പ്രമുഖതാരങ്ങളായ ശാലിനി–ശ്യാമിലി സഹോദരിമാരുടെ സഹോദരനും നടനുമായ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിലെന്ന് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് അഭ്യൂഹങ്ങൾക്ക് കാരണം.
സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന്, റിച്ചാർഡ് ഋഷി ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം അടുത്തിടെ വൈറലായിരുന്നു. അതാരെന്ന ചോദ്യവുമായി നിരവധിപേർ രംഗത്തെത്തിയതിനു പിന്നാലെ, ‘സൂര്യചുംബനത്തിനു ശേഷം’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ റിച്ചാർഡിനോടൊപ്പം യഷികയായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് ഇവർ തമ്മിൽ അടുപ്പമാണെന്ന് വാർത്തകൾ പ്രചരിച്ചത്.
45 വയസ്സുകാരനാണ് റിച്ചാർഡ്. യഷികയ്ക്ക് 23 വയസ്സ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ശ്രദ്ധേയായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള റിച്ചാർഡ് ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.