Thursday 15 October 2020 10:48 AM IST : By സ്വന്തം ലേഖകൻ

വരുമാനമില്ല, നികുതി ഒഴിവാക്കാൻ ഹർജി നൽകി രജനീകാന്ത്, സമയം പാഴാക്കുകയാണോയെന്നു കോടതി! ഹർജി പിൻവലിച്ച് താരം

rajanikanth

തന്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന്റെ ലോക്ഡൗൺ കാലത്തെ വസ്തു നികുതി ഒഴിവാക്കാൻ ഹർജി നൽകിയ സൂപ്പർ താരം രജനീകാന്തിനു മദ്രാസ് ഹൈക്കോടതിയുടെ താക്കീത്. സമയം പാഴാക്കുകയാണോയെന്നു ചോദിച്ച കോടതി, ചെലവു സഹിതം പരാതി തള്ളുമെന്നു മുന്നറിയിപ്പ് നൽകിയതോടെ താരം ഹർജി പിൻവലിച്ചു.

കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്ന ചെന്നൈ കോർപറേഷൻ നോട്ടിസിനെതിരെയാണു താരം ഹൈക്കോടതിയിലെത്തിയത്.

താങ്കളുടെ നിവേദനം തീർപ്പാക്കണമെന്നു കോർപറേഷൻ അധികൃതരോട് നിർദേശിക്കുന്നതല്ലാതെ മറ്റു ജോലികളൊന്നും കോടതിക്കില്ല എന്നാണോ കരുതുന്നതെന്നു ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു. കോർപറേഷൻ അധികൃതർക്കു ഹർജിക്കാരൻ നിവേദനം നൽകിയതു കഴിഞ്ഞ മാസം 23ന്. മറുപടിക്കു കാക്കാതെ തിരക്കിട്ടു കോടതിയിലേക്കു വന്നത് എന്തിനെന്ന ചോദ്യവും ഉന്നയിച്ചു.