Friday 22 November 2019 02:33 PM IST : By സ്വന്തം ലേഖകൻ

‘ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് ശരത് ഡേറ്റ് വാങ്ങിയത്; ലൊക്കേഷനിൽ കണ്ടത് മറ്റൊരു ശരത്തിനെ!’

shane445r6t76

വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയ്ന്‍ നിഗം. സൗഹൃദം മുതലാക്കി, ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് തന്റെ ഡേറ്റ് വാങ്ങിയതെന്നും സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ആളാണ് താനെന്നും ഷെയ്ന്‍ പറയുന്നു. 

ഷെയ്ൻ നിഗം ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത്ത് ശരത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമയ്ക്കു ശേം വെയിൽ എന്ന സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്ത്. കൊണ്ടുവന്ന തിരക്കഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനിൽ ശരത്ത് വന്നുകൊണ്ടിരുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്സിന്റെ ലൊക്കേഷനിൽ വച്ചാണ് ഏകദേശരൂപം ആയത്. അപ്പോഴേക്കും ഞങ്ങളുെട പരിചയം സൗഹൃദത്തിലേക്ക് വഴിമാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞുകൊണ്ടാണ് ശരത്ത് പിന്നെ എന്നെ കാണാൻ വരുന്നത്.

സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ആളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത്ത് എന്ന സുഹൃത്തിന് ഈ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടയ്ക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ എല്ലാവർക്കും അറിയാമല്ലോ. എറണാകുളം പ്രസ്ക്ലബിൽ പ്രസ്മീറ്റിന് പോകുന്നതിനു മുമ്പ് ശരത്ത് എന്നെ വിളിച്ചു പറഞ്ഞു. എനിക്കു വേണ്ടി സംസാരിക്കാനാണ് അവിടെ പോകുന്നതെന്ന്.

എന്നാൽ അവിടെ ചെന്നിട്ട് നിർമാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് െചയ്തത്. അന്നത്തെ പ്രശ്നം നിർമാതാക്കളുടെ സംഘടന, അമ്മ സംഘടനയുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നുകൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന സിനിമയ്ക്കു വേണ്ടി 15 ദിവസം നീക്കിവയ്ക്കണമെന്ന് ധാരണ ഉണ്ടായി. ഈ സിനിമയുടെ നിർമാതാവ് ജോബി ജോർജ് ആണ് ശരത്തുമായി കൂടി ആലോചിച്ച് 15 ദിവസം മതിയെന്ന തീരുമാനം സംഘടനാഭാരവാഹികളെ അറിയിച്ചത്.

നിർമാതാവ് ജോബി ജോർജ് എനിക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുപോലും നിർമാതാക്കളുടെ സംഘടനയോടും അമ്മ സംഘടനയോടുമുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജിന്റെ നിർമാണത്തിലുള്ള സിനിമയിൽ വീണ്ടും അഭിനയിക്കാൻ തയ്യാറായത്. ഈ ഒത്തുതീർപ്പു വ്യവസ്ഥയിലെ 15 ദിവസങ്ങളാണ് പുതിയ പ്രശ്നങ്ങൾക്കു തുടക്കം. നവംബർ 11ന് രാവിെല 11 മണിക്ക് ശരത്ത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. 

അസോസിയേഷന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് എനിക്ക് താൽപര്യം എന്നും മറിച്ചൊരു തീരുമാനത്തിനു താൽപര്യമില്ലെന്നും ഞാൻ അറിയിച്ചു. നവംബർ 16ന് ലൊക്കേഷനിലെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത്തിനെ ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജർ സതീഷ് ഷൂട്ടിങ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് അവനെ മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഷോട്ട് റെഡിയാണെന്ന് എന്നെ വിളിച്ചുവരുത്തിയതിനു ശേഷമാണ് അവര്‍ ലൈറ്റ്അപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കാതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി എട്ടു മുതൽ പത്ത് മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കൂർ വരെ ആണ് ഈ സിനിമയ്ക്കു േവണ്ടി ഞാൻ സഹകരിച്ചുകൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സങ്കീർണമായ നാലു കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് ആർട്ട് ഫോം ആണ്. അല്ലാതെ യാന്ത്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനസാനിധ്യത്തിനും ഏകാഗ്രതയ്ക്കും കോട്ടംതട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം. എന്നിലെ കലാകാരന് അത് സഹിക്കാവുന്നതിനും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിലായി ചെയ്തു തീർത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എട്ട് സീനുകൾ ചെയ്തു തീർത്തു. സങ്കീർണമായ അഭിനയമുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട് ഇന്നലെ രാവിലെ കൂടി ശരത്ത് വളരെ മോശമായാണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് എനിക്ക് മുന്നോട്ടുപോകാൻ കഴിയില്ല.‌‌‌‌

എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യാൻ ശ്രമിക്കുന്ന കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ഈ സിനിമകളുടെ സംവിധായകരും നിർമാതാക്കളും കാര്യത്തിൽ സന്തുഷ്ടരാണ്. എനിക്ക് ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപ്പെട്ട നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും അമ്മ സംഘടനയും മനസിലാക്കി എനിക്കു വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവനാണ്. ഞാൻ ആരുടെയും അടിമയല്ല. ഞാനും ഒരു മനുഷ്യനാണ്. സത്യമേവ ജയതേ.

Tags:
  • Gossips
  • Movies