുന്നവരുമാണ്. ഇപ്പോഴിതാ റൗഡി ബേബിയിൽ ഒരു കൈ നോക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം നവ്യ നായർ.

റൗഡിബേബിയ്ക്ക് നവ്യ നായരുടെ കിടിലൻ ചുവടുവെപ്പ് എന്ന തലവാചകത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ ഡാൻസ് തരംഗമാകുന്നത്. ആറുലക്ഷത്തോളം ആളുകൾ വിഡിയോ യൂട്യൂബിൽ കണ്ടു. സംഗതി ഏതായാലും ഗംഭീരമായിട്ടുണ്ട്. വിഡിയോയിൽ നവ്യയെ കാണാൻ നല്ലഭംഗിയുണ്ടെന്നാണ് ആരാധകപക്ഷം. അതേസമയം നവ്യയുടെ റൗഡിബേബി അത്രയ്ക്കങ്ങോട്ട് ശരിയായില്ല എന്ന വിമർശനവുമുണ്ട്. സായ്പല്ലവിയുടെതു പോലുള്ള മെയ്‍വഴക്കം നവ്യക്ക് ഇല്ലെന്നായിരുന്നു പലരുടേയും കമന്റ്. എന്നാൽ ഇതിനും ആരാധകർക്കു മറുപടിയുണ്ട്. ‘സായ് പല്ലവി കൂടുതൽ എനർജറ്റിക്കായി ചെയ്തു. നവ്യ കുറച്ചൂടെ സിംപിൾ ആയി ചെയ്തു. ആ വ്യത്യാസം മാത്രമാണ് ഉള്ളത്. അല്ലാതെ നവ്യ നായർ റൗഡിബേബി കളിച്ചു കുളമാക്കിയിട്ടില്ല.’

യുവന്‍ ശങ്കർ രാജയുടെ സംഗീതത്തിൽ 2019ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഡാൻസ് നമ്പറാണ് മാരി–2വിലെ റൗഡിബേബി എന്ന ഗാനം. ധനുഷിന്റെയും സായ്പല്ലവിയുടെയും നൃത്തച്ചുവടുകൾ തന്നെയായിയുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനമായി മാറി. പ്രഭുദേവയുടെതാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി. ധനുഷും ദീയും ചേർന്നു പാടിയിരിക്കുന്നു.