Thursday 18 April 2019 01:05 PM IST : By സ്വന്തം ലേഖകൻ

ഇതൊക്കെ സിമ്പിളല്ലേ...ഞെട്ടിച്ച് ലേഡി ഇത്തിക്കര പക്കി

555

‘കായംകുളം കൊച്ചുണ്ണി’യിലെ മോഹൻലാലിന്റെ ‘ഇത്തിക്കര പക്കി’യായുള്ള പരകായ പ്രവേശം ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്. തീയറ്റർ വിട്ട് ചിത്രം മിനിസ്ക്രീനിലെത്തുമ്പോഴും മോഹൻ ലാലിന്റെ ഇത്തിക്കര പക്കി സ്റ്റൈൽ ട്രെൻഡായി തന്നെ നിൽക്കുകയാണ്. താരത്തിന്റെ അസാമാന്യ മെയ്‍വഴക്കവും അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയുമായിരുന്നു ആരാധകരെ കയ്യിലെടുത്തത്. സോഷ്യല്‍ മീഡിയയിൽ ചലഞ്ചായി മാറിയ ഇത്തിക്കര പക്കി സ്റ്റൈൽ ഏറ്റെടുത്ത് ഇപ്പോഴിതാ ഒരാൾ കൂടിയെത്തിയിരിക്കുകയാണ്. കൊറിയോഗ്രാഫർ സജ്ന നജാമാണ് ലേഡി ഇത്തിക്കര പക്കിയായി എത്തിയിരിക്കുന്നത്.

ചിത്രത്തിൽ മോഹൻലാൽ കാൽകയറ്റി വച്ചു നിൽക്കുന്ന രംഗമുണ്ട്. ഈ രംഗം ജിമ്മിൽ അനുകരിക്കുകയാണ് സജ്ന. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സജ്നയുടെ ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. ‘നമുക്കു ചെയ്യാൻ കഴിയില്ലെന്നു പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം’ എന്ന കുറിപ്പോടെയാണ് സജ്ന ചിത്രങ്ങൾ പങ്കുവച്ചത്. 

നിരവധി പേരാണ് സജ്നയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇതു കലക്കി എന്നാണ് ഭൂരിഭാഗംപേരുടെയും അഭിപ്രായം. ‘വിക്രമാദിത്യൻ’ എന്ന ചിത്രത്തിലൂടെയാണ് സജ്ന നജാം ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. വിക്രമാദിത്യനിലൂടെ തന്നെ മികച്ച നൃത്ത സംവിധായികയ്ക്കുള്ള പുരസ്കാരവും സജ്നയെ തോടി എത്തിയിരുന്നു.