Thursday 13 June 2024 12:10 PM IST : By സ്വന്തം ലേഖകൻ

‘പവിത്ര രേണുകാസ്വാമിയെ ചെരൂപ്പൂരി അടിച്ചു, പകല്‍ മുഴുവന്‍ അതിക്രൂര മര്‍ദ്ദനം’; യുവാവിന്റെ ജീവനെടുത്തത് റീല്‍സ്! പൊട്ടിക്കരഞ്ഞ് സൂപ്പര്‍താരം

pavithhgh5455788

കര്‍ണാടകയെ പിടിച്ചുകുലുക്കിയ രേണുകാ സ്വാമി കൊലക്കേസില്‍ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തുഗുദീപ രണ്ടാം പ്രതി. ദര്‍ശന്റെ കാമുകിയും നടിയുമായ പവിത്ര ഗൗഡ ഒന്നാം പ്രതിയും ഇരുവരുടെയും മാേനജര്‍ പവന്‍ മൂന്നാം പ്രതിയുമാണ്. രേണുകാ സ്വാമിയെ കൊലപ്പെടുത്തിയ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്തു മൃതദേഹം നശിപ്പിക്കാനായി 30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നടന്‍ നല്‍കിയതെന്നും പൊലീസ് കണ്ടെത്തി.

ജനുവരിയില്‍ പവിത്ര ഗൗഡ ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലിട്ട ഈറീല്‍സാണു രേണുകാ സ്വാമിയെന്ന യുവാവിന്റെ ജീവനെടുക്കുന്നതിലേക്കെത്തിയത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ദര്‍ശന്‍- പവിത്ര ഗൗഡ ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നു റീല്‍. സൗഹൃദത്തിനു പത്തു വര്‍ഷമായെന്നും ഇനിയും ഏറെ മുന്നോട്ടുപോകാനുമുണ്ടെന്ന കുറിപ്പോടെയുള്ള റീല്‍സിനു താഴെ രേണുകാസ്വാമി അശ്ലീല കമന്റിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇക്കാര്യം മാനേജര്‍ പവന്‍ വഴി ദര്‍ശനെ അറിയിച്ചു.രേണുകാസ്വാമിയെ ഒരുപാഠം പഠിപ്പിക്കാനാണ് ശനിയാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയത്. 

ബെംഗളുരു രാജാരാജേശ്വരി നഗറിലെ വിജനമായ സ്ഥലത്തെ ഷെഡിലെത്തിച്ച് ഒരു പകല്‍ മുഴുവന്‍ അതിക്രൂരമായി മര്‍ദ്ദിച്ചുകൊന്നു. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതു മുതലുള്ള കാര്യങ്ങളില്‍ പവിത്രയ്ക്കു ബന്ധമുണ്ടെന്നാണു പൊലീസ് കണ്ടെത്തല്‍. മര്‍ദ്ദനം നടക്കുന്നതിനിടെ ദര്‍ശനും പവിത്രയും ഷെഡിലെത്തുകയും. പവിത്ര രേണുകയെ ചെരൂപ്പൂരി അടിച്ചെന്നും കൂടെ അറസ്റ്റിലായവരുടെ മൊഴിയിലുണ്ട്. തട്ടികൊണ്ടുപോകലിന് ഉപയോഗിച്ച ആഡംബര എസ്.യു.വി അടക്കമുള്ള വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കേസ് അന്വേഷണത്തില്‍ ഇടപെടില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി

ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണു മൃതദേഹം ഉപേക്ഷിച്ചത്. മൃതദേഹം ഉപേക്ഷിക്കാനും കുറ്റം ഏറ്റെടുക്കാനുമായി മൂന്നുപേര്‍ക്കായി 30 ലക്ഷം രൂപയാണ് ദര്‍ശന്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണു തിങ്കളാഴ്ച ഉച്ചയോടെ മൂന്നുപേര്‍ കാമാക്ഷിപാളയം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സാമ്പത്തിക തര്‍ക്കത്തിനെ തുടര്‍ന്നു കൊന്നുവെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷേ മൊഴികളില്‍ വൈരുധ്യം വിനയായി. പൊലീസ് മുറയില്‍ ചോദ്യം ചെയ്തതോടെ ദര്‍ശന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണന്ന് ഏറ്റുപറഞ്ഞു. ദര്‍ശനും പവിത്രയും അടക്കമുള്ള പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.

പ്രതിസന്ധികളോടു പോരാടി ഉയര്‍ന്നു വരുന്ന നായക കഥാപാത്രങ്ങളെയാണു ദര്‍ശന്‍ സിനിമകളില്‍ ഏറെയും അവതരിപ്പിച്ചിട്ടുള്ളത്.അതുകൊണ്ടുന്നതെ ആരാധകര്‍ക്ക് ഇയാള്‍ ഡി.ബോസും ചലഞ്ചിങ് സ്റ്റാറുമൊക്കെയാണ്. പക്ഷേ കൊലക്കേസില്‍ അറസ്റ്റിലായി ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് പൊട്ടിക്കരച്ചിലായിരുന്നു നടന്റെ മറുപടി.

Tags:
  • Movies