Tuesday 11 February 2020 03:15 PM IST : By സ്വന്തം ലേഖകൻ

‘പിന്നീടുള്ള നാളുകള്‍ ഭീകരമായിരുന്നു, എന്നിലേക്കുള്ള എല്ലാ വാതിലുകളും ഞാൻ കൊട്ടിയടച്ചു’! ഭർത്താവിന്റെ മരണം സമ്മാനിച്ച ഞെട്ടലിനെ അതിജീവിച്ച കഥ പറഞ്ഞ് നേഹ

neha

നടിയും മോഡലുമാണ് നേഹ അയ്യർ. അടുത്തിടെ, താരത്തിന്റെ ഭർത്താവ് മരണപ്പെട്ടതും താരം ആൺകുഞ്ഞിന് ജൻമം നൽകിയതുമൊക്കെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഭർത്താവിനെക്കുറിച്ചും ഭർത്താവിന്റെ ജൻമദിനത്തിൽ മകന്‍ ജനിച്ച സന്തോഷവുമൊക്കെ താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ, ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തില്‍ നിന്ന് കുഞ്ഞിനു വേണ്ടി ജീവിതത്തിലേക്കു തിരിച്ചു വന്നതിനെക്കുറിച്ച് താരം കുറിച്ചതാണ് വൈറൽ.

ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ താരം കുറിച്ചത് ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഞാൻ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാനും അവിനാഷും ഒന്നും മിണ്ടാതെ, തമ്മിൽ തമ്മിൽ നോക്കി നിന്നു. സന്തോഷം കണ്ണുകളിലൂടെ ചാലിട്ടൊഴുകി. എട്ടുവര്‍ഷത്തോളം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആറുവര്‍ഷത്തോളം ദമ്പതികളും. ഒരു കുഞ്ഞിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആ സന്തോഷം അധികം മുന്നോട്ടു പോയില്ല. കുഞ്ഞു വരുന്നുവെന്ന സന്തോഷം പങ്കുവച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോഴായിരുന്നു എന്റെ ജീവിതത്തെ നടുക്കിയ ആ സംഭവം.

അവിനാഷ് ടേബിള്‍ ടെന്നിസ് കളിക്കാന്‍ പോയതാണ്. പെട്ടെന്നാണ് അവിനാഷ് വീണു എന്ന് കോള്‍ വന്നത്. തലചുറ്റിയതാകുമെന്നു കരുതി ഞാന്‍ ഗ്ലൂക്കോസുമെടുത്ത് താഴേക്കോടി. എന്നാല്‍ താഴെ എത്തിയപ്പോള്‍ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെയാണ്. ഹൃദയാഘാതമായിരുന്നു. എനിക്ക് വിശ്വസിക്കാനായില്ല. അവിനാഷ് ചെറുപ്പമായിരുന്നു, ആരോഗ്യവാനും. എന്നിട്ടും.....

പിന്നീടുള്ള നാളുകള്‍ ഭീകരമായിരുന്നു. ഞാന്‍ ഒരു മുറിക്കകത്ത് എന്നെത്തന്നെ അടച്ചിട്ടു. മണിക്കൂറുകളോളം കരഞ്ഞ്, തളര്‍ന്ന് കിടക്കയില്‍ കമിഴ്ന്നു കിടന്നു. ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. എന്നിലേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചു.

എന്നാല്‍ പതിയെ എന്റെ മനസ്സിന് ശക്തി ലഭിച്ചു. മൂന്നുവര്‍ഷം മുന്‍പ് നടന്ന എന്റെ അമ്മയുടെ ആത്മഹത്യയെ ഞാന്‍ എങ്ങനെ മറികടന്നുവെന്ന് ചിന്തിച്ചു. അത് എന്റെ മനസ്സിന് ശക്തി നല്‍കിത്തുടങ്ങി. പതിയെ ഞാന്‍ വിഷാദത്തില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങി. എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.

മാസങ്ങള്‍ക്ക് ശേഷം എന്റെ അവിനാഷിന്റെ ജന്‍മദിനത്തില്‍ തന്നെ എന്റെ കുഞ്ഞ് അന്‍ഷ് എത്തി. അവിനാഷിന്റെ അതേ ചിരിയും കുസൃതിയും മുഖഛായയും എല്ലാം അതേപടി അവനുണ്ടായിരുന്നു. ശരിക്കും അവിനാഷ് തന്നെ. ജീവിക്കാനുള്ള എന്റെ പ്രതീക്ഷകള്‍ വളര്‍ന്നു. അവിനാഷ് പോയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം തികഞ്ഞു. കുഞ്ഞിനൊപ്പമുള്ള ദമ്പതികളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഇപ്പോഴും ഒരു വേദന ഉണ്ടാകാറുണ്ട്. പക്ഷേ, അതെല്ലാം എന്റെ കുഞ്ഞ് അന്‍ഷിന്റെ ചിരി കാണുമ്പോള്‍ ഞാന്‍ മറക്കും. എന്റെ അവിനാഷ് മരിച്ചിട്ടില്ല..എന്റെ ഒപ്പം ഇപ്പോഴുമുണ്ട്....’ നേഹ കുറിച്ചു.